Saturday, January 24, 2009

ബ്ലോഗുകളുടെ ബ്ലോഗ്‌

2008-ല്‍ മാത്രം 120 ലക്ഷം പേര്‍ സന്ദര്‍ശിച്ച ഒരു ബ്ലോഗിനെ സൂപ്പര്‍ബ്ലോഗ്‌ എന്ന്‌ വിളിക്കാമോ ? എങ്കില്‍, ഗൂഗിളിന്റെ ഔദ്യോഗികബ്ലോഗ്‌ അതാണ്‌.

സന്ദര്‍ശകരുടെ എണ്ണംകൊണ്ട്‌ മാത്രമല്ല ഗൂഗിള്‍ബ്ലോഗ്‌ വ്യത്യസ്‌തമാകുന്നത്‌. മൈക്രോസോഫ്‌ടോ, ആപ്പിളോ പോലുള്ള കമ്പനികള്‍ വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയോടെ കോടികള്‍ ചെലവിട്ട്‌ നടത്താറുള്ള, താരനിശകളോട്‌ ഉപമിക്കാവുന്ന, പ്രോഡക്ട്‌ ലോഞ്ചിങ്ങുകള്‍ ഗൂഗിളിന്റെ രീതിയല്ല. പകരം ഗൂഗിള്‍ അതിന്റെ മുഖ്യബ്ലോഗില്‍ ഒരു സാധാരണ പോസ്‌റ്റിടും, അത്രമാത്രം. കാണേണ്ടവര്‍ അത്‌ കണ്ടുകൊള്ളും, റിപ്പോര്‍ട്ട്‌ ചെയ്യേണ്ടവര്‍ ചെയ്‌തുകൊള്ളും, പ്രയോജനപ്പെടുത്തേണ്ടവര്‍ ഏറ്റെടുത്തുകൊള്ളും.

പോയവര്‍ഷം ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട്‌ വന്‍ മാധ്യമശ്രദ്ധ നേടിയ മൂന്ന്‌ സംഭവങ്ങള്‍ ഉദാഹരണമായെടുക്കാം. ഒന്ന്‌ ഗൂഗിളിന്റെ ഇന്റര്‍നെറ്റ്‌ ബ്രൗസറായ 'ക്രോ'മിന്റെ വരവ്‌. മറ്റൊന്ന്‌ വീഡിയോ, ഓഡിയോ സാധ്യതകള്‍ സമ്മേളിപ്പിച്ചുകൊണ്ട്‌ 'ഗൂഗിള്‍ ടോക്കി'നെ അതുല്യമായ ഒരു ന്യൂജനറേഷന്‍ ആശയവിനിമയ ഉപാധിയാക്കി പരിഷ്‌ക്കരിച്ചത്‌. മൂന്നാമത്തേത്‌, (അമേരിക്കയില്‍) പകര്‍ച്ചപ്പനിയുടെ വരവ്‌ പ്രവചിക്കാന്‍ ഗൂഗിള്‍ സെര്‍ച്ച്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്‌. മറ്റേതെങ്കിലും കമ്പനിയായിരുന്നെങ്കില്‍ വാര്‍ത്താസമ്മേനങ്ങളും വാര്‍ത്താക്കുറിപ്പുകളും പബ്ലിക്‌റിലേഷന്‍ പരിപാടിയും പരസ്യവുമൊക്കയായി വന്‍ പ്രചാരണം നടത്തുമായിരുന്ന ഈ സംഗതികള്‍ പക്ഷേ, ഗൂഗിള്‍ബ്ലോഗിലെ മൂന്ന്‌ സാധാരണ പോസ്‌റ്റുകളിലൂടെയാണ്‌ ലോകമറിഞ്ഞത്‌. അവ വന്‍വാര്‍ത്തയായി, ചര്‍ച്ചയായി, ക്രോം ഉപയോഗിച്ചവരൊക്കെ അതിന്റെ അഡിക്ടായി.

