Tuesday, January 06, 2009

ക്ഷീരപഥം-അഴകളവുകള്‍ മാറുന്നു

കരുതിയത്‌ പോലെയല്ല കാര്യങ്ങള്‍. നമ്മുടെ മാതൃഗാലക്‌സിയുടെ ഭ്രമണവേഗമോ പിണ്ഡമോ നമ്മള്‍ അളന്നിടത്തല്ല നില്‍ക്കുന്നത്‌. ക്ഷീരപഥത്തിന്റെ ഭ്രമണവേഗവും പിണ്ഡവും തിട്ടപ്പെടുത്തിയതിലും കൂടുതലാണത്രേ. മൂന്ന്‌ ലക്ഷം കോടി സൂര്യന്‍മാരുടെ പിണ്ഡത്തിന്‌ തുല്യമാണ്‌ ക്ഷീരപഥത്തിന്റേതെന്ന്‌ പുതിയ കണക്കുകള്‍ പറയുന്നു. ക്ഷീരപഥത്തിന്‌ നാല്‌ വാര്‍ത്തുളകരങ്ങള്‍ ഉള്ളതായും പുതിയ പഠനം സൂചന നല്‍കുന്നു. 

400 വര്‍ഷം മുമ്പ്‌ ഗലീലിയോയാണ്‌ ആദ്യം അത്‌ കണ്ടെത്തിയത്‌; ക്ഷീരപഥമെന്നത്‌ നക്ഷത്രങ്ങളുടെ കൂട്ടമാണെന്ന്‌. പിന്നീട്‌ മനസിലായി അതാണ്‌ നമ്മുടെ മാതൃഗാലക്‌സിയെന്ന്‌. ആകാശഗംഗയെന്ന്‌ വിളിക്കുന്ന ക്ഷീരപഥത്തിന്റെ അളവുകള്‍ കണ്ടെത്താന്‍ കാലങ്ങളായി ഒട്ടേറെപ്പേര്‍ ശ്രമിച്ചു. ഇപ്പോള്‍ അറിയാവുന്ന വിവരം അനുസരിച്ച്‌, ഗാലക്‌സിയുടെ കേന്ദ്രത്തില്‍നിന്ന്‌ 28,000 പ്രകാശവര്‍ഷം അകലെയാണ്‌ നമ്മള്‍ - എന്നുവെച്ചാല്‍ സൂര്യനും ഭൂമിയും ഉള്‍പ്പെടുന്ന സൗരയൂഥം.

മണിക്കൂറില്‍ എട്ടുലക്ഷം കിലോമീറ്റര്‍ എന്ന കണക്കിന്‌ സൂര്യന്‍ ഗാലക്‌സികേന്ദ്രത്തെ പരിക്രമണം ചെയ്യുന്നു എന്നാണ്‌ ഇതുവരെ ധരിച്ചിരുന്നത്‌. എന്നാല്‍, അത്‌ ശരിയല്ലത്രേ. പുതിയ കണക്കുകൂട്ടലുകള്‍ മറ്റൊരു കഥയാണ്‌ പറയുന്നത്‌. സൂര്യന്റെ യഥാര്‍ഥ പരിക്രമണവേഗം മണിക്കൂറില്‍ 9.6 ലക്ഷം കിലോമീറ്റര്‍ (സെക്കന്‍ഡില്‍ 254 കിലോമീറ്റര്‍) ആണത്രേ. നേരത്തെ കരുതിയിരുന്നതിലും വേഗം 15 ശതമാനം കൂടുതല്‍. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം വെച്ച്‌ ഈ വേഗത്തെ താരതമ്യം ചെയ്യുമ്പോള്‍, ക്ഷീരപഥത്തിന്റെ പിണ്ഡം കുറഞ്ഞത്‌ 50 ശതമാനമെങ്കിലും കൂടുതലാണെന്ന്‌ ഗവേഷകര്‍ കണ്ടു. പുതിയ കണക്കുകൂട്ടല്‍ പ്രകാരം മൂന്ന്‌ ലക്ഷം കോടി സൂര്യന്‍മാരുടെ പിണ്ഡത്തിന്‌ തുല്യമാണ്‌ ക്ഷീരപഥം.

