ലോകത്തെ ഏറ്റവും ജൈവവൈവിധ്യമേറിയ പ്രദേശങ്ങളിലൊന്നാണ് പശ്ചിമഘട്ടം. കേരളത്തിന് കിഴക്ക് കൊട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന ഈ പര്‍വതനിര തെക്ക് കന്യാകുമാരി മുതല്‍ വടക്ക് താപ്‌തി നദീതടം വരെ നീളുന്നു. ഹിമാലയത്തെക്കാള്‍ പ്രായക്കൂടുതലുള്ള പര്‍വത പംക്തിയാണിതെന്ന് ഭൗമശാസ്‌ത്രജ്ഞര്‍ പറയുന്നു. ഈ പ്രദേശത്തെ തവളകളെക്കുറിച്ച് സമഗ്രമായ പഠനത്തിന് തയ്യാറെടുക്കുകയാണ് ഒരു സംഘം ശാസ്‌ത്രജ്ഞര്‍.
വനനാശവും കുടിയേറ്റവും മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള ഭീഷണി പശ്ചിമഘട്ടം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇത്തരമൊരു പഠനം പ്രാധാന്യമാര്‍ജിക്കുന്നു. കാരണം, പരിസ്ഥിതിയിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റം ദോഷകരമായി ആദ്യം ബാധിക്കുന്നത് തവളകള്‍ പോലുള്ള ഉഭയജീവികളെയാണ്. ആവാസവ്യവസ്ഥയുടെ നാശം പല തവളവര്‍ഗ്ഗങ്ങളെയും വംശനാശത്തിലേക്ക് തള്ളിവിടുകയാണെന്ന് ശാസ്‌ത്രലോകം കരുതുന്നു.
ഡല്‍ഹി സര്‍വകലാശാലയ്‌ക്കു കീഴിലെ 'ദി സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റല്‍ മാനേജ്‌മെന്റ് ഓഫ് ഡിഗ്രേഡഡ് ഇക്കോസിസ്‌റ്റംസി' (CEMDE) ലെ ഗവേഷകരാണ്, ഈ പഠനപദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ സ്ഥാപനത്തിലെ റീഡറും മലയാളിയുമായ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ എസ്.ഡി. ബിജുവാണ് പഠനത്തിന് നേതൃത്വം നല്‍കുക. പശ്ചിമഘട്ടത്തിലെ ഉഭയജീവികളുടെ 'ഡി.എന്‍.എ.ബാര്‍കോഡ് (DNA barcode) സംവിധാനം' വികസിപ്പിക്കുകയാണ് മുഖ്യലക്ഷ്യം.
പശ്ചിമഘട്ടത്തിലെ തവളവര്‍ഗങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കുമെന്ന് മാത്രമല്ല, പുതിയ വര്‍ഗങ്ങളെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. തവളകള്‍ ഉള്‍പ്പടെയുള്ള 230 ഉഭയജീവിവര്‍ഗങ്ങളെ ഇന്ത്യയില്‍ നിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വനപംക്തികളിലും മലമടക്കുകളിലും കന്യാവനങ്ങളിലുമൊക്കെ ഇനിയും എത്രയോ വര്‍ഗ്ഗങ്ങള്‍ തിരിച്ചറിയപ്പെടാന്‍ അവശേഷിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു.
പുതിയ ജീവിവര്‍ഗ്ഗങ്ങളെ തിരിച്ചറിയാന്‍ അനുയോജ്യമായ ഒരു സംവിധാനം വികസിപ്പിക്കാത്തതാണ്, ഇന്ത്യന്‍ ഗവേഷകരംഗം നേരിടുന്ന മുഖ്യപ്രതിസന്ധി. അതിനൊരു പരിഹാരമുണ്ടാക്കലും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്, കേന്ദ്രശാസ്‌ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ സഹായവും ഈ പദ്ധതിക്കുണ്ട്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റെ പുതിയൊരു വശം അനാവരണം ചെയ്യാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് ഡോ.ബിജു കരുതുന്നു.
