Thursday, January 01, 2009

ആമസോണ്‍ വെളുപ്പിക്കാന്‍ കമ്പ്യൂട്ടര്‍ഭേദകരും

കമ്പ്യൂട്ടര്‍ ശൃംഗലകളില്‍നിന്ന്‌ ഭേദകരുടെ ദൗത്യങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്‌. ആമസോണ്‍ വെട്ടിവെളിപ്പിക്കാന്‍ നൂറുകണക്കിന്‌ കമ്പനികള്‍ ഇന്ന്‌ ആശ്രയിക്കുന്നത്‌ കമ്പ്യൂട്ടര്‍ഭേദകരെയെന്ന്‌ റിപ്പോര്‍ട്ട്‌

കുബുദ്ധികളുടെ ആശാന്‍മാരാണ്‌ കമ്പ്യൂട്ടര്‍ ഭേദകര്‍ (hackers). നുഴഞ്ഞുകയറി കമ്പ്യൂട്ടര്‍ ശൃംഗലകള്‍ തകര്‍ക്കാനും വെബ്ബ്‌സൈറ്റുകള്‍ താറുമാറാക്കാനും പാസ്‌വേഡുകള്‍ കൈക്കലാക്കി ബാങ്ക്‌ അക്കൗണ്ടുകള്‍ ചോര്‍ത്താനുമൊക്കെ ഭേദകര്‍ക്കുള്ള പ്രാവിണ്യം തര്‍ക്കമറ്റതാണ്‌. അമേരിക്കന്‍ പ്രതിരോധകേന്ദ്രമായ പെന്റഗണ്‍ പോലും ഭേദകരെ ഭയന്നാണ്‌ കഴിയുന്നത്‌. എന്നാല്‍, അതുകൊണ്ടൊന്നും ഈ കുബുദ്ധികളുടെ വിക്രിയകള്‍ അവസാനിക്കുന്നില്ല. വനം വെളുപ്പിക്കാനും ഭേദകര്‍ സഹായിക്കുമെന്നാണ്‌ ഏറ്റവുമൊടുവില്‍ വെളിപ്പെട്ടിരിക്കുന്നത്‌.

ഭൂമുഖത്തെ ഏറ്റവും സമ്പുഷ്ടമായ ആമസോണ്‍വനം വെട്ടിവെളുപ്പിക്കാന്‍ കമ്പ്യൂട്ടര്‍ ഭേദകരാണത്രെ ഇപ്പോള്‍ തടിക്കമ്പനികളെ സഹായിക്കുന്നത്‌. ആമസോണ്‍കാടുകളില്‍നിന്ന്‌ കമ്പ്യൂട്ടര്‍ ഭേദകരുടെ സഹായത്തോടെ ഇതിനകം 17 ലക്ഷം ഘനമീറ്റര്‍ തടി അനധികൃതമായി കടത്തിയിരിക്കാമെന്ന അമ്പരപ്പിക്കുന്ന വിവരം പുറത്തുവിട്ടത്‌ 'ഗ്രീന്‍പീസാ'ണ്‌. കമ്പ്യൂട്ടര്‍ ഭേദകരുടെ ഈ പാരവെപ്പ്‌ മുഖ്യമായും അരങ്ങേറുന്നത്‌ ബ്രസ്സീലിയന്‍ സംസ്ഥാനമായ പാര (Para)യിലാണത്രേ. കാട്ടില്‍നിന്ന്‌ തടിവെട്ടാന്‍ ലൈസന്‍സ്‌ കിട്ടിയ കമ്പനികള്‍ക്ക്‌ അധികൃതരുടെ കണ്ണുവെട്ടിച്ച്‌, അനുവദിക്കപ്പെട്ട ക്വോട്ട മറികടക്കാന്‍ സഹായിക്കുകയാണ്‌ കമ്പ്യൂട്ടര്‍ ഭേദകര്‍ ചെയ്യുന്നത്‌.

2006 മുതല്‍ പാര സംസ്ഥാനത്തെ മുഴുവന്‍ തടിവെട്ടും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌, അതിനായി രൂപംനല്‍കിയ കമ്പ്യൂട്ടര്‍ സംവിധാനമാണ്‌. ഹൈടെക്‌ ക്രിമിനലുകള്‍ ആ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി കമ്പനികള്‍ക്ക്‌ വ്യാജപെര്‍മിറ്റുകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌. ബ്രസ്സീലിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഡാനിയല്‍ അവെലിനോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, തടിവ്യാപാരവും കരിനിര്‍മാണവും നടത്തുന്ന 107 കമ്പനികളെങ്കിലും കമ്പ്യൂട്ടര്‍ ഭേദകരെ സ്വന്തമായി നിയമിച്ചിട്ടുണ്ട്‌. പണിയില്ലാത്ത കമ്പ്യൂട്ടര്‍ഭേദകര്‍ ബ്രസ്സീലിലെത്തിയാല്‍ മതി കമ്പനികള്‍ റാഞ്ചിയെടുക്കുമെന്ന്‌ സാരം.

