Sunday, January 18, 2009

ചന്ദ്രകേന്ദ്രത്തില്‍ ഒരു ഡൈനാമോ ഉണ്ടായിരുന്നു

പ്രാചീന ചന്ദ്രശില വെളിപ്പെടുത്തുന്നു 420 കോടി വര്‍ഷം മുമ്പത്തെ രഹസ്യം. ഇന്നത്തെ ഭൂമിയുടെ കേന്ദ്രം പോലെയായിരുന്നു അന്ന്‌ ചന്ദ്രന്റെ കേന്ദ്രം; ഉരുകിമറിയുന്ന ഒരു ദ്രാവകലോകം.

ഒരു ഡസണ്‍ പേര്‍ ചന്ദ്രനില്‍ കാല്‍കുത്തിയെങ്കിലും അതില്‍ ഒരു ഭൗമശാസ്‌ത്രജ്ഞനേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അവിടെനിന്ന്‌ കൊണ്ടുവന്ന പ്രാചീനശിലയുടെ സഹായത്തോടെ, 36 വര്‍ഷത്തിന്‌ ശേഷം, ചന്ദ്രന്റെ 420 കോടി വര്‍ഷം പഴക്കമുള്ള രഹസ്യം കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. ചന്ദ്രനിലെ ചില പാറക്കഷണങ്ങളില്‍ എന്തുകൊണ്ട്‌ കാന്തികപ്രഭാവത്തിന്റെ മുദ്ര കാണപ്പെടുന്നു എന്ന പ്രഹേളികയ്‌ക്കുള്ള ഉത്തരമാണ്‌ ലഭിച്ചിരുന്നത്‌. ഒരുകാലത്ത്‌ ദ്രാവകരൂപത്തില്‍ ഉരുകിമറിയുന്ന ഒന്നായിരുന്നത്രേ ചന്ദ്രന്റെ കേന്ദ്രം. അതുമൂലം, ഇപ്പോള്‍ ഭൂമിയുടെ കേന്ദ്രം എങ്ങനെയാണോ, ആ രൂപത്തില്‍ ഒരു ഡൈനാമോയായി ചന്ദ്രകേന്ദ്രം പ്രവര്‍ത്തിച്ചുവത്രേ.

അപ്പോളൊ 17-ല്‍ ചന്ദ്രനിലെത്തിയ ഭൗമശാസ്‌ത്രജ്ഞനായ ഹാരിസണ്‍ 'ജാക്ക്‌' ഷിമിഡ്‌ത്‌ കൊണ്ടുവന്ന പ്രാചീന ശിലാഖണ്ഡമാണ്‌, അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ വിക്തര്‍ പി. സ്റ്റാറും കൂട്ടരും വിശകലനം ചെയ്‌തത്‌. നൂതനസങ്കേതങ്ങളുടെ സഹായത്തോടെ ശ്രമകരമായി നടത്തിയ ശിലാവിശകലനത്തില്‍, 420 കോടി വര്‍ഷം മുമ്പ്‌ ചന്ദ്രകേന്ദ്രം ഉരുകിമറിയുന്ന രൂപത്തിലായിരുന്നുവെന്നും, അതുമൂലം ചന്ദ്രന്‌ ഒരു കാന്തികമണ്ഡം ഉണ്ടായിരുന്നു എന്നും വ്യക്തമായയി- 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ചന്ദ്രനിലിറങ്ങിയ ആറ്‌ അപ്പോളൊ ദൗത്യങ്ങളും കൂടി 382 കിലോഗ്രാം പാറയും മണ്ണും അവിടെ നിന്ന്‌ ഭൂമിയിലെത്തിച്ചിട്ടുണ്ട്‌. `അതില്‍ ഏറെ സവിശേഷതയുള്ള ഒരു ശിലാമാതൃകയാണ്‌ ഹാരിസണ്‍ ഷിമിഡ്‌ത്‌ കൊണ്ടുവന്നത്‌`-വിക്തര്‍ സ്റ്റാര്‍ പറയുന്നു. ചന്ദ്രനില്‍നിന്ന്‌ ശേഖരിച്ചവയില്‍ ഏറ്റവും പഴക്കമേറിയ മാതൃക അതാണ്‌. ഭൂമിയില്‍ അറിയപ്പെടുന്ന ഏത്‌ പാറയെക്കാളും പഴക്കമുള്ളതാണ്‌ ആ ചന്ദ്രശില. കറയേല്‍ക്കാത്ത ശിലാമാതൃക. കാന്തികബലരേഖകളുടെ സാന്നിധ്യം അതില്‍ പ്രകടമാണ്‌. ആ ശിലയുടെ ചെറിയൊരു ഭാഗത്തെ മങ്ങിയ കാന്തികബലരേഖകളെയാണ്‌ ഗവേഷകര്‍ പഠനവിധേയമാക്കിയത്‌.