'നാസികാബട്രാച്ചസ് സഹ്യാദ്രേന്‍സിസ്'
പശ്ചിമഘട്ടത്തില്‍ ഇനിയും തവളവര്‍ഗങ്ങള്‍ കണ്ടെത്താന്‍ ബാക്കിയുണ്ടെന്ന് ഡോ. ബിജു പറയുന്നതില്‍ അതിശയോക്തിയില്ല. തവളകളെ സംബന്ധിച്ച പഠനമേഖലയില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിലൊന്ന് നടത്തിയ ഗവേഷകനാണ് അദ്ദേഹം; അതും പശ്ചിമഘട്ടമേഖലയില്‍ നിന്ന്. 'നാസികാബട്രാച്ചസ് സഹ്യാദ്രേന്‍സിസ്' (Nasikabatrachus sahydrensis) എന്ന തവളവര്‍ഗത്തെയാണ് ഡോ.ബിജു കോട്ടയത്തു നിന്ന് കണ്ടെത്തിയത്. മൂക്കുനീണ്ട ഒരു വിചിത്ര തവളയായിരുന്നു അത്. തിരുവനന്തപുരത്തെ പാലോടുള്ള 'ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടി'ലെ (TBG&RI) ഗവേഷകനായിരുന്നു ഡോ.ബിജു അന്ന്.
1999-ല്‍ കോട്ടയത്ത് കിണര്‍ കുഴിക്കുന്ന ഒരു സ്ഥലത്തു നിന്നാണ് ഡോ.ബിജു ആ വിചിത്ര തവളയെ ആദ്യം കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇടുക്കിയിലെ കട്ടപ്പനയില്‍ നിന്നും ഈയിനം തവളയെ കണ്ടുകിട്ടി. ബ്രസ്സല്‍സില്‍ ഫ്രീയൂണിവേഴ്‌സിറ്റിയിലെ പരിണാമശാസ്‌ത്രജ്ഞനായ ഡോ. ബോസ്സയറ്റിനൊപ്പം ഈ തവളയുടെ ഡി.എന്‍.എ. പരിശോധന നടത്തിയപ്പോള്‍ ഒരു കാര്യം വ്യക്തമായി; പുതിയൊരു തവളയിനത്തെ മാത്രമല്ല ഡോ.ബിജു കണ്ടെത്തിയത്, പുതിയൊരു തവള കുടുംബത്തെക്കൂടിയാണ്.
അതിനുമുമ്പ് പുതിയൊരു തവളകുടുംബത്തെ ശാസ്‌ത്രലോകം കണ്ടെത്തിയത് 1926-ലാണ്. 29 ആയിരുന്ന അറിയപ്പെടുന്ന തവളകുടുംബങ്ങളുടെ എണ്ണം. ഡോ.ബിജുവിന്റെ കണ്ടെത്തലോടെ അത് 30 ആയി. മാത്രമല്ല, ഈ മൂക്കന്‍ തവളയുടെ ജനിതകബന്ധുക്കള്‍ കേരളത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെ ഇന്ത്യാമഹാസമുദ്രത്തിലെ സെഷെല്ലിസ് ദ്വീപുകളിലാണ് കാണപ്പെടുന്നതെന്ന കാര്യവും അത്ഭുതത്തോടെയാണ് ഗവേഷകലോകം മനസിലാക്കിയത്. 2003-ല്‍ വിഖ്യാത ഗവേഷണവാരികയായ 'നേച്ചറി'ല്‍ ഈ കണ്ടുപിടിത്തത്തിന്റെ വിവരം പ്രസിദ്ധീകരിച്ചപ്പോള്‍, 'നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം' എന്ന് മാധ്യമങ്ങള്‍ അതിനെ പ്രകീര്‍ത്തിച്ചു.
സെഷെല്ലിസ് ദ്വീപില്‍ കാണപ്പെടുന്ന 'സൂഗ്ലോസൈഡെ'യെന്ന തവളവര്‍ഗ്ഗവും 'സഹ്യാദ്രേന്‍സിസും' ഏതാണ്ട് 13 കോടി വര്‍ഷം മുമ്പാണത്രേ വ്യത്യസ്‌ത വര്‍ഗ്ഗങ്ങളായി വേര്‍പിരിഞ്ഞത്. ഡോ.ബിജു കണ്ടെത്തിയ ആ മൂക്കന്‍ തവള, ദിനോസറുകള്‍ ഭൂമുഖത്ത് വിഹരിച്ചിരുന്ന ആ കാലം മുതല്‍ വലിയ മാറ്റമൊന്നും കൂടാതെ നിലനില്‍ക്കുകയായിരുന്നു. എന്നുവെച്ചാല്‍, ജീവനുള്ള ഒരു 'ഫോസിലാ'ണ് ഡോ.ബിജു കണ്ടെത്തിയതെന്ന് സാരം.
