Thursday, January 29, 2009

നടുക്കമുളവാക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്‌

വിദൂരഗ്രഹത്തില്‍ വെറും ആറുമണിക്കൂര്‍കൊണ്ട്‌ താപനിലയില്‍ എഴുന്നൂറ്‌ ഡിഗ്രി വര്‍ധനയുണ്ടാകുന്നതായി കണ്ടെത്തല്‍.

ഭൂമിയിലിരുന്ന്‌ നമ്മള്‍ ആഗോളതാപനത്തെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠപ്പെടുന്നു. ഭൗമതാപനിലയില്‍ ഒരു നൂറ്റാണ്ടിനിടെയുണ്ടാകുന്ന അഞ്ചോ ആറോ ഡിഗ്രി വര്‍ധനയെക്കുറിച്ചാണ്‌ നമ്മുടെ വേവലാതി. ആ വര്‍ധന തന്നെ താങ്ങാന്‍ മനുഷ്യനും ഭൂമിയിലെ ജൈവവ്യവസ്ഥയ്‌ക്കും കഴിയുമോ എന്നാണ്‌ ആശങ്ക. എന്നാല്‍, വെറും ആറുമണിക്കൂര്‍കൊണ്ട്‌ താപനിലയില്‍ 700 ഡിഗ്രി വര്‍ധനയുണ്ടാകുന്ന ഗ്രഹത്തിന്റെ കാര്യം സങ്കല്‍പ്പിച്ചുനോക്കുക. എന്തായിരിക്കും അവിടുത്തെ സ്ഥിതി. ഒരു വിദൂരഗ്രഹത്തില്‍, നടുക്കമുളവാക്കുന്ന ഇത്തരമൊരു കാലാവസ്ഥാ മാറ്റം കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും വിചിത്രമായ കാലാവസ്ഥയാണ്‌ ആ ഗ്രഹത്തിന്റേതെന്ന്‌, പുതിയലക്കം 'നേച്ചര്‍' ഗവേഷണവാരികയിലെ റിപ്പോര്‍ട്ട്‌ പറയുന്നു.

ഭൂമിയില്‍നിന്ന്‌ 200 പ്രകാശവര്‍ഷമകലെ ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന HD 80606b എന്ന ഗ്രഹമാണ്‌ ഇത്തരമൊരു കാലാവസ്ഥാവിധി നേരിടുന്നത്‌. ഗ്രഹത്തിന്റെ വിചിത്രമായ ഭ്രമണപഥമാണ്‌ ഇത്തരമൊരു സാഹചര്യത്തിന്‌ ഇടയാക്കുന്നതത്രേ. സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം 14.96 കോടി കിലോമീറ്ററും, സൂര്യനും ബുധനും തമ്മിലുള്ള അകലം 580 ലക്ഷം കിലോമീറ്ററുമാണല്ലോ. വിദൂരഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ ഏറ്റവും അകലെയുള്ള സ്ഥാനത്തെത്തുമ്പോള്‍, മാതൃനക്ഷത്രവുമായുള്ള അകലം ഏതാണ്ട്‌ ഭൂമിയും സൂര്യനും തമ്മിലുള്ള അത്രയുമാകുന്നു; അടുത്തുള്ള സ്ഥാനത്ത്‌ അത്‌ സൂര്യനും ബുധനും തമ്മിലുള്ള അകലമാകുന്നു. വിചിത്രമായ ഈ ഭ്രമണപഥമാണ്‌, ഗ്രഹത്തിന്റെ കാലാവസ്ഥയെ തകിടംമറിക്കുന്നത്‌.

നാസയുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ്‌ ടെലസ്‌കോപ്പിലെ ഇന്‍ഫ്രാറെഡ്‌ സംവേദകങ്ങള്‍ (സെന്‍സറുകള്‍) ഉപയോഗിച്ച്‌ നടത്തിയ നിരീക്ഷണങ്ങളാണ്‌, വിദൂരഗ്രഹത്തിലെ വിചിത്രകാലാവസ്ഥ വെളിവാക്കിയത്‌. മാതൃനക്ഷത്രത്തിന്റെ സമീപത്തേക്ക്‌ നീങ്ങുന്നതോടെ, വെറും ആറ്‌ മണിക്കൂര്‍കൊണ്ട്‌ ഗ്രഹത്തിന്റെ താപനില 800 ല്‍ നിന്ന്‌ 1500 കെല്‍വിനായി വര്‍ധിക്കുന്നു. `സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തിലെ കാലാവസ്ഥാമാറ്റം തത്സമയം കണ്ടെത്തുന്നത്‌ ആദ്യമായാണ്‌`-പഠനത്തിന്‌ നേതൃത്വം നല്‍കുന്ന സാന്റാ ക്രൂസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ലിക്ക്‌ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകന്‍ ഗ്രെഗ്‌ ലോഹ്‌ലിന്‍ അറിയിക്കുന്നു. വിദൂരഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന കണ്ടെത്തലാണിതെന്ന്‌ അദ്ദേഹം പറയുന്നു.

HD 80606b ഗ്രഹത്തെ ആദ്യം കണ്ടെത്തിയത്‌ 2001-ലാണ്‌. മാതൃനക്ഷത്രത്തിന്‌ മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ (ഗ്രഹസംതരണം നടക്കുമ്പോള്‍), ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലത്തിന്റെ സ്വാധീനത്താല്‍ മാതൃനക്ഷത്രത്തില്‍നിന്നുള്ള പ്രകശരശ്‌മികള്‍ക്ക്‌ ചാഞ്ചാട്ടം (wobble) ഉണ്ടാകും. ആ ചാഞ്ചാട്ടം നിരീക്ഷിച്ച്‌, പരോക്ഷ മാര്‍ഗത്തിലൂടെ, വിദൂരഗ്രഹങ്ങളുടെ സാന്നിധ്യം മനസിലാക്കുന്നതിന്‌ 'ഡോപ്ലര്‍ പ്രവേഗ സങ്കേതം'(Doppler velocity technique) എന്നാണ്‌ പേര്‌. നിലവില്‍ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തിയിട്ടുള്ള ബഹുഭൂരിപക്ഷം ഗ്രഹങ്ങളും ഈ മാര്‍ഗത്തിലാണ്‌ തിരിച്ചറിഞ്ഞത്‌. HD 80606b ഗ്രഹത്തെ ഒരു സ്വിസ്സ്‌ സംഘം കണ്ടെത്തിയതും ഈ രീതിയിലാണ്‌.

അതിന്‌ ശേഷം കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനിലെ പോള്‍ ബട്ട്‌ലര്‍ രൂപംനല്‍കിയ സങ്കേതമുപയോഗിച്ച്‌്‌ പുതിയ ഗ്രഹത്തിന്റെ ഭ്രമണപഥം മനസിലാക്കി. സ്‌പിറ്റ്‌സര്‍ ടെലസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്‌ ഭ്രമണപഥത്തിന്റെ കൃത്യമായ വിവരം ആവശ്യമാണ്‌. 30 മണിക്കൂര്‍ നേരം സ്‌പിറ്റ്‌സര്‍ ഗ്രഹത്തെ നിരീക്ഷിച്ചു. ഇരുന്നൂറിലേറെ അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടും, അവയുടെ വൈചിത്രമോ അസാധാരണത്വമോ അവസാനിക്കുന്നില്ല എന്നാണ്‌ പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നതെന്ന്‌ പോള്‍ ബട്ട്‌ലര്‍ അഭിപ്രായപ്പെടുന്നു.

