Friday, February 13, 2009

മാറുന്ന പ്രപഞ്ചസങ്കല്‍പ്പം

പാലക്കാട്‌ വിക്ടോറിയ കോളേജില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 46-ാം വാര്‍ഷികസമ്മേളനത്തില്‍ (2009 ഫിബ്ര.13-15) ഡോ.താണു പത്മനാഭന്‍ നടത്തിയ ഉദ്‌ഘാടനപ്രഭാഷണത്തെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌.

ചരിത്രാതീതകാലം മുതല്‍ മനുഷ്യനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ജിജ്ഞാസുവാക്കുകയും ചെയ്‌തതാണ്‌ പ്രപഞ്ചം. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ മാതൃകകള്‍ ഓരോ കാലഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ ഏറ്റവും ഇങ്ങേയറ്റത്തുള്ളതിനെ ഒറ്റ വാക്യത്തില്‍ ഒതുക്കാം: `ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, എന്നാല്‍ എല്ലാറ്റിന്റെയും കേന്ദ്രമാണ്‌`. ഈ സങ്കല്‍പ്പിത്തിലേക്കെത്താന്‍ മനുഷ്യന്‌ കാലവും ഒട്ടേറെ കടമ്പകളും കടക്കേണ്ടതുണ്ടായിരുന്നു. നാഴികക്കല്ലുകളെ പിന്നിടേണ്ടതുണ്ടായിരുന്നു. തെറ്റുകളില്‍ നിന്ന്‌ ശരികളിലേക്കും ശരികളില്‍ നിന്ന്‌ കൂടുതല്‍ ശരികളിലേക്കും വരേണ്ടതുണ്ടായിരുന്നു. മുന്നേറ്റത്തില്‍നിന്ന്‌ പ്രതിസന്ധിയും, പ്രതിസന്ധിയില്‍ നിന്ന്‌ മുന്നേറ്റവുമുണ്ടാക്കുന്ന ശാസ്‌ത്രത്തിന്റെ രീതി സ്വായത്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധിപന്‍മാരെ പിന്‍പറ്റിയും മതസങ്കല്‍പ്പങ്ങളോട്‌ പടവെട്ടിയുമാണ്‌ പ്രപഞ്ചസങ്കല്‍പ്പം വളര്‍ന്നത്‌.

ടോളമി, കോപ്പര്‍നിക്കസ്‌, ടൈക്കോ ബ്രാഹെ, ജോഹാന്നസ്‌ കെപ്ലാര്‍, ഗലീലിയോ, ഐസക്‌ ന്യൂട്ടണ്‍, ജയിംസ്‌ ക്ലാര്‍ക്ക്‌ മാക്‌സ്‌വെല്‍, ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്‍ തുടങ്ങിയവരിലൂടെ വികസിച്ചുവന്ന പ്രപഞ്ചസങ്കല്‍പ്പം, ഇന്ന്‌ വെറുമൊരു സങ്കല്‍പ്പം മാത്രമല്ല. പ്രപഞ്ചസിദ്ധാന്തങ്ങള്‍ പരീക്ഷണങ്ങളിലൂടെ പരീക്ഷിച്ചും നിരീക്ഷിച്ചും തീര്‍പ്പുകളിലെത്താവുന്ന തരത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അതിനാവശ്യമായ സാങ്കേതിക മുന്നേറ്റം ഉണ്ടായിരിക്കുന്നു. ഇന്ന്‌ പ്രപഞ്ചത്തെപ്പറ്റി പറയുന്ന വസ്‌തുതകളൊന്നും സങ്കല്‍പ്പങ്ങളോ അഭ്യൂഹങ്ങളോ അല്ല, നിരീക്ഷിച്ചറിഞ്ഞ വസ്‌തുതകളാണ്‌.