പ്രത്യേകമായി സംവിധാനം ചെയ്‌ത മാഗ്നെറ്റോമീറ്ററിന്റെയും റോബോട്ടിക്‌ സങ്കേതത്തിന്റെയും സഹായത്തോടെ, മറ്റേത്‌ ചന്ദ്രശിലയെക്കാളും കൂടുതല്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിഞ്ഞതായി ഗവേഷണത്തില്‍ പ്രധാനപങ്ക്‌ വഹിച്ച ഇയാന്‍ ഗാരിക്ക്‌-ബെതെല്‍ അറിയിച്ചു. ചന്ദ്രനില്‍ മറ്റേതെങ്കിലും വസ്‌തുക്കള്‍ വന്നിടിക്കുമ്പോള്‍ രൂപപ്പെടുന്ന കാന്തികമണ്ഡലത്തിന്റെ പ്രഭാവമാണ്‌ ശിലാഖണ്ഡത്തില്‍ അവശേഷിക്കുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നില്ല. കാരണം, അത്തരം കാന്തികപ്രഭാവം ചെറിയ സമയത്തേക്ക്‌ മാത്രമേ നിലനില്‍ക്കൂ, ശിലകളില്‍ കാന്തികബലരേഖകളുടെ മുദ്ര പതിപ്പിക്കാന്‍ അവയ്‌ക്കാവില്ല-ഗവേഷകര്‍ പറയുന്നു. ശിലാമാതൃകയിലെ തെളിവ്‌ പറയുന്നത്‌, ആ ശില ഏറെക്കാലം (ലക്ഷക്കണക്കിന്‌ വര്‍ഷം) ഒരു കാന്തികമണ്ഡലത്തില്‍ കഴിയേണ്ടി വന്നു എന്നാണ്‌. അത്തരമൊരു കാന്തികമണ്ഡലം ഒരു കാന്തിക ഡൈനാമോയുടെ സാന്നിധ്യത്തിലേ സാധ്യമാകൂ.

ചന്ദ്രപഠനത്തിലെ ഏറ്റവും വിവാദമായ പ്രശ്‌നമാണ്‌, ചന്ദ്രകേന്ദ്രം ഒരുകാലത്ത്‌ ദ്രാവകരൂപത്തിലായിരുന്നോ എന്നത്‌. അപ്പോളൊ ദൗത്യങ്ങളും മറ്റ്‌ ചന്ദ്രപഠനദൗത്യങ്ങളും, ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തില്‍ ലാവയൊഴുകിയുണ്ടായ അടയാളങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്‌. പക്ഷേ, ചന്ദ്രന്‌ ദ്രവാവസ്ഥയിലുള്ള ഒരു കേന്ദ്രം ഉണ്ടായിരുന്നു എന്ന്‌ വിശ്വസിക്കാന്‍ ഇപ്പോഴും പല ഗവേഷകരും കൂട്ടാക്കുന്നില്ല. എന്നാല്‍, പുതിയ കണ്ടെത്തല്‍ പറയുന്നത്‌ അത്തരമൊരു കേന്ദ്രം ചന്ദ്രന്‌ ഉണ്ടായിരുന്നു എന്നും, അതിന്റെ ഫലമായുണ്ടായ കാന്തികമണ്ഡലം ഭൂമിയുടേതിനെ അപേക്ഷിച്ച്‌ അഞ്ചിലൊന്ന്‌ മാത്രം ശക്തിയുള്ളതായിരുന്നു എന്നുമാണ്‌. ചൊവ്വായുടെ വലിപ്പമുള്ള ഒരു വസ്‌തു ഭൂമിയുമായി കൂട്ടിയിടിച്ചാണ്‌ ചന്ദ്രന്‍ രൂപപ്പെട്ടതെന്ന നിഗമനത്തെ പിന്താങ്ങുന്നതാണ്‌ പുതിയ കണ്ടെത്തലെന്ന്‌ ഗവേഷകര്‍ പറയുന്നു.

