Friday, October 19, 2007

ഭാരതീയ ശാസ്‌ത്രജ്ഞര്‍-19: കെ.എസ്‌.കൃഷ്‌ണന്‍

പരലുകളുടെ കാന്തിക സ്വഭാവവും അവയുടെ ആന്തര ഘടനയും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ നടത്തിയ ശ്രമത്തിലൂടെ ഖരഭൗതീകത്തിന്റെ അടിത്തറ ശക്തമാക്കിയ ശാസ്‌ത്രജ്ഞനാണ്‌ കെ.എസ്‌. കൃഷ്‌ണന്‍. ഗ്രാഫൈറ്റ്‌ പരലുകളില്‍ ഇലക്ട്രോണുകളിലെ ഊര്‍ജവിതരണത്തിന്റെ കണ്ടെത്തലാണ്‌ അദ്ദേഹം നടത്തിയ മറ്റൊരു മുന്നേറ്റം. അക്കാദമിക ലോകത്തും വ്യവസായിക രംഗത്തും വന്‍പ്രയോഗ സാധ്യതയുള്ളതായിരുന്നു കൃഷ്‌ണന്‍ നടത്തിയ ഓരോ മുന്നേറ്റവും.

ധുനിക ഭാരതത്തെ സംബന്ധിച്ചിടത്തോളം ശാസ്‌ത്രരംഗത്തെ സുവര്‍ണയുഗം എന്നു വിശേഷിപ്പിക്കാവുന്ന കാലഘട്ടം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയാണ്‌. പാശ്ചാത്യലോകത്തെ ഏതു ശാസ്‌ത്ര മുന്നേറ്റവും സ്വാംശീകരിച്ച്‌ പുത്തന്‍ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇന്തയ്‌ക്കു കഴിഞ്ഞ കാലം. പ്രതിജ്ഞാബദ്ധരും പ്രതിഭാധനന്‍മാരുമായ ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ കാലം. പല ശാസ്‌ത്രമേഖലകള്‍ക്കും അടിത്തറയാകാന്‍ അന്ന്‌ ഇന്ത്യയില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ശ്രീനിവാസ രാമാനുജന്‍, മേഘനാഥ്‌ സാഹ, എസ്‌.എന്‍. ബോസ്‌, സി.വി.രാമന്‍, എസ്‌.കെ.മിത്ര എന്നിങ്ങനെ ഗണിതത്തിന്റെയും ഭൗതീകത്തിന്റെയും വിശാല ഭൂമികയില്‍ സ്വന്തം മേഖലകള്‍ വെട്ടിത്തുറന്നവരുടെ കാലം. അക്കൂട്ടത്തില്‍ അവഗണിക്കാന്‍ പറ്റാത്ത നാമമാണ്‌ കെ.എസ്‌. കൃഷ്‌ണന്‍.

സി.വി.രാമനോടുള്ള ആരാധന മൂത്ത്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ കൊല്‍ക്കത്തയിലെത്തുകയും, അദ്ദേഹത്തിന്റെ സഹായിയായി ഗവേഷണം തുടങ്ങുകയും, 'രാമന്‍ പ്രഭാവത്തി'ന്റെ കണ്ടുപിടിത്തത്തില്‍ പങ്കാളിയാവുകയും, പില്‍ക്കാലത്ത്‌ പരലുകളുടെ ആന്തരഘടനയക്കുറിച്ചു പഠിക്കുന്ന ഖരവസ്‌തു ഭൗതീകപഠനശാഖയുടെ ഇന്ത്യയിലെ തലതൊട്ടപ്പനാവുകയും, രാജ്യത്തെ ഏറ്റവും മുന്തിയ ശാസ്‌ത്ര ഗവേഷണസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്‌ത വ്യക്തിയാണ്‌ കെ.എസ്‌.കൃഷ്‌ണന്‍. രാമന്‍ പ്രഭാവത്തെക്കുറിച്ച്‌ ലോകമറിയുന്നത്‌ 1928-ല്‍ 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസീദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിലൂടെയാണ്‌. സി.വി.രാമനും കെ.എസ്‌.കൃഷ്‌ണനും ചേര്‍ന്ന്‌ തയ്യാറാക്കിയതായിരുന്നു ആ പ്രബന്ധം. ആ കണ്ടുപിടിത്തത്തിന്‌ 1930-ല്‍ സി.വി.രാമന്‌ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

