Friday, February 27, 2009

പരീക്ഷണശാലയില്‍ പല്ല്‌ വളര്‍ത്തിയെടുക്കാം

കേടായ പല്ല്‌ അടയ്‌ക്കുന്നതും പരിചരിക്കുന്നതും അവസാനിപ്പിക്കാം. പുതിയതായി വളര്‍ത്തിയെടുത്ത നല്ല സുന്ദരന്‍ പല്ല്‌ പകരംവെയ്‌ക്കാം. ഇനാമല്‍ പോണങ്കില്‍ പോട്ടെ, വേറെയുണ്ടാക്കാം.

പല്ലിന്റെ പ്രശ്‌നം, അതിന്റെ ബാഹ്യഭാഗമായ ഇനാമല്‍ കേടുവന്നാല്‍ പിന്നെയത്‌ സ്വാഭാവികമായി പുനര്‍ജനിക്കില്ല എന്നതാണ്‌. പോയാല്‍ പോയതു തന്നെ എന്നുസാരം. സിമന്റും സെറാമിക്കും ലോഹവും പോരാതെ വന്നാല്‍ റൂട്ട്‌ഗനാല്‍ ചെയ്‌ത്‌ കൃത്രിമ അടപ്പിടലും ഒക്കെ വേണ്ടിവരും. ആശാരിമാരും മേസ്‌തരിമാരുമൊക്കെ ചെയ്യുന്ന പണി ഡന്തിസ്റ്റ്‌ ചെയ്‌ത്‌ കുറെ നാള്‍കൂടി ചിക്കനും മട്ടണുമൊക്കെ ചവയ്‌ക്കാന്‍ പാകത്തിലാക്കിത്തരും പല്ലിനെ. എങ്കിലും തൊന്തരവൊഴിയില്ല, ഇടയ്‌ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

കേടുവന്ന ഇനാമല്‍ പുനസ്ഥാപിക്കുകയാണ്‌ ഈ തലവേദനയ്‌ക്ക്‌ പരിഹാരം. പക്ഷേ, ഭാഗ്യക്കേടിന്‌ ഇന്നുവരെ ഇനാമല്‍ കൃത്രിമമായി രൂപപ്പെടുത്താന്‍ ഗവേഷകര്‍ക്ക്‌ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അമേരിക്കയില്‍ ഒറിഗോണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു മുന്നേറ്റത്തിന്റെ പ്രസക്തി. ഇനാമലിന്റെ വളര്‍ച്ചയ്‌ക്ക്‌ അടിസ്ഥാനമായ ജീനിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്‌ അവര്‍. ആ ജീനിന്റെ സഹായത്തോടെ നാളെയൊരു കാലത്ത്‌ പരീക്ഷണശാലയില്‍ പല്ല്‌ വളര്‍ത്തിയെടുക്കാനും, അതുവഴി ദന്തചികിത്സയിലെ മേസ്‌തിരിപ്പണിയും മരാമത്ത്‌ ജോലികളും അവസാനിപ്പിക്കാനും കഴിഞ്ഞേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു.

എലികളില്‍ നടത്തിയ പഠനങ്ങളില്‍, പ്രതിരോധ പ്രതികരണങ്ങള്‍, ത്വക്കിന്റെയും സിരകളുടെയും വികാസം തുടങ്ങിയവയില്‍ പങ്കുണ്ടെന്ന്‌ തെളിഞ്ഞ ഒരു ജീനുണ്ട്‌- 'Ctip2'. ഈ ജീനിനാണ്‌ ഇനാമല്‍കോശങ്ങളുടെ വളര്‍ച്ചയിലും പങ്ക്‌ വഹിക്കുന്നതായി കണ്ടെത്തിയതെന്ന്‌, 'പ്രോസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി' (PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. പക്ഷേ, ആരും അമിത ആവേശം കാട്ടരുത്‌. ഇതൊരു പ്രാഥമിക കണ്ടെത്തലേ ആകുന്നുള്ളൂ. "ഏറെ ഗവേഷണം ഇനിയും വേണം"-പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ.ക്രിസ്സ കിയൂസ്സി പറയുന്നു, എങ്കിലേ തോണി കരയ്‌ക്കടുക്കൂ.