പ്രപഞ്ചത്തില്‍ വെറും നാല്‌ ശതമാനം മാത്രമേ ദൃശ്യദ്രവ്യം ഉള്ളൂ എന്നും, 26 ശതമാനം ശ്യാമദ്രവ്യവും 70 ശതമാനം ശ്യാമോര്‍ജവുമാണെന്നത്‌ നിരീക്ഷണങ്ങളിലൂടെ അറിഞ്ഞ വസ്‌തുതയാണ്‌. അടുത്ത പതിനഞ്ച്‌ വര്‍ഷത്തിനകം ശ്യാമദ്രവ്യം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌. അതിന്റെ നിഗൂഢത അതോടെ ചുരുളഴിയും. പത്തോ പതിനഞ്ചോ വര്‍ഷത്തിന്‌ ശേഷമാണ്‌ പ്രപഞ്ച സങ്കല്‍പ്പത്തെക്കുറിച്ച്‌ ഇത്തരമൊരു വേദിയില്‍ സംസാരിക്കേണ്ടി വരുന്നതെങ്കില്‍, തികച്ചും വ്യത്യസ്‌തമായ ചിത്രമാകും ഒരുപക്ഷേ അന്ന്‌ മുന്നോട്ട്‌ വെയ്‌ക്കാന്‍ കഴിയുക.

'മാറുന്ന പ്രപഞ്ചസങ്കല്‍പ്പം' എന്ന വിഷയത്തില്‍ ഡോ. താണു പത്മനാഭന്‍ നടത്തിയ പ്രഭാഷണത്തെ വേണമെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന്‌ ഖണ്ഡികകളായി ചുരുക്കാം. പക്ഷേ, അതുകൊണ്ട്‌ പ്രഭാഷണത്തിന്റെ റിപ്പോര്‍ട്ട്‌ പൂര്‍ണമാകില്ല. പ്രപഞ്ചസങ്കല്‍പ്പമായിരുന്നു വിഷയമെങ്കിലും, അത്‌ സരളവും ലളിതവുമായി വിവരിച്ചു പോകുന്നതിനിടെ, ആധുനികശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ തന്നെയാണ്‌ വിഖ്യാതനായ ആ ശാസ്‌ത്രജ്ഞന്‍ സഞ്ചരിച്ചത്‌. ഒപ്പം ശാസ്‌ത്രത്തിന്റെ രീതികളും ചട്ടങ്ങളും നര്‍മംതികഞ്ഞ പരാമര്‍ശങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടു. മാറ്റമില്ലാതെ തുടരുകയെന്നത്‌ ശാസ്‌ത്രത്തിന്റെ വഴിയല്ലെന്നും, ശാസ്‌ത്രാന്വേഷണം എപ്പോഴും ചലനാത്മകമായിരിക്കണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

യഥാര്‍ഥ ശാസ്‌ത്രപുരോഗതി സാധ്യമാകാന്‍ സമൂഹത്തിന്‌ ശാസ്‌ത്രീയ മനോഭാവം വേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രഭാഷണത്തിന്റെ തുടക്കം. അവിടെ നിന്ന്‌ വാക്കുകളിലൂടെ അദ്ദേഹം പുരാതന സംസ്‌ക്കാരങ്ങളുടെ കാലത്ത്‌ മനുഷ്യന്‍ പ്രപഞ്ചത്തെ ആകാംക്ഷയോടെയും അത്ഭുതത്തോടെയും നിരീക്ഷിച്ചിരുന്നത്‌ എങ്ങനെയെന്നതിലേക്ക്‌ സഞ്ചരിച്ചു. `എല്ലാ പുരാതന സമൂഹങ്ങളും സ്വര്‍ഗത്തെ (ആകാശത്തെ) സംബന്ധിച്ച്‌ ജിജ്ഞാസയുള്ളവരായിരുന്നു. ആകാശത്ത്‌ നോക്കി അത്ഭുതംകൂറാത്ത ഒരു സമൂഹവുമില്ല`. എന്താണ്‌ ആകാശത്ത്‌ സംഭവിക്കുന്നത്‌? അറിയില്ല. അതിനാല്‍ ''എല്ലാറ്റിനും അവര്‍ ദൈവികമായ പരിവേഷം നല്‍കി. ഒരു പ്രാചീന ജനസമൂഹവും ഇതില്‍നിന്ന്‌ വ്യത്യസ്‌തരല്ലായിരുന്നു`.

