Tuesday, February 03, 2009

സൈബര്‍ലോകത്ത്‌ ഇനി സമുദ്രയുഗം

'നഖം നനയാതെ നത്തയെടുക്കാം' എന്നതുപോലയല്ലേ, ദേഹം നനയാതെ കടലിലിറങ്ങാം എന്ന്‌ പറയുന്നതും. ഈ പറച്ചില്‍ വെറുമൊരു ചൊല്ലല്ലെന്ന്‌ സൈബര്‍യുഗം തെളിയിക്കുകയാണ്‌. നനയാതെ കടലിലിറങ്ങാനും പര്യവേക്ഷണം നടത്താനും ഇനി ഇന്റര്‍നെറ്റ്‌ മതി.

നിങ്ങള്‍ മുറിവിട്ട്‌ പുറത്തുപോകേണ്ടതു പോലുമില്ല. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കടലിന്റെ അഗാധരഹസ്യങ്ങളും അറിയാ അത്ഭുതങ്ങളും ചുരുളഴിയും. ആധുനിക മനുഷ്യന്റെ ദൃശ്യാനുഭവത്തിന്‌ അസാധാരണമായ മാനം പകര്‍ന്ന 'ഗൂഗിള്‍ എര്‍ത്താ'(Google Earth)ണ്‌ സമുദ്രങ്ങളെക്കൂടി സ്വന്തം ചിറകിന്‍കീഴില്‍ കൊണ്ടുവന്ന്‌ പുതിയൊരു അത്ഭുതലോകം തുറക്കുന്നത്‌. 'കാലിഫോര്‍ണിയ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ തിങ്കളാഴ്‌ച നടന്ന ചടങ്ങില്‍ ഗൂഗിള്‍ എര്‍ത്തിലെ പുതിയ അത്ഭുതം ഉത്‌ഘാടനം ചെയ്യപ്പെട്ടു.

ഉപഗ്രഹങ്ങളിലും വിമാനങ്ങളിലും നിന്ന്‌ പകര്‍ത്തിയ ഭൗമദൃശ്യങ്ങള്‍ ത്രിമാനതലത്തില്‍ അടരുകളായി സമ്മേളിപ്പിച്ചുണ്ടാക്കിയ വിര്‍ച്വല്‍ ഭൂമിയാണ്‌ 'ഗൂഗിള്‍ എര്‍ത്ത്‌'. ഭൂപ്രതലത്തില്‍ മൂന്നില്‍ രണ്ട്‌ വരുന്ന സമുദ്രങ്ങള്‍ക്ക്‌ ഇത്രനാളും ആ ത്രിമാനമാപ്പില്‍ വലിയ സ്ഥാനമില്ലായിരുന്നു. ആ പോരായ്‌മ നീക്കിയിരിക്കുകയാണ്‌ പുതിയ സംവിധാനത്തിലൂടെ. സമുദ്രത്തിന്റെ വെറും ദൃശ്യങ്ങള്‍ ഗൂഗിള്‍ എര്‍ത്തില്‍ ചേര്‍ക്കുകയല്ല ചെയ്‌തിരിക്കുന്നത്‌. സമുദ്രത്തിന്റെ പ്രതലവും അടിത്തട്ടുമെല്ലാം പുതിയൊരു ത്രിമാന അടരായി (layer) സന്നിവേശിപ്പിച്ചിരിക്കുകയാണ്‌. സെര്‍ച്ച്‌ ചെയ്യുന്നയാള്‍ക്ക്‌, കടലിനുള്ളിലേക്ക്‌ സഞ്ചരിക്കാം, അടിത്തട്ടിലെ പവിഴപ്പുറ്റുകളും മറ്റ്‌ അത്ഭുതങ്ങളും ചികയാം. കപ്പല്‍ഛേദത്തിന്റെ അവശേഷങ്ങളെ അടുത്തുചെന്ന്‌ പരിശോധിച്ച്‌ അശ്ചര്യപ്പെടാം!

നാഷണല്‍ ജ്യോഗ്രഫിക്‌, യു.എസ്‌.നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (NOAA), യു.എസ്‌. നാവികസേന, സ്‌ക്രിപ്പ്‌സ്‌ ഓഷ്യാനോഗ്രാഫി, സെന്‍സസ്‌ ഓഫ്‌ മറൈന്‍ ലൈഫ്‌ തുടങ്ങി ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും പദ്ധതികളുടെയും ഡസണ്‍കണക്കിന്‌ ഗവേഷകരുടെയും സഹകരണത്തോടെയാണ്‌ ഗൂഗിള്‍ എര്‍ത്തിന്റെ ഭാവം മാറുന്നതെന്ന്‌, ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിക്കുന്നു. ഏതാനും വര്‍ഷം മുമ്പ്‌ മാഡ്രിഡില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനിടെ, നാഷണല്‍ ജ്യോഗ്രഫികിലെ പ്രസിദ്ധ സമുദ്രഗവേഷകയായ സില്‍വിയ ഇയര്‍ലിയാണ്‌, ഗൂഗിള്‍ എര്‍ത്തിന്റെ സമുദ്രസാധ്യത ആദ്യം ചൂണ്ടിക്കാട്ടിയതെന്ന്‌, ഗൂഗിളിന്റെ ജിയോ പ്രോഡക്ട്‌സ്‌ വിഭാഗം മേധാവി ജോണ്‍ ഹാന്‍കെ അറിയിക്കുന്നു.