ആ നോബല്‍ സമ്മാനം പില്‍ക്കാലത്ത്‌ ചില വിവാദങ്ങളുയര്‍ത്തി. പുരസ്‌കാരത്തില്‍ യഥാര്‍ഥത്തില്‍ കൃഷ്‌ണനും അവകാശമുണ്ടായിരുന്നുവെന്നും, രാമന്‍ ഒറ്റയ്‌ക്ക്‌ അത്‌ തട്ടിയെടുത്തു എന്നുമായിരുന്നു മുഖ്യ ആരോപണം. എന്നാല്‍, കൃഷ്‌ണന്‌ ഒരിക്കലും തന്റെ ഗുരുനാഥന്‍ അവിഹിതമായി എന്തെങ്കിലും നേടി എന്ന തോന്നലുണ്ടായിട്ടില്ല. 'രാമന്‍ പ്രഭാവം' രാമന്റെ തന്നെ കണ്ടുപിടിത്തമാണെന്ന ശക്തമായ അഭിപ്രായക്കാരനായിരുന്നു കൃഷ്‌ണന്‍. താന്‍ അദ്ദേഹത്തെ സഹായിച്ചു എന്നത്‌ വാസ്‌തവമാണ്‌; നോബല്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്‌ രാമന്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുമുണ്ട്‌. ആന്ധ്ര സര്‍വകലാശാലയില്‍ കൃഷ്‌ണന്റെ പ്രൊഫസര്‍ സ്ഥാനത്തിന്‌ രാമന്‍ നല്‍കിയ ശുപാര്‍ശകത്തിലെ ഒരു വാചകം ഇങ്ങനെയായിരുന്നു: "1930-ലെ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം, കല്‍ക്കത്തയില്‍ 1921 മുതല്‍ നടന്ന പഠനങ്ങളെ ആസ്‌പദമാക്കുന്നതിന്‌ പകരം, 1928-ല്‍ മാത്രം നടന്ന ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എങ്കില്‍, കൃഷ്‌ണന്‌ നോവല്‍ പുരസ്‌കാരത്തിന്റെ പങ്ക്‌ തീര്‍ച്ചയായും ലഭിക്കുമായിരുന്നു".

തമിഴ്‌നാട്ടില്‍ രാംനാട്ടിലെ വര്‍ട്രാപില്‍ 1898 ഡിസംബര്‍ നാലിനാണ്‌ കരിയമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍ (Kariamanikkam Srinivasa Krishnan) ജനിച്ചത്‌. 'കരിയമാണിക്കം വാധ്യാര്‍' എന്ന്‌ നാട്ടുകാര്‍ വിളിച്ചിരുന്ന ശ്രീനിവാസ അയ്യങ്കാര്‍ എന്ന അധ്യാപകന്‍ ആയിരുന്നു പിതാവ്‌. ശ്രീവില്ലിപുരത്തൂരിലെ ഹിന്ദുഹൈസ്‌കൂള്‍ പഠനത്തിന്‌ ശേഷം 1916-ല്‍ കൃഷ്‌ണന്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍കോളേജില്‍ ചേര്‍ന്നു. അവിടെത്തന്നെ രസതന്ത്ര വിഭാഗത്തില്‍ ഡെമോണ്‍ട്രേറ്റായി പിന്നീട്‌ ജോലിയില്‍ പ്രവേശിച്ചു. സി.വി.രാമനോടുള്ള താത്‌പര്യത്തില്‍ അദ്ദേഹം 1923-ല്‍ കൊല്‍ക്കത്തയിലെത്തി. ശാസ്‌ത്രപോഷിണി സമിതി (Indian Association for the Cultivation of Science-IACS) യില്‍ രാമന്റെ ശിഷ്യനായി കൃഷ്‌ണന്‍. 1928-ല്‍ ധാക്ക സര്‍വകലാശാലയില്‍ ഭൗതികശാസ്‌ത്രവിഭാഗത്തില്‍ റീഡറായി നിയമിക്കപ്പെട്ടു. പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ എസ്‌.എന്‍.ബോസായിരുന്നു വകുപ്പു മേധാവി. 1933-ല്‍ അദ്ദേഹം കൊല്‍ക്കത്തയില്‍ തിരികെയെത്തി ശാസ്‌ത്രപോഷിണി സമിതിയില്‍ ഭൗതീകശാസ്‌ത്രത്തിലെ 'മഹേന്ദ്ര ലാല്‍ സിര്‍കാര്‍ പ്രൊഫസര്‍' ആയി സ്ഥാനമേറ്റു. 1942-ല്‍ അലഹമാബ്‌ സര്‍വകലാശാലയിലെ ഭൗതീകശാസ്‌ത്ര വിഭാഗം മേധാവിയായി.

