ഒരു മൂലകത്തെ ഉന്നത ഊഷ്‌മാവില്‍ ചൂടാക്കുമ്പോള്‍, അതിന്റെ ആറ്റത്തിലെ ഇലക്ട്രോണുകള്‍ അധിക ഊര്‍ജം സ്വായത്തമാക്കി സ്വതന്ത്രമാകും. ഈ പ്രക്രിയയ്‌ക്ക് 'താപഅയണീകരണം'(Thermal ionisation) എന്നാണ് പേര്. നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയണീകരണതോത്, അവയുടെ ഊഷ്‌മാവിന് നേര്‍അനുപാതത്തിലായിരിക്കുമെന്ന് തെളിയിച്ച ശാസ്‌ത്രജ്ഞനാണ് മേഘനാഥ് സാഹ. ഇരുപതാംനൂറ്റാണ്ടില്‍ അസ്‌ട്രോഫിസിക്‌സിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി ഈ കണ്ടുപിടിത്തം വിലയിരുത്തപ്പെടുന്നു. നക്ഷത്രങ്ങളുടെ ആന്തരഘടന ശരിയായി മനസിലാക്കാന്‍ സഹായിക്കാന്‍ ശാസ്‌ത്രലോകത്തെ ഈ കണ്ടെത്തല്‍ സഹായിച്ചു.
സൂര്യനുള്‍പ്പടെയുള്ള നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശത്തിന്റെ വര്‍ണരാജി (spectra)യില്‍ കാണപ്പെടുന്ന രേഖകള്‍, അവയിലെ മൂലകങ്ങളുടെ മാത്രം സൂചനയായിക്കൊള്ളണം എന്നില്ല എന്നാണ് സാഹ തെളിയിച്ചത്. വര്‍ണരാജിയില്‍ കാണപ്പെടുന്ന ചില അസാധാരണരേഖകള്‍ ലോഹആറ്റങ്ങളുടെ താപഅയണീകരണത്തിന്റെ തോതിനെയാണ് സൂചിപ്പിക്കുകയെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. ഇക്കാര്യം നക്ഷത്രത്തിന്റെ താപനിലയുമായി നേരിട്ടു ബന്ധപ്പെട്ട ഒന്നാണ്. ഇതുപ്രകാരം നക്ഷത്രങ്ങളിലെ താപഅയണീകരണത്തിന്റെ തോത് മനസിലാക്കാന്‍ അദ്ദേഹം ഒരു സമവാക്യത്തിനും രൂപം നല്‍കി. 'സാഹ സമവാക്യം'(Saha's equation)എന്നാണത് അറിയുന്നത്.
ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ നക്ഷത്രങ്ങളുടെ പ്രകാശതീവ്രതയും പിണ്ഡവും തമ്മില്‍ ബന്ധം വ്യക്തമാക്കാന്‍, പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ആര്‍തര്‍ എഡിങ്‌ടണ്‍ രൂപംനല്‍കിയ 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന്, സാഹ നടത്തിയ കണ്ടുപിടിത്തം വെല്ലുവിളി ഉയര്‍ത്തി. സാഹയുടെ സമവാക്യം അനുസരിച്ച് സൂര്യനില്‍ മറ്റേത് മൂലകത്തെക്കാളും കോടിക്കണക്കിന് മടങ്ങ് കൂടുതല്‍ ഉള്ളത് ഹൈഡ്രജനാണ്. ഇക്കാര്യം എഡിങ്‌ടന്റെ സിദ്ധാന്തംകൊണ്ട് വിശദീകരിക്കാനാവത്ത സംഗതിയായിരുന്നു. എഡിങ്‌ടനെപ്പോലെ, അസ്‌ട്രോഫിസിക്‌സിലെ കിരീടംവെയ്‌ക്കാത്ത രാജാവായ ഒരാളുടെ നിഗമനം തെറ്റാണെന്നു സമര്‍ത്ഥിക്കുന്ന ഒരു സിദ്ധാന്തം ശരിയാണെന്നു അംഗീകരിക്കപ്പെടുക എളുപ്പമായിരുന്നില്ല.
