Thursday, July 10, 2008

ചന്ദ്രനിലെ ജലസാന്നിധ്യം

ചന്ദ്രന്‍ തുടക്കത്തിലേ ജലരഹിതമായ ഒരു ആകാശഗേഹമായിരുന്നു എന്ന നിഗമനം ചോദ്യംചെയ്യപ്പെടുന്നു.
ഏതാണ്ട്‌ 450 കോടി വര്‍ഷം മുമ്പ്‌, ചൊവ്വായുടെ വലിപ്പുമുള്ള ഒരു വസ്‌തുവും ഭൂമിയും തമ്മിലുണ്ടായ അതിഭീമമായ കൂട്ടിയിടിയുടെ ഫലമാണ്‌ ചന്ദ്രന്‍. ആ കൂട്ടിയിലുണ്ടായ അത്യുഷ്‌ണത്തില്‍ ചന്ദ്രനിലെ ജലമെല്ലാം ബാഷ്‌പമായി നഷ്ടപ്പെട്ടു എന്നാണ്‌ ഇത്രകാലവും ശാസ്‌ത്രലോകം കരുതിയിരുന്നത്‌. എന്നാല്‍, ആ നിഗമനം തിരുത്താന്‍ സമയമായിരിക്കുന്നു എന്ന്‌ പുതിയൊരു ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു.

ചന്ദ്രന്റെയുള്ളില്‍ വെള്ളം ഉണ്ടായിരുന്നു. 300 കോടി വര്‍ഷംമുമ്പാണ്ടായ ലാവാപ്രവാഹത്തില്‍, ഉള്ളില്‍നിന്ന്‌ ചാന്ദ്രപ്രതലത്തില്‍ വെള്ളം എത്തിയിരുന്നുവെന്ന്‌ പുതിയ ലക്കം 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. 1960-കളിലും 1970-കളിലും അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍നിന്ന്‌ ശേഖരിച്ച്‌ ഭൂമിയിലെത്തിച്ച പരലുകളും മാഗ്മ (ലാവ) ഉറഞ്ഞുണ്ടായ ഗ്ലാസ്‌തുണ്ടുകളും പരിശോധിച്ച ഗവേഷകരാണ്‌, ചന്ദ്രന്റെയുള്ളില്‍ വെള്ളമുണ്ടായിരുന്നു എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്‌.

ചന്ദ്രനില്‍നിന്നുള്ള ബഹുവര്‍ണ ഗ്ലാസ്‌തുണ്ടുകളുടെ ('വോലടൈല്‍സ്‌' -volatiles-എന്നാണിവ അറിയപ്പെടുന്നത്‌) ഉള്ളടക്കവും രാസഘടനയും മനസിലാക്കാന്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഗവേഷകര്‍ കാര്യമായ ശ്രമം നടത്തിയിട്ടുണ്ട്‌. അവയില്‍ ജലത്തിന്റെ സൂക്ഷ്‌മസാന്നിധ്യമാണ്‌ കൂടുതലായി തേടിയത്‌. എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞില്ല. ചന്ദ്രന്‍ ഒരു ജലരഹിത മേഖലയാണെന്ന കാര്യത്തില്‍ നിഗമന ഐക്യം ഉണ്ടായത്‌ അങ്ങനെയാണ്‌.

എന്നാല്‍, ബ്രൗണ്‍ സര്‍വകലാശാല, കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷന്‍ ഫോര്‍ സയന്‍സ്‌, കേസ്‌ വെസ്‌റ്റേണ്‍ റിസര്‍വ്‌ സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഒരുസംഘം ഗവേഷകര്‍, 'സെക്കന്‍ഡറി അയണ്‍ മാസ്‌ സ്‌പെക്ട്രോമെട്രി' (SIMS) സങ്കേതം ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍, ചാന്ദ്രഗ്ലാസ്‌തുണ്ടുകളിലും ലവണങ്ങളിലും അതിസൂക്ഷ്‌മ അളവില്‍ ജലം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.

"അഞ്ച്‌ പി.പി.എം. (parts per million-ppm) വരുന്നത്ര ചെറിയ അളവിലുള്ള ജലസാന്നിധ്യം പോലും തിരിച്ചറിയാനുള്ള ഉപാധി ഞങ്ങള്‍ വികസിപ്പിച്ചു"-കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനിലെ എറിക്‌ ഹൗറി അറിയിക്കുന്നു. ചന്ദ്രനില്‍നിന്നുള്ള വസ്‌തുക്കളില്‍ 46 പി.പി.എം.വരെ ജലം കണ്ടെത്താനായത്‌ തങ്ങളെ അമ്പരിപ്പിച്ചുവെന്ന്‌ അദ്ദേഹം പറയുന്നു.

