Friday, January 12, 2007

ഗൂഗിള്‍ വിസ്മയം-2

ഇല്ലായ്മകളില്‍ നിന്ന്‌ തുടക്കം

മെന്‍ലോപാര്‍ക്കിലെ ഗാരേജിന്റെ ഇല്ലായ്മകളില്‍ നിന്ന്‌ ഗൂഗിള്‍ നടന്നുകയറിയത്‌ ലോകത്തിന്റെ നെറുകയിലേക്കാണ്‌. ഇന്ന്‌ ലോകത്തുള്ള സര്‍വമാധ്യമകമ്പനികളുടെയും ഇന്റര്‍നെറ്റ്കമ്പനികളുടെയും പരസ്യകമ്പനികളുടെയും സ്ഥാനം ഗൂഗിളിന്‌ താഴെ മാത്രം

സ്റ്റാന്‍ഫഡ്‌ ക്യാമ്പസിന്‌ സമീപം മെന്‍ലോപാര്‍ക്കിലെ ഗാരേജിലായിരുന്നു ഗൂഗിള്‍ കമ്പനിയുടെ തുടക്കം; 1998 സപ്തംബര്‍ ഏഴിന്‌. ഇന്ന്‌ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ ഗൂഗിളിന്റെ ആസ്ഥാനമായ 'ഗൂഗിള്‍പ്ലക്സ്‌' പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ തുടക്കത്തില്‍ ലാറിപേജ്‌ അതിന്റെ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറും(സി.ഇ.ഒ), സെര്‍ജിബ്രിന്‍ പ്രസിഡന്റും ചെയര്‍മാനുമായിരുന്നു. ഇപ്പോള്‍ ലാറിയും സെര്‍ജിയും സഹപ്രസിഡന്റുമാരാണ്‌. ലാറിക്ക്‌ ഉത്പന്നങ്ങളുടെ ചുമതല, സെര്‍ജിക്ക്‌ ടെക്നോളജിയുടെയും. 'നോവെല്‍' കമ്പനിയുടെ മുന്‍ സി.ഇ.ഒ. എറിക്‌ ഷിമിഡ്ത്‌ ആണ്‌ ഇപ്പോള്‍ ഗൂഗിളിന്റെ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസര്‍. മെന്‍ലോപാര്‍ക്കിലെ ഗാരേജിന്റെ ഇല്ലായ്മയില്‍ നിന്ന്‌ ഗൂഗിള്‍ നടന്നുകയറിയത്‌ ലോകത്തിന്റെ നെറുകയിലേക്കാണ്‌. ഇന്ന്‌ ലോകത്തുള്ള സര്‍വ്വ മാധ്യമകമ്പനികളുടെയും പരസ്യകമ്പനികളുടെയും ഇന്റര്‍നെറ്റ്‌ കമ്പനികളുടെയും(ഒരുപക്ഷേ, മൈക്രോസോഫ്ട്‌ ഉള്‍പ്പടെ) സ്ഥാനം ഗൂഗിളിന്‌ താഴെ മാത്രം.

'പേജ്‌റാങ്കി'ന്റെ കണ്ടുപിടുത്തമല്ല യഥാര്‍ത്ഥത്തില്‍ ഗൂഗിളിന്റെ വിജയത്തിന്‌ നിമിത്തമായത്‌. ലാറിയും സെര്‍ജിയും ഗൂഗിളിനെ വില്‍ക്കാന്‍ കൊണ്ടുനടന്ന കാലത്ത്‌ അത്‌ വാങ്ങാന്‍ മറ്റ്‌ സെര്‍ച്ച്കമ്പനികളൊന്നും തയ്യാറായില്ല എന്നതാണ്‌. അതുകൊണ്ട്‌ 'ഗതികെട്ട്‌ ' അവര്‍ക്ക്‌ സ്വന്തം കമ്പനി തുടങ്ങേണ്ടി വന്നു. മറ്റ്‌ സെര്‍ച്ച്‌എഞ്ചിനുകളെക്കാള്‍ മികച്ചതെന്നു മനസിലാക്കിയ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ വളരെവേഗം ഗൂഗിളിലേക്ക്‌ തിരിഞ്ഞു. ആളുകള്‍ പരസ്പരം പറഞ്ഞ്‌ ഗൂഗിള്‍ പ്രചരിച്ചു. പ്രചാരം വര്‍ധിച്ചതോടെ, സെര്‍ച്ചിങ്ങിന്റെ തോതും കൂടി. ലക്ഷക്കണക്കിന്‌ സെര്‍ച്ച്‌ അഭ്യര്‍ത്ഥനകള്‍ ഒരേസമയം കൈകാര്യം ചെയ്യുകയെന്നത്‌ നിസ്സാരമല്ല. സെര്‍ച്ച്‌ ചെയ്യുമ്പോള്‍ പെട്ടന്ന്‌ ഫലം കിട്ടണമെങ്കില്‍, അതിനനുസരിച്ചുള്ള കമ്പ്യൂട്ടര്‍ ശേഷി വേണം.

