Sunday, October 28, 2007

ധമനികളുടെ രക്ഷയ്‌ക്ക്‌ നൂതന മാര്‍ഗം

രക്തം കട്ടപിടിച്ചോ കൊഴുപ്പ്‌ അടിഞ്ഞുകൂടിയോ രക്തപ്രവാഹം തടസ്സപ്പെട്ട ധമനികള്‍ ഭേദമാക്കാന്‍ പുതിയൊരു മാര്‍ഗ്ഗം രംഗത്തെത്തുന്നു. അമേരിക്കന്‍ കമ്പനി വികസിപ്പിച്ച ഒരിനം പ്രത്യേക ജല്‍ പ്രതീക്ഷയാവുകയാണ്‌.

ക്തസഞ്ചാരം തടസ്സപ്പെട്ട ധമനികള്‍ നേരെയാക്കാനുള്ളതാണ്‌ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി (angioplasty). ധമനിയുടെ കേടുവന്ന ഭാഗത്ത്‌ ഔഷധം പുറപ്പെടുവിക്കുന്ന 'സ്റ്റെന്റും'(stent) ഘടിപ്പിക്കുന്നു. വീണ്ടും അവിടെ തടസ്സമുണ്ടാകാതെ നോക്കാനാണിത്‌. എന്നാല്‍, ഹൃദ്രോഗചികിത്സയില്‍ സര്‍വസാധാരണമായ ആന്‍ജിയോപ്ലാസ്റ്റിയുടെയും സ്റ്റെന്റിന്റെയും സാധുത ശക്തമായി ചോദ്യംചെയ്യപ്പെടുന്നതിന്‌ വൈദ്യസമൂഹം അടുത്തയിടെ സാക്ഷിയായി. ജീവന്‍ രക്ഷിക്കാനെന്നു പറഞ്ഞ്‌ വന്‍ചെലവില്‍ നടത്തപ്പെടുന്ന ഈ ചികിത്സാവിധികള്‍ യഥാര്‍ത്ഥത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന്‌ പഠനങ്ങളില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്‌. സ്റ്റെന്റുകളുടെ സുരക്ഷിതത്വത്തെപ്പറ്റി തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്‌.

രക്തം കട്ടപിടിച്ചോ കൊഴുപ്പ്‌ അടിഞ്ഞുകൂടിയോ രക്തപ്രവാഹം തടസ്സപ്പെട്ട ധമനികള്‍ ഭേദമാക്കാന്‍ പുതിയൊരു മാര്‍ഗ്ഗം രംഗത്തെത്തുന്നു എന്ന വാര്‍ത്ത ഈ സാഹചര്യത്തില്‍ വളരെ ആകാംക്ഷയോടെയാണ്‌ വിദഗ്‌ധര്‍ കാണുന്നത്‌. ധമനിയിലെ തടസ്സം നീക്കിയശേഷം അവിടെ വീണ്ടും രക്തതടസ്സമുണ്ടാകുന്നതിനെ 'റെസ്റ്റെനോസിസ്‌' (restenosis) എന്നാണ്‌ പറയാറ്‌. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്‌ജില്‍ പ്രവര്‍ത്തിക്കുന്ന 'പെര്‍വാസിസ്‌ തെറാപ്യൂട്ടിക്‌സ്‌' എന്ന കമ്പനി രൂപപ്പെടുത്തിയ ഒരിനം 'ജല്‍'(gel) ആണ്‌ റെസ്‌റ്റെനോസിസ്‌ തടയാന്‍ സഹായിക്കുന്നത്‌. തടസ്സം നീക്കിയ ധമനീഭാഗത്തിന്റെ ബാഹ്യഭാഗത്ത്‌ ഈ ജല്‍ പൊതിഞ്ഞുവെച്ചാല്‍ മതി, ധമനിയുടെ ആന്തരപാളി (എന്‍ഡോഥെലിയം-endothelium) വേഗം സുഖപ്പെടും.

"രക്തധമനിയുടെ ഘടന വളരെ സങ്കീര്‍ണമാണ്‌"; ഹാര്‍വാഡ്‌-എം.ഐ.ടി. ബയോമെഡിക്കല്‍ എഞ്ചിനിയറിങ്‌ സെന്ററിന്റെ മേധാവിയും 'പെര്‍വാസിസ്‌' കമ്പനിയുടെ സഹസ്ഥാപകനുമായ ഇലാസെര്‍ ഇഡെല്‍മാന്‍ അറിയിക്കുന്നു. ധമനിയുടെ ആന്തരപാളിക്ക്‌ തകരാര്‍ പറ്റുന്നത്‌ അവിടെ ലോലമായ പേശീകോശങ്ങള്‍ സാധാരണഗതിയിലല്ലാതെ വളരാന്‍ ഇടയാക്കും (ഹൈപ്പെര്‍പ്ലാസിയ-hyperplasia-എന്നാണ്‌ ഈ പ്രക്രിയയ്‌ക്കു പറയുക). ധമനിയുടെ ആന്തരഭാഗം വീണ്ടും കട്ടികൂടാനും രക്തതടസ്സം ഉണ്ടാകാനും ഇതിടയാക്കും. കള്‍ച്ചര്‍ ചെയ്‌ത്‌ വളര്‍ത്തിയെടുത്ത എന്‍ഡോഥെലിയം കോശങ്ങളടങ്ങിയ ജല്ലാണ്‌ ഇതിന്‌ പ്രതിവിധിയായി പെര്‍വാസിസ്‌ കമ്പനി വികസിപ്പിച്ചെടുത്തത്‌.

