ഒഴുക്കിനെതിരെ നീന്തിയാണ് ഗൂഗിള്‍ ആദ്യം പിടിച്ചു നിന്നത്. പിന്നീട് ഇന്റര്‍നെറ്റിന്റെ ഒഴുക്കുതന്നെ ഗൂഗിള്‍ അതിന് അനുകൂലമായി തിരിച്ചുവിട്ടു എന്നത് ചരിത്രം. തൊണ്ണൂറുകളുടെ അവസാനം സിലിക്കന്‍വാലിയില്‍ സോഫ്ട്‌വേര്‍ കമ്പനികള്‍ ഒന്നൊന്നായി തകര്‍ന്നു കൊണ്ടിരുന്നപ്പോള്‍, ആ സാഹചര്യം ഗൂഗിള്‍ പരമാവധി മുതലാക്കി. സിലിക്കന്‍വാലിയിലെ പ്രതിസന്ധി ഒട്ടേറെ ഒന്നാംകിട കമ്പ്യൂട്ടര്‍വിദഗ്ധരെ തൊഴില്‍രഹിതരാക്കി. ഗൂഗിള്‍ അതിന്റെ വിപുലീകരണം തുടങ്ങുന്ന സമയമായിരുന്നു അത്. സിലിക്കന്‍വാലിയിലെ ഏറ്റവും മുന്തിയ ബുദ്ധിമാന്‍മാരെ സ്വന്തം കുടക്കീഴിലാക്കാന്‍ ഗൂഗിളിന് ഇത് അവസരമൊരുക്കി. ലോകത്ത് ഒരു കമ്പനിക്കുമില്ലാത്ത ബൗദ്ധീകശേഷി ഗൂഗിളിലേക്ക് ചെക്കേറി. നാസ, ബെല്‍ ലാബ്സ്, മൈക്രോസോഫ്ട്, വന്‍കിട സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒന്നാംകിട വിദഗ്ധരാണ് ദിനംപ്രതി ഇപ്പോള്‍ ഗൂഗിളിലേക്ക് ഒഴുകുന്നത്. അവരില്‍ സോഫ്ട്‌വേര്‍ വിദഗ്ധരും കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരും മാത്രമല്ല, ഗണിതശാസ്ത്രജ്ഞരും നരവംശശസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരുമൊക്കെയുണ്ട്. ആറായിരത്തിലേറെ പേര്‍ ഇപ്പോള്‍ ഗൂഗിളില്‍ ജോലിചെയ്യുന്നു.
ഇതുമാത്രമല്ല, ഇന്റര്‍നെറ്റിന്റെ പുതുയുഗത്തിന് നാന്ദികുറിച്ച ഒട്ടേറെ കമ്പനികളെയും ഗൂഗിള്‍ വിലക്കു വാങ്ങി സ്വന്തം കുടക്കീഴിലാക്കി. ഗൂഗിളിന്റെ ഓരോ വാങ്ങലുകളും കാലത്തിന്റെ ചുമരെഴുത്തിന്റെ പ്രതിഫലനമായിരുന്നു. 'ബ്ലോഗര്‍ ഡോട്ട് കോം'(blogger.com) വികസിപ്പിച്ച 'പൈറ ലാബ്സി'നെ 2003 ഫിബ്രവരിയിലാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. ബ്ലോഗിങ്ങിന് ഇന്ന് ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന സര്‍വീസുകളിലൊന്നായ 'ബ്ലോഗര്‍ ഡോട്ട് കോമി'ലൂടെയാണ് ഈ ലേഖനം നിങ്ങള്‍ക്കു മുമ്പിലെത്തുന്നത്. ആഡ്സെന്‍സിന്റെ സഹായത്തോടെ, ബ്ലോഗറില്‍ നിന്ന് വന്‍വരുമാനവും ഗൂഗിള്‍ കൊയ്യുന്നു. സാധാരണക്കാരെപ്പോലും പര്യവേക്ഷകരാക്കി മാറ്റുന്ന സോഫ്ട്‌വേറാണ് 'ഗൂഗിള്‍ എര്‍ത്ത്'. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ലോകത്തെവിടെയും നിങ്ങള്‍ക്ക് 'പറന്നിറങ്ങാം'. അത് വികസിപ്പിച്ച 'കീഹോള്‍' കമ്പനിയെ 2004-ല്‍ ഗൂഗിള്‍ വിലയ്ക്കു വാങ്ങി സ്വന്തമാക്കി. കാലവാസ്ഥാ വിവരങ്ങള്‍ കൂടി ഗൂഗിള്‍എര്‍ത്തില്‍ സന്നിവേശിപ്പിച്ച് അതിനെ ഒരു 'iEarth' ആയി മാറ്റാന്‍ ഒരുങ്ങുകയാണ് നാസ ഇപ്പോള്‍.