`ഈ വിവാദത്തില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ പകുതിയും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ മറ്റ്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ വിചാരണ നേരിടുന്നവയാണ്‌`-അവെലിനോ പ്രസ്‌താവനയില്‍ പറഞ്ഞു. കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറ്റം നടത്തി കൂടുതല്‍ തടിവെട്ടിയതിന്‌ ഈ കമ്പനികളില്‍നിന്ന്‌ 56.4 കോടി യൂറോ (4400 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്‌ ബ്രസ്സീല്‍. 2007-ലാണ്‌ ഇതു സംബന്ധിച്ച അന്വേഷണം അധികൃതര്‍ ആരംഭിച്ചത്‌. 30 പേരെ തുടക്കത്തില്‍ തന്നെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറിയതിന്‌ 202 പേര്‍ ഇപ്പോള്‍ കുറ്റാരോപിതരായിട്ടുണ്ട്‌.

ക്വോട്ട പൂര്‍ത്തിയായാല്‍ കമ്പനികള്‍ കടലാസില്‍ തയ്യാറാക്കിയ പുതിയ അനുമതിപത്രങ്ങള്‍ വാങ്ങേണ്ട സ്ഥിതിയായിരുന്നു 2006 വരെ. എന്നാല്‍, പാര സംസ്ഥാനം ഈ ഏര്‍പ്പാട്‌ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്‌ക്കരിച്ചതാണ്‌ ഭേദനത്തിന്‌ സാധ്യത തുറന്നത്‌. കരിയുണ്ടാക്കുന്നതിനായാലും തടിവില്‍ക്കുന്നതിനായാലും, ഒരിക്കല്‍ ക്വോട്ട തീര്‍ന്നുകഴിഞ്ഞാല്‍ കമ്പനികള്‍ക്ക്‌ കമ്പ്യൂട്ടറുകള്‍ വഴി 'ട്രാവല്‍ പെര്‍മിറ്റുകള്‍' വാങ്ങണം. എന്നാല്‍, ഭേദകര്‍ തുണയ്‌ക്കെത്തിയതോടെ മിക്ക കമ്പനികള്‍ക്കും ക്വോട്ട പ്രശ്‌നമല്ലാതായി, എത്ര വേണമെങ്കിലും വ്യാജ ട്രാവല്‍ലൈസന്‍സുകള്‍ ലഭിക്കുമെന്നായി.

തടി കടത്തുന്നത്‌ നിയന്ത്രിക്കാനുള്ള ഇത്തരമൊരു സംവിധാനം തട്ടിപ്പിന്‌ വഴിതുറക്കുമെന്ന്‌ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതായി ഗ്രീന്‍പീസ്‌ പ്രവര്‍ത്തകനായ ആന്‍ഡ്രെ മുഗിയാറ്റി പറയുന്നു. പാര സംസ്ഥാനത്ത്‌ നടന്ന കാര്യങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമേ ആകുന്നുള്ളു എന്നാണ്‌ അദ്ദേഹം കരുതുന്നത്‌. കാരണം, മറ്റ്‌ രണ്ട്‌ ബ്രസ്സീലിയന്‍ സംസ്ഥാനങ്ങള്‍ക്കൂടി തടിവ്യാപാരം നിയന്ത്രിക്കാന്‍ ഇതേ കമ്പ്യൂട്ടര്‍സംവിധാനമാണ്‌ ഉപയോഗിക്കുന്നത്‌. (കടപ്പാട്‌: ഗ്രീന്‍പീസ്‌, ബി.ബി.സി).

3 comments:

Joseph Antony said...

ഭൂമുഖത്തെ ഏറ്റവും സമ്പുഷ്ടമായ ആമസോണ്‍വനം വെളുപ്പിക്കാന്‍ കമ്പ്യൂട്ടര്‍ ഭേദകരാണത്രെ ഇപ്പോള്‍ തടിക്കമ്പനികളെ സഹായിക്കുന്നത്‌. ആമസോണ്‍കാടുകളില്‍നിന്ന്‌ കമ്പ്യൂട്ടര്‍ ഭേദകരുടെ സഹായത്തോടെ ഇതിനകം 17 ലക്ഷം ഘനമീറ്റര്‍ തടി അനധികൃതമായി കടത്തിയിരിക്കാമെന്ന അമ്പരപ്പിക്കുന്ന വിവരം പുറത്തുവിട്ടത്‌ 'ഗ്രീന്‍പീസാ'ണ്‌. കമ്പ്യൂട്ടര്‍ ഭേദകരുടെ ഈ പാരവെപ്പ്‌ മുഖ്യമായും അരങ്ങേറുന്നത്‌ ബ്രസ്സീലിയന്‍ സംസ്ഥാനമായ പാരയിലാണത്രേ!

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Rejeesh Sanathanan said...

സാമ്പത്തിക മാന്ദ്യം മൂലം ഇവരെല്ലാം തടി വെട്ടാനിറങ്ങേണ്ടി വന്നു എന്നാണ് ആദ്യം കരുതിയത്.പുതുവത്സരാശംസകള്‍