Tuesday, January 13, 2009

ഗൂഗിളില്‍ തിരയുമ്പോള്‍ ഭൂമി ചൂടുപിടിക്കുന്നു

ഗൂഗിളില്‍ ഒരു തവണ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഏഴ്‌ ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അന്തരീക്ഷത്തിലെത്തുന്നവെന്ന്‌ റിപ്പോര്‍ട്ട്‌.

ഇന്റര്‍നെറ്റ്‌ എന്നാല്‍ പലര്‍ക്കും ഗൂഗിള്‍ തന്നെയാണ്‌. സെര്‍ച്ച്‌ ചെയ്‌താല്‍ ഏത്‌ വിവരവും നൊടിയിടയില്‍ മുന്നിലെത്തും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും വിജയിച്ച രണ്ട്‌ ടെക്‌നോളജികളിലൊന്നായി എക്കണോമിസ്‌റ്റ്‌ വാരിക തിരഞ്ഞെടുത്തത്‌ ഗൂഗിള്‍ സെര്‍ച്ചിനെയാണ്‌ (രണ്ടാമത്തേത്‌ ആപ്പിളിന്റെ മ്യൂസിക്‌ പ്ലേയറായ ഐപ്പോഡ്‌). എന്നാല്‍, ആ വിജയത്തിന്റെ വില ഭൂമി താങ്ങേണ്ടി വരുന്നുണ്ടെന്ന്‌ പുതിയൊരു റിപ്പോര്‍ട്ട്‌ പറയുന്നു. ഗൂഗിളിലെ ഓരോ തിരയലും ഭൂമിയെ ചൂടുപിടിപ്പിക്കുകയാണ്‌. ഓരോ സെര്‍ച്ചിലും കുറഞ്ഞത്‌ ഏഴ്‌ ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ വീതം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നുവത്രേ. അതിന്‌ പോന്നത്ര ഊര്‍ജം ഓരോ ഗൂഗിള്‍ സെര്‍ച്ചിലും ആവശ്യമായി വരുന്നു എന്നാണര്‍ഥം.

ഹാര്‍വാഡ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രജ്ഞനായ ഡോ. അലെക്‌സ്‌ വിസ്സ്‌നെര്‍-ഗ്രോസ്സാണ്‌, ഗൂഗിളും കാര്‍ബണ്‍ഡയോക്‌സയിഡും തമ്മിലുള്ള ഈ ബന്ധം പുറത്തുകൊണ്ടുവന്നത്‌. സാധാരണഗതിയില്‍ ചായ തിളപ്പിക്കാന്‍ ഒരു ഇലക്ട്രിക്‌ കെറ്റില്‍ ചൂടാക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്നത്‌ 14 ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആണ്‌. എന്നുവെച്ചാല്‍ ഗൂഗിളില്‍ രണ്ടുതവണ തിരച്ചില്‍ നടത്തുന്നത്‌ ഒരു കെറ്റില്‍ ചൂടാക്കുന്നതിന്‌ തുല്യമാണ്‌ ! ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പുറത്തുവിട്ട ഈ കണക്ക്‌ പക്ഷേ, ഗൂഗിള്‍ അംഗീകരിക്കുന്നില്ല. ഗൂഗിള്‍ പറയുന്നത്‌, അവരുടെ സെര്‍ച്ച്‌എഞ്ചിനില്‍ ഒരു തവണ തിരയുമ്പോള്‍ 0.2 ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡേ പുറത്തുവരുന്നുള്ളു എന്നാണ്‌.

ഭൂമിയെ ചൂടുപിടിപ്പിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ ഏറ്റവുമധികം വ്യാപിക്കുന്നത്‌ ഊര്‍ജോത്‌പാദനത്തിന്റെ ഫലമായാണ്‌. ഐ.ടി.മേഖല ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ അളവുവെച്ച്‌, ഹരിതഗൃഹവാതകവ്യാപനത്തില്‍ രണ്ടുശതമാനത്തിന്റെ ഉത്തരവാദി ഈ മേഖലയാണെന്ന്‌ അടുത്തയിടെ അമേരിക്കന്‍ ഗവേഷണസ്ഥാപനമായ ഗാര്‍ട്ട്‌നെര്‍ നടത്തിയ പഠനത്തില്‍ കണ്ടിരുന്നു. ആ പഠനഫലവുമായി ചേര്‍ത്ത്‌ വായിക്കാവുന്ന ഒന്നാണ്‌ ഡോ. ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സിന്റെ റിപ്പോര്‍ട്ട്‌.