ഈ ജല്‍ ധമനിയുടെ ബാഹ്യഭാഗത്ത്‌ പൊതിഞ്ഞു വെയ്‌ക്കുമ്പോള്‍ 'എന്‍ഡോഥെലിയത്തിന്‌ കുഴപ്പമില്ല, കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്‌' എന്ന വിധത്തിലുള്ള രാസസൂചകങ്ങള്‍ (സിഗ്നലുകള്‍) ഇത്‌ പുറപ്പെടുവിക്കും. അതുവഴി ശരീരത്തിന്റെ പ്രതിരോധസംവിധാനം ധമനിയുടെ ആ ഭാഗത്തെ വെറുതെ വിടും. ആന്‍ജിയോപ്ലാസ്റ്റി മൂലം കേടുപറ്റിയ ധമനിയുടെ ആന്തരപാളിക്ക്‌ ഭേദമാകാനുള്ള സമയം ഇതുവഴി ലഭിക്കും. ധമനീഭാഗം പൊതിയാനുപയോഗിച്ച ജല്ലിന്‌ 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ ജൈവവിഘടനം സംഭവിക്കുകയും ചെയ്യും-പെര്‍വാസിസിന്റെ മേധാവി സ്റ്റീവ്‌ ബോലിന്‍ഗര്‍ അറിയിക്കുന്നു. ഹൃദ്രോഗികള്‍ക്കു മാത്രല്ല ഈ സങ്കേതം അനുഗ്രഹമാകുകയെന്ന്‌ ഗവേഷകര്‍ പറയുന്നു. വൃക്ക തകരാര്‍ മൂലം ഡയാലിസിന്‌ വിധേയമാകുന്നവര്‍ക്കും ഇത്‌ പ്രയോജനം ചെയ്യും. (അവലംബം: ടെക്‌നോളജി റിവ്യൂ, കടപ്പാട്‌: മാതൃഭൂമി)

5 comments:

Joseph Antony said...

ആന്‍ജിയോപ്ലാസ്റ്റി വഴി മനിയിലെ തടസ്സം നീക്കിയശേഷം വീണ്ടും രക്തതടസ്സമുണ്ടാകുന്നതിനെ 'റെസ്റ്റെനോസിസ്‌' എന്നാണ്‌ പറയാറ്‌. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്‌ജില്‍ പ്രവര്‍ത്തിക്കുന്ന 'പെര്‍വാസിസ്‌ തെറാപ്യൂട്ടിക്‌സ്‌' എന്ന കമ്പനി രൂപപ്പെടുത്തിയ ഒരിനം 'ജല്‍' റെസ്‌റ്റെനോസിസ്‌ തടയാന്‍ സഹായിക്കും. ഹൃദ്രോഗ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷയാകുന്ന കണ്ടെത്തലിനെക്കുറിച്ച്‌ 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍.

Mr. K# said...

കൊള്ളാം

ത്രിശങ്കു / Thrisanku said...

ലിങ്കുകള്‍ കൂടി കിട്ടിയിരുന്നെങ്കിള്‍....

Unknown said...

കൊള്ളാം മാഷേ , പക്ഷെ “ രക്തധമനികള്‍ ഭേദമാക്കാന്‍ ...... “ എന്ന തലക്കെട്ട് കണ്‍‌ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ് . അത് മാറ്റുമല്ലോ ? പറഞ്ഞുവെന്ന് മാത്രം , ഒന്നും വിചാരിക്കരുത് ...

Joseph Antony said...

കുതിരവട്ടന്‍,
ത്രിശങ്കു,
സുകുമാരന്‍ മാഷ്‌,
വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
ത്രിശങ്കു, ലിങ്കുകളുടെ കാര്യം തീര്‍ച്ചയായും പരിഗണിക്കാം.
സുകുമാരന്‍ മാഷ്‌, അങ്ങ്‌ പറഞ്ഞത്‌ ശരിയാണ്‌, ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട്‌, നിര്‍ദ്ദേശം നടപ്പാക്കുന്നു.