111.4 ഭൗമദിനങ്ങള്‍ കൊണ്ടാണ്‌, വ്യാഴത്തിന്റെ നാലിരട്ടി വലിപ്പമുള്ള ആ വിദൂരഗ്രഹം മാതൃനക്ഷത്രത്തെ ഒരുതവണ പരിക്രമണം ചെയ്യുന്നത്‌. എന്നുവെച്ചാല്‍, ഒരോ 111 ദിവസം കൂടുമ്പോഴും ഭ്രാന്തമായ കാലാവസ്ഥാമാറ്റത്തിന്‌ ഗ്രഹം വിധേയമാകുമെന്ന്‌ സാരം. അകലെയുള്ള സ്ഥാനത്ത്‌ നിന്ന്‌ മാതൃനക്ഷത്രത്തോട്‌ അടുത്തുള്ള സ്ഥാനത്തെത്തുമ്പോള്‍, നക്ഷത്രത്തോട്‌ അഭിമുഖമായി വരുന്ന ഗ്രഹപ്രതലത്തില്‍ ഏല്‍ക്കുന്ന പ്രകാശം 825 മടങ്ങ്‌ തീവ്രതയുള്ളതായിരിക്കും. അന്തരീക്ഷം അതിനനുസരിച്ച്‌ ചൂടുപിടിച്ച്‌ വികസിക്കുന്നതിനാല്‍ കാറ്റുകള്‍ വന്‍ശക്തിയോടെ രൂപപ്പെടും.

സെക്കന്‍ഡില്‍ അഞ്ചുകിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗമെന്ന്‌, സ്‌പിറ്റ്‌സര്‍ ഡേറ്റ ഉപയോഗിച്ചു നടത്തിയ കമ്പ്യൂട്ടര്‍പഠനം സൂചന നല്‍കി. ഏതായാലും, 2009 ഫിബ്രവരി 14-ന്‌ ആ വിദൂരഗ്രഹം അതിന്റെ മാതൃനക്ഷത്രത്തിന്റെ മുന്നിലൂടെ കടന്നുപോകും. വാനനിരീക്ഷകര്‍ക്ക്‌ അത്‌ കൂടുതല്‍ പഠനത്തിന്‌ അവസരമേകുമെന്നാണ്‌ പ്രതീക്ഷ.
(അവലംബം: നേച്ചര്‍. കാര്‍നെജീ ഇന്‍സ്‌റ്റിട്ട്യൂഷന്‍, സാന്റാ ക്രൂസിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയ എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍).

3 comments:

Joseph Antony said...

നാസയുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ്‌ ടെലസ്‌കോപ്പിലെ ഇന്‍ഫ്രാറെഡ്‌ സംവേദകങ്ങള്‍ (സെന്‍സറുകള്‍) ഉപയോഗിച്ച്‌ നടത്തിയ നിരീക്ഷണങ്ങളാണ്‌, വിദൂരഗ്രഹത്തിലെ വിചിത്രകാലാവസ്ഥ വെളിവാക്കിയത്‌. മാതൃനക്ഷത്രത്തിന്റെ സമീപത്തേക്ക്‌ നീങ്ങുന്നതോടെ, വെറും ആറ്‌ മണിക്കൂര്‍കൊണ്ട്‌ ഗ്രഹത്തിന്റെ താപനില 800 ല്‍ നിന്ന്‌ 1500 കെല്‍വിനായി വര്‍ധിക്കുന്നു. അകലെയുള്ള സ്ഥാനത്ത്‌ നിന്ന്‌ മാതൃനക്ഷത്രത്തോട്‌ അടുത്തുള്ള സ്ഥാനത്തെത്തുമ്പോള്‍, നക്ഷത്രത്തോട്‌ അഭിമുഖമായി വരുന്ന ഗ്രഹപ്രതലത്തില്‍ ഏല്‍ക്കുന്ന പ്രകാശം 825 മടങ്ങ്‌ തീവ്രതയുള്ളതായിരിക്കും. അന്തരീക്ഷം അതിനനുസരിച്ച്‌ ചൂടുപിടിച്ച്‌ വികസിക്കുന്നതിനാല്‍ കാറ്റുകള്‍ വന്‍ശക്തിയോടെ രൂപപ്പെടും.

Ashly said...

Thanks for sharing !!!

ps: i am glad that we are not in that planet !! :)

Jayasree Lakshmy Kumar said...

good info. thank you