Thursday, August 21, 2008

ഡോ.എസ്‌.ഡി.ബിജുവിന്‌ അന്താരാഷ്ട്ര ബഹുമതി

പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ചു പഠിക്കാന്‍ കാട്ടിയ പ്രതിബദ്ധതയ്‌ക്ക്‌ അംഗീകാരം

അന്താരഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) ഇത്തവണത്തെ 'സാബിന്‍ പുരസ്‌കാര'ത്തിന്‌ മലയാളി ശാസ്‌ത്രജ്ഞനായ എസ്‌.ഡി.ബിജു അര്‍ഹനായി. ഐ.യു.സി.എന്നിന്റെ 'ഉഭയജീവി സ്‌പെഷ്യലിസ്റ്റ്‌ ഗ്രൂപ്പാ'ണ്‌ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച്‌ പഠിക്കാന്‍ ഒന്നര പതിറ്റാണ്ടായി നടത്തുന്ന ശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ്‌, കൊല്ലം ജില്ലയില്‍ കടയ്‌ക്കല്‍ സ്വദേശിയായ ഡോ. ബിജുവിനെ കാല്‍ലക്ഷം ഡോളര്‍ (ഏതാണ്ട്‌ പത്തുലക്ഷം രൂപ) സമ്മാനത്തുകയുള്ള ഈ ബഹുമതി തേടിയെത്തിയത്‌.

തിരുവനന്തപുരത്തിനടുത്ത്‌ പലോട്ട്‌ പ്രവര്‍ത്തിക്കുന്ന 'ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടി'(TBG&RI)ലെ ഗവേഷകനായിരുന്ന ഡോ. ബിജു ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ അസോസ്സിയേറ്റ്‌ പ്രൊഫസറാണ്‌. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച്‌ പഠിക്കുന്ന പ്രത്യേകഗ്രൂപ്പിന്റെ മേധാവിയുമാണ്‌ അദ്ദേഹം (ഇത്‌ കാണുക). കടുത്ത വംശനാശഭീഷണി നേരിടുന്ന പശ്ചിമഘട്ട ഉഭയജീവികളെ തേടി കണ്ടെത്താനും സംരക്ഷിക്കാനും അങ്ങേയറ്റം പ്രതിജ്ഞാബദ്ധത കാട്ടുന്ന ഗവേഷകനാണ്‌ ഡോ.ബിജുവെന്ന്‌, ഐ.യു.സി.എന്‍. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജീവശാസ്‌ത്രജ്ഞനായി പ്രവര്‍ത്തനം തുടങ്ങി, ഒടുവില്‍ ഉഭയജീവികളുടെ ലോകത്ത്‌ എത്തിച്ചേര്‍ന്ന ഗവേഷകനാണ്‌ ഡോ.ബിജു. പശ്ചിമഘട്ടത്തില്‍ നടത്തിയ ശ്രമകരമായ പര്യവേക്ഷണങ്ങള്‍ വഴി, ഏതാണ്ട്‌ 850 ഉഭയജീവി വര്‍ഗങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ശാസ്‌ത്രലോകത്തിന്‌ ലഭിക്കാന്‍ അദ്ദേഹം വഴിയൊരുക്കി. നൂറ്റാണ്ടുകളായി ആരും കണ്ടിട്ടില്ലാത്ത എത്രയോ തവള വര്‍ഗങ്ങളെ, അദ്ദേഹം വീണ്ടും കണ്ടുപിടിച്ചു. ശാസ്‌ത്രത്തിന്‌ ഇതുവരെ അറിയില്ലായിരുന്ന നൂറോളം ഉഭയജീവികളെ അദ്ദേഹം കണ്ടെത്തി.

നാലുവര്‍ഷം മുമ്പ്‌ ഡോ.ബിജു കണ്ടെത്തിയ പുതിയ തവളകുടുംബം (Nasikabatrachidae) ലോകശ്രദ്ധ നേടി. മുക്കാല്‍ നൂറ്റാണ്ടിനു ശേഷം ഭൂമുഖത്ത്‌ പുതിയൊരു തവളകുടുംബം കണ്ടുപിടിക്കപ്പെടുകയായിരുന്നു. പരിണാമശാസ്‌ത്രരംഗത്തും ഭൗമശാസ്‌ത്രരംഗത്തും ഒരേപോലെ പ്രധാന്യമര്‍ഹിക്കുന്ന കണ്ടെത്തലായിരുന്നു ആ 'മൂക്കന്‍ തവള'യുടേത്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഒരുകാലത്ത്‌ ഗ്വാണ്ടനാമോ എന്നറിയപ്പെടുന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്ന വാദത്തിനുള്ള തെളിവായി ആ തവള വിശേഷിപ്പിക്കപ്പെട്ടു. (അവലംബം: Amphibian Specialist Group).
കാണുക: ഇന്ത്യയിലെ ഏറ്റവും ചെറിയ തവള, പശ്ചിമഘട്ടത്തിലെ തവളകളെത്തേടി

2 comments:

Joseph Antony said...

കടുത്ത വംശനാശഭീഷണി നേരിടുന്ന പശ്ചിമഘട്ട ഉഭയജീവികളെ തേടി കണ്ടെത്താനും സംരക്ഷിക്കാനും അങ്ങേയറ്റം പ്രതിജ്ഞാബദ്ധത കാട്ടുന്ന ഗവേഷകനാണ്‌ ഡോ.എസ്‌.ഡി. ബിജു എന്ന്‌ ഐ.യു.സി.എന്‍. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അത്‌ മുന്‍നിര്‍ത്തിയാണ്‌ അദ്ദേഹത്തിന്‌ ഈ വര്‍ഷത്തെ സാബിന്‍ പുരസ്‌കാരം നല്‍കിയിരിക്കുന്നത്‌.

എതിരന്‍ കതിരവന്‍ said...

ബിജുവിന്റെ ലേഖനം Nature ജേര്‍ണലിലാണു പ്രസിദ്ധീകരിക്കപ്പെട്ടത്. കേരള‍ത്തിലെ ഒരു പത്രം പോലും ഇത് വാര്‍ത്തയാക്കിയില്ല. അമേരിക്കയില്‍ എല്ലാ പ്രമുഖ റ്റി. വി. ചാനലുകളും ഇത് റിപ്പോറ്ട് ചെയ്തിരുന്നു. നേച്ചറില്‍ എത്ര മലയാളികളുടെ അതും, കേരളത്തില്‍ വച്ചുനടത്തിയ കണ്ടുപിടത്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്? ഒന്നുമില്ല! മലയാളികള്‍ ഇന്നു വരെ ഇദ്ദെഹത്തെ അംഗീകരിച്ചൊ, സംശയമുണ്ട്. ഡെല്‍ഹിയില്‍ എത്തിയെങ്കിലും രക്ഷപെട്ടത് ഭാഗ്യം.