ടെക്‌നോളജി റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും, ഐടി വിദഗ്‌ധരും, പുത്തന്‍ സങ്കേതങ്ങളിലാകൃഷ്ടരായ സാധാരണ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുമെല്ലാം ഒരേ മനോഭാവത്തോടെയാണ്‌ ഗൂഗിള്‍ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്‌-ഗൂഗിളിന്റെ ആവനാഴിയില്‍നിന്ന്‌ ഇനിയെന്താകും പുറത്തുവരികയെന്ന ആകാംക്ഷയോടെ. പുതിയ ഉത്‌പന്നങ്ങളും ട്രെന്‍ഡുകളും മാത്രമല്ല, ഗൂഗിളിന്റെ നയപരമായ തീരുമാനങ്ങളും, ഗൂഗിളിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ഗൂഗിള്‍ബ്ലോഗിലാണ്‌ പ്രത്യക്ഷപ്പെടുക. ഉദാഹരണത്തിന്‌, സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഗൂഗിളില്‍ പുതിയ റിക്രൂട്ട്‌മെന്റ്‌ കുറച്ചിരിക്കുന്നു എന്ന അറിയിപ്പ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ ഗൂഗിള്‍ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്‌. ഗൂഗിള്‍ സെര്‍ച്ചിങിന്‌ കൂടുതല്‍ ഊര്‍ജം ചെലവാകുന്നുവെന്നും, അത്‌ ആഗോളതാപനത്തെ ത്വരപ്പെടുത്തുന്നുമെന്നും കാണിച്ച്‌ അടുത്തയിടെ പുറത്തുവന്ന റിപ്പോര്‍ട്ടിന്‌ (ഇത്‌ കാണുക) മറുപടി വന്നതും ഗൂഗിള്‍ബ്ലോഗിലെ മറ്റൊരു പോസ്‌റ്റായാണ്‌.

ഗൂഗിള്‍ ബ്ലോഗ്‌ തന്നെ പുറത്തുവിട്ട വിവരമനുസരിച്ച്‌ 2008-ല്‍ ആ ബ്ലോഗില്‍ 368 പോസ്‌റ്റുകള്‍ പ്രസിദ്ധീകരിച്ചു. അത്‌ 2007-ലേതിനെക്കാള്‍ 23 ശതമാനം കൂടുതലാണ്‌. പോസ്‌റ്റിന്റെ എണ്ണത്തില്‍ ഇത്രയും വര്‍ധനവാണ്‌ ഉണ്ടായതെങ്കില്‍, സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷം 78 ശതമാനം വര്‍ധനയാണ്‌ കണ്ടത്‌. 2007-ല്‍ 6,738,830 പേര്‍ ഗൂഗിള്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചെങ്കില്‍ കഴിഞ്ഞവര്‍ഷം ആ സംഖ്യ 12,000,723 ആയി. ലോകത്തിന്റെ മിക്ക ഭാഗത്തുനിന്നും ഗൂഗിള്‍ ബ്ലോഗിന്‌ വായനക്കാരുണ്ട്‌.

പുതിയ ഉത്‌പന്നങ്ങളെപ്പറ്റിയുള്ളതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പത്ത്‌ ശതമാനം പോസ്‌റ്റുകള്‍, ഉത്‌പന്നങ്ങളുടെ പുതിയ ഫീച്ചറുകളെപ്പറ്റി 56 ശതമാനം പോസ്‌റ്റുകള്‍. എന്നാല്‍, ഏറ്റവുമധികം വായനക്കാരെ ആകര്‍ഷിച്ചത്‌ ഗൂഗിള്‍ ക്രോമിനെ സംബന്ധിച്ച പോസ്‌റ്റുകളായിരുന്നു. 1,735,093 സന്ദര്‍ശനം ആ ഒറ്റ ഉത്‌പന്നത്തിന്റെ പേരില്‍ ഗൂഗിള്‍ ബ്ലോഗിലുണ്ടായി; അത്‌ കഴിഞ്ഞ വര്‍ഷത്തെ മൊത്തം സന്ദര്‍ശകരുടെ 12 ശതമാനം വരും! ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്‌ ഫോണിനെക്കുറിച്ചുള്ളതാണ്‌ ഇത്തരത്തില്‍ വായനക്കാരെ വന്‍തോതില്‍ ആകര്‍ഷിച്ച മറ്റൊരു പോസ്‌റ്റ്‌. ഗൂഗിള്‍ സ്ഥാപിച്ചതിന്റെ പത്താംവാര്‍ഷികമായിരുന്നു 2008. പത്തുവര്‍ഷത്തിനിടെ ഇന്റര്‍നെറ്റ്‌ ജനജീവിതത്തെ എത്ര മാറ്റിമറിച്ചു എന്നത്‌ സംബന്ധിച്ച ചിന്തകള്‍ പങ്കുവെച്ചതും ഗൂഗിള്‍ ബ്ലോഗിലൂടെയായിരുന്നു.

