Saturday, January 03, 2009

ടൈക്കോ കണ്ട സൂപ്പര്‍നോവയുടെ 'പ്രേതം'

400 വര്‍ഷം മുമ്പ്‌ കണ്ട സൂപ്പര്‍നോവയുടെ രഹസ്യം, അതിന്റെ ഫോസില്‍മുദ്രയുപയോഗിച്ച്‌ അനാവരണം ചെയ്‌തിരിക്കുന്നു.

നാല്‌ നൂറ്റാണ്ടായി നിലനില്‍ക്കുന്ന നിഗൂഢതയാണത്‌ - ടൈക്കോ ബ്രാഹെ നിരീക്ഷിച്ച സൂപ്പര്‍നോവയുടെ രഹസ്യം. പ്രാചീന പ്രപഞ്ചസിദ്ധാന്തങ്ങളുടെ തകര്‍ച്ചക്ക്‌ തുടക്കം കുറിച്ച ആ സൂപ്പര്‍നോവ ഏത്‌ വിഭാഗത്തില്‍പെട്ടതാണെന്ന്‌ ഗവേഷകര്‍ക്ക്‌ മനസിലായിരുന്നില്ല. 1572 നവംബര്‍ 11-ന്‌ ടൈക്കോ കണ്ട ആ സൂപ്പര്‍നോവയെ-ശരിക്കുപറഞ്ഞാല്‍ അതിന്റെ 'പ്രേത'ത്തെ-പിടികൂടിയിരിക്കുകയാണ്‌ ജര്‍മനിയില്‍ മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകര്‍. വിദൂര നക്ഷത്രധൂളീപടലങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്ന സ്‌ഫോടനത്തിന്റെ പ്രതിധ്വനിയില്‍നിന്നാണ്‌, നൂറ്റാണ്ടുകള്‍ നീണ്ട രഹസ്യം അനാവരണം ചെയ്യാന്‍ ഗവേഷകര്‍ക്കായത്‌.

ഹാവായിയില്‍ മൗന കീയിലെയും, സ്‌പെയിനില്‍ കാലര്‍ ഓള്‍ട്ടോ ഒബ്‌സര്‍വേറ്ററിയിലെയും ടെലസ്‌കോപ്പുകളുടെ സഹായത്തോടെ നടത്തിയ നിരീക്ഷണമാണ്‌, സൂപ്പര്‍നോവ രഹസ്യത്തിലേക്ക്‌ വാതില്‍തുറന്നത്‌. ആ അതിഭീമന്‍സ്‌ഫോടനത്തിന്റെ 'ഫോസില്‍ മുദ്ര' (fossil imprint) ശ്രമകരമായ നിരീക്ഷണം വഴി കണ്ടെത്താന്‍ ഗവേഷകര്‍ക്കായയതായി 'നേച്ചര്‍' ഗവേഷണവാരിക്‌ അടുത്തയിടെ റിപ്പോര്‍ട്ട്‌ ചെയ്‌തു. മറ്റ്‌ പല പ്രപഞ്ച സമസ്യകളുടെയും ഫോസില്‍ മുദ്ര കണ്ടെത്തനാന്‍ ഈ ഗവേഷണം വഴിതുറക്കുന്നു. പ്രപഞ്ചപഠനത്തിന്‌ ശക്തമായ ഒരു ആയുധം ലഭിച്ചിരിക്കുകയാണ്‌ പുതിയ പഠനത്തിലൂടെ.

400 വര്‍ഷം മുമ്പ്‌ ലോകമെങ്ങും അമ്പരപ്പും ജിജ്ഞാസയും സൃഷ്ടിച്ചതാണ്‌, പകല്‍ നേരത്ത്‌ പോലും നിരീക്ഷിക്കാന്‍ പാകത്തില്‍ പ്രകാശതീവ്രതയോടെ പ്രത്യക്ഷപ്പെട്ട 'നവനക്ഷത്രം'. കാസ്സിയോപ്പിയ നക്ഷത്രഗണത്തില്‍ പ്രത്യക്ഷപ്പെട്ട ആ വിചിത്ര നക്ഷത്രം പ്രശസ്‌ത ഡാനിഷ്‌ വാനനിരീക്ഷകനായ ടൈക്കോ ബ്രാഹെയുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹം അതിനെ വിശദമായി നിരീക്ഷിച്ച്‌ (ടെലസ്‌കോപ്പ്‌ രംഗത്തെത്തും മുമ്പുള്ള കാലമായിരുന്നു അത്‌) ആകാശത്ത്‌ അതിന്റെ സ്ഥാനം നിര്‍ണയിച്ചു. അക്കാര്യം 'സ്റ്റെല്ല നോവ'(Stella Nova)യെന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും ചെയ്‌തു.