ആദ്യവര്‍ഷങ്ങളില്‍ ഒരു വരുമാനവുമില്ലാതെ പ്രവര്‍ത്തിച്ച ഗൂഗിള്‍ കമ്പനിക്ക്‌ വന്‍മുതല്‍ മുടക്കി കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ നിര്‍മിക്കുക സാധ്യമായിരുന്നില്ല. അതിന്‌ ലാറിയും സെര്‍ജിയും ഒരു ഉപാധി കണ്ടെത്തി. നൂറുകണക്കിന്‌ വിലകുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങി ഫ്രഡ്ജുകളെ അനുസ്മരിപ്പിക്കുന്ന റാക്കുകളില്‍ ക്രമീകരിച്ച്‌ ഒരു പ്രത്യേക സോഫ്ട്‌വേര്‍ ഉപയോഗിച്ച്‌ പരസ്പരം ബന്ധിപ്പിച്ചു. ഗൂഗിള്‍സ്ഥാപകര്‍ തന്നെ രൂപപ്പെടുത്തി പേറ്റന്റ്‌ ചെയ്ത സവിശേഷമായ സോഫ്ട്‌വേറാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. ആദ്യകാലത്തെ നിക്ഷേപങ്ങളൊക്കെ ലാറിയും സെര്‍ജിയും നടത്തിയത്‌ പേഴ്സണല്‍കമ്പ്യൂട്ടറുകള്‍ വങ്ങിക്കൂട്ടാനാണ്‌. കോടിക്കണക്കിന്‌ സെര്‍ച്ച്‌ അഭ്യര്‍ത്ഥനകള്‍ ഒരേസമയം കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടര്‍ ശേഷി ഗൂഗിള്‍ അങ്ങനെ നേടി. ഇപ്പോള്‍ ഗൂഗിള്‍പ്ലക്സിലെ രഹസ്യമുറികളില്‍ ക്രമീകരിച്ചിട്ടുള്ള രണ്ടുലക്ഷത്തിലേറെ വിലകുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറുകളാണ്‌ ഗൂഗിളെന്നെ ഇന്റര്‍നെറ്റ്‌ ഭീമന്റെ കരുത്ത്‌.

എല്ലാം പരസ്യമാക്കുന്ന സ്വഭാവം ഗൂഗിളിനില്ല.'തന്ത്രങ്ങള്‍ മുഴുവന്‍ പുറത്തു പറയാതിരിക്കുകയാണ്‌ തങ്ങളുടെ തന്ത്ര'മെന്ന്‌ സി.ഇ.ഒ. എറിക്‌ ഷിമിഡ്ത്‌ അറിയിക്കുന്നു(അതിനാല്‍ പുതിയ ചില ഉത്പന്നങ്ങള്‍ക്ക്‌ പേറ്റന്റ്‌ ആപേക്ഷ നല്‍കാന്‍ പോലും ഗൂഗിള്‍ തയ്യാറാകാറില്ല. ഇത്തരമൊരു ആശയം സാധ്യമാണെന്ന്‌ എന്തിന്‌ പ്രതിയോഗികളെ മുന്‍കൂട്ടി അറിയിക്കണം). ഗൂഗിളിന്റെ അസാധാരണമായ കമ്പ്യൂട്ടര്‍ശേഷി എങ്ങനെയുണ്ടാകുന്നു എന്നത്‌ ഇത്തരത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള രഹസ്യങ്ങളിലൊന്നാണ്‌. ആയിരക്കണക്കിന്‌ കമ്പ്യൂട്ടറുകളിലേതെങ്കിലും നശിച്ചാല്‍, മറ്റ്‌ കമ്പ്യൂട്ടറുകള്‍ അതിന്റെ ചുമതല സ്വന്തം നിലയ്ക്ക്‌ ഏറ്റെടുക്കും വിധമാണ്‌ അവയുടെ ക്രമീകരണം. സെര്‍ച്ച്‌ നടത്തുന്നയാള്‍ ഇക്കാര്യം അറിയുകപോലുമില്ല. ഗൂഗിളിന്റെ കമ്പ്യൂട്ടര്‍ ശേഷി മറ്റൊരു കമ്പനിക്കു സൃഷ്ടിക്കണമെന്നു വെച്ചാല്‍, അതിന്‌ പതിന്മടങ്ങ്‌ മുതല്‍മുടക്ക്‌ വേണ്ടിവരും. അതുകൊണ്ട്‌ ഗൂഗിളിനെ കടത്തിവെട്ടാം എന്ന്‌ ഏതെങ്കിലും കമ്പനി തീരുമാനിച്ചാല്‍, ഇപ്പോഴത്തെ നിലയ്ക്ക്‌ അത്‌ ബുദ്ധിമുട്ടാണ്‌.