ആദ്യാനുരാഗം അവസാനം വരെ

തൊഴില്‍ ശരിക്കറിയാവുന്ന അധ്യാപകനാവാം ചിലപ്പോള്‍ ഒരു പ്രതിഭാശാലിയെ ശരിയായ ദിശയിലേക്ക്‌ തിരിച്ചു വിടുക. കെ.എസ്‌.കൃഷ്‌ണന്റെ അനുഭവം ഇക്കാര്യം ശരിവെയ്‌ക്കുന്നു. ശാസ്‌ത്രവിഷയങ്ങളില്‍ തനിക്കുണ്ടായ താത്‌പര്യത്തിന്റെ തുടക്കം കൃഷ്‌ണന്‍ വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌-"1911-ല്‍ ഹൈസ്‌കൂളില്‍ ഫോര്‍ത്ത്‌ ഫോറത്തില്‍ (ഒന്‍പതാം ക്ലാസില്‍) പഠിക്കുമ്പോഴായിരുന്നു ശാസ്‌ത്രത്തോടുള്ള എന്റെ ആദ്യാനുരാഗം ഉടലെടുത്തത്‌. ഞങ്ങളുടെ ടീച്ചര്‍ ഒരു പ്രൊഫഷണല്‍ ശാസ്‌ത്രജ്ഞനായിരുന്നില്ല എങ്കിലും, ആരെയും പിടിച്ചിരുത്തും വിധം വ്യക്തമായി ശാസ്‌ത്രവിഷയങ്ങള്‍ വിശദീകരിക്കുന്നതില്‍ അദ്ദേഹത്തിന്‌ പ്രാഗത്ഭ്യം ഉണ്ടായിരുന്നു. അദ്ദേഹം നല്‍കിയ പാഠങ്ങള്‍ എന്റെ മനസിന്റെ ആഴങ്ങളിലേക്കിറങ്ങി, കൂടുതല്‍ അറിയാന്‍ അഭിവാഞ്ചയുണ്ടായി. പുസ്‌തകങ്ങളിലെ പാഠങ്ങള്‍ വെറുതെ അവതരിപ്പിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്‌തത്‌. ലളിതമായ പരീക്ഷണങ്ങളോടെയാണ്‌ വിശദീകരിച്ചത്‌, ഞങ്ങളെയും പരീക്ഷണങ്ങള്‍ ചെയ്യാന്‍ അത്‌ പ്രേരിപ്പിച്ചു. ഇത്തരം വളരെക്കുറച്ച്‌ അധ്യാപകരയേ എനിക്കു പരിചയമുള്ളു. അദ്ദേഹത്തെ എന്റെ ആദ്യ ശാസ്‌ത്രാധ്യാപകനായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്‌..". എ.സുബ്രഹ്മണ്യ അയ്യര്‍ എന്നായിരുന്നു ആ അധ്യാപകന്റെ പേര്‌. അദ്ദേഹം ആ ബലന്റെ മനസില്‍ ഇട്ടുകൊടുത്ത വിത്തുകളാണ്‌, ഇന്ത്യന്‍ ശാസ്‌ത്രചരിത്രത്തില്‍ തനതായ അധ്യായം തീര്‍ത്ത്‌ വളര്‍ന്നു വന്നത്‌.