വെറുതെ പര്യവേക്ഷണം നടത്തുക മാത്രമല്ല സാധ്യമാവുക. സമുദ്രങ്ങളിലെ ആയിരക്കണക്കിന്‌ ഡേറ്റാപോയന്റുകളും ഈ സംവിധാനത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ത്രിമാനമാപ്പിനൊപ്പം മള്‍ട്ടിമീഡിയ സാധ്യതകളും സന്നിവേശിപ്പിച്ചാണ്‌ ഡേറ്റാപോയന്റുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. വീഡിയോകള്‍, സമുദ്രജീവികളുടെ ചിത്രങ്ങള്‍, തിരമാലയഭ്യാസം നടത്താന്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍, യഥാര്‍ഥ സമുദ്രപര്യവേക്ഷണങ്ങളുടെ വിവരങ്ങളിലേക്ക്‌ ലോഗ്‌ ചെയ്യാനുള്ള സൗകര്യം....അങ്ങനെ ഗംഭീരമായ വിവരശേഖരമാണ്‌ ഡേറ്റാപോയന്റുകളില്‍ കാത്തിരിക്കുന്നത്‌.

ടൈം ട്രാവല്‍

സമുദ്രം കൊണ്ട്‌ മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ്‌ ഗൂഗിള്‍ അറിയിക്കുന്നത്‌. സാധ്യതകള്‍ ഒരിക്കലും തീരില്ലല്ലോ. ഗൂഗിള്‍ എര്‍ത്തിലെ പുതിയ ചില ഫീച്ചറുകള്‍ അതിനുള്ള തെളിവാണ്‌. ഇതുവരെ ഒരു സ്ഥലത്തിന്റെ ഒറ്റ ത്രിമാനദൃശ്യമേ പല വിതാനത്തില്‍ നിന്ന്‌ നോക്കാന്‍ പാകത്തില്‍ അടരുകളായി ഗൂഗിള്‍ എര്‍ത്തില്‍ ക്രമീകരിച്ചിരുന്നുള്ളൂ. ഒരു സ്ഥലം ഇപ്പോള്‍ എങ്ങനെയുണ്ട്‌ എന്നതിന്റെ ഉപഗ്രഹദൃശ്യമാണത്‌. 50 വര്‍ഷം മുമ്പ്‌ ആ പ്രദേശം എങ്ങനെയിരുന്നു എന്നറിയാന്‍ മാര്‍ഗമില്ല. ഗൂഗിള്‍ എര്‍ത്തിലെ പുതിയ ഫീച്ചര്‍ അതാണ്‌. കാലത്തിലൂടെ പിന്നിലോട്ട്‌ പോകാനുള്ള മാര്‍ഗം! ഒരു പ്രദേശം ഇപ്പോള്‍ എങ്ങനെയുണ്ട്‌, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എങ്ങനെയിരുന്നു എന്ന്‌ സെര്‍ച്ച്‌ ചെയ്യാനുള്ള സംവിധാനം. ഗൂഗിള്‍ എര്‍ത്തില്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ ദൃശ്യം നോക്കിയാല്‍ പുതിയ സാധ്യത എത്രയെന്ന്‌ മനസിലാക്കാം. അമ്പത്‌ വര്‍ഷം മുമ്പ്‌ വെറുമൊരു കാര്‍ഷിക മേഖലയായിരുന്ന പ്രദേശം, ലോകത്തിന്റെ സാങ്കേതിക തലസ്ഥാനമായ സിലിക്കണ്‍വാലിയായി മാറിയപ്പോള്‍ സംഭവിച്ച മാറ്റം നേരില്‍ കാണാം.

