Friday, January 30, 2009

കലോറി കുറയ്‌ക്കൂ; മസ്‌തിഷ്‌ക്കശേഷി വര്‍ധിക്കും

മധുരപലഹാരങ്ങള്‍ കണ്ടാല്‍ ക്ഷമനശിക്കുന്നവരും, തീറ്റയേ ശരണം എന്ന്‌ കരുതി നടക്കുന്നവരും ശ്രദ്ധിക്കുക. തീറ്റക്കാര്യത്തില്‍ മിതത്വം ശീലിക്കുന്നത്‌ നന്ന്‌. ദിവസവും അകത്താക്കുന്ന കലോറിയില്‍ അല്‍പ്പം കുറവ്‌ വരുത്താന്‍ നിങ്ങള്‍ക്കായാല്‍, ഗുണം തലച്ചോറിനാണ്‌, ഓര്‍മശക്തി വര്‍ധിക്കും. പുതിയൊരു പഠനം അങ്ങനെ പറയുന്നു. കലോറി കുറയ്‌ക്കുന്നത്‌ ഹൃദയത്തിന്‌ മാത്രമല്ല, മസ്‌തിഷ്‌ക്കത്തിനും നന്നെന്ന്‌ സാരം.

കലോറിയില്‍ കുറവ്‌ വരുത്തുന്നത്‌ വാര്‍ധക്യത്തിന്റെ വരവും രോഗങ്ങളും തടയുമെന്ന്‌ മറ്റ്‌ ജീവികളില്‍ നടന്ന പഠനങ്ങള്‍ മുമ്പ്‌ സൂചന നല്‍കിയിരുന്നു. മനുഷ്യരില്‍ ഈ ഫലം ആവര്‍ത്തിക്കുമോ എന്നകാര്യത്തില്‍ പലരും സംശയാലുക്കളാണ്‌. എന്നാല്‍, കലോറി കുറയ്‌ക്കുന്നത്‌ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമാവസ്ഥ വര്‍ധിപ്പിക്കുമെന്നാണ്‌ പുതിയ പഠനം വ്യക്തമാക്കുന്നത്‌. ജര്‍മനിയില്‍ മന്‍സ്റ്റര്‍ സര്‍വകലാശാലയിലെ ആഗ്നെസ്‌ ഫ്‌ളോയലും കൂട്ടരുമാണ്‌ ആരോഗ്യമുള്ള 50 വയോധികരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍, കലോറി കുറച്ചാല്‍ മസ്‌തിഷ്‌ക്കശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയത്‌.

പ്രായം മൂലം മസ്‌തിഷ്‌കത്തിനുണ്ടാകുന്ന ശോഷണം, കലോറി കുറച്ച്‌ തടയാമെന്നതിന്‌ തെളിവ്‌ ലഭിക്കുന്നത്‌ ആദ്യമായാണെന്ന്‌ 'പ്രോസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. മൂന്നുമാസത്തേക്കായിരുന്നു പരീക്ഷണം. സാധാരണ ശരീരഭാരമുള്ളവരും അമിതഭാരമുള്ളവരുമൊക്കെ പഠനത്തിന്‌ വിധേയമായവരിലുണ്ടായിരുന്നു. ശരാശരി 60 വയസ്സ്‌ പ്രായമുള്ള 50 പേരെ മൂന്ന്‌ സംഘങ്ങളായി തിരിച്ചാണ്‌ പഠനം നടത്തിയത്‌.

അതില്‍ ആദ്യസംഘത്തോട്‌, പോഷകങ്ങളുടെ അനുപാതം കുറയ്‌ക്കാതെ തന്നെ ഭക്ഷണത്തിന്റെ അളവ്‌ 30 ശതമാനം കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പിലുള്ളവരോട്‌ ഭക്ഷണത്തില്‍ പൂരിതകൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാനും അപൂരിതകൊഴുപ്പിന്റെ തോത്‌ വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു. മൂന്നാമത്തെ ഗ്രൂപ്പ്‌ ഭക്ഷണത്തില്‍ മാറ്റമൊന്നും വരുത്തിയില്ല. ഇതില്‍ ആദ്യ രണ്ട്‌ ഗ്രൂപ്പുകളിലെയും ഓരോരുത്തര്‍ക്കും, ഭക്ഷണക്രമം സംബന്ധിച്ച കൗണ്‍സലിങും ഇടയ്‌ക്കിടെ നല്‍കിയെന്ന്‌ ഡോ. ഫ്‌ളോയല്‍ പറഞ്ഞു.