സാധാരണ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു പോലും വിഡിയോ പിടിക്കാന്‍ ഇപ്പോള്‍ കഴിയും. അതിനാല്‍ സാധാരണക്കാര്‍ക്കുപോലും വീഡിയോ എടുക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, സ്വന്തമായി വീഡിയോ സംപ്രേക്ഷണം ചെയ്യുക സാധാരണക്കാര്‍ക്ക് അടുത്തകാലം വരെ ചിന്തിക്കാന്‍ കഴിയാത്ത സംഗതിയായിരുന്നു. ആ പരിമിതി മറികടക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഇന്റര്‍നെറ്റ് സംരംഭമാണ് 'യുടൂബ്'. ആര്‍ക്കും വളരെ എളുപ്പത്തില്‍ സംപ്രേക്ഷകരാകാന്‍ അവസരമൊരുക്കുന്നു യുടൂബ്. 2005-ല്‍ ആരംഭിച്ച 'യുടൂബ്'(YouTube) കമ്പനിയെ ഏതാനും മാസം മുമ്പ് 165 കോടി ഡോളര്‍(7425 കോടി രൂപ) നല്‍കിയാണ് ഗൂഗിള്‍ ഏറ്റെടുത്തത് വന്‍വാര്‍ത്തയായിരുന്നു. തങ്ങളുടെ നവീന പരസ്യ, ബിസിനസ് മാതൃക ഇന്റര്‍നെറ്റില്‍ നിന്ന് ഇതര മാധ്യമങ്ങളിലേക്കു വ്യാപിപ്പിക്കാനും ഗൂഗിള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് സംവിധാനമുപയോഗിച്ച് റേഡിയോ നിലയങ്ങള്‍ക്ക് പരസ്യം പ്രദാനം ചെയ്യുന്ന 'ഡിമേര്‍ ബ്രോഡ്കാസ്റ്റിങ് '(dMare Broadcasting) കമ്പനിയാണ് അടുത്തയിടെ ഗൂഗിളിന്റെ ഭാഗമായി മാറിയ മറ്റൊരു സ്ഥാപനം. അമേരിക്കയിലെ വന്‍കിടപത്രങ്ങള്‍ക്ക് ക്ലാസിഫൈഡ് പരസ്യങ്ങള്‍ പുതിയ രീതിയില്‍ നല്‍കാനും ഗൂഗിള്‍ തുടക്കമിട്ടുകഴിഞ്ഞു.
(ലേഖനം ഇവിടെ അവസാനിക്കുന്നു. പരമ്പരയുടെ അഞ്ചാംലക്കത്തില്‍ ഗൂഗിള്‍ സര്‍വീസുകളെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തതുന്ന വിഭാഗമാണുള്ളത്)
ഒരു സാധാരണ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ അളവുകോലുകളില്‍ ഗൂഗിള്‍ ഒതുങ്ങില്ല. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലക്സ് എന്ന ആസ്ഥാനത്ത് ശരിക്കുമൊരു കോളേജ് ക്യാമ്പസിന്റെ അന്തരീക്ഷമാണുള്ളത്. മൂന്നും നാലും പേരടങ്ങിയ ഗ്രൂപ്പുകളായാണ് ഗൂഗിളിലെ ജീവനക്കാര്‍ ജോലിചെയ്യുക. അത്യന്തം രുചികരമായ ഭക്ഷണം ഗൂഗിള്‍പ്ലക്സിനുള്ളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും. ഏത് ആശയവും പരീക്ഷിച്ചു നോക്കാന്‍ ഗൂഗിളിലെ ജീവനക്കാര്‍ക്ക് അനുവാദമുണ്ട്. അല്‍പ്പമെങ്കിലും സാധ്യതയുള്ളതെന്നു കണ്ടാല്‍ അതിന് ഗൂഗിളിന്റെ പിന്തുണ ലഭിക്കും. ഒറ്റ കാര്യത്തിനേ ഗൂഗിള്‍പ്ലക്സില്‍ വിലക്കുള്ളു; ഗൂഗിളിന്റെ ഓഹരിവില നോക്കാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി വൈസ്പ്രസിഡന്റുമാരിലൊരാളായ മരിസ്സ മയെറുടെ ശ്രദ്ധയില്‍ പെട്ടാല്‍, ഒരു ഓഹരിയുടെ വിലയാണ് പിഴ.