സാഹയുടെ സമവാക്യമുപയോഗിച്ച് എഡിങ്‌ടന്റെ മുന്‍വിദ്യാര്‍ത്ഥിയായ സെസിലിയ പെയ്‌ന്‍ എന്ന ഗവേഷക സൂര്യനില്‍ ഏറിയപങ്കും ഹൈഡ്രജനാണെന്ന് 1925-ല്‍ കണ്ടെത്തിയെങ്കിലും, എഡിങ്‌ടന്റെ പ്രഭാവം മൂലം അക്കാര്യം അന്ന് പുറത്തു വന്നില്ല. എന്നാല്‍, 1932 ആയപ്പോഴേക്കും ഡാനിഷ് അസ്‌ട്രോഫിസിസ്റ്റ് ബെങ്‌ട് സ്‌ട്രോംഗ്രെന്‍ ഉള്‍പ്പടെയുള്ളയുള്ള ഗവേഷകര്‍ സ്വതന്ത്രമായ നിലയില്‍ സാഹയുടെ കണ്ടെത്തലാണ് ശരിയെന്ന് അസന്നിഗ്‌ധമായി തെളിയിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സുബ്രഹ്മണ്യം ചന്ദ്രശേഖരുടെ വിധി സാഹയ്‌ക്കും വന്നുകൂടായ്‌കയില്ലായിരുന്നു. (വെളുത്തകുള്ളന്‍മാരെ (white dwarf)പ്പറ്റിയും നക്ഷത്രങ്ങളുടെ അന്ത്യത്തെക്കുറിച്ചും ചന്ദ്രശേഖര്‍ നടത്തിയ സുപ്രധാന കണ്ടെത്തല്‍ എഡിങ്‌ടണ്‍ എതിര്‍ത്തതുകൊണ്ടു മാത്രം ശാസ്‌ത്രലോകം അംഗീകരിക്കാന്‍ നാലു പതിറ്റാണ്ടെടുത്തു എന്നകാര്യം ഓര്‍ക്കുക. അതുകൊണ്ടു മാത്രം റേഡിയോ അസ്‌ട്രോണമിയുടെ വളര്‍ച്ച 40 വര്‍ഷം തടയപ്പെട്ടു എന്നത് ശാസ്‌ത്രചരിത്രം).
പ്രസിദ്ധ ശാസ്‌ത്രജ്ഞന്‍ ജയന്ത് വി.നര്‍ലിക്കറുടെ അഭിപ്രായത്തില്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും മഹത്തായ പത്ത് ശാസ്‌ത്രമുന്നേറ്റങ്ങളിലൊന്നാണ് സാഹയുടെ കണ്ടെത്തല്‍; നോബല്‍ പുരസ്‌കാരത്തിന് യോഗ്യമായ ഒന്ന്. എന്നാല്‍, സത്യേന്ദ്രനാഥ ബോസിനെപ്പോലെ, എല്ലാ ആര്‍ഹതയുമുണ്ടായിട്ടും, സാഹയ്‌ക്കും ആ ബഹുമതി ലഭിച്ചില്ല. അസ്‌ട്രോഫിസിക്‌സില്‍ മാത്രമല്ല സാഹ തന്റെ പ്രാവിണ്യം തെളിയിച്ചത്, സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ ശാസ്‌ത്രഗവേഷണമേഖലയുടെ വളര്‍ച്ചയ്‌ക്കും കാതലായ സംഭാവന അദ്ദേഹം നല്‍കി. ശാസ്‌ത്രജ്ഞനെന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ജനകീയ പ്രശ്‌നങ്ങളിലും നിന്ന് മാറിനില്‍ക്കേണ്ടവനല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയും ചെയ്‌തു അദ്ദേഹം. ഇല്ലായ്‌മയുടെ ദുരിതപര്‍വം കടന്ന് ശാസ്‌ത്രത്തിന്റെ ഉന്നതസരണിയിലെത്തിയപ്പോഴും, താന്‍ ഉള്‍പ്പെടുന്ന സമൂഹത്തെ അദ്ദേഹം മറന്നില്ല. ശാസ്‌ത്രജ്ഞന്‍ നല്ലൊരു സാമൂഹ്യജീവി കൂടിയാകണം എന്നാണ് സാഹ തന്റെ ജീവിതം കൊണ്ട് തെളിയിച്ചത്.
ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ശിവതരാളി ഗ്രാമത്തില്‍ (ധാക്ക ജില്ല), ചെറിയൊരു പീടികക്കാരനായ ജഗന്നാഥ് സാഹയുടെ മകനായി 1893 ഒക്‌ടോബര്‍ ആറിന് മേഘനാഥ് സാഹ ജനിച്ചു. മക്കളില്‍ അഞ്ചാമന്‍. ദാരിദ്ര്യം നിറഞ്ഞ ബാല്യം. സ്‌കോളര്‍ഷിപ്പും സൗമനസ്സുകളുടെ സഹായവുമായിരുന്നു പഠനത്തിന് ആധാരം. 1905-ല്‍ ധാക്ക കൊളീജിയേറ്റ് സ്‌കൂളില്‍ ചേര്‍ന്നെങ്കിലും, സ്വദേശിപ്രസ്ഥാനത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ് റദ്ദാക്കപ്പെട്ടു, സ്‌കൂളില്‍നിന്ന് പുറത്തു പോകേണ്ടിയും വന്നു. പിന്നീട് കിഷോരിലാല്‍ ജൂബിലി സ്‌കൂളില്‍ ചേര്‍ന്നാണ് ആദ്യകാല പഠനം പൂര്‍ത്തിയാക്കിയത്. 1911-ല്‍ കൊല്‍ക്കത്തയിലെത്തി പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. സര്‍ ജെ.സി.ബോസ്, സര്‍ ആചാര്യ പി.സി.റോയ്, പ്രൊഫ. ഡി.എന്‍.മല്ലിക് തുടങ്ങിയ പ്രഗത്ഭമതികളാണ് ആ വിദ്യാര്‍ത്ഥിയെ ശാസ്‌ത്രത്തിന്റെ വിശാലലോകത്തേക്ക് ആനയിച്ചത്.
ഗണിതശാസ്‌ത്രമാണ് പഠിച്ചതെങ്കിലും, ഭൗതീകശാസ്‌ത്ര പ്രൊഫസറായിരുന്ന പി.സി.റോയിയുടെ സ്വാധീനം സാഹയുടെ ഗതി തിരിച്ചുവിട്ടു. പി.സി.റോയിയുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായും സഹായിയുമായി സാഹ മാറി. ഗണിതശാസ്‌ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടിയ സാഹയെ, 1916-ല്‍ കല്‍ക്കത്ത സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ അഷുതോഷ് മുഖര്‍ജി, കൊല്‍ക്കത്തയില്‍ പുതിയതായി നിലവില്‍വന്ന കോളേജ് ഓഫ് സയന്‍സിലെ 'ഫിസിക്‌സ് ആന്‍ഡ് മിക്‌സഡ് മാത്തമാറ്റിക്‌സ്' വകുപ്പില്‍ ലക്‌ചററായി നിയമിച്ചു. സത്യേന്ദ്രനാഥ ബോസും 1917-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അധ്യാപകനായി. അധ്യാപനം കൂടാതെ മറ്റെന്തെങ്കിലും കാര്യമായി ചെയ്യണമെന്ന ബോസിന്റെയും സാഹയുടെയും ഉറച്ച തീരുമാനം അവരെയെത്തിച്ചത്, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെയും മാക്‌സ് പ്ലാങ്കിന്റെയുമൊക്കെ ശാസ്‌ത്ര പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിലേക്കാണ്. അങ്ങനെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പേരില്‍ ഐന്‍സ്റ്റയിന്‍ അത്ര പ്രശസ്‌തനാകും മുമ്പു തന്നെ സാഹയും ബോസുമൊക്കെ അദ്ദേഹത്തിന്റെ ആരാധകരായി.