ഇനാമലിന്‌ അടിസ്ഥാനമായ കോശങ്ങള്‍ക്ക്‌ 'അമലോബ്ലാസ്‌റ്റുകള്‍' (ameloblasts) എന്നാണ്‌ പേര്‌. ഈ കോശങ്ങളുടെ വളര്‍ച്ചയില്‍ Ctip2 ജീനിന്‌ നിര്‍ണായക പങ്കുള്ളതായാണ്‌ ഗവേഷകര്‍ക്ക്‌ സൂചന ലഭിച്ചത്‌. വിത്തുകോശങ്ങളില്‍ ഈ ജീനിന്റെ പ്രഭാവം (expression) വര്‍ധിപ്പിച്ച്‌ ഇനാമല്‍ കൃത്രിമമായി വളര്‍ത്തിയെടുക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ആരോഗ്യമുള്ള പല്ലും പരീക്ഷണശാലയില്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞേക്കും. കേടുവന്ന പല്ലിലെ ഇനാമല്‍ ബലപ്പെടുത്താനും, അല്ലെങ്കില്‍ പല്ല്‌ തന്നെ മാറ്റി പകരമൊന്ന്‌ സൃഷ്ടിക്കാനും പുതിയ കണ്ടെത്തല്‍ വഴിതുറന്നേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു.  (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌)

9 comments:

JA said...

ആശാരിമാരും മേസ്‌തരിമാരുമൊക്കെ ചെയ്യുന്ന പണി ഡന്തിസ്റ്റ്‌ ചെയ്‌ത്‌ കുറെ നാള്‍കൂടി ചിക്കനും മട്ടണുമൊക്കെ ചവയ്‌ക്കാന്‍ പാകത്തിലാക്കിത്തരും പല്ലിനെ. എങ്കിലും തൊന്തരവൊഴിയില്ല, ഇടയ്‌ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കേടുവന്ന ഇനാമല്‍ പുനസ്ഥാപിക്കുകയാണ്‌ ഈ തലവേദനയ്‌ക്ക്‌ പരിഹാരം. പക്ഷേ, ഭാഗ്യക്കേടിന്‌ ഇന്നുവരെ ഇനാമല്‍ കൃത്രിമമായി രൂപപ്പെടുത്താന്‍ ഗവേഷകര്‍ക്ക്‌ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അമേരിക്കയില്‍ ഒറിഗോണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു മുന്നേറ്റത്തിന്റെ പ്രസക്തി.

Ashly A K said...

:) Thanks for sharing !

bright said...

ഭാഗ്യവശാലോ (ഞങ്ങള്‍ ദന്ത ഡോക്ടര്‍മാര്‍ക്ക്)നിര്‍ ഭാഗ്യവശാലോ(രോഗികള്‍ക്ക്)പ്രായോഗികമായി ഗുണവും ചെയ്യാത്ത കണ്ടുപിടുത്തമായിരിക്കും ഇത്.കാരണം ദന്തരോഗങ്ങള്‍,ഒരുപക്ഷേ ഏകദേശം 95% വരെ തടയാന്‍ രണ്ടു നേരം പല്ല് തേക്കുകയും, വര്‍ഷത്തിലൊരിക്കല്‍ ഒരു ദന്തഡോക്ടറെക്കൊണ്ട് പല്ലുകള്‍ ഒന്ന് പരിശോധിപ്പിക്കുകയും ചെയ്താല്‍ മതി.ഈ നിസ്സാരമായ മെയിന്റനന്‍സ് നടത്താന്‍ പോലും താല്‍പ്യമില്ലാത്തവര്‍ക്ക് ലാബില്‍ നിര്‍മിച്ച ഇനാമല്‍ കൊണ്ട് എന്തു കാര്യം?മാത്രമല്ല ഇതു പ്രയോഗികമായാല്‍ തന്നെ Fluoridation നേക്കാള്‍ ഫലപ്രദവും ചെലവുകുറഞ്ഞതുമായിരിക്കണം.അത് അസാധ്യവുമാണ്. ചുരുക്കത്തില്‍ ദന്തരോഗങ്ങള്‍ തടയാന്‍ ഹൈടെക്ക് മാര്‍ഗങ്ങളൊന്നും സത്യത്തില്‍ ആവശ്യമില്ല.ഇന്നുവരെ ഒരു അസുഖത്തിനും (ദന്തരോഗം മാത്രമല്ല)ഹൈടെക്ക് മാര്‍ഗത്തിലൂടെ പരിഹാരമുണ്ടായിട്ടുമില്ല. ഈ പരീക്ഷണങ്ങളൊക്കെ കുറച്ചു ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഒരു ജീവിതമാര്‍ഗ്ഗം,അത്രമാത്രം;-)

