Friday, January 02, 2009

ചുംബിച്ചോളൂ, പക്ഷേ ചെവി സൂക്ഷിച്ചോണം

ചുംബനവേളയില്‍ മനസ്സാന്നിധ്യം നഷ്ടപ്പെടുക സ്വാഭാവികം, പക്ഷേ കേഴ്‌വി നഷ്ടപ്പെടുമോ. ചിലപ്പോള്‍ അങ്ങനെ സംഭവിക്കാമെന്ന്‌ വിദഗ്‌ധര്‍.

ചുംബനമെന്നത്‌ സര്‍വതും നഷ്ടപ്പെടുത്തിയേക്കാവുന്ന ഒരു രസക്രിയയാണെന്നതില്‍ സംശയമില്ല. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്നുപോലും പറയാറുണ്ട്‌. സംഭവം ഇങ്ങനെയാണെങ്കിലും ചുംബനം കഴിയുമ്പോള്‍ കേഴ്‌വി പോയി എന്നു വന്നാലോ. അതത്ര സുഖമുള്ള ഏര്‍പ്പാടാകില്ല, തീര്‍ച്ച. ചൈനയില്‍ ഗ്വാങ്‌ഡോങ്‌ പ്രവിശ്യയിലെ ഷുഹായില്‍ ഒരു ചെറുപ്പക്കാരിക്ക്‌ സംഭവിച്ച ദുരന്തമിപ്പോള്‍ ചൈനയിലാകെ സംസാരവിഷയമാണ്‌. കാമുകനെ മതിമറന്ന്‌ ചുംബിക്കുന്ന വേളയില്‍ ചെറുപ്പക്കാരിയുടെ ഇടത്‌ ചെവിയുടെ കേഴ്‌വി പോയത്രേ!

'ചൈന ഡെയ്‌ലി'യാണ്‌ ദൗര്‍ഭാഗ്യകരവും, പലര്‍ക്കും കിട്ടേണ്ട എത്രയോ ചുടുചുംബനങ്ങള്‍ നഷ്ടമാക്കുകയും ചെയ്‌ത ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ചുംബനം അപകടം വരുത്തുമെന്ന്‌ കണ്ടതോടെ, പല പെണ്‍കുട്ടികളും ചുംബനമല്ലാതെ മറ്റെന്തെങ്കിലും ബാഹ്യലീലകള്‍കൊണ്ട്‌ തൃപ്‌തിപ്പെട്ടോളണം എന്ന്‌ കാമുകന്‍മാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയാണത്രേ. അതിന്‌ സമ്മതമല്ലെങ്കില്‍, വല്ല ബധിരകളെയും പോയി ലൈനടിച്ചോളൂ എന്നാണത്രേ പെണ്‍കുട്ടികളുടെ പുതിയ ലൈന്‍. ഇത്തവണ പുതുവത്സരത്തിന്‌ ചൈനീസ്‌ യുവാക്കള്‍ കോഴിക്കേട്ടെ മദ്യപരുടെ അവസ്ഥയിലായി. (കോഴിക്കോട്ട്‌ പുതുവത്സരദിനത്തില്‍ തികഞ്ഞ മദ്യനിരോധമായിരുന്നു, മാറാട്‌ വിധി വരുന്നു എന്ന്‌ പറഞ്ഞ്‌. ഒരു തുള്ളികിട്ടാന്‍ ജനം കുന്ദമംഗലത്തും മുക്കത്തുമൊക്കെ പേകേണ്ടി വന്നു).

'മീശമാധവനി'ല്‍, മാധവനെ കുടുക്കാന്‍ കെണിവെച്ച്‌ കാത്തിരിക്കുന്ന വേളയില്‍ ജഗതി രണ്ടെണ്ണം വീശുകയും കറണ്ട്‌ പോകുമ്പോള്‍ എന്താണ്‌ സംഭവിച്ചതെന്നറിയാതെ 'അയ്യോ എന്റെ കാഴ്‌ച പോയേ' എന്ന്‌ നിലവിളിക്കുകയും ചെയ്യുന്ന രംഗമുണ്ടല്ലോ. നിമിഷങ്ങള്‍ക്കകം കറണ്ട്‌ തിരികെ വരുമ്പോള്‍ ആ വിശ്വപ്രസിദ്ധമായ പ്രസ്‌താവം ജഗതി നടത്തുന്നു: 'പാവം ബ്രാണ്ടിയെ സംശയിച്ചു'! അതുപോലെ, ചൈനയിലിപ്പോള്‍ പല സ്‌ത്രീകളും നിവൃത്തിയില്ലാതെയെങ്ങാനും ചുംബിക്കേണ്ടിവന്നാല്‍, അതു കഴിഞ്ഞാലുടന്‍ തന്റെ കേഴ്‌വി പോയോ എന്നറിയാന്‍ പരിഭ്രമിക്കുകയും പോയില്ലെന്ന്‌ കണ്ട്‌ ആശ്വസിക്കുകയും ചെയ്യുകയാണത്രേ.