കാലിഫോര്‍ണിയയില്‍ ലോങ്‌ബീച്ചില്‍ നടക്കുന്ന 'അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി'യുടെ വാര്‍ഷികസമ്മേളനത്തിലാണ്‌, ക്ഷീരപഥത്തിന്റെ പുതുക്കിയ 'അഴകളവുകള്‍' അവതരിപ്പിക്കപ്പെട്ടത്‌. ആ കണക്കുപ്രകാരം ക്ഷീരപഥം അതിന്റെ അയല്‍ക്കാരനായ ആന്‍ഡ്രോമിഡ ഗാലക്‌സിയെക്കാളും ചെറുതല്ലെന്ന്‌, പഠനസംഘത്തില്‍ പെട്ട ഹാര്‍വാഡ്‌-സ്‌മിത്തോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ മാര്‍ക്ക്‌ റീഡ്‌ പറഞ്ഞു. "ലോക്കല്‍ ഗ്രൂപ്പ്‌ എന്നറിയപ്പെടുന്ന ഗാലക്‌സിക്കൂട്ടത്തില്‍ ആന്‍ഡ്രോമിഡയുടെ ചെറുസഹോദരിയല്ല ഇനി ക്ഷീരപഥം"-അദ്ദേഹം അറിയിച്ചു. ജര്‍മനിയില്‍ മാക്‌സ്‌പ്ലാങ്ക്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ റേഡിയോ അസ്‌ട്രോണമിയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.

പിണ്ഡം കൂടുതലാണെന്നു പറഞ്ഞാല്‍ അര്‍ഥം, ആന്‍ഡ്രോമിഡ ഗാലക്‌സിയുമായി ക്ഷീരപഥം കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുന്നു എന്നാണ്‌. (പേടിക്കേണ്ട കോടാനുകോടി വര്‍ഷങ്ങള്‍ക്കിടയ്‌ക്ക്‌ സംഭവിക്കുന്നതാണ്‌ ഗാലക്‌സികള്‍ തമ്മിലുള്ള കൂട്ടിയിടിയും പൊടിപൂരവും. ഇരു ഗാലക്‌സികളും ഇനിയൊരു 500 കോടി വര്‍ഷം കഴിയുമ്പോള്‍ കൂട്ടിയിടിച്ച്‌ ഒന്നായേക്കാം എന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌). അമേരിക്കയില്‍ നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്റെ വക 'വെരി ലോങ്‌ ബേസ്‌ലൈന്‍ അരേയ്‌' (VLBA) റേഡിയോ ടെലസ്‌കോപ്പ്‌ സംവിധാനത്തിന്റെ സഹായത്തോടെ ക്ഷീരപഥത്തെ സര്‍വ്വെ ചെയ്‌തപ്പോഴാണ്‌, പഴയ അളവുകള്‍ പുതുക്കേണ്ടതുണ്ടെന്ന്‌ ഗവേഷകര്‍ക്ക്‌ ബോധ്യമായത്‌.

വിദൂരദൃശ്യങ്ങള്‍ അസാധാരണമാംവിധം വിശദമായി മനസിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ വി.എല്‍.ബി.എ. സംവിധാനം. ഹാവായ്‌ മുതല്‍ ന്യൂ ഇംഗ്ലണ്ട്‌ വരെയും കരീബിയന്‍ മേഖലയിലുമായി സ്ഥാപിച്ചിട്ടുള്ള പത്ത്‌ റേഡിയോ ടെലസ്‌കോപ്പ്‌ ആന്റീനകളുടെ നിരയാണിത്‌. ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പില്‍നിന്ന്‌ ലഭിക്കുന്നതിനെ അപേക്ഷിച്ച്‌ നൂറുകണക്കിന്‌ മടങ്ങ്‌ വിശദമായ പ്രപഞ്ചദൃശ്യങ്ങള്‍ ഈ സംവിധാനം വഴി കിട്ടുന്നു. (മുംബൈയിലിരുന്നുകൊണ്ട്‌ തിരുവനന്തപുരത്ത്‌ വെച്ചിട്ടുള്ള പത്രം സുഖമായി വായിക്കാന്‍ കഴിയുന്നത്ര 'കാഴ്‌ചശക്തി'യാണ്‌ ഈ റേഡിയോ ടെലസ്‌കോപ്പ്‌ സംവിധാനത്തിനുള്ളത്‌).