ഗൂഗിള്‍പ്ലക്സ്-ഗൂഗിളിന്റെ ആസ്ഥാനം. ഗൂഗിള്‍എര്‍ത്തില്‍ നിന്നെടുത്തത്
ഗൂഗിളിലുള്ളവര്‍ അവരുടെ ആകെ ജോലിസമയത്തിന്റെ 70 ശതമാനം മാത്രം ഗൂഗിളിന്റെ മുഖ്യജോലികളായ സെര്‍ച്ചിങ്, പരസ്യം തുടങ്ങിയവയില്‍ ശ്രദ്ധിച്ചാല്‍ മതി. ബാക്കി വരുന്നതില്‍ 20 ശതമാനം സമയം വ്യക്തിപരമായി താത്പര്യമുള്ള പദ്ധതികളില്‍ ഉപയോഗിക്കാം. ബാക്കി പത്തുശതമാനം ഏത് ഭ്രാന്തന്‍ ആശയവും പരീക്ഷിച്ചു നോക്കാനുള്ള സമയമാണ്. ക്രിയാത്മകത നിലനിര്‍ത്താനും അതുവഴി പുത്തന്‍ സങ്കേതങ്ങള്‍ക്ക് വഴിതുറക്കാനും ഗൂഗിള്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണിത്. ഗൂഗിളിന്റെ പ്രശസ്തമായ പല ഉത്പന്നങ്ങളും രൂപപ്പെട്ടത് ഇങ്ങനെ അനുവദിക്കപ്പെട്ട സമയത്താണ്. ഗൂഗിള്‍ ഡെസ്ക്ടോപ്, ഗൂഗിള്‍ ന്യൂസ്, ഗൂഗില്‍ ടോക്ക്, ഓര്‍ക്കുട്, ജി-മെയില്‍ തുടങ്ങി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒട്ടേറെ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ പുറത്തു വന്നു.
സെര്‍ജിബ്രിന്നിന്റെയും ലാറിപേജിന്റെയും ആകെ സമ്പാദ്യം ഇപ്പോള്‍ ഒന്നേകാല്‍ലക്ഷംകോടി രൂപയോളം വരും. ഓഹരിമൂല്യമനുസരിച്ച് അമേരിക്കന്‍ കമ്പനികളില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഗൂഗിള്‍
ആധുനിക സമൂഹത്തില്‍ ഇന്റര്‍നെറ്റ് എത്രമാത്രം സ്ഥാനം നേടിയിരിക്കുന്നു എന്നറിയാന്‍, ഗൂഗിള്‍ സമ്പാദിക്കുന്ന പണത്തിന്റെ കണക്ക് നോക്കിയാല്‍ മതി. 1995-ല്‍ ഗൂഗിളിന്റെ ആകെ വരുമാനം 610 കോടി ഡോളറും(27450 കോടി രൂപ) ലാഭം 150 കോടി ഡോളറും(6750 കോടി രൂപ) ആയിരുന്നു. 2000-ാമാണ്ട് വരെ ഒരു ഡോളര്‍ പോലും വരുമാനമില്ലാതിരുന്ന കമ്പനിയായിരുന്നു ഗൂഗിള്‍ എന്നോര്‍ക്കുക. ഇത്ര കുറഞ്ഞ സമയം കൊണ്ട്, അതും ഒരു വായ്പയെടുക്കാതെ, ഒരു പരസ്യവും നല്‍കാതെ, ഇത്രയും വരുമാനമുണ്ടാക്കിയ കമ്പനി ലോകത്ത് വേറെ കാണില്ല. 2006 രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം പരസ്യത്തില്‍ നിന്നുള്ള ഗൂഗിളിന്റെ വരുമാനം(ഗൂഗിളിന് വേറെ വരുമാന മാര്‍ഗ്ഗമില്ല), കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനം വര്‍ധിച്ചിരിക്കുന്നു. ഗൂഗിളിന്റെ ആകെ വരവില്‍ പകുതി ലഭിക്കുന്നത്, 'ഗൂഗിള്‍ ഡോട്ട് കോ'മില്‍ നിന്നും അനുബന്ധ സേവനങ്ങളില്‍ (ഫ്രൂഗിള്‍, ജിമെയില്‍ തുടങ്ങിയ ഗൂഗിളിന്റെ തന്നെ വെബ്സൈറ്റുകളില്‍) നിന്നുമാണ്; ബാക്കി പകുതി ഗൂഗിള്‍ പരസ്യങ്ങളുടെ സേവനം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് മറ്റു സൈറ്റുകളില്‍ നിന്നും.