1918-ലായിരുന്നു സാഹയുടെ വിവാഹം. രാധികാ റാണിയായിരുന്നു വധു. അതിനടുത്ത വര്‍ഷം അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചു. ആ വര്‍ഷമാണ് 'Selective Radiation Pressure and its Application to the Problems of Astrophysics' എന്ന പ്രബന്ധം സാഹ രചിച്ചത്. അസ്‌ട്രോഫിസിക്‌സിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തെ ഇത് കുറിക്കുന്നു. രണ്ടു സ്‌കോളര്‍ഷിപ്പുകളുടെ പിന്തുണയോടെ 1920-ല്‍ സാഹ വിദേശത്തേക്ക് പുറപ്പെട്ടു. ലണ്ടനില്‍ ഇംപീരിയല്‍ കോളേജില്‍ പ്രൊഫ. ആല്‍ഫ്രഡ് ഫൗളറുടെ കീഴില്‍ കുറച്ചു നാള്‍ ഗവേഷണം നടത്തി. അവിടെവെച്ചാണ് തന്റെ ഏറ്റവും പ്രശസ്‌തമായ 'Thermal Ionisation of Gases' എന്ന പ്രബന്ധം തയ്യാറാക്കുന്നത്. നക്ഷത്രങ്ങളിലെ താപഅയണീകരണത്തിന് സുവ്യക്തമായ വിശദീകരണമായിരുന്ന സാഹയുടെ സിദ്ധാന്തം.'ഫിലോസഫിക്കല്‍ മാഗസിനി'ല്‍ ആ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു.
ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി ഒബ്‌സര്‍വേറ്ററിയിലെ സര്‍ ലോക്കിയറും പ്രൊഫ.പിക്കെറിങും ചേര്‍ന്ന് രണ്ടുലക്ഷത്തോളം നക്ഷത്രങ്ങളെ നിരീക്ഷിച്ചു കണ്ടെത്തിയ വിവരങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ സാഹയുടെ സിദ്ധാന്തം സഹായിച്ചു. അങ്ങനെ ആ സിദ്ധാന്തം അസ്‌ട്രോഫിസിക്‌സില്‍ വഴിത്തിരിവായി. തന്റെ സിദ്ധാന്തം പരീക്ഷണം വഴി പരിശോധിക്കാനായി 1921-ല്‍ സാഹ ബെര്‍ലിനില്‍ പ്രൊഫ. ഡ്‌ബ്ല്യു.നെണ്‍സ്റ്റിന്റെ ലബോറട്ടറിയിലെത്തി. ഐന്‍സ്റ്റയിനുമായി പരിചയപ്പെടാനും അവിടെവെച്ച് അദ്ദേഹത്തിന് സാധിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ സാഹ തിരികെയെത്തിയെങ്കിലും, തന്റെ സിദ്ധാന്തം തെളിയിക്കാനാവശ്യമായ പരീക്ഷണത്തിന് ഒരു ലബോറട്ടറി അവിടെ സ്ഥാപിക്കാന്‍ ശ്രമിച്ച പരാജയപ്പെട്ട അദ്ദേഹം 1923-ല്‍ അലഹബാദ് സര്‍വകലാശാലയില്‍ ഭൗതീകശാസ്‌ത്ര പ്രൊഫസറായി ചേര്‍ന്നു. 1938 വരെ അവിടെ തുടര്‍ന്നു.
അതിനിടെ, സാഹയുടെ സിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പ്രിന്‍സെറ്റന്‍ സര്‍വകലാശാലയിലെ പ്രശസ്‌ത അസ്‌ട്രോഫിസിസ്റ്റ് ഹെന്‍ട്രി നോറിസ് റസ്സലായിരുന്നു അതില്‍ പ്രമുഖന്‍. (സാഹയുടെ സമവാക്യമുപയോഗിച്ചാണ് സൂര്യനിലെ ഹൈഡ്രജന്റെ അളവ് 1929-ല്‍ റസ്സല്‍ കണക്കാക്കിയത്; കണക്കുകൂട്ടല്‍ പൂര്‍ണമായി ശരിയായില്ലെങ്കിലും). കേംബ്രിഡ്‌ജിലെ ഗവേഷണവിദ്യാര്‍ത്ഥികളായിരുന്ന ആര്‍.എച്ച്.ഫൗളറും ഇ.എ.മില്‍നെയും ചേര്‍ന്ന് സാഹയുടെ സിദ്ധാന്തത്തെ കുറച്ചു കൂടി പരിഷ്‌ക്കരിക്കുകയും, അതിന് പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.(സൂര്യന്റെ വികിരണമര്‍ദ്ദവും ഗുരുത്വാകര്‍ഷണബലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാഹ തയ്യാറാക്കി 'നേച്ചര്‍' വാരികയ്‌ക്ക് അയച്ചു കൊടുത്ത കുറിപ്പുപയോഗിച്ച് മില്‍നെ സ്വന്തം പേരില്‍ സിദ്ധാന്തം രൂപപ്പെടുത്തിയതായി ആരോപണമുണ്ട്). ആല്‍ഫ്രഡ് ഫൗളറാണ് 1925-ല്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പിന് സാഹയുടെ പേര് ശുപാര്‍ശ ചെയ്യുന്നത്. 1927-ല്‍ അദ്ദേഹത്തിന് ഫെലോഷിപ്പ് ലഭിച്ചു. അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഫ്രാന്‍സിന്റെ ആയുഷ്‌കാല അംഗത്വവും സാഹയ്‌ക്കു ലഭിച്ചു.