ചന്ദ്രനും അപ്പുറത്താണ്‌ പുതിയ നക്ഷത്രത്തിന്റെ സ്ഥാനമെന്ന്‌ ടൈക്കോയുടെ കണക്കുകൂട്ടലുകള്‍ വ്യക്തമാക്കി. നക്ഷത്രങ്ങളെ ആകാശമേലാപ്പില്‍ ചലിക്കാനാവാതെ പതിപ്പിച്ചു വെച്ചിരിക്കുകയാണെന്ന, 2000 വര്‍ഷം പഴക്കമുള്ള അരിസ്റ്റോട്ടിലിയന്‍ വാദഗതിക്ക്‌ ഉലച്ചില്‍ തട്ടുന്നതായിരുന്നു, ആ നക്ഷത്രത്തെപ്പറ്റി ടൈക്കോ ബ്രാഹെ നടത്തിയ നിരീക്ഷണങ്ങള്‍. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ജോഹാന്നസ്‌ കെപ്ലര്‍, ഗലീലിയോ ഗലീലി, ഐസക്ക്‌ ന്യൂട്ടണ്‍ എന്നിവര്‍ക്കുള്ള അരങ്ങ്‌ ഒരുങ്ങുകയായിരുന്നു ടൈക്കോ ബ്രാഹെയിലൂടെ.

`1572-ലെ സൂപ്പര്‍നോവ ശാസ്‌ത്രചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌`-മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ അസ്‌ട്രോണമിയിലെ ഗവേഷകന്‍ ഒലിവര്‍ ക്രൗസ്‌ അഭിപ്രായപ്പെടുന്നു. സ്വര്‍ഗീയമേലാപ്പിലെ നക്ഷത്രങ്ങള്‍ക്ക്‌ മാറ്റമില്ലെന്ന പ്രാചീനവാദഗതിക്ക്‌ ചരമഗീതം കുറിച്ചത്‌ ആ സൂപ്പര്‍നോവയാണ്‌. എന്നാല്‍, അതിന്റെ വര്‍ഗീകരണം (classification) എന്നും വിവാദവിഷയമായിരുന്നു-അദ്ദേഹം പറയുന്നു. ഏതുതരം സൂപ്പര്‍നോവ ആയിരുന്നു അത്‌ എന്ന്‌ യഥാര്‍ഥത്തില്‍ വര്‍ണരാജി വിശകലനം വഴിയേ മനസിലാക്കാനാവൂ. ആ സ്‌ഫോടനം ഭൂമിയില്‍ കാണുന്ന കാലത്ത്‌ അത്തരമൊരു വിശകലനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലല്ലോ.

ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ ടൈക്കോയുടെ സൂപ്പര്‍നോവ (SN 1572)യെ 'Ia' വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. വെള്ളക്കുള്ളന്‍ (white dwarf) നക്ഷത്രങ്ങള്‍ക്ക്‌ അതിഭീമമായ തെര്‍മോന്യൂക്ലിയര്‍ വിസ്‌ഫോടനങ്ങളുണ്ടാകുമ്പോഴാണ്‌ ഇത്തരം സൂപ്പര്‍നോവകളായി പ്രത്യക്ഷപ്പെടുക. അതിശക്തമായ സ്‌ഫോടനവേളയില്‍ ദ്രവ്യരൂപങ്ങള്‍ സെക്കന്‍ഡില്‍ 28,800 കിലോമീറ്റര്‍ വേഗത്തില്‍ അതില്‍നിന്ന്‌ ബഹിര്‍ഗമിക്കും (പ്രകാശവേഗത്തിന്റെ ഏതാണ്ട്‌ പത്തിലൊന്നാണിത്‌). ടൈക്കോയുടെ സൂപ്പര്‍നോവ കഴിഞ്ഞ 400 വര്‍ഷംകൊണ്ട്‌ 20 പ്രകാശവര്‍ഷത്തില്‍ കൂടുതല്‍ വിസ്‌തൃതിയുള്ള വാതകധൂളീമേഘപടലമായി മാറിക്കഴിഞ്ഞു.