ചന്ദ്രനിലെ പ്രാചീന മാഗ്മയില്‍ ജലത്തിന്റെ സാന്നിധ്യം എതാണ്ട്‌ 750 പി.പി.എം.വരെ ആയിരുന്നിരിക്കാം എന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌. ഭൂമിയിലും പ്രാചീന മാഗ്മയിലും ഇത്രയും അളവ്‌ ജലമുണ്ടായിരുന്നു എന്ന്‌ കണ്ടിട്ടുണ്ട്‌. ഇതുപ്രകാരം, ഭൂമിയുടെയുള്ളിലുള്ളയത്ര വെള്ളം ചന്ദ്രന്റെ അകക്കാമ്പിലും ഒരുകാലത്ത്‌ ഉണ്ടായിരുന്നു എന്നാണ്‌ മനസിലാക്കേണ്ടത്‌‌.

ചന്ദ്രനുള്ളിലെ 95 ശതമാനം വെള്ളവും അഗ്നിപര്‍വതങ്ങള്‍ വഴി പുറത്തുവന്നിരിക്കാം. അങ്ങനെയെങ്കില്‍ ആ വെള്ളമെല്ലാം എവിടെ പോയി? ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയുടേതിനെ അപേക്ഷിച്ച്‌ ദുര്‍ബലമാണ്‌. അതിനാല്‍, ഭൂമിയിലെ പോലെ ഒരു അന്തരീക്ഷം അവിടെയില്ല. പുറത്തുവന്ന വെള്ളത്തില്‍ ഒരു പങ്ക്‌ അതുമൂലം ശൂന്യതയിലേക്ക്‌ നഷ്ടമായിരിക്കാം. ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക്‌ തണുത്ത ധ്രുവപ്രദേശത്ത്‌ മഞ്ഞുകട്ടകളുടെ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നാണ്‌ ഗവേഷകരുടെ കണക്കുകൂട്ടല്‍.

ചന്ദ്രന്‍ ഉണ്ടാകാന്‍ കാരണമായ കൂട്ടിയിടി നടക്കും മുമ്പുതന്നെ ഭൂമിയില്‍ ജലസാന്നിധ്യമുണ്ടായിരുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍ സൂചന നല്‍കുന്നതെന്ന്‌, പഠനത്തിന്‌ നേതൃത്വം നല്‍കിയ ബ്രൗണ്‍ സര്‍വകലാശാലയിലെ ആല്‍ബെര്‍ട്ടോ സാല്‍ പറയുന്നു. നാസ ഈ വര്‍ഷം വിക്ഷേപിക്കുന്ന 'ലൂണാര്‍ റിക്കനൈസന്‍സ്‌ ഓര്‍ബിറ്ററി'ന്റെ ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ജലസാന്നിധ്യം തേടലാണ്‌. ഈ പ്രശ്‌നം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍, 2009-ല്‍ 'ലൂണാര്‍ ക്രാറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ്‌ സെന്‍സിങ്‌ സാറ്റ്‌ലൈറ്റ്‌' വിക്ഷേപിക്കും. (അവലംബം: ബ്രൗണ്‍ സര്‍വകലാശാല, കാര്‍നജീ ഇന്‍സ്‌റ്റിട്ട്യൂഷന്‍ എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍).

3 comments:

Joseph Antony said...

ചന്ദ്രന്റെയുള്ളില്‍ വെള്ളം ഉണ്ടായിരുന്നു. 300 കോടി വര്‍ഷംമുമ്പാണ്ടായ ലാവാപ്രവാഹത്തില്‍, ഉള്ളില്‍നിന്ന്‌ ചാന്ദ്രപ്രതലത്തില്‍ വെള്ളം എത്തിയിരുന്നു. 1960-കളിലും 1970-കളിലും അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍നിന്ന്‌ ശേഖരിച്ച്‌ ഭൂമിയിലെത്തിച്ച പരലുകളും മാഗ്മ (ലാവ) ഉറഞ്ഞുണ്ടായ ഗ്ലാസ്‌തുണ്ടുകളും പരിശോധിച്ച ഗവേഷകരാണ്‌, ചന്ദ്രന്റെയുള്ളില്‍ വെള്ളമുണ്ടായിരുന്നു എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്‌.

വി. കെ ആദര്‍ശ് said...

ഭാരതത്തിന്റെ ചാന്ദ്രയാത്രകൂടി കഴിയട്ടെ, എന്തെന്തു വിസ്മയങ്ങളാകും നമ്മെ കാത്തിരിക്കുന്നതു. ശാസ്ത്രനോവലുകളെ തോല്പിക്കുന്ന രീതിയിലാണ് സാങ്കേതിക മേഖലയിലെ മുന്നേറ്റം. വിവരസാങ്കേതിക വിദ്യ കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രത്തെ പൊളിച്ചെഴുതിയതിനെ ക്കാളും വലിയ മാറ്റങ്ങളാകും ബഹിരാകാശരംഗത്ത് നമ്മെക്കാത്തിരിക്കുന്നത്.
നല്ല ബ്ലോഗ് പോസ്റ്റിനു കുറിഞ്ഞിഓണ്‍ലൈനിന് അഭിനന്ദനങ്ങള്‍

തറവാടി said...

:)