ആദ്യഗ്രൂപ്പിലുള്ളവരോട്‌ ഭക്ഷണത്തിന്റെ അളവ്‌ 30 ശതമാനം കുറയ്‌ക്കാനാണ്‌ പറഞ്ഞതെങ്കിലും, എല്ലാവരും അത്‌ കൃത്യമായി പാലിച്ചില്ല. പക്ഷേ, ദിനംപ്രതി 200 മുതല്‍ 1000 കലോറി വരെ കുറച്ചവര്‍ ഗ്രൂപ്പിലുണ്ടായിരുന്നു. പൊതുവെ കലോറി ഉപയോഗം കുറഞ്ഞു എന്നതിന്‌ തെളിവായി മിക്ക അംഗങ്ങളുടെയും ശരീരഭാരം കുറഞ്ഞു. പഠനം തുടങ്ങുന്നതിന്‌ മുമ്പും ശേഷവും ഓരോ അംഗവും ഓര്‍മശക്തി അളക്കാനുള്ള പരീക്ഷണത്തിന്‌ വിധേയരാവുകയുണ്ടായി. കലോറി കുറച്ചവരില്‍ ഓര്‍മശക്തിയുടെ സ്‌കോള്‍ 20 ശതമാനം വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടു. എന്നാല്‍, കലോറി കുറയ്‌ക്കാതെ ഭക്ഷണത്തില്‍ അപൂരിത കൊഴുപ്പിന്റെ തോത്‌ വര്‍ധിപ്പിച്ച രണ്ടാമത്തെ ഗ്രൂപ്പിന്‌ ഇത്തരമൊരു നേട്ടം ഉണ്ടായതായി കണ്ടില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂന്നാമത്തെ ഗ്രൂപ്പിലും വ്യത്യാസം കണ്ടില്ല.

കലോറി കുറച്ചവരില്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയിലും ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ കണ്ടു. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌, രക്തധമനികളില്‍ തടസ്സമുണ്ടാക്കുന്ന നീരുവീക്കവുമായി ബന്ധപ്പെട്ട സി-റിയാക്ടീവ്‌ പ്രോട്ടീന്റെ തോത്‌ എന്നിവയിലൊക്കെ അനുകൂലമായ മാറ്റമാണ്‌ നിരീക്ഷിച്ചത്‌. കലോറി പരിമിതപ്പെടുത്തിയപ്പോള്‍, ഓര്‍മശക്തി വര്‍ധിക്കുന്നതിന്‌ പ്രേരകമായ BDNF തന്മാത്രയുടെ സാന്നിധ്യം മസ്‌തിഷ്‌ക്കത്തില്‍ വര്‍ധിക്കുന്നതായി എലികളില്‍ നടത്തിയ പഠനം മുമ്പ്‌ തെളിയിച്ചിട്ടുണ്ട്‌. മാത്രമല്ല, കലോറി കുറയ്‌ക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുന്നത്‌ മസ്‌തിഷ്‌ക്കത്തില്‍ കോശവളര്‍ച്ച ത്വരപ്പെടുത്തുമെന്നും എലികളില്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്‌.

മൃഗപഠനങ്ങളില്‍ കണ്ട ഫലങ്ങള്‍ മനുഷ്യരിലും ആവര്‍ത്തിക്കാന്‍ കഴിയും എന്നതിന്റെ ശുഭസൂചനയാണ്‌ പുതിയ പഠനം നല്‍കുന്നതെന്ന്‌ ഡോ. ഫ്‌ളോയല്‍ അഭിപ്രായപ്പെട്ടു. കലോറി കുറയ്‌ക്കുന്നത്‌ നന്നാണെങ്കിലും, കുറവ്‌ അമിതമാകാതെ നോക്കണം എന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു; പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. പോകങ്ങളിലും ധാതുക്കളിലും കുറവുവന്നാല്‍ അത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും എന്നകാര്യം മറക്കരുതെന്ന്‌ അവര്‍ പറയുന്നു. (അവംലംബം: പ്രോസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌).

വാല്‍ക്കഷണം: കലോറി എങ്ങനെ കുറയ്‌ക്കും. എന്റെ അനുഭവം ഇങ്ങനെ. പോളിയോ വന്ന്‌ ദുര്‍ബലമായ ഇടതുകാലിന്‌, ശരീരത്തിന്‌ ഭാരം കൂടിയപ്പോള്‍ സമ്മര്‍ദമേറി, കാല്‍ക്കുഴയ്‌ക്ക്‌ വേദനയും നീരുമായി. അഞ്ചുകിലോയെങ്കിലും വെയ്‌റ്റ്‌ കുറയ്‌ക്കണം എന്ന്‌ ഡോക്ടര്‍ നിര്‍ദേശിച്ചു. വേദനയുള്ള കാലുമായി നടക്കുക അത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ കലോറി കുറയ്‌ക്കാന്‍ തീരുമാനിച്ചു.