കോടിക്കണക്കിന്‌ ഇന്‍ഡെക്‌സ്‌ പേജുകള്‍ പരതി ആവശ്യമുള്ള സെര്‍ച്ച്‌ഫലം അതിവേഗം ആവശ്യക്കാരന്റെ മുന്നിലെത്തിക്കുകയാണ്‌ ഗൂഗിള്‍സെര്‍ച്ച്‌ ചെയ്യുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (അമേരിക്ക, യൂറോപ്പ്‌, ജപ്പാന്‍, ചൈന തുടങ്ങിയ ഇടങ്ങളില്‍) സ്ഥാപിച്ചിട്ടുള്ള ഡേറ്റാകേന്ദ്രങ്ങളിലെ വിവരങ്ങളാണ്‌ നൊടിയിടയില്‍ തിരച്ചിലിന്‌ വിധേയമാകുന്നത്‌. സ്വാഭാവികമായും വേഗം കൂട്ടാന്‍ ഊര്‍ജം കൂടുതല്‍ വേണ്ടിവരുന്നു. അതാണ്‌ ഗൂഗിള്‍സെര്‍ച്ച്‌ വളരെ ഊര്‍ജച്ചെലവുള്ള ഒന്നാകാന്‍ കാരണം. സ്വാഭാവികമായും അതിനനുസരിച്ച്‌ കാര്‍ബണ്‍ഡയോക്‌സയിഡ്‌ അന്തരീക്ഷത്തില്‍ വ്യാപിക്കും-ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പറയുന്നു.

ഗൂഗിള്‍സെര്‍ച്ച്‌ മാത്രമല്ല, ഇന്റര്‍നെറ്റിന്റെ മറ്റ്‌ ഉപയോഗങ്ങളിലും എത്ര കാര്‍ബണ്‍ഡയോക്‌സയിഡ്‌ പുറത്തുവരുന്നു എന്ന്‌ ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സും സംഘവും കണക്കുകൂട്ടുകയുണ്ടായി. ഒരു സാധാരണ വെബ്ബ്‌പേജ്‌ ഒരാള്‍ കാണുമ്പോള്‍, ഓരോ സെക്കന്‍ഡിലും 0.02 ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അന്തരീക്ഷത്തിലെത്തുന്നുണ്ട്‌. അതേസമയം, ചിത്രങ്ങളും ആനിമേഷനും വീഡിയോയുമൊക്കെയുള്ള വെബ്ബ്‌പേജാണ്‌ കാണുന്നതെങ്കില്‍ കഥ മാറും. വാതകവ്യാപനം പത്തിരട്ടിയാകും (0.2 ഗ്രാം).

ഭൂമുഖത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ കമ്പനിയായ ഗൂഗിളാണ്‌, ഇന്റര്‍നെറ്റില്‍ ദിവസവും നടക്കുന്ന 37.5 കോടി തിരയലുകളില്‍ 40 ശതമാനവും കൈകാര്യം ചെയ്യുന്നത്‌. ആ നിലയ്‌ക്ക്‌ ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സും സംഘവും നടത്തിയിരിക്കുന്ന കണ്ടെത്തല്‍ ഗൂഗിളിന്‌ അത്ര അനുകൂലമല്ല. സാധാരണകാര്യങ്ങളില്‍ പ്രതികരണം നടത്താന്‍ കൂട്ടാക്കാത്ത ഗൂഗിള്‍, പുതിയ റിപ്പോര്‍ട്ടിന്‌ പെട്ടന്നുതന്നെ മറുപടി നല്‍കി. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട പ്രസ്‌താവന പറയുന്നത്‌, ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സിന്റെ കണ്ടെത്തല്‍, യാഥാര്‍ഥ കണക്കിനെക്കാള്‍ 'അനേക മടങ്ങ്‌ കൂടുതലാണ്‌' എന്നാണ്‌.