ത്രിമാന ചൊവ്വയാണ്‌ മറ്റൊരു ഗൂഗിള്‍ എര്‍ത്ത്‌ ഫീച്ചര്‍. നാസയുടെ സഹായത്തോടെ ചൊവ്വാഗ്രഹത്തിന്റെ ത്രിമാന മാപ്പ്‌ തയ്യാറാക്കിയിരിക്കുകയാണ്‌ ഇതില്‍. ഗൂഗിള്‍ എര്‍ത്തിന്റെ ടൂള്‍ബാറില്‍ നിന്ന്‌ Mars സെലക്ട്‌ ചെയ്‌ത്‌ ചൊവ്വായുടെ പ്രതലത്തിലൂടെ ഒരാള്‍ക്ക്‌ സ്വന്തം മുറിയിരുന്ന്‌ സഞ്ചാരമാരംഭിക്കാം. മനുഷ്യന്‍ ചൊവ്വായിലെത്തിട്ടില്ലെങ്കിലും ഇന്റര്‍നെറ്റിന്റെ സാധ്യത ചൊവ്വായിലെത്തിക്കഴിഞ്ഞു എന്ന്‌ സാരം. വര്‍ഷങ്ങള്‍ക്ക്‌ ശേഷം മനുഷ്യന്‍ ചൊവ്വയിലെത്തുകയാണെങ്കില്‍, അവിടെ കാണുന്ന ദൃശ്യങ്ങളാണ്‌ ഇപ്പോഴേ നമ്മള്‍ സ്വന്തം കമ്പ്യൂട്ടറിലൂടെ കണ്ട്‌ മതിമറക്കുന്നത്‌. അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷം പ്രമാണിച്ച്‌ വളരെ അര്‍ഥവത്തായ ഒരു നീക്കമാണ്‌ ത്രിമാന ചൊവ്വ.
(അവലംബം: ഗൂഗിള്‍).

വാല്‍ക്കഷണം: കടല്‍ക്കൊള്ളക്കാര്‍ ജാഗ്രതൈ! കഞ്ചാവ്‌ തോട്ടം ഗൂഗിള്‍ എര്‍ത്തില്‍ കണ്ടതുപോലെ കടല്‍ക്കൊള്ളക്കാര്‍ക്കും ഇനി ഗൂഗിള്‍ എര്‍ത്ത്‌ ഭീഷണിയായേക്കും.

കാണുക:
ഗൂഗിള്‍ എര്‍ത്തില്‍ 'കഞ്ചാവ്‌ തോട്ടം'

4 comments:

Joseph Antony said...

ഉപഗ്രഹങ്ങളിലും വിമാനങ്ങളിലും നിന്ന്‌ പകര്‍ത്തിയ ഭൗമദൃശ്യങ്ങള്‍ ത്രിമാനതലത്തില്‍ സമ്മേളിപ്പിച്ചുണ്ടാക്കിയ വിര്‍ച്വല്‍ ഭൂമിയാണ്‌ 'ഗൂഗിള്‍ എര്‍ത്ത്‌'. ഭൂപ്രതലത്തില്‍ മൂന്നില്‍ രണ്ട്‌ വരുന്ന സമുദ്രങ്ങള്‍ക്ക്‌ ഇത്രനാളും ആ ത്രിമാനമാപ്പില്‍ വലിയ സ്ഥാനമില്ലായിരുന്നു. ആ പോരായ്‌മ നീക്കിയിരിക്കുകയാണ്‌ പുതിയ സംവിധാനത്തിലൂടെ. സമുദ്രത്തിന്റെ വെറും ദൃശ്യങ്ങള്‍ക്കൂടി ഗൂഗിള്‍ എര്‍ത്തില്‍ ചേര്‍ക്കുകയല്ല ചെയ്‌തിരിക്കുന്നത്‌. സമുദ്രത്തിന്റെ പ്രതലവും അടിത്തട്ടുമെല്ലാം ത്രിമാനരൂപത്തില്‍ പുതിയൊരു ത്രിമാന അടരായി സന്നിവേശിപ്പിച്ചിരിക്കുകയാണ്‌. സെര്‍ച്ച്‌ ചെയ്യുന്നയാള്‍ക്ക്‌, കടലിനുള്ളിലേക്ക്‌ സഞ്ചരിക്കാം, അടിത്തട്ടിലെ പവിഴപ്പുറ്റുകളും മറ്റ്‌ അത്ഭുതങ്ങളും ചികയാം. കപ്പല്‍ഛേദത്തിന്റെ അവശേഷങ്ങളെ അടുത്തുചെന്ന്‌ പരിശോധിച്ച്‌ അശ്ചര്യപ്പെടാം!

ചെലക്കാണ്ട് പോടാ said...

വിജ്ഞാനപ്രദം ഈ പോസ്റ്റ്.....

ആ കടല്‍ക്കൊള്ളക്കാരുടെ ആപ്പീസ് പൂട്ടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു... എന്തെല്ലാം തൊന്തരവാണ് അവരെക്കൊണ്ട്....

ജോ l JOE said...

Good Post

സുദേവ് said...

ഹൊ..എന്തൊക്കെ സെറ്റ് അപുകളാണോ എന്തോ!!!