ഗൂഗിളിന്റെ ബ്ലോഗിങ്‌ അതിന്റെ മുഖ്യബ്ലോഗുകൊണ്ട്‌ അവസാനിക്കുന്നില്ല. ഗൂഗിളിന്റെ മിക്ക ഉത്‌പന്നങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ ശാഖകള്‍ക്കും സര്‍വീസുകള്‍ക്കും വെവ്വേറെ ബ്ലോഗുകളുണ്ട്‌. ഉദാഹണം ജിമെയില്‍ ബ്ലോഗ്‌. ഇത്തരം 44 പുതിയ ബ്ലോഗുകളാണ്‌ ഗൂഗിള്‍ കമ്പനി കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്‌. അതോടെ, ഗൂഗിള്‍ ബ്ലോഗ്‌ ശൃംഗലയില്‍ 127 ബ്ലോഗുകളായി. പുതിയതായി തുടങ്ങിയതില്‍ മൂന്ന്‌ മേഖലാബ്ലോഗുകളും ഉള്‍പ്പെടുന്നു; ഇന്ത്യ, ആഫ്രിക്ക, യുക്രൈന്‍ എന്നിവയ്‌ക്കുള്ളത്‌.

വാല്‍ക്കഷണം: ഗൂഗിള്‍ബ്ലോഗ്‌ പുറത്തുവിട്ടിരിക്കുന്ന ഏറ്റവും ചൂടുള്ള വാര്‍ത്ത എന്തെന്നോ. സാക്ഷാല്‍ മാര്‍പാപ്പയും യുടൂബിലെത്തിയിരിക്കുന്നു എന്നതാണ്‌. വത്തിക്കാന്‍ ഔദ്യോഗികമായ യുടൂബ്‌ ചാനല്‍ ആരംഭിച്ചിരിക്കുന്നു (ഇത്‌ കാണുക)
(കടപ്പാട്‌: ഗൂഗിള്‍ ബ്ലോഗ്‌).

9 comments:

Joseph Antony said...

ടെക്‌നോളജി റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും, ഐടി വിദഗ്‌ധരും, പുത്തന്‍ സങ്കേതങ്ങളിലാകൃഷ്ടരായ സാധാരണ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുമെല്ലാം ഒരേ മനോഭാവത്തോടെയാണ്‌ ഗൂഗിള്‍ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്‌-ഗൂഗിളിന്റെ ആവനാഴിയില്‍നിന്ന്‌ ഇനിയെന്താകും പുറത്തുവരികയെന്ന ആകാംക്ഷയോടെ. പുതിയ ഉത്‌പന്നങ്ങളും ട്രെന്‍ഡുകളും മാത്രമല്ല, ഗൂഗിളിന്റെ നയപരമായ തീരുമാനങ്ങളും, ഗൂഗിളിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ഗൂഗിള്‍ബ്ലോഗിലാണ്‌ പ്രത്യക്ഷപ്പെടുക.

sHihab mOgraL said...

വിജ്ഞാനപ്രദം.. ഉപകാരപ്രദം..
വായിച്ചു, ഇഷ്ടപ്പെട്ടു

-: നീരാളി :- said...

ഉപകാരപ്രദം.. നന്ദി

ശ്രീ said...

ശരിയാണ്, നല്ല പോസ്റ്റ്, മാഷേ.

ഗൂഗിള്‍ ബ്ലോഗ് ഇടയ്ക്കിടെ സന്ദര്‍ശിയ്ക്കുന്ന പതിവ് എനിയ്ക്കുമുണ്ട്.

Calvin H said...

നല്ല പോസ്റ്റ് :)

വേറൊരു ഗൂഗിള്‍ ആരാധകന്‍

Areekkodan | അരീക്കോടന്‍ said...

ഉപകാരപ്രദം..

ജോ l JOE said...

ഉപകാരപ്രദം.. നന്ദി

Joseph Antony said...

shihab mogral,
neeraj,
ശ്രീ,
ശ്രീഹരി,
അരീക്കോടന്‍,
ജോ,

ഇവിടെയെത്തിയതിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിലും സന്തോഷം.

ശ്രീരാജ് said...

വായിച്ചു. അറിവ് പകർന്നതിന് നന്ദി