ശ്രദ്ധേയമായ രണ്ട്‌ സംഗതികള്‍ ഈ ഗവേഷണം മുന്നോട്ടുവെയ്‌ക്കുന്നു. നമ്മുടെ തൊട്ടടുത്തുള്ള ആകാശഗോളത്തെക്കുറിച്ച്‌ പോലും നമ്മള്‍ എത്ര കുറച്ചേ അറിഞ്ഞിട്ടുള്ളു എന്നതാണ്‌ ഒന്നാമത്തെ വസ്‌തുത. ചന്ദ്രനില്‍ ഗര്‍ത്തങ്ങളും പര്‍വതങ്ങളുമുണ്ടെന്ന്‌ ഗലീലിയോ കണ്ടുപിടിച്ചിട്ട്‌ 400 വര്‍ഷമായെങ്കിലും, ഇനിയും ചന്ദ്രനെക്കുറിച്ച്‌ നമ്മള്‍ അറിയാനിരിക്കുന്നതേയുള്ളു എന്ന്‌ സാരം. രണ്ടാമത്തേത്‌, അപ്പോളൊ ദൗത്യം അവസാനിച്ചിട്ട്‌ 40 വര്‍ഷമാകാന്‍ പോകുന്നുവെങ്കിലും, ആ ദൗത്യം ഇപ്പോഴും പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക്‌ സാധ്യത തുറക്കുന്നു എന്നതാണ്‌്‌. ചന്ദ്രപ്രതലത്തിലെ ജലസാന്നിധ്യം അവിടെ നിന്ന്‌ കൊണ്ടുവന്ന ശിലകളില്‍ കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌ (ഇത്‌ കാണുക).

വാല്‍ക്കഷണം: അപ്പോളൊ ദൗത്യങ്ങളെല്ലാംകൂടി 382 കിലോഗ്രാം മണ്ണും പാറയും ചന്ദ്രനില്‍നിന്ന്‌ കൊണ്ടുവന്നെങ്കിലും, പാവപ്പെട്ട ചൈനക്കാര്‍ക്ക്‌ അമേരിക്ക അതില്‍നിന്ന്‌ സമ്മാനിച്ചത്‌ വെറും ഒരു ഗ്രാം ചന്ദ്രശിലമാത്രമാണ്‌; 1978-ല്‍. ആ ഒരു ഗ്രാമില്‍ പകുതി ചൈനീസ്‌ അധികൃതര്‍ പഠനത്തിനായി ഗവേഷകര്‍ക്ക്‌ കൈമാറി. ചൈനീസ്‌ ഗവേഷകര്‍ വെറുതെ വിട്ടില്ല. ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്നു പറയും മാതിരി, ആ അരഗ്രാം ഉപയോഗിച്ച്‌ 40 ഗവേഷണ പ്രബന്ധങ്ങള്‍ അവര്‍ രചിച്ചു! ഏതായാലും ഒരു ഗ്രാം ചന്ദ്രശിലയല്ലേ ചൈനയ്‌ക്ക്‌ കൊടുക്കാന്‍ തോന്നിയുള്ളു എന്ന്‌ ആശ്വസിക്കുകയാണ്‌ അമേരിക്ക.
(അവലംബം: സയന്‍സ്‌ ഗവേഷണവാരിക).

2 comments:

Joseph Antony said...

ചന്ദ്രപഠനത്തിലെ ഏറ്റവും വിവാദമായ പ്രശ്‌നമാണ്‌, ചന്ദ്രകേന്ദ്രം ഒരുകാലത്ത്‌ ദ്രാവകരൂപത്തിലായിരുന്നോ എന്നത്‌. അപ്പോളൊ ദൗത്യങ്ങളും മറ്റ്‌ ചന്ദ്രപഠനദൗത്യങ്ങളും, ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തില്‍ ലാവയൊഴുകിയുണ്ടായ അടയാളങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്‌. പക്ഷേ, ചന്ദ്രന്‌ ദ്രവാവസ്ഥയിലുള്ള ഒരു കേന്ദ്രം ഉണ്ടായിരുന്നു എന്ന്‌ വിശ്വസിക്കാന്‍ ഇപ്പോഴും പല ഗവേഷകരും കൂട്ടാക്കുന്നില്ല. എന്നാല്‍, പുതിയ കണ്ടെത്തല്‍ പറയുന്നത്‌ അത്തരമൊരു കേന്ദ്രം ചന്ദ്രന്‌ ഉണ്ടായിരുന്നു എന്നും, അതിന്റെ ഫലമായുണ്ടായ കാന്തികമണ്ഡലം ഭൂമിയുടേതിനെ അപേക്ഷിച്ച്‌ അഞ്ചിലൊന്ന്‌ മാത്രം ശക്തിയുള്ളതായിരുന്നു എന്നുമാണ്‌.

Babu Kalyanam said...

Sherlock Holmes നെ ഓര്‍മ വന്നു, what difference would that make? എന്നു ചോദിക്കാനും തോന്നി. ഈ കമന്റ് പോസ്റ്റ് ചെയ്തു "മണ്ടന്‍" എന്നു നാട്ടുകാരെക്കൊണ്ട് പറയിക്കേണ്ട എന്നും തോന്നി. അതു കൊണ്ടു ഒന്നും ചോദിക്കുന്നില്ല. ഞാനല്പം ഉറക്കെ ചിന്തിച്ചതാ... :-))