പ്രപഞ്ചത്തെ സംബന്ധിച്ച്‌ അത്ഭുതപ്പെടുക എന്നതല്ലാതെ, എങ്ങനെയാണ്‌ പ്രപഞ്ചം എന്നതിന്‌ ഒരു മാതൃക ആദ്യം അവതരിപ്പിച്ചത്‌ ടോളമിയായിരുന്നു. അദ്ദേഹത്തിന്റെ 'ഭൗമകേന്ദ്രിതസിദ്ധാന്തം' അനുസരിച്ച്‌ ഭൂമിയായിരുന്നു പ്രപഞ്ചകേന്ദ്രം. മനുഷ്യവിജ്ഞാനത്തിന്റെ അന്നത്തെ അതിരുകള്‍വെച്ചുനോക്കിയാല്‍, വലിയൊരു പുരോഗതിയാണ്‌ ടോളമിയുടെ പ്രപഞ്ചസങ്കല്‍പ്പത്തിലൂടെ സംഭവിച്ചത്‌. ഒന്നര സഹസ്രാബ്ദം മാറ്റമില്ലാതെ നിലനിന്ന ടോളമിയുടെ പ്രപഞ്ചസങ്കല്‍പ്പത്തിന്‌ ഉലച്ചില്‍ തട്ടുന്നത്‌ കോപ്പര്‍നിക്കസ്‌ (1473-1543) പുതിയ പ്രപഞ്ചമാതൃകയുമായി എത്തുന്നതോടെയാണ്‌. ഭൂമിയല്ല, സൂര്യനാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ വാദിക്കുന്ന 'സൗരകേന്ദ്രിത സിദ്ധാന്ത'മായിരുന്നു കോപ്പര്‍നിക്കസിന്റെ സംഭാവന. ചരിത്രത്തിലാദ്യമായി പൊതുസമൂഹം, പ്രത്യേകിച്ചും മതസമൂഹം, ശാസ്‌ത്രവുമായി സംഘര്‍ഷത്തിലാകുന്ന ഘട്ടമായിരുന്നു അത്‌.

പിന്നീട്‌ വന്ന രണ്ടുപേര്‍-ടൈക്കോ ബ്രാഹെ (1546-1601), ജോഹാന്നസ്‌ കെപ്ലാര്‍ (1571-1630)-നിരീക്ഷണത്തിന്റെയും ഗണിതവത്‌ക്കരണത്തിന്റെയും സഹായത്തോടെ പ്രപഞ്ചസങ്കല്‍പ്പങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചു. രാജാക്കന്‍മാരുടെ പിന്‍ബലമില്ലാതെ ശാസ്‌ത്രഗവേഷണം അക്കാലത്ത്‌ അസാധ്യമായിരുന്നു എന്നതിന്‌ ഏറ്റവും മുന്തിയ ഉദാഹരണമാണ്‌ ഡാനിഷ്‌ വാനശാസ്‌ത്രജ്ഞനായിരുന്ന ബ്രാഹെയുടെ ഗവേഷണവും ജീവിതവും. ചെറിയച്ഛന്‍ തട്ടിക്കൊണ്ടുപോയി പഠിപ്പിച്ച്‌ വളര്‍ത്തിയതാണ്‌ ആ ശാസ്‌ത്രജ്ഞെനെ. ഡെന്‍മാര്‍ക്കിലെ ഫ്രെഡറിക്‌ രണ്ടാമന്‍ രാജാവ്‌ വിട്ടുകൊടുത്ത ദ്വീപ്‌ അദ്ദേഹം അന്ന്‌ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാനനിരീക്ഷണകേന്ദ്രമാക്കി മാറ്റി. ടെലസ്‌കോപ്പിന്‌ മുമ്പുള്ള കാലമായിരുന്നു അത്‌.

ബ്രാഹെയുടെ വാനനിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയാണ്‌ കെപ്ലാര്‍ ഗ്രഹചലനത്തെ സംബന്ധിച്ച സുപ്രധാനമായ മൂന്ന്‌ നിയമങ്ങള്‍ രൂപപ്പെടുത്തിയത്‌. പ്രപഞ്ചത്തെ സംബന്ധിച്ച ഗൗരവതരവും ശാസ്‌ത്രീയവുമായ ആദ്യകണ്ടെത്തലായിരുന്നു കെപ്ലാറുടെ നിയമങ്ങള്‍ എന്നുപറഞ്ഞാല്‍ തെറ്റില്ല. പ്രപഞ്ചം കുറ്റമറ്റതാണ്‌ എന്ന ഗ്രീക്ക്‌ സങ്കല്‍പ്പത്തിന്‌ ക്ഷതമേല്‍ക്കുന്നതായിരുന്നു കെപ്ലാറുടെ നിയമങ്ങള്‍. അദ്ദേഹത്തിന്റെ നിയമം അനുസരിച്ച്‌ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത്‌ കുറ്റമറ്റ വൃത്തപഥത്തിലല്ല, മറിച്ച്‌ വാര്‍ത്തുള ഭ്രമണപഥത്തിലാണ്‌. കെപ്ലാറുടെ കാലത്ത്‌ തന്നെയാണ്‌ ശാസ്‌ത്രചരിത്രത്തിലെ മഹാരഥന്‍മാരിലൊരാളായ ഗലീലിയോ (1564-1642) ജീവിച്ചിരുന്നതും. അദ്ദേഹം ടെലസ്‌കോപ്പ്‌ ഉപയോഗിച്ച്‌ നോക്കിയപ്പോള്‍ ചന്ദ്രപ്രതലം കുറ്റമറ്റതല്ല, കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന്‌ കണ്ടു. ശുക്രന്‌ വൃദ്ധിക്ഷയങ്ങളുണ്ടെന്ന്‌ അദ്ദേഹം മനസിലാക്കി. ആകാശം മാറ്റമില്ലാത്തതും കുറ്റമറ്റതുമാണെന്ന്‌ പ്രാചീനസങ്കല്‍പ്പത്തിന്‌ ഉലച്ചില്‍ തട്ടുകയായിരുന്നു.