അതിനായി രണ്ട്‌ കാര്യങ്ങള്‍ ചെയ്‌തു. ബേക്കറി സാധനങ്ങള്‍ പാടെ ഒഴിവാക്കി. കഴിക്കുന്ന ചോറിന്റെ അളവ്‌ പകുതിയാക്കി. ചോറ്‌ കുറയ്‌ക്കാന്‍ ചെയ്‌ത സൂത്രം, ഉച്ചയ്‌ക്ക്‌ ചോറിന്‌ മുമ്പ്‌ ഒരു കക്കിരി അരിഞ്ഞ്‌ കഴിക്കുക, വേണമെങ്കില്‍ ഒപ്പം ഒരു കാരറ്റോ സബോളയോ ഒക്കെയാകാം. അപ്പോള്‍ തന്നെ വയര്‍ പകുതി നിറയും. പിന്നെ ചോറിന്റെ പകുതിയേ വേണ്ടി വരൂ. രണ്ട്‌ മാസം കൊണ്ട്‌ വെയ്‌റ്റ്‌ ആറ്‌ കിലോ കുറഞ്ഞു. കാലിന്റെ വേദനയും കുറഞ്ഞു. (പക്ഷേ, ഓര്‍മശക്തിയുടെ കാര്യം ശരിയാണെങ്കില്‍ ഞാനിപ്പോള്‍ അതിഫയങ്കര ഓര്‍മയുള്ള ആളായി മാറേണ്ടതാണ്‌. അങ്ങനെ സംഭവിക്കാത്ത സ്ഥിതിക്ക്‌, അരണയുടെ ഓര്‍മ അന്നും ഇന്നുമുള്ള ഞാന്‍ എങ്ങനെ ഈ പഠനഫലം വിശ്വസിക്കും).

4 comments:

JA said...

മധുരപലഹാരങ്ങള്‍ കണ്ടാല്‍ ക്ഷമനശിക്കുന്നവരും, തീറ്റയേ ശരണം എന്ന്‌ കരുതി നടക്കുന്നവരും ശ്രദ്ധിക്കുക. തീറ്റക്കാര്യത്തില്‍ മിതത്വം ശീലിക്കുന്നത്‌ നന്ന്‌. ദിവസവും അകത്താക്കുന്ന കലോറിയില്‍ അല്‍പ്പം കുറവ്‌ വരുത്താന്‍ നിങ്ങള്‍ക്കായാല്‍, ഗുണം തലച്ചോറിനാണ്‌, ഓര്‍മശക്തി വര്‍ധിക്കും. പുതിയൊരു പഠനം അങ്ങനെ പറയുന്നു. കലോറി കുറയ്‌ക്കുന്നത്‌ ഹൃദയത്തിന്‌ മാത്രമല്ല, മസ്‌തിഷ്‌ക്കത്തിനും നന്നെന്ന്‌ സാരം.

Haree | ഹരീ said...

ചോറു കുറയ്ക്കുവാന്‍ വലിയ പാടില്ല; ചപ്പാത്തി കഴിക്കാമല്ലോ, അല്ലേ? അപ്പോള്‍ കലോറി കുറയുമോ? കലോറി കുറയ്ക്കുവാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് വിശദമായി എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു.

@ JA,
ഹ ഹ ഹ. അരണയുടെ ഓര്‍മ്മയുള്ളയാള്‍ക്ക്, മുന്‍പ് ഓര്‍മ്മയില്ലെന്ന കാര്യം എങ്ങിനെ ഓര്‍മ്മിക്കുവാനൊത്തു? ഇപ്പോളങ്ങിനെ ഓര്‍മ്മിച്ചെടുക്കുവാന്‍ കഴിഞ്ഞില്ലേ? സോ, ഓര്‍മ്മ കൂടി! :-D
--

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

ഏന്നും പത്രം വയിക്കുന്നതെ പോലെ, ഭക്ഷണം കഷികുന്നത്തെ പോലെ, അന്നെ അന്നതെ തഗ്ലെ വയിക്കുന്നതെ, ചിലപ്പോള്‍ നിരാശ തോന്നും. ഇന്നേ ഒന്നും ഇലല്ലോ, അടുത്ത ദിവസവം നോക്കും ഓ, ഒന്നുഡ് അര്തിയോട വായിക്കും. നന്ദി

JA said...

ഹരീ,
ചിത്രങ്ങള്‍.......,
ഈ പ്രശ്‌നത്തില്‍ പങ്കുചേരാന്‍ എത്തിയതില്‍ സന്തോഷം.

ഹരീ, കൊള്ളാം ചോറ്‌ കുറച്ചിട്ട്‌ ചപ്പാത്തി കഴിച്ച്‌ കലോറി കുറയ്‌ക്കുക, നല്ല വിദ്യ! നമ്മള്‍ കഴിക്കുന്ന ഓരോന്നിലും എത്ര കലോറിയുണ്ടെന്നും, യഥാര്‍ഥത്തില്‍ നമുക്ക്‌ ദിവസം എത്ര കലോറി ആവശ്യമാണെന്നുമുള്ള കാര്യം വിശദീകരിച്ചാലേ കാര്യങ്ങള്‍ വ്യക്തമാകൂ. അതിന്‌ വിശദമായ ഒരു പോസ്‌റ്റ്‌ ഇടാമെന്ന്‌ വിചാരിക്കുന്നു. പിന്നാലെ പ്രതീക്ഷിക്കുക.