ക്ഷീരപഥത്തിലെ ചലനങ്ങളും ദൂരങ്ങളും സര്‍വ്വെ ചെയ്യാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ്‌, ക്ഷീരപഥത്തിന്റെ പുതിയ മാപ്പ്‌ തയ്യാറാക്കുന്നത്‌. ക്ഷീരപഥത്തില്‍ നക്ഷത്രങ്ങളുടെ ജനനം തകൃതിയായി നടക്കുന്ന മേഖലകളെയാണ്‌ ഗവേഷകര്‍ നിരീക്ഷണത്തിന്‌ ആധാരമാക്കിയത്‌. ഇത്തരം താരപ്രജനന മേഖലകള്‍ക്കുള്ളില്‍, സ്വാഭാവിക റേഡിയോ ഉല്‍സര്‍ജനം മൂലം വാതകതന്മാത്രകള്‍ ശക്തിപ്രാപിക്കുന്ന (ലേസറുകള്‍ പ്രകാശരശ്‌മികളെ ശക്തിപ്പെടുത്തും പോലെ) ചില സ്ഥലങ്ങളുണ്ട്‌. 'കോസ്‌മിക്‌ മേസേര്‍സ്‌' (cosmic masers) എന്നറിയപ്പെടുന്ന അത്തരം സ്ഥലങ്ങള്‍ വി.എല്‍.ബി.എ. റേഡിയോ ടെലസ്‌കോപ്പിന്‌ നിരീക്ഷിക്കാന്‍ പാകത്തിലുള്ള ശക്തിയേറിയ പ്രമാണദീപങ്ങളാണ്‌.

സൂര്യനെ പരിക്രമണം ചെയ്‌ത്‌ ഭൂമി എതിര്‍സ്ഥാനങ്ങളിലെത്തുമ്പോള്‍, ഈ പ്രമാണദീപങ്ങളെ നിരീക്ഷിച്ചാല്‍, പശ്ചാത്തലത്തില്‍ അവയുടെ സ്ഥാനം നേരിയ തോതില്‍ മാറിയതായി തോന്നും.(നിങ്ങള്‍ മുഖത്തിന്‌ മുന്നില്‍ കൈ നീട്ടിപിടിച്ചിട്ട്‌, ചൂണ്ടുവിരല്‍ മുകളിലേക്ക്‌ നിവര്‍ത്തി വെച്ച്‌ ഓരോ കണ്ണുവീതം മാറിമാറി അടച്ച്‌ നോക്കിയാല്‍ പശ്ചാത്തലത്തില്‍ വിരലിന്‌ സ്ഥാനഭ്രംശം സംഭവിച്ചതായി തോന്നില്ലേ, അതുപോലെ). ഇത്‌ നക്ഷത്രങ്ങളുടെയും മറ്റും അകലം അളക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന മാര്‍ഗമാണ്‌ (ട്രയാംഗുലൈസേഷന്‍ എന്ന്‌ പറയും). 20 താരപ്രജനന മേഖലകളിലുള്ള പ്രമാണദീപങ്ങളെ ആധാരമാക്കിയാണ്‌ ഗവേഷകര്‍ പുതിയ കണക്കെടുപ്പ്‌ നടത്തിയത്‌.