വി. കെ ആദര്‍ശ് said...

ഹായ് രക്ഷപ്പെട്ടു. ഇതു വരെ 4 പല്ലുകള്‍ മാറ്റി, അടുത്ത രണ്ട് പല്ലുകള്‍ ഡോക്‍ടറെക്കാത്ത് കഴിയുന്നു. ഇനി പല്ല് വളര്‍ത്തിയെടുത്തിട്ട് തന്നെ കാര്യം. എന്റെ പല്ല് പോയത് സ്വപ്നം കാണുന്ന ചിക്കനും മട്ടനും സൂക്ഷിച്ച് കൊള്ളുക.

ജോസഫ് മാഷേ പിന്നെ എന്തൊക്കെയാണ് വിശേഷങ്ങള്‍

മാറുന്ന മലയാളി said...

അപ്പോള്‍ നമ്മള്‍ക്കൊക്കെ റൂട്ട് കനാലും പല്ലിലെ മേസ്തിരിപ്പണിയുമൊക്കെ തന്നെ ശരണം ...അല്ലെ ...ഇവന്മാര്‍ക്കൊക്കെ ഇത് കുറച്ച് നേരത്തെ കണ്ടുപിടിച്ചൂടാരുന്നോ .....:)

Melethil said...

bright പേടിച്ചു പോയെന്നാ തോന്നുന്നത് ..ഇതൊക്കെ ശാസ്ത്രജ്ഞരുടെ ഓരോ നമ്പര്‍ അല്ലെ?
കുറിഞ്ഞി താന്ക്സ് , ഇങ്ങനെ പുതിയ പുതിയ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് നന്ദി

ഉന്ന്യകള്‍ക്കും ഒരു ബ്ലോഗ് said...

അപ്പോള്‍ കാരിങള്‍ അനുകൂലമായി വരുന്നുഡ് എന്നാന്നു സാരം

ഉന്ന്യകള്‍ക്കും ഒരു ബ്ലോഗ് said...

അപ്പോള്‍ കാരിങള്‍ അനുകൂലമായി വരുന്നുഡ് എന്നാന്നു സാരം

4:42 PMoluralin

JA said...

bright,
ബൂലോഗത്ത്‌ ഡോക്ടര്‍മാരുടെ സംഖ്യയില്‍ നേരിയ വര്‍ധന കാണുന്നതില്‍ സന്തോഷം. ഞങ്ങളൊക്കെ പടച്ചുവിടുന്നതിന്‌ ഇടയ്‌ക്കൊരു peer review നല്‍കാന്‍ നിങ്ങളുടെ സാന്നിധ്യം ഉപകരിക്കും, ഈ പോസ്‌റ്റില്‍ പ്രകടിപ്പിച്ച അഭിപ്രായം പോലെ.

വി.കെ.ആദര്‍ശ്‌,
മാറുന്ന മലയാളി,
Melethil,
ഉന്ന്യകള്‍ക്കും ഒരു...,

പല്ല്‌ നന്നായാല്‍ എല്ലാം നന്നായി എന്നല്ലേ (അങ്ങനെയൊരു ചെല്ലുണ്ടോ, ഇല്ലെങ്കില്‍ ഇതാ ഇന്നുമുതല്‍ ഉണ്ട്‌). പല്ല്‌ കേടായ ഒരു ബ്ലോഗറുടെ അവസ്ഥ എന്തെന്നറിയാന്‍ 'സര്‍പ്പഗന്ധി'യില്‍ മൈനയുടെ ഈ പോസ്‌റ്റ്‌ ഉപകരിക്കും.