ഇവരുടെ തുടര്‍ച്ചയായാണ്‌ ന്യൂട്ടന്റെ (1642-1727) രംഗപ്രവേശം. പ്രപഞ്ചത്തെ സംബന്ധിച്ച മൗലീകമായ ചില പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തിയത്‌ ന്യൂട്ടനാണ്‌. ആപ്പിള്‍ താഴേക്ക്‌ വീഴുന്നത്‌ എല്ലാവരും കണ്ടിരിക്കണം. വസ്‌തുക്കള്‍ താഴെ വീഴുക തന്നെ ചെയ്യുമെന്നറിയാത്ത ഒരു സമൂഹവും ചരിത്രത്തിലുണ്ടാവില്ല. പക്ഷേ, എന്തുകൊണ്ട്‌ വസ്‌തുക്കള്‍ താഴെ വീഴുന്നു എന്ന്‌ ചിന്തിച്ചിടത്താണ്‌, അതിന്‌ ഉത്തരം കണ്ടെത്തിയിടത്താണ്‌ ന്യൂട്ടന്റെ പ്രതിഭ. ഗുരുത്വാകര്‍ഷണമെന്നൊരു ബലമുണ്ടെന്നും, ആപ്പിള്‍ താഴെ വീഴുന്നതിന്‌ പിന്നിലും ഭൂമി സൂര്യന്‌ ചുറ്റും കറങ്ങുന്നതിന്‌ പിന്നിലും ഒരേ ബലം തന്നെയാണെന്ന്‌ പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കിയിടത്താണ്‌ ന്യൂട്ടന്റെ വിജയം. ഭൂമിയിലെ നിയമങ്ങള്‍ തന്നെയാണ്‌ ആകാശത്തും കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന്‌ ആദ്യമായി ലോകം മനസിലാക്കുകയായിരുന്നു. ആകാശത്തെയും ഭൂമിയിലെയും നിയമങ്ങള്‍ ഏകീകരിക്കുകയാണ്‌ ന്യൂട്ടണ്‍ ചെയ്‌തതെന്ന്‌ മറ്റൊരര്‍ഥത്തില്‍ പറയാം.

ശാസ്‌ത്രചരിത്രത്തില്‍ സുപ്രധാനമായ മറ്റൊരു ഏകീകരണം നടത്തിയത്‌ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയിംസ്‌ ക്ലാര്‍ക്ക്‌ മാക്‌സ്‌വെല്‍ (1831-1879) ആണ്‌. വൈദ്യുതകാന്തികതയെയും പ്രകാശത്തെയും അദ്ദേഹം ഏകീകരിച്ചു. പ്രകാശം വൈദ്യുതകാന്തികതരംഗങ്ങളാണെന്ന്‌ അദ്ദേഹം ഗണിത സമീകരണത്തിലൂടെ സ്ഥാപിച്ചു. അത്തരമൊരു മുന്നേറ്റമുണ്ടായപ്പോള്‍, പ്രകാശത്തിന്റെ സ്വഭാവം സംബന്ധിച്ച്‌ ഒരു പ്രതിസന്ധി ഉടലെടുത്തു. ആ പ്രതിസന്ധി മറികടക്കാന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ (1879-1955) രംഗത്തെത്തേണ്ടതുണ്ടായിരുന്നു. പ്രതിസന്ധി, അത്‌ മറികടക്കാന്‍ പുതിയൊരു മുന്നേറ്റം, പുതിയ മുന്നേറ്റം പിന്നെയും മറ്റൊരു പ്രതിസന്ധി കൊണ്ടുവരുന്നു-അങ്ങനെയാണ്‌ ശാസ്‌ത്രം പുരോഗമിക്കുന്നത്‌.