ചെവിയുടെ ശക്തി എത്രയുണ്ടെന്നറിയാന്‍ വേണ്ടിമാത്രം ചുംബിക്കാന്‍ അനുവദിക്കുന്നവരും ഇല്ലാതില്ല എന്നും കേള്‍ക്കുന്നു. അത്തരം സാഹസിക മനോഭാവമുള്ള സുന്ദരികളിലാണത്രേ പുരുഷന്‍മാര്‍ക്ക്‌ ഏക പ്രതീക്ഷ. ചെവിയുള്ള ജീവികളല്ലേ പുരുഷന്‍മാരും, അങ്ങനെയെങ്കില്‍ ചുംബനം അവര്‍ക്കും ബാധകമല്ലേ എന്ന്‌ ചോദിക്കുന്നവരും കുറവല്ല. ഇതില്‍ സ്‌ത്രീപുരുഷ വിവേചനം എന്തിന്‌ എന്ന്‌ ആശ്ചര്യപ്പെടുന്നവരും കുറവില്ല. ചൈനയില്‍ ഫെമിനിസ്റ്റുകള്‍ ഉള്ളതായി ആരും ഇതുവരെ കേട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കാന്‍ വയ്യ. ഏതായാലും ചൈനയിപ്പോള്‍ തികഞ്ഞ ചുംബനാപകടഭീതിയിലാണ്‌.

ചൈന ഡെയ്‌ലിയുടെ റിപ്പോര്‍ട്ട്‌ കണ്ണില്‍പെട്ടയുടന്‍ ബി.ബി.സി. രംഗത്തെത്തി. അവര്‍ ബ്രിട്ടനിലെ 'ചെവി-മൂക്ക്‌-തൊണ്ട വിദഗ്‌ധന്‍മാരെ' ഓടിച്ചിട്ട്‌ പിടിച്ച്‌ ബലമായി കാര്യം തിരക്കി. പല ഡോക്ടര്‍മാരും ഇത്തരമൊരു സാധ്യത ഇതുവരെ ചിന്തിച്ചിട്ടുപോലും ഇല്ല എന്നാണ്‌ കേട്ടത്‌. ഏതായാലും 'ഇ.എന്‍.ടി.യു.കെ' എന്ന സംഘടനയുടെ വക്താവും ബ്രിട്ടനിലെ ഫ്രിംലേ പാര്‍ക്ക്‌ ഹോസ്‌പിറ്റലില്‍ ഇ.എന്‍.ടി. സര്‍ജനുമായ ആന്‍ഡ്രൂ മക്‌കോംബെ സംഭവത്തിനൊരു ശാസ്‌ത്രീയ വിശദീകരണം നല്‍കാന്‍ തയ്യാറായി.

കര്‍ണപടത്തിന്‌ അണുബാധയോ മറ്റേതെങ്കിലും തരത്തിലുള്ള അവശതയോ ബാധിച്ച സ്‌ത്രീകളാണെങ്കില്‍, ചുംബനവേളയില്‍ കര്‍ണപടം പൊട്ടി കേഴ്‌വി പോകാം എന്നാണ്‌ ഡോ. മക്‌കോംബെ പറഞ്ഞത്‌. സാധാരണ കര്‍ണപടങ്ങള്‍ ഏത്ര കനത്തചുംബനവും താങ്ങാന്‍ ശേഷിയുള്ളവയാണ്‌ (അല്ലായിരുന്നെങ്കില്‍ സ്‌ത്രീവര്‍ഗം എന്നേ ബധിരവര്‍ഗമായി പരിണമിച്ചേനെ). കര്‍ണപടം പൊട്ടണമെങ്കില്‍ ഓരോ ചതുരശ്ര ഇഞ്ചിനും ആറ്‌ പൗണ്ട്‌ എന്ന കണക്കിന്‌ അധികസമ്മര്‍ദം ഉണ്ടാകണം. അത്ര തീവ്രവും സമ്മര്‍ദമേറിയതുമായ ചുംബനം നോവലുകളിലും സിനിമകളിലുമേ കഴിയൂ, സാധാരണ സാഹചര്യങ്ങളില്‍ പറ്റുമോ എന്ന്‌ സംശയമാണ്‌. അതുകൊണ്ട്‌ പേടിക്കേണ്ട, ഇതാണ്‌ വിശദീകരണം.