ഗൂഗിളില്‍ ഒരു സാധാരണ സെര്‍ച്ചിന്റെ ഫലം ലഭിക്കാന്‍ 0.2 സെക്കന്‍ഡ്‌ സമയമേ വേണ്ടു. അതിനാല്‍, ഗൂഗിളിന്റെ സെര്‍വറുകള്‍ സെക്കന്‍ഡിന്റെ ആയിരക്കണക്കിലൊന്നു സമയമേ ഒരു സെര്‍ച്ചിനായി പ്രവര്‍ത്തിക്കേണ്ടി വരുന്നുള്ളു. അതിനാല്‍ ഒരു സാധാരണ സെര്‍ച്ചിന്‌ ആവശ്യമായ ഊര്‍ജം 0.0003 കിലോവാട്ട്‌ മാത്രം. ഇത്രയും ഊര്‍ജത്തിന്‌ 0.2 ഗ്രാം കാര്‍ബണ്‍ഡയോക്‌സഡേ പുറന്തള്ളേണ്ടതുള്ളു-ഗൂഗിള്‍ പറയുന്നു.

`ഡേറ്റാസെന്ററുകളുടെ ഊര്‍ജോപയോഗം കുറയ്‌ക്കാന്‍ വലിയ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്‌. 2007-ല്‍ നിലവില്‍ വന്ന 'ക്ലൈമറ്റ്‌ സെര്‍വേഴ്‌സ്‌ കമ്പ്യൂട്ടിങ്‌ ഇനിഷ്യേറ്റീവി'ന്റെ സ്ഥാപകരിലൊരാള്‍ ഞങ്ങളാണ്‌. 2010 ആകുമ്പോഴേക്കും കമ്പ്യൂട്ടറുകളുടെ ഊര്‍ജോപഭോഗം പകുതിയാക്കുകയെന്ന ലക്ഷ്യംനേടാന്‍ പ്രതിജ്ഞാബദ്ധമാണ്‌ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കണ്‍സോര്‍ഷ്യം. അതുവഴി ലോകത്ത്‌ കാര്‍ബണ്‍ഡയോക്‌സയിഡ്‌ വ്യാപനത്തില്‍ പ്രതിവര്‍ഷം 540 ലക്ഷംടണ്‍ കുറവ്‌ വരുത്താനാകും`ഗൂഗിള്‍ പ്രസ്‌താവനയില്‍ പറയുന്നു.
(കടപ്പാട്‌: ബി.ബി.സി, ദി സണ്‍ഡേ ടൈംസ്‌, ഗൂഗിള്‍).

Update on 12.30 AM, Jan.14, 2009: ഗൂഗിളിനെ മാത്രമെടുത്ത്‌ പഠനം നടത്തുകയായിരുന്നില്ല തങ്ങളെന്ന്‌ ഹാര്‍വാഡ്‌ ഗവേഷകനായ അലെക്‌സ്‌ വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പറഞ്ഞതായി 'ടെക്‌ന്യൂസ്‌വേള്‍ഡ്‌' (Technewsworld) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്റര്‍നെറ്റ്‌ സെര്‍ച്ചിന്റെ ഊര്‍ജവശമായിരുന്നു പഠനവിഷയം. സണ്‍ഡെ ടൈംസ്‌ ആണ്‌ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്‌. ഗൂഗിള്‍ ഇന്റര്‍നെറ്റിലെ ഏറ്റവും പരിചിതമായ കമ്പനിയായതുകൊണ്ട്‌ വായനക്കാരെ വേഗം ആകര്‍ഷിക്കാനാവാം റിപ്പോര്‍ട്ടര്‍ ഗൂഗിള്‍സെര്‍ച്ചിന്റെ ഊര്‍ജോപയോഗത്തിന്‌ ഊന്നല്‍ നല്‍കിയതെന്ന്‌ ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പറയുന്നു.

12 comments:

Joseph Antony said...

ഗൂഗിളിലെ ഓരോ തിരയലും ഭൂമിയെ ചൂടുപിടിപ്പിക്കുകയാണ്‌. ഓരോ ഗൂഗിള്‍ സെര്‍ച്ചിലും കുറഞ്ഞത്‌ ഏഴ്‌ ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ വീതം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നുവത്രേ. ഇത്‌ ചായയ്‌ക്കായി ഒരു കെറ്റില്‍ ചൂടാക്കുന്നതിന്റെ പകുതിക്ക്‌ തുല്യമാണ്‌.

ശ്രീ said...

ഞെട്ടിപ്പിയ്ക്കുന്ന കണക്കുകളാണല്ലോ... ഗൂഗിള്‍ പറയുന്നതാകട്ടെ സത്യം എന്ന് പ്രത്യാശിയ്ക്കാം

Appu Adyakshari said...