(ഗലീലിയോ മരിച്ചതും ന്യൂട്ടന്‍ ജനിച്ചതും 1642-ല്‍, മാക്‌സ്‌വെല്‍ മരിച്ചതും ഐന്‍സ്‌റ്റൈന്‍ പിറന്നതും 1879-ല്‍. ശാസ്‌ത്രചരിത്രത്തിലെ ശരിക്കുള്ള തുടര്‍ച്ച തന്നെ -ലേഖകന്‍).

1905-ല്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐന്‍സ്റ്റൈന്‍ പ്രകാശത്തിന്റെ സ്വാഭാവം പുനര്‍നിര്‍ണയിച്ചു. പ്രപഞ്ചത്തില്‍ ഒന്നിനും പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല എന്നതായിരുന്നു കണ്ടെത്തല്‍. പക്ഷേ, അപ്പോള്‍ ഒരു പ്രശ്‌നം. അത്‌ ന്യൂട്ടണ്‍ പറഞ്ഞതുമായി യോജിക്കുന്നില്ല. സൂര്യന്‍ ഈ നിമിഷം ഇല്ലാതായാല്‍ ഭൂമിയില്‍ അക്കാര്യം അറിയുക എട്ടു മിനിറ്റ്‌ കഴിഞ്ഞായിരിക്കും. കാരണം പ്രകാശത്തിന്‌ സൂര്യനില്‍നിന്ന്‌ ഇവിടെയെത്താന്‍ അത്രയും സമയം വേണം. അങ്ങനെയെങ്കില്‍ ഭൂമിക്ക്‌ മേലുള്ള സൂര്യന്റെ 'ഗുരുത്വാകര്‍ഷണ പിടി' എപ്പോള്‍ പോകും. ന്യൂട്ടന്റെ സിദ്ധാന്തം അനുസരിച്ചാണെങ്കില്‍ ഉടന്‍ തന്നെ അത്‌ സംഭവിക്കം, എട്ടുമിനിറ്റ്‌ കഴിയില്ല. അപ്പോള്‍ ഗുരുത്വാകര്‍ഷണബലം പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നാണോ. അങ്ങനെയെങ്കില്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം തെറ്റല്ലേ. അവിടെ ഐന്‍സ്‌റ്റൈന്‌ ഗുരുത്വാകര്‍ഷം എന്തെന്ന്‌ പുനര്‍നിര്‍ണയം ചെയ്യേണ്ടി വന്നു. പത്തുവര്‍ഷം കഴിഞ്ഞ്‌ പുറത്ത്‌ വന്ന സാമാന്യആപേക്ഷികതാ സിദ്ധാന്തം അതാണ്‌. ഗുരുത്വാകര്‍ഷണം ഐന്‍സ്റ്റൈന്‍ പുനര്‍നിര്‍വചിച്ചപ്പോള്‍, അന്നുവരെയുണ്ടായിരുന്ന പ്രപഞ്ചസങ്കല്‍പ്പം അടിമുടി മാറി.

പത്തുകിലോയും അഞ്ചുകിലോയുമുള്ള വസ്‌തുക്കള്‍ താഴേയ്‌ക്കിട്ടാല്‍, ഭാരം പ്രശ്‌നമല്ല, അവ രണ്ടും ഒരേ സമയത്ത്‌ നിലംപതിക്കും. ഗലീലിയോ തെളിയിച്ചതാണിത്‌. അന്നുമുതല്‍ ആര്‍ക്കും ഇതില്‍ തര്‍ക്കമില്ല. പക്ഷേ, എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു. ഭാരം രണ്ടായിട്ടും ഇരുവസ്‌തുക്കളും എന്തുകൊണ്ട്‌ ഒരേസമയം നിലംപതിക്കുന്നു എന്ന മൗലികചിന്തയിലാണ്‌ ഐന്‍സ്റ്റൈന്റെ പ്രതിഭ കുടികൊള്ളുന്നത്‌. അക്കാര്യം വിശദീകരിക്കാന്‍ അദ്ദേഹം സ്ഥലകാലത്തിലെ വക്രതയായി ഗുരുത്വാകര്‍ഷണത്തെ പുനര്‍നിര്‍വചിച്ചു. ബുധന്റെ ഭ്രമണപഥത്തിനുണ്ടായിരുന്ന 'വൈകല്യം' ന്യൂട്ടനെ കബളിപ്പിച്ചതാണ്‌. ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തിന്‌ മുന്നില്‍ അത്‌ വഴങ്ങി.