ഗൂഗിളില്‍ സെര്‍ച്ച്‌ നടത്തുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഒരാള്‍ വെബ്ബിലല്ല അത്‌ ചെയ്യുന്നത്‌. ഗൂഗിളിന്റെ കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചുവെച്ചിട്ടുള്ള വേള്‍ഡ്‌വൈഡ്‌വെബ്ബിന്റെ ഇന്‍ഡക്സ്‌ കോപ്പിയിലാണ്‌. അവിടെ നിന്ന്‌ ലഭിക്കുന്ന സെര്‍ച്ച്ഫലത്തിന്റെ ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോഴാണ്‌ യഥാര്‍ത്ഥ വെബ്ബ്പേജിലേക്ക്‌ ഒരാള്‍ എത്തുക. വെബ്ബിന്റെ ഇത്തരം ഒട്ടേറെ കോപ്പികള്‍ കാലിഫോര്‍ണിയയിലും വിര്‍ജിനിയയിലും സ്ഥിതിചെയ്യുന്ന വ്യത്യസ്ത സെര്‍വറുകളില്‍ ഗൂഗിള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ സൂചന. ഏതെങ്കിലും അപകടത്താല്‍ കുറെ സെര്‍വറുകള്‍ നശിച്ചാല്‍, മറ്റ്‌ സെര്‍വറുകള്‍ ഉടന്‍ തന്നെ ഡ്യൂട്ടി ഏറ്റെടുക്കാന്‍ പാകത്തിലാണ്‌ ഇവയുടെ ക്രമീകരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ എന്താണ്‌ സംഭവിച്ചതെന്നു പോലും അറിയില്ല.

പേജ്‌റാങ്ക്‌ -ഗൂഗിളിന്റെ ആത്മാവ്‌

ലിങ്കുകളുടെ ശൃംഗലകളെ കൂട്ടുപിടിച്ച്‌, അതിസങ്കീര്‍ണമായ ഗണിതസമീകരണമുപയോഗിച്ചാണ്‌ ഗൂഗിള്‍സെര്‍ച്ചില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത്‌

നെല്ലില്‍ നിന്ന്‌ പതിര്‌ വേര്‍തിരിക്കും പോലെ, സെര്‍ച്ചിങ്‌ നടത്തുന്നയാള്‍ക്ക്‌ മുമ്പിലേക്ക്‌ ഏറ്റവും പ്രസക്തമായ പേജ്‌ ആദ്യം എന്ന ക്രമത്തില്‍ എത്തിക്കുകയാണ്‌ ഗൂഗിള്‍ ചെയ്യുക. കോടിക്കണക്കിന്‌ വെബ്ബ്പേജുകള്‍ക്കിടയില്‍ നിന്ന്‌ തിരഞ്ഞു പിടിച്ച്‌ പ്രസക്തമായ പേജുകള്‍ എത്തിക്കാന്‍ സെക്കന്റുകള്‍ പോലും ഗൂഗിളിന്‌ വേണ്ട. ഇതിന്‌ ഗൂഗിളിനെ പ്രാപ്തമാക്കുന്നത്‌ 'പേജ്‌റാങ്ക്‌'(PageRank) എന്ന രഹസ്യ ഗണിതസമീകരണമാണ്‌. യുക്തിപൂര്‍വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുകയാണ്‌ പേജ്‌റാങ്ക്‌ ചെയ്യുന്നത്‌.

കൂടുതല്‍പേര്‍ സന്ദര്‍ശിക്കുന്നു എന്നത്‌ ഒരു വെബ്സൈറ്റിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഘടകമാണെങ്കിലും, അതുകൊണ്ടു മാത്രം ആ സൈറ്റ്‌ പ്രധാനപ്പെട്ടതാകണമെന്നില്ല. മറ്റൊരു പരിഗണനാക്രമമാണ്‌ ഇതിന്‌ പേജ്‌റാങ്കില്‍ അവലംബിക്കുന്നത്‌. ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം. അയാള്‍ പ്രധാന്യമുള്ള അല്ലെങ്കില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണോ എന്നറിയാന്‍ എന്താണ്‌ മാര്‍ഗ്ഗം? അയാള്‍ ആരൊക്കെയായി ബന്ധപ്പെടുന്നു, അയാളുമായി ആരൊക്കെ ബന്ധപ്പെടുന്നു എന്നു പരിശോധിച്ചാല്‍ മതി. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും, പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ഒരാളായിരിക്കും എന്ന സാമാന്യ നിഗമനത്തില്‍ എത്താം(എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല എന്നിരിക്കിലും).