അലഹബാദ് സര്‍വകലാശാലയില്‍ ചേര്‍ന്ന ശേഷവും ഈടുറ്റ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ സാഹ പ്രസിദ്ധീകരിച്ചു. 1938 വരെ അദ്ദേഹം അലഹബാദില്‍ തുടര്‍ന്നു. ആ ഒന്നര പതിറ്റാണ്ട് കാലംകൊണ്ട്, സഹപ്രവര്‍ത്തകരുടെ സഹായത്തോടെ വളരെ സജീവമായ ഒരു ഗവേഷണകേന്ദ്രം അദ്ദേഹം അവിടെ രൂപപ്പെടുത്തി. ഗവേഷണാര്‍ത്ഥമുള്ള ആവശ്യങ്ങള്‍ക്ക് മാത്രമല്ല, ആവശ്യത്തിന് ഫണ്ട് ലഭിക്കാനും ഗവേഷണ സംരംഭങ്ങള്‍ക്ക് ബഹുജന പിന്തുണ ആര്‍ജ്ജിക്കാനുമായി ശാസ്‌ത്രസമൂഹത്തെ സംഘടിപ്പിക്കാനും സാഹ മുന്‍കൈയെടുത്തു. 'ഇന്ത്യന്‍ സയന്‍സ് അക്കാദമി' രൂപവത്‌ക്കരിക്കാനുള്ള നിര്‍ദ്ദേശം സാഹയാണ് മുന്നുട്ടുവച്ചത്; 1934-ല്‍. ദേശീയ ഗവേഷണ കമ്മറ്റിക്കു രൂപംനല്‍കാനും അതില്‍ ശാസ്‌ത്രജ്ഞര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാനും സയന്‍സ് അക്കാദമി സര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്നും സാഹ നിര്‍ദ്ദേശിച്ചു. കൊല്‍ക്കത്ത കേന്ദ്രമാക്കി 1935-ല്‍ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സസ് ഓഫ് ഇന്ത്യ' രൂപവത്‌ക്കരിക്കപ്പെടാന്‍ സാഹയുടെ പ്രയത്‌നം സഹായിച്ചു.(പിന്നീടത് 'ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി'യെന്ന് പുനര്‍നാമകരണം ചെയ്യുകയും, ന്യൂഡല്‍ഹിയിലേക്ക് ആസ്ഥാനം മാറ്റുകയും ചെയ്‌തു).