ഗുരുത്വാകര്‍ഷണബലത്തിന്റെ പുനര്‍നിര്‍വചനം മാത്രമായിരുന്നില്ല ഐന്‍സ്റ്റൈന്‍ നടത്തിയത്‌. മുഴുവന്‍ പ്രപഞ്ചത്തിന്റെയും സ്വഭാവമാണ്‌ തന്റെ സിദ്ധാന്തത്തിലൂടെ ഐന്‍സ്റ്റൈന്‍ പുനര്‍നിര്‍ണയിച്ചത്‌. ഒരുകൂട്ടം സൂത്രവാക്യങ്ങള്‍ ഐന്‍സ്റ്റൈന്‌ മുന്നില്‍ തെളിഞ്ഞു. അതിലൂടെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം അമ്പരപ്പോടെ മനസിലാക്കി. മനുഷ്യന്റെ മുഴുവന്‍ നാഗരികതയെടുത്താലും അതിലെ ഏറ്റവും മഹനീയമായ നിമിഷമായിരിക്കണം അത്‌. തനിക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു എന്ന്‌ ഐന്‍സ്റ്റൈന്‍ കരുതി. ആ തെറ്റ്‌ തിരുത്താന്‍ ഒരു സ്ഥിരാംങ്കം അദ്ദേഹം ഉള്‍പ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്ന്‌ പിന്നീട്‌ ആ സ്ഥിരാങ്കത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം. വെറും നാല്‌ ശതമാനം മാത്രം ദൃശ്യദ്രവ്യമുള്ള പ്രപഞ്ചം. 26 ശതമാനത്തോളം നിഗൂഢമായ
ശ്യാമദ്രവ്യവും , 70 ശതമാനം അതിനിഗൂഢമായ ശ്യാമോര്‍ജവുമടങ്ങിയ പ്രപഞ്ചം. സൂക്ഷ്‌്‌മകണങ്ങളാണ്‌ ശ്യാമദ്രവ്യത്തിന്റെ ഘടകങ്ങള്‍ എന്നാണ്‌ കരുതുന്നത്‌. ഗാലക്‌സികളെ ഇന്നത്തെ നിലയ്‌ക്ക്‌ നിലനിര്‍ത്തുന്ന ആ നിഗൂഢദ്രവ്യരൂപം അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തിനകം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടേക്കാം. അതോടെ അതിന്റെ നിഗൂഢത ചുരുളഴിയും. ദ്രവാവസ്ഥപോലുള്ള എന്തോ ഒരു ഊര്‍ജരൂപം, പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാലകശക്തി, അതാണ്‌ ശ്യാമോര്‍ജം. വിപരീതസമ്മര്‍ദമാണ്‌ അത്‌ പ്രപഞ്ചത്തില്‍ ഏല്‍പ്പിക്കുന്നത്‌. ഈ നിഗൂഢതകള്‍ ചുരുളഴിയുന്നതോടെ, ഭൗതികശാസ്‌ത്രം ഏറെക്കാലമായി കാക്കുന്ന ഏകീകൃതസിദ്ധാന്തം സാധ്യമാകും.

പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ പ്രപഞ്ചത്തെ സംബന്ധിച്ച കാര്യങ്ങള്‍ സങ്കല്‍പ്പങ്ങളോ സിദ്ധാന്തങ്ങളോ മാത്രമായിരുന്നെങ്കില്‍, ഇന്ന്‌ സ്ഥിതി മാറിയിരിക്കുന്നു. ആധുനിക പ്രപഞ്ചസങ്കല്‍പ്പത്തെക്കുറിച്ച്‌ ഇന്ന്‌ പറയുന്ന കാര്യങ്ങളൊക്കെ നിരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിലൂള്ളതാണ്‌. പരിഹരിക്കാന്‍ പ്രശ്‌നങ്ങളുണ്ട്‌, അതില്ലെങ്കില്‍ ശാസ്‌ത്രമില്ല. ഒരുകാലത്ത്‌ ഭൂമിയായിരുന്നു മനുഷ്യന്റെ സങ്കല്‍പ്പത്തിലെ പ്രപഞ്ചകേന്ദ്രം. പിന്നീടത്‌ മാറി. ഇന്ന്‌ ചിത്രം മറ്റൊന്നാണ്‌. ഭൂമി സൂര്യനെ ചുറ്റുന്നുവെങ്കില്‍ സൂര്യന്‍ ആകാശഗംഗയുടെ കേന്ദ്രത്തെ ചുറ്റുകയാണ്‌. ആകാശഗംഗ ഒന്നോടെ ഭ്രമണം ചെയ്യുന്നു. പ്രപഞ്ചവികാസം മൂലം, ഗാലക്‌സികള്‍ പരസ്‌പരം അകലുന്നു. നമ്മള്‍ എങ്ങോട്ട്‌ നോക്കിയാലും പ്രപഞ്ചം ഒരേപോലെ കാണപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, "ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, അതേസമയം എല്ലാറ്റിന്റെയും കേന്ദ്രമാണ്‌". ഇതാണ്‌ നിലവില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ പ്രപഞ്ചസങ്കല്‍പ്പം.

വാല്‍ക്കഷണം: "കോമണ്‍സെന്‍സ്‌ ഉണ്ടെങ്കില്‍ നല്ല ശാസ്‌ത്രജ്ഞനാവുക ബുദ്ധിമുട്ടാണ്‌. വലിയ പ്രതിഭകള്‍ക്കൊക്കെ കോമണ്‍സെന്‍സ്‌ കുറവായിരുന്നു എന്നുകാണാം"-പതിനെട്ട്‌ വയസ്സുവരെ ഒരാളുടെ തലയില്‍ കയറിപ്പറ്റുന്ന മുന്‍വിധികളുടെ പേരാണ്‌ കോമണ്‍സെന്‍സ്‌ എന്ന്‌ ഐന്‍സ്‌റ്റൈന്‍ പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ട്‌ ഡോ. താണു പത്മനാഭന്‍.

ഡോ. താണു പത്മനാഭന്‍: ലോകപ്രശസ്‌തനായ കോസ്‌മോളജിസ്‌റ്റ്‌. 1957 മാര്‍ച്ച്‌ 10-ന്‌ തിരുവനന്തപുരത്ത്‌ ജനിച്ച അദ്ദേഹം ബിരുദവും ബിരൂദാനന്തരബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന്‌ നേടിയ ശേഷം, മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (TIFR) നിന്ന്‌ ഗവേഷണബിരുദം കരസ്ഥമാക്കി. ബ്രിട്ടനില്‍ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ ഇസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ അസ്‌ട്രോണമിയില്‍ നിന്ന്‌ പോസ്‌റ്റ്‌ ഡോക്ടറര്‍ ഗവേഷണം പൂര്‍ത്തിയാക്കിയ പത്മനാഭന്‍, ഇപ്പോള്‍ പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ്‌ അസ്‌ട്രോഫിസിക്‌സില്‍ ശാസ്‌ത്രജ്ഞനാണ്‌. ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ അവാര്‍ഡ്‌ (1996), സി.എസ്‌.ഐ.ആറിന്റെ മില്ലിനിയം മെഡല്‍, ജി.ഡി. ബിര്‍ല അവാര്‍ഡ്‌ ഫോര്‍ സയന്റിഫിക്‌ റിസര്‍ച്ച്‌ (2003), പത്മശ്രീ (2007), ജെ.സി.ബോസ്‌ ഫെലോഷിപ്പ്‌ (2008) തുടങ്ങി ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

8 comments:

Joseph Antony said...

ചരിത്രാതീതകാലം മുതല്‍ മനുഷ്യനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ജിജ്ഞാസുവാക്കുകയും ചെയ്‌തതാണ്‌ പ്രപഞ്ചം. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ മാതൃകകള്‍ ഓരോ കാലഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ ഏറ്റവും പുതിയ സങ്കല്‍പ്പത്തെ ഒറ്റ വാക്യത്തില്‍ ഒതുക്കാം: `ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, എന്നാല്‍ എല്ലാറ്റിന്റെയും കേന്ദ്രമാണ്‌`- ഡോ. താണു പത്മനാഭന്റെ പ്രഭാഷണത്തെ അടിസ്ഥാനമാക്കി ഒരു റിപ്പോര്‍ട്ട്‌.