ജോസഫ് മാഷേ, ഇതാകെ പുലിവാലു പിടിച്ചൊരു വാര്‍ത്തയാണല്ലോ. ഈ കണക്കു ഗൂഗിള്‍ പറയുന്നതുപോലെ ആണെന്നിരിക്കട്ടെ. ഇത്രയും അളവ് കാര്‍ബണ്‍ ഡയോക്സൈഡ് എവിടെനിന്നാണ് പുറംതള്ളപ്പെടുന്നത്? ഗൂഗിള്‍ സെര്‍വറുകള്‍ ഇരിക്കുന്ന സ്ഥലത്തുനിന്നോ? എല്ലാ കമ്പ്യൂട്ടറുകളില്‍ നിന്നും ഇത്തരത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡ് വമിക്കുന്നുണ്ടാവില്ലേ. ജോലി കഴിഞ്ഞ് കമ്പ്യൂട്ടര്‍ സ്റ്റാന്റ് ബൈയില്‍ നിര്‍ത്തിയിട്ട് പോകുന്നത് നന്നല്ലെന്ന് ചുരുക്കം അല്ലേ?

Joseph Antony said...

അപ്പു,
കാര്യം അങ്ങനെയല്ല. കമ്പ്യൂട്ടറുകളില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ കാര്‍ബണ്‍ഡയോക്‌സയിഡ്‌ പുറത്തുവരുന്നു എന്ന്‌ ഈ വാര്‍ത്ത വായിച്ച്‌ ധരിക്കരുത്‌.

ഏത്‌ പ്രവര്‍ത്തനം നടത്താനും ഊര്‍ജം ആവശ്യമാണല്ലോ. അതുപോലെ സെര്‍ച്ചിങിനും വേണം. സെര്‍ച്ചിങിന്‌ ആവശ്യമായ ഊര്‍ജം (വൈദ്യുതി) ഉത്‌പാദിപ്പിക്കുമ്പോള്‍ എത്ര കാര്‍ബണ്‍ഡയോക്‌സയിഡ്‌ പുറത്തുവരുന്നു എന്നതാണ്‌, സെര്‍ച്ചിങ്‌ മൂലം ഇത്ര കാര്‍ബണ്‍ഡയോക്‌സയിഡ്‌ പുറത്തുവരുന്നു എന്നതിനര്‍ഥം. സെര്‍ച്ചിങ്‌ നടത്തുന്നില്ലെങ്കില്‍ അത്രയും ഊര്‍ജം ചെലവാക്കപ്പെടുന്നില്ല, സ്വാഭാവികമായും ഊര്‍ജോത്‌പാദനത്തിന്റെ ഭാഗമായി കാര്‍ബണ്‍ഡയോക്‌സയിഡ്‌ അന്തരീക്ഷത്തില്‍ കലരുകയും ഇല്ല.

ശ്രീ, അങ്ങനെ തന്നെയാകട്ടെ എന്നാണ്‌ എന്റെയും ആഗ്രഹം.

Anonymous said...

മാഷിന്റെ മറുപടി കൂടി വായിച്ചപ്പോല്‍ ശരിക്കും ചിരിവരുന്നുണ്ട്. ഹാര്‍ഡ് വെയറുകളില്‍ ഊര്‍ജോപയോഗം കുറക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയും ഊര്‍ജോല്പാദനത്തിനും വിതരണത്തിനും പരിസ്ഥിതിപ്രശ്നങ്ങള്‍ കുറവുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതു ത്വരിതപ്പെടുത്തുകയുമല്ലേ വേണ്ടത്. മാഷിന്റെ റിപോര്‍ട്ടടക്കം വന്നവാര്‍ത്തകള്‍ കണ്ടാല്‍ ഗൂഗിള്‍ സംവിധാനത്തിന്റെ തകരാറാണിതെന്ന് തോന്നും.

പരിസ്തിതി സംബന്ധമായും ആരോഗ്യസംബന്ധമായും അടുത്തകാലത്ത് വരുന്ന വാര്‍ത്തകളില്‍ മിക്കതിലും ഇത്തരം കോര്‍പറേറ്റ് ലക്ഷ്യങ്ങള്‍ ഉള്ള തെറ്റിദ്ധാരണാജനകമായ ഊന്നല്‍ കാണുന്നത് ദുഃഖകരമാണ്.

അനില്‍@ബ്ലോഗ് // anil said...