അതിനിടെ, മറ്റ് രണ്ട് ശാസ്‌ത്രസംഘനകളുടെ പിറവിക്കും സാഹ മുന്‍കൈയെടുത്തു-ഇന്ത്യന്‍ ഫിസിക്കല്‍ സൊസൈറ്റി (1933), ഇന്ത്യന്‍ സയന്‍സ് ന്യൂസ് അസോസിയേഷന്‍(1935) എന്നിവ. ആ ന്യൂസ് അസോസിയേഷനാണ് മുപ്പതുകളുടെ പകുതി മുതല്‍ 'സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍' എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് അത് ചര്‍ച്ച ചെയ്‌തിരുന്നത്. ദേശീയ ആസൂത്രണ പ്രക്രിയയില്‍ ശാസ്‌ത്രത്തിന്റെ സാധ്യതകള്‍ കണക്കിലെടുക്കണമെന്ന് സാഹ നിര്‍ദ്ദേശിച്ചു. ദേശീയനിര്‍മാണ പ്രക്രിയയില്‍ ശാസ്‌ത്രസാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്ന് സുഭാഷ് ചന്ദ്രബോസ് (പ്രസിഡന്‍സി കോളേജില്‍ ബോസ്, സാഹയുടെ ജൂനിയര്‍ ആയിരുന്നു) 1930-ലെ പ്രശസ്‌തമായ 'ലണ്ടന്‍ തീസിസി'ല്‍ പറഞ്ഞകാര്യം സാഹ ചൂണ്ടിക്കാട്ടി. 1938-ല്‍ ജവഹര്‍ലാല്‍ നെഹൃവിന്റെ അധ്യക്ഷതയില്‍ ദേശീയ ആസൂത്രണകമ്മറ്റി നിലവില്‍ വന്നപ്പോള്‍ സാഹ അതിലെ പ്രമുഖ അംഗമായി.
1938-ല്‍ സാഹ കല്‍ക്കത്ത സര്‍വകലാശാലയില്‍ വീണ്ടുമെത്തി; പാലിറ്റ് പ്രൊഫസര്‍ പദവിയില്‍. 1953 വരെ അവിടെ തുടര്‍ന്നു. ആണവഗവേഷണത്തിന്റെ സാധ്യത മനസിലാക്കി ഇന്ത്യയില്‍ ആദ്യമായി ആ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സാഹയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് 1948-ല്‍ കൊല്‍ക്കത്തയില്‍ 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്' എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ചു. സാഹയുടെ മരണശേഷം ആ സ്ഥാപനം 'സാഹ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്' എന്നറിയപ്പെട്ടു. അതിനിടെ, രാജ്യത്ത് 'ആണവോര്‍ജ കമ്മീഷന്‍' സ്ഥാപിക്കണം എന്ന് പ്രശസ്‌ത ശാസ്‌ത്രജ്ഞനായ ഹോമി ഭാഭ നിര്‍ദ്ദേശിച്ചതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ 1948-ല്‍ സാഹയോട് വിശദീകരണം ചോദിച്ചു. അതിന് സമയമായിട്ടില്ല എന്നായിരുന്ന സാഹയുടെ അഭിപ്രായം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതേയുള്ളൂ. ആണവോര്‍ജ കമ്മീഷന്‍ പോലൊന്ന് പ്രവര്‍ത്തിക്കാനാവശ്യമായ പശ്ചാത്തല സൗകര്യവും വാണിജ്യസംവിധാനവും രാജ്യത്ത് നിലവിലില്ല എന്ന് അദ്ദേഹം പറഞ്ഞു. സാഹയുടെ അഭിപ്രായം അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോയി. നെഹൃവുമായി സാഹ അകലാനാരംഭിക്കുന്നത് അങ്ങനെയാണ്.
എങ്കിലും, സാഹ തന്റെ ജേര്‍ണലിലൂടെ മുന്നോട്ടു വെച്ച പല സംഗതികള്‍ക്കും ദേശീയ രാഷ്ട്രീയഅജണ്ടയില്‍ സ്ഥാനം നേടാനായി. പ്രളയവും വരള്‍ച്ചയും നേരിനുള്ള ശ്രമങ്ങളിലും സാഹയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമായി. 'ദാമോദര്‍ വാലി' കോര്‍പ്പറേഷന്‍ സാഹയുടെ കൂടി ശ്രമഫലമായാണ് നിലവില്‍ വന്നത്. രാഷ്ട്രീയ പ്രക്രിയയില്‍നിന്ന് ഒരിക്കലും അദ്ദേഹം വിട്ടു നിന്നില്ല. 1947-ലെ വിഭജനത്തെ തുടര്‍ന്ന് പലായനം ചെയ്‌ത ലക്ഷക്കണക്കിനാളുകളെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ സാഹ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. പുനരധിവാസ പ്രവര്‍ത്തനം ചിട്ടയോടെ നടത്താനായി 'ബംഗാള്‍ റിലീഫ് കമ്മറ്റി'ക്ക് രൂപംനല്‍കാന്‍ സാഹക്ക് കഴിഞ്ഞു.
ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ട് അധികാരികളിലെത്തിക്കാന്‍ ഏറ്റവു നല്ല വേദി നിയമനിര്‍മാണസഭകളാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, 1951-ല്‍ രാഷ്ട്രീയത്തിലിറങ്ങി. സ്വതന്ത്രനായി പാര്‍ലമെന്റിലേക്ക് മത്സരിച്ച സാഹ, എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. 1954-ന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ജനപക്ഷത്തു തന്നെയാണ് ശാസ്‌ത്രജ്ഞന്‍ നിലകൊള്ളേണ്ടതെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച ആ പ്രതിഭ, 1956 ഫിബ്രവരി 16-ന് അന്തരിച്ചു. ആസൂത്രണ കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു വിയോഗം. (കാണുക: എസ്.കെ.മിത്ര)
(ഈ പരമ്പരയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നവ കൂടാതെ, 'Banglapedia'-യില്‍ വന്ന മേഘനാഥ് സാഹയുടെ ജീവചരിത്രം, ജയന്ത് വി. നര്‍ലിക്കര്‍ രചിച്ച 'Scientific Edge: The Indian Scientist from Vedic to Modern Times', ആര്‍തര്‍ മില്ലറുടെ 'Empire of the Stars', Cambridge Dictionary of Scientists തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങളും ഈ ലേഖനരചനയ്‌ക്ക് അവലംബിച്ചിട്ടുണ്ട്)
4 comments:
നോബല്‍ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹമായിരുന്നു, നക്ഷത്രങ്ങളുടെ ആന്തര രഹസ്യം മനസിലാക്കാന്‍ മേഘനാഥ് സാഹ നടത്തിയ കണ്ടുപിടിത്തം. അസ്‌ട്രോഫിസിക്‌സിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലായി മാറി ആ കണ്ടെത്തല്‍. അതേസയമം, ശാസ്‌ത്രജ്ഞന്‍ സമൂഹത്തില്‍നിന്ന് അകന്നു നില്‍ക്കേണ്ടവനല്ലെന്നു സ്വന്തം ജീവിതംകൊണ്ട് തെളിയിക്കാനും ആ പ്രതിഭയ്‌ക്കു കഴിഞ്ഞു. കുറിഞ്ഞി ഓണ്‍ലൈനില്‍ 'ഭാരതീയ ശാസ്‌ത്രജ്ഞര്‍' എന്ന പരമ്പരയുടെ അടുത്ത ഭാഗം.
(ആഴ്‌ചയില്‍ ഒന്നു വീതം പ്രസിദ്ധീകരിക്കും എന്നായിരുന്നു ഈ പരമ്പരയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നത്. ആ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ മാന്യവായനക്കാര്‍ പൊറുക്കുക).
തികച്ചും വിജ്ഞാന പ്രദമായ ലേഖനം..
മഴക്കാലം കഴിഞ്ഞോ കുറിഞ്ഞിയില്‍?:) കുടപിടിച്ചോണ്ടായിരുന്നു വായിക്കാന്‍ വരുന്നത്!
നോബല്‍ സമ്മാനം തരില്ല മാഷെ, നമ്മുടെ സ്വന്തം യേശു ക്രിതുവിനെ നീലക്കണ്ണും, ബ്ലോണ്ട് മുടിയും വെച്ചുകൊടുത്തവന്മാരല്ലെ:)
ഹ.ഹ.ഹ.തന്പിയളിയന്‍, സത്യം പറഞ്ഞാല്‍ ഇതുവരെ ആലോചിക്കാത്ത ഒരു കാര്യമാണ് അങ്ങ് പറഞ്ഞത്.'കുടപിടിച്ചോണ്ട് കുറിഞ്ഞിയില്‍ വരിക'.. കൊള്ളാം നല്ല നിരീക്ഷണം. ഇല്ല,മഴക്കാലത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഇതെഴുതുന്നത്. അതിനാല്‍ ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരിക്കും. ഏതായാലും സ്നേഹപൂര്‍വമായ അഭിപ്രായത്തിന് ആദരം
-ജോസഫ് ആന്‍റണി
Post a Comment