ആ ചൈനീസ്‌ പെണ്‍കുട്ടിക്ക്‌ ഏതായാലും ചെവി ശരിയായിരുന്നില്ല എന്നുവേണം അനുമാനിക്കാനെന്ന്‌ ഡോ. മക്‌കോംബെ പറയുന്നു. ചുംബനവേളയില്‍ ചെവിക്കുള്ളിലെയും ബാഹ്യഅന്തരീക്ഷത്തിലെയും മാര്‍ദം തമ്മിലുള്ള തുലനാവസ്ഥ നഷ്ടപ്പെടുന്നതാണ്‌ പ്രശ്‌നം. ചുംബനമെന്നു പറഞ്ഞാല്‍ തന്നെ എല്ലാ സന്തുലനാവസ്ഥയും (മനസിന്റെ പോലും) നഷ്ടപ്പെടുത്തുന്ന സംഭവമാണ്‌. ആ നിലയ്‌ക്ക്‌ മര്‍ദം നോക്കാന്‍ ആര്‍ക്ക്‌ നേരം അല്ലേ.

കമിതാക്കള്‍ തീവ്രമായി ചുംബിക്കുമ്പോള്‍ അവരുടെ ചുണ്ടുകള്‍ക്കിടയിലും വായ്‌ക്കുള്ളിലും എന്തൊക്കെ മര്‍ദവ്യത്യാസം സംഭവിക്കുമെന്ന്‌ ആര്‍ക്കും പറയാന്‍ കഴിയില്ല. ആവേശം മൂത്ത്‌ കാമുകന്‍ വായു വലിച്ചെടുക്കുമ്പോള്‍, സ്‌ത്രീയുടെ വായ്‌ക്കുള്ളില്‍ വിപരീതസമ്മര്‍ദം വര്‍ധിക്കും. മധ്യകര്‍ണത്തിലേക്ക്‌ നീളുന്ന 'യൂസ്‌റ്റേഷ്യന്‍ കുഴലി'ലിലൂടെ ഈ വിപരീതസമ്മര്‍ദം ചെവിക്കുള്ളിലും എത്തും. അതിനര്‍ഥം കര്‍ണപടത്തിന്റെ അകത്തും പുറത്തുമുള്ള മര്‍ദം വ്യത്യാസപ്പെടുകയാണ്‌. ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച്‌ ഇത്‌ താങ്ങാന്‍ കര്‍ണപടത്തിന്‌ കഴിയും. എന്നാല്‍, എന്തെങ്കിലും കാരണവശാല്‍ ദുര്‍ബലമായിട്ടുണ്ടെങ്കില്‍ കര്‍ണപടം പൊട്ടാന്‍ ഇത്‌ കാരണമായേക്കും.

കേഴ്‌വിയുമായി ബന്ധപ്പെട്ട മേഖലയില്‍ വിദഗ്‌ധനായ റോയല്‍ നാഷണല്‍ ട്രോട്ട്‌, നോസ്‌, ആന്‍ഡ്‌ ഇയര്‍ ഹോസ്‌പിറ്റലിലെ ഡോ. രുദ്രപതി പളനിയപ്പനും ഈ വിശദീകരണത്തെ അനുകൂലിക്കുന്നു. അതുകൊണ്ട്‌ ചുംബിക്കണമെന്ന്‌ താത്‌പര്യം തോന്നിത്തുടങ്ങിയാല്‍, അല്ലെങ്കില്‍ ഇനി ചുംബിക്കാതിരുന്നിട്ട്‌ കാര്യമില്ല എന്ന്‌ മനസിലായാല്‍, ഒരു ഇ.എന്‍.ടി. വിദഗ്‌ധനെക്കൊണ്ട്‌ ചെവി പരിശോധിപ്പിക്കുന്നത്‌ നന്ന്‌. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ ചൊല്ല്‌.

19 comments:

Joseph Antony said...