പക്ഷേ, പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ തവളയുടെ ബന്ധുക്കള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ സെഷെല്ലിസ് ദ്വീപുകളില്‍ എങ്ങനെ വന്നു പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍, ഡോ.ബിജു നടത്തിയ കണ്ടെത്തല്‍ ജൈവശാസ്‌ത്രപരമായി മാത്രമല്ല ഭൗമശാസ്‌ത്രപരമായും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറി. ജര്‍മന്‍ ഭൗമശാസ്‌ത്രജ്ഞന്‍ ആല്‍ഫ്രഡ് വേഗണര്‍ 1912-ല്‍ മുന്നോട്ടു വെച്ച ഫലകചലന സിദ്ധാന്തത്തിന് തെളിവാകുകയായിരുന്നു ആ കണ്ടെത്തല്‍.
15കോടി വര്‍ഷം മുമ്പ് `പാന്‍ജിയ' (Pangea)യെന്ന ഭീമന്‍ ഭൂഖണ്ഡം മാത്രമാണ് ഭൂമുഖത്തുണ്ടായിരുന്നതെന്ന് വേഗണറുടെ സിദ്ധാന്തം പറയുന്നു. അത് പിന്നീട് തെക്ക് `ഗോണ്ട്വാനാലാന്‍ഡ്' എന്നും, വടക്ക് `ലോറേഷ്യ'യെന്നും രണ്ട് ഭൂഖണ്ഡങ്ങളായി പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത് അന്റാര്‍ട്ടിക്കയും അതിനോട് ചേര്‍ന്ന് ഓസ്‌ട്രേലിയയും നിലകൊണ്ടു. മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.
ഏതാണ്ട് പത്തുകോടി വര്‍ഷം മുമ്പ് (ദിനോസറുകളുടെ യുഗമായിരുന്നു അത്) ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. മഡഗാസ്‌ക്കറില്‍ നിന്ന് അടര്‍ന്നുമാറിയ ഇന്ത്യ തെക്കോട്ടു നീങ്ങി. ഇന്ത്യയും സെഷെല്ലിസും ഒന്നായി അവശേഷിച്ചു. ആറരക്കോടി വര്‍ഷം മുമ്പാണ് അവ വേര്‍പെടുന്നത്. സെഷെല്ലിസ് ഇന്ത്യാമഹാസമുദ്രത്തില്‍ നിലയുറപ്പിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ട് യാത്ര തുടര്‍ന്നു. അഞ്ചരക്കോടി വര്‍ഷം മുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡം എഷ്യന്‍ വന്‍കരയില്‍ അമര്‍ന്നു. ഹിമാലയം അതിന്റെ ഫലമായി സൃഷ്‌ടിക്കപ്പെട്ടു.
സെഷെല്ലിസില്‍ കാണപ്പെടുന്ന തവളകള്‍ക്കും സഹ്യാദ്രിയിലെ തവളയ്‌ക്കും തമ്മില്‍ ജനിതകബന്ധം എങ്ങനെ വന്നുവെന്ന് ഗ്വാണ്ട്വാനലാന്‍ഡിന്റെ പൊട്ടിയടരല്‍ സൂചന നല്‍കുന്നു. തിരിച്ചു ചിന്തിച്ചാല്‍, ഫലകചലന സിദ്ധാന്തത്തിന് ഈ മൂക്കന്‍ തവള ശക്തമായ പിന്തുണ നല്‍കുന്നു എന്നു സാരം. പുതിയ ജീവികളുടെ കണ്ടെത്തല്‍ പലപ്പോഴും അപ്രതീക്ഷിതമായ പുതിയ തെളിവുകളിലേക്കും പുതിയ വെളിപ്പെടുത്തലുകളിലേക്കും ലോകത്തെ നയിക്കുന്നതെങ്ങനെയെന്ന് ഇത് വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തില്‍ ഇനിയും ഇത്തരം അത്ഭുതങ്ങള്‍ ബാക്കിയുണ്ട്. അവ അനാവരണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡോ.ബിജുവും കൂട്ടരും ആസൂത്രണം ചെയ്യുന്ന പുതിയ പഠനപദ്ധതി.