അതിനാല്‍ യഥാര്‍ഥ സ്‌ഫോടനത്തിന്റെ വര്‍ണരാജി വിശകലനം ഇനി സാധ്യമല്ല. ടെലസ്‌കോപ്പുകളുടെ സഹായത്തോടെ ആ സ്‌ഫോടനത്തിന്റെ ഒരു 'പോസ്‌റ്റ്‌മോര്‍ട്ട'മാണ്‌ ഡോ.ക്രൗസും സംഘവും നടത്തിയത്‌. ഒരു കോസ്‌മിക്‌ ഫ്‌ളാഷ്‌ ബള്‍ബ്‌ പോലെയാണ്‌ സൂപ്പര്‍നോവ സ്‌ഫോടനം. എല്ലാദിക്കിലേക്കും പ്രകാശം ഒരേസമയം പായുന്നു. സ്‌ഫോടനത്തില്‍നിന്ന്‌ വന്ന നേരിട്ടുള്ള ആദ്യപ്രകാശധാര 1572-ല്‍ ഭൂമിയെ കടന്നുപോയി. അതാണ്‌ ബ്രാഹെയും കൂട്ടരും കണ്ടത്‌. എന്നാല്‍, യഥാര്‍ഥ സ്‌ഫോടനത്തില്‍ നിന്നുള്ള പ്രകാശം ഇപ്പോഴും ഭൂമിയിലെത്തുന്നുണ്ട്‌; പരോക്ഷമായിട്ടാണെന്നു മാത്രം. പ്രാപഞ്ചിക ധൂളീപടലങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന ദുര്‍ബലവെളിച്ചമാണത്‌.

ഇത്തരം 'പ്രകാശ പ്രതിധ്വനി'യില്‍ യഥാര്‍ഥ സംഭവത്തിന്റെ 'ഫോസില്‍മുദ്ര' അടങ്ങിയിട്ടുണ്ട്‌. കാലത്തിലൂടെ ഒരു പിന്നോട്ടുപോക്കിന്‌ ഇത്‌ അവസരമൊരുക്കുന്നു. ടെലസ്‌കോപ്പുകളുടെ സഹായത്തോടെ, ടൈക്കോയുടെ സൂപ്പര്‍നോവയുടെ ഫോസില്‍മുദ്ര കണ്ടെത്തി അതിന്റെ വര്‍ണരാജി കഴിയുന്നത്ര തീവ്രതയോടെ വിശകലനം ചെയ്യാന്‍ ഡോ. ക്രൗസിനും സംഘത്തിനുമായി. Ia വിഭാഗത്തില്‍ പെടുന്ന സൂപ്പര്‍നോവ തന്നെയാണ്‌ അതെന്ന്‌ വ്യക്തമായതായി. ഇനി വിവാദത്തിന്‌ സ്ഥാനമില്ല.

ടൈക്കോയുടെ സൂപ്പര്‍നോവ ഏത്‌ വിഭാഗത്തില്‍ പെടുന്നു എന്ന ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ മാത്രമല്ല ഈ പഠനം സഹായിക്കുക. എങ്ങനെയാണ്‌ ഇത്തരം സൂപ്പര്‍നോവകള്‍ രൂപപ്പെടുന്നതെന്ന്‌ കൂടുതല്‍ വ്യക്തമാകാനും അത്‌ സഹായിക്കും. ക്ഷീരപഥത്തിലാണ്‌ ടൈക്കോയുടെ സൂപ്പര്‍നോവ പ്രത്യക്ഷപ്പെട്ടത്‌; നമുക്ക്‌ വളരെ അടുത്ത്‌. വിദൂരഗാലക്‌സികളിലുള്ള സൂപ്പര്‍നോവകളെ അപേക്ഷിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ടൈക്കോയുടെ സൂപ്പര്‍നോവ അവസരമൊരുക്കുന്നു(അവലംബം: നേച്ചര്‍).

1 comment:

Joseph Antony said...

400 വര്‍ഷം മുമ്പ്‌ ലോകമെങ്ങും അമ്പരപ്പും ജിജ്ഞാസയും സൃഷ്ടിച്ചതാണ്‌, പകല്‍ നേരത്ത്‌ പോലും നിരീക്ഷിക്കാന്‍ പാകത്തില്‍ പ്രകാശതീവ്രതയോടെ പ്രത്യക്ഷപ്പെട്ട 'നവനക്ഷത്രം'. കാസ്സിയോപ്പിയ നക്ഷത്രഗണത്തില്‍ പ്രത്യക്ഷപ്പെട്ട ആ വിചിത്ര നക്ഷത്രം പ്രശസ്‌ത ഡാനിഷ്‌ വാനനിരീക്ഷകനായ ടൈക്കോ ബ്രാഹെയുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി. എന്നാല്‍, ആ സുപ്പര്‍നോവ ഏത്‌ വിഭാഗത്തില്‍ പെടുന്നു എന്ന കാര്യം ഇതുവരെ നിഗൂഢതയായിരുന്നു. സൂപ്പര്‍നോവയുടെ 'പ്രേത'ത്തെ പിടികൂടി ആ നിഗൂഢതയുടെ ചുരുളഴിച്ചിരിക്കുകയാണ്‌ ഗവേഷകര്‍.