ഏതാണ്ട്‌ ഇതേ മാര്‍ഗ്ഗമാണ്‌ വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണയിക്കാന്‍ പേജ്‌റാങ്കും ചെയ്യുന്നത്‌. ഒരു സൈറ്റിന്‌ ഏതൊക്കെ സൈറ്റുകളിലേക്ക്‌ ലിങ്കുണ്ടെന്നതുമായി ബന്ധപ്പെട്ടാണ്‌ ഇത്‌ നിശ്ചയിക്കപ്പെടുക. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക്‌ ലിങ്കുള്ള ഒരു സൈറ്റ്‌ പ്രധാനപ്പെട്ടതാണെന്ന്‌ ഊഹിക്കാം. അതുമാത്രം പോര, തിരിച്ചുള്ള ലിങ്കുകളും നോക്കണം. നാസയുടെ സൈറ്റില്‍ നിന്നു ലിങ്കുള്ള ഒരു സൈറ്റ്‌ തീര്‍ച്ചയായും പ്രധാനപ്പെട്ടതായിരിക്കും. യാഹൂവിന്റെ ഹോംപേജില്‍ നിന്ന്‌ ലിങ്കുള്ള ഒരു സൈറ്റ്‌ തീര്‍ച്ചയായും പ്രധാനപ്പെട്ടതാകണമല്ലോ. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഗലകളെ കൂട്ടുപിടിക്കുകയാണ്‌ പേജ്‌റാങ്ക്‌ ചെയ്യുന്നത്‌. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും.

അതിസങ്കീര്‍ണമായ ഗണിതസമീകരണമുപയോഗിച്ചാണ്‌ പേജ്‌റാങ്ക്‌ പ്രധാനപ്പെട്ട സൈറ്റ്‌ ഏതെന്ന്‌ നിശ്ചയിക്കുന്നത്‌. റാങ്കിങ്ങില്‍ മുകളിലെത്തുന്ന സൈറ്റുകളാവും പ്രധാനപ്പെട്ടവ. അവ ഗൂഗിള്‍ സെര്‍ച്ച്ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടും. പരസ്യങ്ങളുടെ കാര്യത്തിലും ഇതേ റാങ്കിങ്‌ ഗൂഗിള്‍ നടത്തുന്നു. ഒരു കമ്പനി കൂടുതല്‍ പണം നല്‍കിയ പരസ്യമായതുകൊണ്ട്‌, ഗൂഗിളിന്റെ സെര്‍ച്ച്ഫലത്തോടൊപ്പം അത്‌ മുകളിലെത്തണമെന്നില്ല. എത്രപേര്‍ ആ പരസ്യലിങ്കില്‍ ക്ലിക്കു ചെയ്യുന്നു എന്നതും പ്രധാനമാണ്‌.

5 comments:

Joseph Antony said...

ഇല്ലായ്മകളില്‍ നിന്ന്‌ ഗൂഗിള്‍ നടന്നുകയറിയത്‌ ലോകത്തിന്റെ നെറുകയിലേക്കാണ്‌. ഗൂഗിള്‍ പരമ്പര രണ്ടാംഭാഗം.

Siju | സിജു said...

ഗൂഗിളിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല
ശരിക്കും ഒരു വിസ്മയം തന്നെ

സ്വാര്‍ത്ഥന്‍ said...

എനിക്കിഷ്ടമായത് താങ്കള്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്, വായനക്കാരോട് ലാളിത്യം പുലര്‍ത്തുന്നതും സാങ്കേതികവിദ്യയോട് നീതി പുലര്‍ത്തുന്നതുമായ ആ ശൈലി.

ആശംസകള്‍

വിഷ്ണു പ്രസാദ് said...

ഗൂഗിളിനെക്കുറിച്ചുള്ള ഈ ലേഖനം വളരെയധികം ഇഷ്ടമായി.

bodhappayi said...

വളരെ റിസര്‍ച്ച് ചെയ്തെഴുതിയ ലേഖനം. മനോഹരമായ ഭാഷ. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.