പരമ്പരാഗത രീതിയായ ട്രയാംഗുലൈസേഷന്‍ തന്നെയാണ്‌ വി.എല്‍.ബി.എ. നിരീക്ഷണങ്ങള്‍ക്കും പ്രയോജനപ്പെടുത്തിയത്‌. പക്ഷേ, പുതിയ സര്‍വെയില്‍ വളരെ കൃത്യമായ അളവുകളും ചലനങ്ങളുടെ തോതുമൊക്കെ കണ്ടെത്താന്‍ കഴിഞ്ഞു-ഗവേഷണത്തില്‍ പങ്കാളിയായ, മാക്‌സ്‌പ്ലാങ്ക്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ റേഡിയോ അസ്‌ട്രോണമിയിലെ കാള്‍ മെന്റെന്‍ അറിയിച്ചു. മുമ്പ്‌ പരോക്ഷമായി നടത്തിയിരുന്ന അളവെടുപ്പുകള്‍, പുതിയ പഠനത്തില്‍ നേരിട്ടുതന്നെ നടത്തുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. അപ്പോഴാണ്‌ പഴയ കണക്കുകള്‍ ശരിയല്ലെന്ന്‌ വ്യക്തമായത്‌.

നക്ഷത്രപ്രജനന മേഖലകളില്‍ കാണപ്പെടുന്ന കോസ്‌മിക്‌ മേസേര്‍സ്‌, ഗാലക്‌സിയുടെ വാര്‍ത്തുളകരങ്ങളെയാണ്‌ നിര്‍ണയിക്കുന്നത്‌. അതിനാല്‍ അത്തരം മേഖലകള്‍ തമ്മിലുള്ള അകലം, ഗാലക്‌സിയുടെ വാര്‍ത്തുളഘടന മാപ്പ്‌ ചെയ്യാനുള്ള അളവുകോലായിത്തീരുന്നു-മാര്‍ക്ക്‌ റീഡ്‌ പറഞ്ഞു. മറ്റ്‌ ഗാലക്‌സികളുടെ അളവും വേഗവുമൊക്കെ കണക്കാക്കാന്‍ എളുപ്പമാണ്‌. കാരണം നമുക്കവയെ പുറത്തുനിന്ന്‌ നിരീക്ഷിക്കാനാവും. എന്നാല്‍, ഉള്ളില്‍നിന്ന്‌ വേണം ക്ഷീരപഥത്തിന്റെ അളവുകള്‍ നമുക്ക്‌ കണക്കാക്കാന്‍. അത്‌ അത്ര എളുപ്പമല്ല, എപ്പോഴും ശരിയായിക്കൊള്ളണം എന്നുമില്ല-അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ക്ഷീരപഥത്തിന്റെ വാര്‍ത്തുളഘടനയെക്കുറിച്ചുള്ള ധാരണകളും നാം മാറ്റേണ്ടി വന്നേക്കാം എന്നാണ്‌ പുതിയ പഠനം നല്‍കുന്ന സൂചന. കരുതുംപോലെ നമ്മുടെ ഗാലക്‌സിക്ക്‌ വാര്‍ത്തുളകരങ്ങള്‍ രണ്ടല്ല, നാലുണ്ടെന്നാണ്‌ കരുതേണ്ടതെന്ന്‌ മാര്‍ക്ക്‌ റീഡ്‌ പറഞ്ഞു. പക്ഷേ, ഇതെപ്പറ്റി കൃത്യത ലഭിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്‌.

(അവലംബം: നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററി, ഹാര്‍വാഡ്‌-സ്‌മിത്തോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സ്‌ എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍)

2 comments:

Joseph Antony said...

കരുതിയത്‌ പോലെയല്ല കാര്യങ്ങള്‍. നമ്മുടെ മാതൃഗാലക്‌സിയുടെ ഭ്രമണവേഗമോ പിണ്ഡമോ നമ്മള്‍ അളന്നിടത്തല്ല നില്‍ക്കുന്നത്‌. ക്ഷീരപഥത്തിന്റെ ഭ്രമണവേഗവും പിണ്ഡവും തിട്ടപ്പെടുത്തിയതിലും കൂടുതലാണത്രേ. ക്ഷീരപഥത്തിന്റെ അഴകളവുകള്‍ മാറുകയാണെന്ന്‌ സാരം.

Ashly said...

My God.. 254 Km/Sec is a great speed!!!

299,79 Km/Sec is the speed of light, any mystic relations between these numbers ? (Rounding to :30000 km/sec and 300 km/sec) Okey folks, don't crucify for too much of rounding. it is just a wild thought.