ഹെന്റമ്മോ !!!

കണ്ണൻ എം വി said...

ചേട്ടന്‍ ഈ വിഷയം അവതരിപ്പിച്ചതു നന്നായി, കേരളത്തിലെ ചില അണ്ണന്‍മ്മാര്‍ പുതിയസമരമുഖം തുറക്കാന്‍ വിഷയം അന്ന്വേഷിച്ചു നടക്കുകയാണു.

കിഷോർ‍:Kishor said...

ഇത് മൈക്രോസോഫ്റ്റ് ഗൂഗിളിന് പാരപണിയാൻ വേണ്ടിയുണ്ടാക്കിയ തിയറിയല്ലേ? :-)

സഞ്ചാരി said...

ചുമ്മാതിരി അണ്ണാ.....എന്നെ ഇങ്ങനെ പേടിപ്പിക്കാതെ...അല്ലേല്‍ തന്നെ ഈ ലോകത്ത്‌ ജിവിക്കാന്‍ പാടാ എന്നു പറഞ്ഞു നടക്കുന്ന പാവം മലയാളി ഇനി റ്റെന്‍ഷനു വേണ്ടി വേറെ ഒന്നും തപ്പത്തില്ല.....

Calvin H said...

കോമഡി ഐറ്റംസ്.... :)

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജ്ജം ചിലവഴിക്കപ്പ്പെടുന്നു. കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്, കൂടുതല്‍ ക്യാരക്റ്റേഴ്സ് സെര്‍ച്ച് ചെയ്യപെടൂന്നത്, കൂടുതല്‍ ഈ മെയിലുകള്‍ അയ്യക്കുന്നത് ഒക്കെ ഇന്‍ഡൈറക്റ്റ് ആയി കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമിഷന്‍ കൂട്ടുന്നു...

ഇത്രയും ശരി....

ബാക്കി എല്ലാം വെറും കോണ്‍സ്പിരസീസ്....

ശരിക്കും ഊര്‍ജ്ജലാഭവും അന്തരീക്ഷമലിനീകരണവും തടയല്‍ ആണ് ലക്‌ഷ്യം എങ്കില്‍ -
൧) വാഹനഗതാഗതം പാടെ ഉപേക്ഷിക്കുക,
൨) വസ്ത്ര നിര്‍മ്മാണം ഉപേക്ഷിക്കുക.
൩) ഭക്ഷണം പാകം ചെയ്യാതെ കഴിക്കുക... ( ഫ്റൂട്സ് പോലെ ഉള്ളവ മാത്രം)
൪) ഗാര്‍ഹിക ആവശ്യങ്നള്‍ 90% വേണ്ടെന്ന് വയ്ക്കുക.
൫) വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക,
൮) സമൂഹം എന്ന കാഴ്‌ചപ്പാട് ഉപേക്ഷിച്ച് പഴയ നായാടല്‍ ജീവിതത്തിലേക്ക് തിരിച്ച് പോകുക.

അപ്പോള്‍ അങ്ങനെ ആണല്ലോ ഇനി മുതല്‍ അല്ലേ?
@ JA ഒരു തമാശക്ക് പറഞ്ഞതാണേ, സീരിയസ് ആയി എടുക്കില്ലല്ലോ?

Joseph Antony said...

ഗുപ്‌തന്‍,
അനില്‍@ബ്ലോഗ്‌,്‌
കാണാക്കുയില്‍,
കിഷോര്‍,
സഞ്ചാരി,
ശ്രീഹരി,

ഇവിടെയെത്തിയതിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിതിലും സന്തോഷം.

ശ്രീഹരി, കൊള്ളാം നല്ല ലിസ്‌റ്റ്‌. പക്ഷേ, അത്‌ അപൂര്‍ണമല്ലേ. ഊര്‍ജം ലാഭിക്കാന്‍ ഭക്ഷണം കൂടി ഉപേക്ഷിക്കേണ്ടേ. ദിവസവും ഒരാള്‍ രണ്ടായിരത്തോളം കലോറി അകത്താക്കുന്നതിന്റെ കാര്യം കൂടി ചിന്തിച്ചു നോക്കൂ.....എന്തു ഫീകരം അല്ലേ!

പകല്‍കിനാവന്‍ | daYdreaMer said...

അങ്ങനെയെങ്കിലും ഈ ലോകമോന്നവസാനിക്കട്ടെ .....!!
:)