പ്രകൃതി എപ്പോഴും അതിന്റെ മാന്ത്രികച്ചെപ്പില്‍ അത്ഭുതങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടാകും. സമീപത്ത് കഴിഞ്ഞിട്ടും നമ്മളറിയാത്ത ജീവിവര്‍ഗങ്ങളെ അത്തരം അത്ഭൂതങ്ങളെന്ന് വിശേഷിപ്പിക്കാമെങ്കില്‍, പശ്ചിമഘട്ടത്തില്‍നിന്ന് ഒരു ഡസണ്‍ അത്ഭുതങ്ങള്‍ അനാവൃതമായിരിക്കുന്നു; 12 പുതിയ തവളയിനങ്ങളുടെ രൂപത്തില്‍. മലയാളിയും ലോകപ്രശസ്‌ത ഗവേഷകനുമായ ഡോ.എസ്.ഡി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം, മേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷം നടത്തിയ പഠനത്തിന്റെ ഫലമാണിത്.
കൈയേറ്റവും നഗരവത്‌ക്കരണവുംകൊണ്ട് അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടം വനമേഖലയെ കൂടുതല്‍ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന്, ഡല്‍ഹി സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ ഉഭയജീവി ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സിസ്‌റ്റമാറ്റിക്‌സ് ലാബിന്റെ മേധാവിയാണ് ഡോ.ബിജു. അദ്ദേഹത്തോടൊപ്പം ബ്രസ്സല്‍സില്‍ ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ആംഫീബിയന്‍ ഇവലൂഷന്‍ ലാബിലെ ഡോ. ഫ്രാങ്കി ബൊസ്സൂയറ്റും ഈ ഗേവഷണത്തില്‍ പങ്കാളിയാണ്.
ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'സുവോളജിക്കല്‍ ജേര്‍ണല്‍ ഓഫ് ലീനിയന്‍ സൊസൈറ്റി'യുടെ പുതിയ ലക്കത്തിലാണ് 12 തവളയിനങ്ങളെ കണ്ടെത്തിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ഫിലോട്ടസ്' (Philautus) വര്‍ഗത്തില്‍ പെട്ടതാണ് പുതിയതായി കണ്ടെത്തിയ 12 ഇനങ്ങളും. ഒപ്പം നൂറു വര്‍ഷമായി പശ്ചിമഘട്ടത്തില്‍ കണ്ടിട്ടില്ലാത്ത, 'ഫിലോട്ടസ് ട്രാവന്‍കോറിക്കസ്' (Travancore bushfrog -Philautus travancoricus) എന്ന തവളയെ വീണ്ടും കണ്ടെത്തിയ വിവരവും റിപ്പോര്‍ട്ടിലുണ്ട്.
ഫിലോട്ടസ് വര്‍ഗത്തില്‍പ്പെട്ട തവളകളെ പശ്ചിമഘട്ടത്തില്‍ ആദ്യമായി കണ്ടെത്തുന്നത് 1854-ലാണ്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടെ ഈ വര്‍ഗത്തിലുള്ള 32 ഇനങ്ങളെ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 എണ്ണം ഉള്‍പ്പടെ അതില്‍ 19 ഇനങ്ങളെ തിരിച്ചറിഞ്ഞത് ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളിലാണ്.
ജീവലോകത്തെ സംബന്ധിച്ച് ഒട്ടേറെ ഭൂപരിമിതയിനങ്ങളുടെ (ഭൂപരിമിതം=endemic) ആവാസകേന്ദ്രമാണ് പശ്ചിമഘട്ടം എന്ന് പുതിയ പഠനം തെളിയിക്കുന്നു. അവയില്‍ പലതിന്റെയും നിലനില്‍പ്പ് അപകടത്തിലാണ്. ആവാസവ്യവസ്ഥയ്‌ക്കേല്‍ക്കുന്ന ചെറിയൊരു ഉലച്ചില്‍ മതി, പല ജീവിയിനങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടാന്‍. ആ സ്ഥിതിക്ക് മേഖലയിലെ പരിസ്ഥിതിയുടെ സംരക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്. "ഒരു ജീവിവര്‍ഗം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെയതിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക"-ഡല്‍ഹി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. (ഫോട്ടോ കടപ്പാട്: ഡോ.എസ്.ഡി.ബിജു, www.frogindia.org/).
കാണുക: ഡോ. എസ്.ഡി.ബിജുവിന് അന്താരാഷ്ട്ര ബഹുമതി, ഇന്ത്യയിലെ ഏറ്റവും ചെറിയ തവള, പശ്ചിമഘട്ടത്തിലെ തവളകളെത്തേടി, ദിനോസറുകളുടെ സഹചാരികള്‍ പശ്ചിമഘട്ടത്തില്‍.
4 comments:
ഫിലോട്ടസ് വര്‍ഗത്തില്‍പ്പെട്ട തവളകളെ പശ്ചിമഘട്ടത്തില്‍ ആദ്യമായി കണ്ടെത്തുന്നത് 1854-ലാണ്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടെ ഈ വര്‍ഗത്തിലുള്ള 32 ഇനങ്ങളെ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 എണ്ണം ഉള്‍പ്പടെ അതില്‍ 19 ഇനങ്ങളെ തിരിച്ചറിഞ്ഞത് ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളിലാണ്. പശ്ചിമഘട്ടത്തില്‍ നിന്ന് മലയാളി ഗവേഷകനായ ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന കണ്ടെത്തലിനെപ്പറ്റി.
വളരെ താല്പര്യത്തോട്‌കൂടി വായിക്കുന്ന ബ്ലോഗാണ് ഇത് . നിങ്ങളുടെ പരിശ്രമം തികച്ചും ശ്ലാഘനീയമാണ്. ലാളിത്യമുള്ള ഭാഷയും. കമന്റ് അല്ല കണ്ടന്റ് ആണ് വലുത് എന്ന് പ്രൂവ് ചെയ്യുന്ന ബ്ലോഗ് കൂടി ആണിത് (അധികം കമന്റ് ഒന്നും കണ്ടില്ല) . അഭിനന്ദനങ്ങള്‍ !
Melethil,
ഇവിടെയെത്തിയതില്‍ സന്തോഷം, നല്ലവാക്കുകള്‍ക്ക് നന്ദി
പതിവു തമാശകളില്‍ നിന്നും വ്യതസ്തമായൊരു ബ്ലോഗ്..നന്നായിരിക്കുന്നു
Post a Comment