(അവലംബം: New leap in amphibian research, P.Venugopal, The Hindu, സപ്‌തംബര്‍ 3, 2007; ദിനോസറുകളുടെ സഹചാരികള്‍ പശ്ചിമഘട്ടത്തില്‍, ജോസഫ് ആന്റണി, മാതൃഭൂമി വാരാന്തപ്പതിപ്പ്, നവംബര്‍ 2, 2003; ഫോട്ടാ കടപ്പാട്: സാലി പാലോട്)
8 comments:
ഏതാനും വര്‍ഷം മുമ്പ് പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ ഒരു തവള, ഗോണ്ട്വാനാലാന്‍ഡിന്റെ ഭാഗമായിരുന്നു ഒരുകാലത്ത് ഇന്ത്യ എന്നതിന് ശക്തമായ തെളിവായി മാറി. ദിനോസറുകളുടെ കാലം മുതല്‍ വലിയ മാറ്റമൊന്നും കൂടാതെ നിലനിന്ന ആ തവള വര്‍ഗ്ഗത്തെപ്പോലെ ഇനിയും കണ്ടെത്താത്ത അത്ഭുതങ്ങള്‍ പശ്ചിമഘട്ട മലനിരകളില്‍ അവശേഷിക്കുന്നുണ്ട്. അവ അനാവരണം ചെയ്യാനുള്ള പുതിയൊരു ഗവേഷണപദ്ധതി ആരംഭിക്കുകയാണ്, മലയാളിയായ ഗവേഷകന്‍ ഡോ.എസ്.ഡി.ബിജു.
ഹിമാലയത്തെക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ട് പശ്ചിമഘട്ടത്തിനെന്നത് വളരെ പുതിയ അറിവായിരുന്നു.
ഓടോ:
തവള എലിയെപ്പിടിക്കുന്നതും കോഴിക്കുഞ്ഞിനെ പിടിച്ചിരിക്കുന്നതും നാട്ടില്‍ വച്ച് ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരം തവളകള്‍ നാട്ടില്‍ ഉണ്ടെന്നത് പലര്‍ക്കും അറിയില്ല. അവയെക്കുറിച്ച് തീര്‍ച്ചയായും പഠിക്കേണ്ടതാണ്.
good article.
Keep writing
വളരെ പ്രസക്തമായ ലേഖനം.
നന്ദി
ലേഖനത്തിന് നന്ദി.
ലേഖനം എന്റെ നാടിനെ കുറിച്ച് ഒത്തിരി പ്രതീക്ഷകള്‍ക്കു വക നല്‍കുന്നു;
Dr.Biju's original finding was reported in Nature, a unique achievement for an Indian scientist, all the more for a malayali. None of our media reported this. I had sent e-mail to Manorama and Deepika regarding this but no response. American TV covered this phenomenal discovery with intensity. I had sent congratulatory letters to Dr. Biju and the chief scintist at that time.
Your article is worth although delayed. Congratulations!
കുതിരവട്ടന്‍, ഉറുമ്പ്, കൈപ്പള്ളി, സൂ, ബയാന്‍, എതിരവന്‍ കതിരവന്‍ -ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും സ്വാഗതം.
ഏതിരവന്‍ കതിരവന്‍,
This is not a delayed one.
2003-ല്‍ 'നേച്ചര്‍' മാഗസിനില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന്റെ വെളിച്ചത്തില്‍, ഡോ.ബിജുവിന്റെ കണ്ടുപിടിത്തത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ ആ സമയത്തു തന്നെ ലേഖനം വന്നിരുന്നു. അന്ന് ലണ്ടനിലെ നാച്ചുറല്‍ ഹിസ്‌്‌റ്ററി മ്യൂസിയത്തില്‍ പരിശീലനം നേടുകയായിരുന്ന ഡോ.ബിജുവുമായി, ഇ-മെയില്‍ വഴി ബന്ധപ്പെട്ടു തയ്യാറാക്കിയ ലേഖനമായിരുന്നു അത്. ഈ പോസ്‌റ്റിന്റെ അവലംബത്തില്‍ആ ലേഖനത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
-ജോസഫ് ആന്റണി
Post a Comment