ടോട്ടോചാന്‍ said...

നന്ദി , മറ്റാരേക്കാളും മുന്‍പ് ഈ റിപ്പോര്‍ട്ട് പങ്കവച്ചതിന്.

vimathan said...

നന്ദി, സരളമായ വിവരണത്തിന്.

Unknown said...

നേരിൽ കേൾക്കാൻ കഴിയാഞ്ഞതിന്റെ വിഷമം മാറി. കുറിഞ്ഞിക്ക് നന്ദി.

Unknown said...

പാലക്കാട്ട് പോകാൻ കഴിയാതിരുന്നതിലുള്ള വിഷമം പകുതി മാറി. കുറിഞ്ഞിക്ക് നന്ദി

Calvin H said...

ഇതിവിടെ പങ്കു വെച്ചതിന്‌ നന്ദി...

പക്ഷേ വിയോജിപ്പുണ്ട്
പലപ്പോഴും ഇത്തരം പ്രഭാഷണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും സംഭവിക്കാറുള്ള ന്യൂനത ഇവിടെയും സംഭവിച്ചൂ. പറഞ്ഞു വന്നപ്പോള്‍ സയന്‍സില്‍ നിന്നും മാറി ഹിസ്റ്ററി ഓഫ് സയന്‍സായിപ്പോവുന്നു. മാറുന്ന പ്രപഞ്ചസങ്കല്പത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കൂടുതല്‍ നടക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം...

ഒരു കോസ്‌മോളജിസ്‌റ്റിനെ കയ്യില്‍ കിട്ടിയാല്‍ വിടാമോ. കൂടുതല്‍ ഡീറ്റേയ്ല്‍ഡ് ആയ ചര്‍ച്ചയ്ക്ക് വഴി ഒരുക്കണ്ടേ :)

P.C.MADHURAJ said...

“വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം. വെറും നാല്‌ ശതമാനം മാത്രം ദൃശ്യദ്രവ്യമുള്ള പ്രപഞ്ചം. 26 ശതമാനത്തോളം നിഗൂഢമായ ശ്യമോര്‍ജവും, 70 ശതമാനം അതിനിഗൂഢമായ ശ്യാമോര്‍ജവുമടങ്ങിയ പ്രപഞ്ചം“......
ഇവിടെ 26 ശതമാനത്തോളം നിഗൂഢമായ ശ്യാമദ്രവ്യവും എന്നല്ലേ ഉദ്ദേശിച്ചത്?
പാഡി മലയാളത്തിൽ പ്രസംഗിക്കുമോ?

Joseph Antony said...

ടോട്ടോചാന്‍,
വിമതന്‍,
ചാരുലത,
ശ്രീഹരി,
മധുരാജ്‌,
ഇവിടെയെത്തിയതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും സന്തോഷം.

ശ്രീഹരി, ഇത്‌ ഡോ. പത്മനാഭന്റെ പ്രഭാഷണത്തെ ആധാരമാക്കിയുള്ള റിപ്പോര്‍ട്ടാണെന്ന്‌ ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ. ന്യൂനത ന്യൂനത തന്നെയാണ്‌. തീര്‍ച്ചയായും പ്രപഞ്ചസങ്കല്‍പ്പത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കേണ്ടതാണ്‌.

മധുരാജ്‌,
ഗുരുതരമായ ആ പിശക്‌ ചൂണ്ടിക്കാട്ടിയതിന്‌ വളരെ നന്ദി. തിരുത്തിയിട്ടുണ്ട്‌. ഡോ.പത്മനാഭന്റെ പ്രഭാഷണം ഏതാണ്ട്‌ പൂര്‍ണമായും ഇംഗ്ലീഷിലായിരുന്നു. മുപ്പത്‌ വര്‍ഷമായി കേരളത്തിലില്ലാത്ത തനിക്ക്‌ മലയാളത്തില്‍ ഒരു പ്രഭാഷണം നടത്താന്‍ കഴിയില്ല എന്നദ്ദേഹം പറഞ്ഞിരുന്നു. ഇടയ്‌ക്ക്‌ മലയാള വാക്യങ്ങള്‍ അദ്ദേഹം ഒഴിവാക്കിയില്ല.