'മീശമാധവനി'ല്‍, മാധവനെ കുടുക്കാന്‍ കെണിവെച്ച്‌ കാത്തിരിക്കുന്ന വേളയില്‍ ജഗതി രണ്ടെണ്ണം വീശുകയും കറണ്ട്‌ പോകുമ്പോള്‍ എന്താണ്‌ സംഭവിച്ചതെന്നറിയാതെ 'അയ്യോ എന്റെ കാഴ്‌ച പോയേ' എന്ന്‌ നിലവിളിക്കുകയും ചെയ്യുന്ന രംഗമുണ്ടല്ലോ. നിമിഷങ്ങള്‍ക്കകം കറണ്ട്‌ തിരികെ വരുമ്പോള്‍ ആ വിശ്വപ്രസിദ്ധമായ പ്രസ്‌താവം ജഗതി നടത്തുന്നു: 'പാവം ബ്രാണ്ടിയെ സംശയിച്ചു'! അതുപോലെ, ചൈനയിലിപ്പോള്‍ പല സ്‌ത്രീകളും നിവൃത്തിയില്ലാതെയെങ്ങാനും ചുംബിക്കേണ്ടിവന്നാല്‍, അതു കഴിഞ്ഞാലുടന്‍ തന്റെ കേഴ്‌വി പോയോ എന്നറിയാന്‍ പരിഭ്രമിക്കുകയും പോയില്ലെന്ന്‌ കണ്ട്‌ ആശ്വസിക്കുകയും ചെയ്യുകയാണത്രേ.

Rejeesh Sanathanan said...

എന്‍റെ ദൈവമേ ഇനി എന്തൊക്കെ നോക്കണം.......അല്ല കേള്‍ക്കണം..:)

Babu Kalyanam said...

:-(
apriyamaya sathyam parayaruthennalle...

chithrakaran ചിത്രകാരന്‍ said...

കാമുകന്റെ കുറ്റബോധം അനര്‍ഥങ്ങളൊന്നും ഉണ്ടാക്കാതിരിക്കട്ടെ എന്നശിക്കുന്നു :)

Cartoonist said...

ഒരു സ്ഥിരം ചുംബകനായ എന്റെ ലോകവീക്ഷണം തന്നെ ഇതോടെ
മാറിക്കഴിഞ്ഞു :(

Joseph Antony said...

......മലയാളി,
ബാബു മാഷ്‌,
ചിത്രകാരന്‍,
കാര്‍ട്ടൂണിസ്‌റ്റ്‌
പുതുവര്‍ഷത്തില്‍ ചുംബനരഹസ്യം തേടിയെത്തിയതില്‍ സന്തോഷം.

ബാബു മാഷേ, ചുംബനത്തിന്റെ കാര്യമെങ്ങനെ അപ്രിയമാകും, കാര്‍ട്ടൂണിസ്‌റ്റിനെ നോക്കൂ, അദ്ദേഹം സ്ഥിരം ചുംബകനല്ലേ.

കാര്‍ട്ടൂണിസ്‌റ്റ്‌ ജീ, സ്ഥിരം ചുംബിക്കുന്നവര്‍ക്ക്‌ പ്രശ്‌നമില്ല. കര്‍ണപടം പറയുന്നിടത്ത്‌ നിന്നോളും, നിത്യാഭ്യാസി ആരെയും എടുക്കും എന്നല്ലേ ചൊല്ല്‌. വല്ലപ്പോഴും ആക്രാന്തംകാട്ടി ചുംബിക്കുന്നവര്‍ മാത്രം ഈ പോസ്‌റ്റ്‌ വായിച്ച്‌ പേടിച്ചാല്‍ മതി.

Suraj said...

ജോ.ആ മാഷിനും കുറിഞ്ഞിക്കും പുതുവത്സരാശംസകള്‍ !!

സാധാരണ നാമൊന്നു തുമ്മുമ്പോള്‍ ചെവിയിലും തൊണ്ടയിലുമായി സൃഷ്ടിക്കപ്പെടുന്ന മര്‍ദ്ദം തന്നെ വളരെ വലുതാണ്. കട്ടിയേറിയ ചില ചെവിക്കായം വലിച്ചെടുക്കാന്‍ (മരുന്നൊഴിച്ച് അലിയിച്ചിട്ടാണെങ്കിലും) ഇ.എന്‍.ടി ഡോക്ടര്‍ ശക്തമായ സക്ഷനാണ് ബാഹ്യകര്‍ണ്ണ ദ്വാരത്തില്‍ - ഇന്‍ഫക്ഷനുള്ളപ്പോള്‍ പോലും - പ്രയോഗിക്കുന്നതും . അങ്ങനെയിങ്ങനെയൊന്നും പൊട്ടുന്ന ഒരു സ്തരമല്ലതാനും കര്‍ണ്ണപടം.