1999-ലെ ബാലന്‍സ് ഷീറ്റ് പ്രകാരം ഗൂഗിളിന്റെ വരുമാനം വെറും 2.2 ലക്ഷം ഡോളറും ചെലവ് 67 ലക്ഷം ഡോളറും ആയിരുന്നു. 2000-ല്‍ വരവ് 191 ലക്ഷം ഡോളറും ചെലവ് 338 ലക്ഷം ഡോളറുമായി, നഷ്ടം 147 ലക്ഷം ഡോളര്‍. 2001-ല്‍ ആദ്യമായി കമ്പനി ലഭത്തിലായി; 70 ലക്ഷം ഡോളര്‍. പിന്നെ ഗൂഗിളിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാകാന്‍ വേണ്ടി 2004 ആഗസ്ത് 19-നാണ് ഗൂഗിള്‍ ആദ്യഓഹരി വില്‍പ്പന(IPO) നടത്തിയത്. ലോക ഓഹരികമ്പോളത്തിന്റെ നട്ടെല്ലായ വാള്‍ട്രീറ്റിലെ പരമ്പരാഗത രീതികളെ വെല്ലുവിളിച്ചു കൊണ്ട്, പുതിയൊരു രീതിയിലാണ് ഗൂഗിള്‍ അത് ചെയ്തത്. പ്രാഥമിക വില്‍പ്പനയില്‍ ഗൂഗിളിന്റെ ഓഹരിക്ക് 85 ഡോളര്‍(3825 രൂപ) ആയിരുന്നു വില. 2005 ജൂലായ് 21 ആയപ്പോഴേക്കും ഗൂഗിളിന്റെ ഓഹരിക്ക് 317.80 ഡോളര്‍(14301 രൂപ) ആയി വില.
ആദ്യ ഓഹരിവില്‍പ്പന കഴിഞ്ഞ് കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോള്‍, ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജിന്റെയും സെര്‍ജി ബ്രിനിന്റെയും സമ്പാദ്യം 1000 കോടി ഡോളര്‍(45000 കോടി രൂപ) വീതമായി. 2006 മെയ് 11-ന് ഗൂഗിള്‍ ഓഹരിയുടെ വില 387 ഡോളര്‍(17415 രൂപ) ആണ്. അതനുസരിച്ച് ലാറിയുടെയും സെര്‍ജിയുടെയും സമ്പാദ്യം ഒരുമിച്ചു കൂട്ടിയാല്‍ 2500 കോടി ഡോളര്‍(1.125 ലക്ഷം കോടി രൂപ) വരും. ഓഹരിമൂല്യമനുസരിച്ച് അമേരിക്കന്‍ കമ്പനികളുടെ പട്ടികയില്‍ മൂന്നാംസ്ഥാനമാണിപ്പോള്‍ ഗൂഗിളിന്. മൈക്രോസോഫ്ടും വാള്‍മാര്‍ട്ടും മാത്രമാണ് ഗൂഗിളന് മുകളിലുള്ളത്. 2006 ജൂണ്‍ 20-ന്റെ കണക്കു പ്രകാരം മൈക്രോസോഫ്ടിന് 23000 കോടി ഡോളര്‍ ഓഹരിമൂല്യമുള്ളപ്പോള്‍, വാള്‍മാര്‍ട്ടിന് 20200 കോടി ഡോളറാണ് മൂല്യം. ഗൂഗിളിന് 11700 കോടി ഡോളറും. ഗൂഗിളിന്റെ മുഖ്യ പ്രതിയോഗികളിലൊരാളായ 'യാഹൂ'വിന്റെ ഓഹരിമൂല്യം 4330 കോടി ഡോളര്‍ മാത്രം.
1 comment:
ഓഹരിമൂല്യമനുസരിച്ച് അമേരിക്കന്‍കമ്പനികളില്‍ മൂന്നാംസ്ഥാനത്താണ് ഇപ്പോള്‍ ഗൂഗിള്‍. ലാറിപേജിന്റെയും സെര്‍ജിബ്രിന്നിന്റെയും സമ്പാദ്യം കൂട്ടിയാല്‍ ഏതാണ്ട് ഒന്നേകാല്‍ലക്ഷംകോടിരൂപ വരും. ഗൂഗിള്‍പരമ്പര നാലാംഭാഗം
Post a Comment