അപ്പോ മക് കോംബേ നല്‍കുന്ന വിശദീകരണം അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസിലേ ഉണ്ടാവൂ...

അതോണ്ട് ചുംബനക്കാരേ.... ഡോണ്ട് വറി... പ്ലീസ് ക്യാരി ഓണ്‍ !! :))

അനില്‍@ബ്ലോഗ് // anil said...

അല്പം അതിശയോക്തിപരം എന്നു ആദ്യം വായിച്ചപ്പോള്‍ തന്നെ തോന്നിയതാ, പിന്നെ വിവരമുള്ളവര്‍ പറയട്ടെ എന്നു കരുതി.

സൂരജേ,
മനഃസ്സമാധനമായി .... :)

മാണിക്യം said...

പണ്ട് വളരെ വിദഗ്ദനായ ഒരു മര്‍മ്മാണിയുണ്ടായിരുന്നു, പുള്ളിക്കാരന് അങ്ങേ അറ്റം അഹങ്കാരിയും ധിക്കാരിയും ആയ ഒരു ഭാര്യയും . ക്ഷമയുടെ നെല്ലിപലക തകര്‍ന്ന് അവക്കിട്ട് രണ്ട് പെടക്കാന്‍ പിടിച്ചിട്ട് മര്‍മ്മാണി അടിക്കാതെ വിടും കാരണം നോക്കുന്നതെല്ലാം മര്‍‌മ്മം ആണെ, എന്നാല്‍ അവരുടെ അടിയാന്‍ എന്നും കള്ളും കുടിച്ചു വന്ന് ഭാര്യയെ ചവുട്ടികൂട്ടും. പിറ്റേന്നും നല്ല ഉഷാറായി അവന്റെ ഭാര്യയുണ്ടാവും മര്‍മ്മാണി ഒടുവില്‍ അവനോട് ചോദിച്ചു നിനക്കെങ്ങനെ അടിക്കാന്‍ പറ്റുന്നു?
അവന്‍ പറഞ്ഞു
“അതിന് എനിക്ക് മര്‍‌മ്മം അറിയില്ലല്ലോ തമ്പ്രാ ”
അത്രെ ഉള്ളു.
കൂടുതല്‍ അറിഞ്ഞാലേ പ്രശ്നമുള്ളു .. അതുകോണ്ട് ആകെ കൊച്ചൊരു ജീവിതം
കൊതി തീരെ ചുബിച്ചോളൂ ...അതു തങ്ങാനുള്ള കപ്പാസിറ്റി കാണും കര്‍‌ണ്ണത്തിന്...

Joseph Antony said...

സൂരജ്‌,
അനില്‍@ബ്ലോഗ്‌,
മാണിക്യം.
എല്ലാവര്‍ക്കും വണക്കം, പുതുവത്സരാശംസകള്‍.
സൂരജ്‌, തീര്‍ച്ചയായും അപൂര്‍വങ്ങളില്‍ അപൂര്‍വമായേ ചുംബനം ഇത്തരം പ്രശ്‌നങ്ങള്‍ വരുത്തിവെയ്‌ക്കൂ എന്നതിന്‌ തെളിവല്ലേ ഇക്കണ്ട മനുഷ്യരെല്ലാം ഇത്രമാത്രം ചുംബനം കഴിഞ്ഞിട്ടും ചെവിപൊട്ടാതിരിക്കുന്നത്‌.
അനില്‍, കൊള്ളാം. അതിശയോക്തിപരമാണെന്നത്‌ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു, താങ്കള്‍ക്കത്‌ കണ്ടുപിടിക്കാനായല്ലോ.
മാണിക്യം,
തീര്‍ച്ചയായും മര്‍മമറിഞ്ഞു വേണം ചുംബിക്കാന്‍. കൊച്ചുജീവിതമാണ്‌, വെറുതെ കളയാന്‍ പാടില്ലല്ലോ

Jayasree Lakshmy Kumar said...

ഹൊ! എന്തൊരു 'ക്രൂരവും പൈശാചീകവുമായ 'ചുമ്പനം!!

Unknown said...

ആദം-ഹവ്വ തൊട്ട് എത്ര പേര്‍ ചുംബിച്ചിര്‍ക്കുന്നു. വെറുതേ ആളേ പേടിപ്പിക്കണോ?
ഏതായാലും ഡോക്ടര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല..
സാര്‍‌വലോക കാമുകീകാമുകന്മാരേ നിങ്ങള്‍ ചുംബിക്കുവിന്‍

മുസ്തഫ|musthapha said...

മാഷുടെ പോസ്റ്റ് വായിച്ചപ്പോള് പോയ മനസ്സമാധാനം സൂരജിന്റെ കമന്റ് വായിച്ചപ്പോഴാ തിരിച്ചു കിട്ടിയത് :)

പുതുവത്സരാശംസകള്...

Joseph Antony said...

ലക്ഷ്‌മി,
ശ്രീഹരി,
അഗ്രജന്‍,
എല്ലാവര്‍ക്കും പുതുവത്സാരംശകള്‌.
ഇതൊന്നും വായിച്ച്‌ ആരും കുലുങ്ങരുത്‌. ചുംബനത്തിന്റെ കാര്യത്തില്‍ ഗോ എഗെഡ്‌.

ലക്ഷ്‌മി, എ.കെ.ആന്റണി സ്‌റ്റൈലിലാണല്ലോ തട്ടിയിരിക്കുന്നത്‌.

ശ്രീഹരി, എനിക്കും ചുംബനത്തിന്റെ കാര്യത്തില്‍ അതുതന്നെയാ പറയാനുള്ളത്‌. കാമൂകീകാമുകന്‍മാര്‍ മാത്രമാകണ്ട, അതിന്‌ യോഗ്യതയുണ്ടോ എന്ന്‌ സംശയിച്ചു നടക്കുന്നവരും ആയിക്കോട്ടെ.

അഗ്രജന്‍, വാ കീറിയ ദൈവം ഇരയും തരും എന്ന്‌ കേട്ടിട്ടില്ലേ, അതുപോലെയാണ്‌ ഇതും. ഒരിടത്തുനിന്ന്‌ മനസ്സമാധാനം പോയാല്‍, മറ്റൊരിടത്ത്‌ അത്‌ കിട്ടും.

Inji Pennu said...

ഇതിപ്പൊ ചൈനക്കാരു ആണോ കണ്ട് പിടിക്കണേ? കല്യാണം കഴിഞ്ഞാല്‍ ഇത് ആണുങ്ങളില്‍ വരുന്ന രോഗമല്ലേ? ചെവി കേട്ടൂടായ്മ? എത്രയോ ഭാര്യമാര്‍ ഈ പ്രപഞ്ചരഹസ്യം തേടി അലയുകയായിരുന്നു. ഇതിപ്പൊ പെണ്‍‌കുട്ടിക്ക് സംഭവിച്ചപ്പൊ വലിയ വാര്‍ത്തയായി, ബിബിസി വരെ പുറകേ പോയി. കലികാലം എന്നല്ലാതെ എന്ത് പറയാന്‍??

Joseph Antony said...

അയ്യോ, ഇഞ്ചിപ്പെണ്ണേ,
ഇത്തരം രഹസ്യങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്താമോ. ഞങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ ബധിരരാണെന്ന സത്യം, മലയാളം ബ്ലോഗര്‍മാരാകെ അറിയില്ലേ.

Mr. X said...

എന്‍റെ girlfriend ഇതു വായിക്കരുതേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന!
എത്രയും വേഗം ഈ പോസ്റ്റ് നീക്കം ചെയ്യൂ...
injippennu പറഞ്ഞ കാര്യം ഇനി അവളുടെ ഓരോ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഇരിക്കുമ്പോള്‍ എന്നെ വാരാന്‍ ഒരു പൊയന്റും ആയി...

തമാശ നില്‍ക്കട്ടെ, നല്ല informative ആയ ഒരു പോസ്റ്റ്.
ഒരു ചുംബനത്തിന് ഇത്ര ശക്തി ഉണ്ടാവും എന്ന് ഇത് വായിച്ചപ്പോഴല്ലേ, മനസ്സിലായത്!

പെണ്‍കൊടി said...

തന്നെ ???
ഇപ്പൊഴാണേ അറിഞ്ഞത്...
ഡാങ്ക്സ് !!!!!!!! (വെറുതെ അറിഞ്ഞിരിക്കാമല്ലോ.... ഹീ ഹീ...;-) )

- പെണ്‍കൊടി...

ബഷീർ said...

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നല്ലേ :)