ശാസ്‌ത്രരംഗത്തെ കൃഷ്‌ണന്റെ സംഭാവനകളില്‍ ആദ്യത്തേത്‌, തീര്‍ച്ചയായും 'രാമന്‍ പ്രഭാവത്തി'ന്റെ കണ്ടെത്തലിന്‌ നല്‍കിയ സംഭാവനയാണ്‌. ശ്രമകരമായ പരീക്ഷണങ്ങളിലൂടെ ഒന്നാംകിട ശാസ്‌ത്രജ്ഞനാകാനുള്ള മികച്ച പാഠങ്ങളാണ്‌ ഗുരുനാഥനായ സി.വി.രാമനില്‍ നിന്ന്‌ അദ്ദേഹം സ്വായത്തമാക്കിയത്‌. പില്‍ക്കാലത്ത്‌ കൃഷ്‌ണന്റെ ഗവേഷണ താത്‌പര്യങ്ങളെ രൂപപ്പെടുത്തിയതിലും ആ അനുഭവം മുഖ്യപങ്കു വഹിച്ചു. പരലുകളുടെ (crystals) കാന്തിക സ്വഭാവവും അവയുടെ ആന്തര ഘടനയും തമ്മിലുള്ള ബന്ധം മനസിലാക്കാനായി സ്വന്തം നിലയ്‌ക്ക്‌ രൂപപ്പെടുത്തിയ പരീക്ഷണ സങ്കേതങ്ങളാണ്‌ കൃഷ്‌ണന്റെ പ്രധാന സംഭാവനകളില്‍ ഒന്ന്‌. ഗ്രാഫൈറ്റ്‌ പരലുകളില്‍ ഇലക്ട്രോണുകളിലെ ഊര്‍ജവിതരണത്തിന്റെ കണ്ടെത്തലാണ്‌ മറ്റൊന്ന്‌. അക്കാദമിക ലോകത്തും വ്യവസായിക രംഗത്തും വന്‍പ്രയോഗ സാധ്യതയുള്ളതായിരുന്നു കൃഷ്‌ണന്‍ നടത്തിയ ഓരോ മുന്നേറ്റവും. ഡൈകള്‍, ഔഷധങ്ങള്‍, ചായങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, ഇന്ധനങ്ങള്‍ തുടങ്ങി വാണിജ്യപ്രധാനമായ എത്രയോ മേഖലകളില്‍ ഖരവസ്‌തു ഭൗതീകത്തിലെ കണ്ടെത്തലുകള്‍ ഇന്ന്‌ പ്രയോജനപ്പെടുത്തുന്നു.

ക്വാണ്ടം ഭൗതീകത്തിന്റെ ആവിര്‍ഭാവത്തിന്‌ ശേഷം, പുതിയ കാഴ്‌ചപ്പാടോടെ തന്മാത്രാതലത്തിലുള്ള അന്വേഷണങ്ങള്‍ ആദ്യം നടത്തിയ ശാസ്‌ത്രജ്ഞരില്‍ ഒരാള്‍ കൃഷ്‌ണനായിരുന്നു. ക്ലാസിക്കല്‍ ഭൗതികമാകട്ടെ, ആധുനിക ഭൗതികമാകട്ടെ-ഭൗതീകശാസ്‌ത്രത്തിലെ വിവിധ മേഖലകളിലെ പ്രതിഭാസങ്ങള്‍ തമ്മിലുള്ള ബന്ധം മനസിലാക്കാനും, അവ തമ്മില്‍ ബന്ധിപ്പിക്കാനും അസാധാരണമായ പ്രാഗത്ഭ്യം കൃഷ്‌ണന്‍ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത്‌ ശാസ്‌ത്രസാങ്കേതിക മേഖലയുടെ പുരോഗതിക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. ആണവോര്‍ജ കമ്മീഷന്‍, കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസെര്‍ച്ച്‌ (CSIR), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ (UGC) മുതലായ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ അദ്ദേഹത്തിന്‌ മുഖ്യപങ്കുണ്ടായിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി (NPL) യുടെ സ്ഥാപക ഡയറക്ടര്‍ കൃഷ്‌ണനായിരുന്നു. 1948-ലാണ്‌ ലബോറട്ടറി ആരംഭിച്ചത്‌.

കൃഷ്‌ണന്റെ വ്യക്തിത്വത്തില്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയായി ചൂണ്ടിക്കാട്ടാറുള്ളത്‌, ശാസ്‌ത്രവിഷയങ്ങള്‍ ലളിതമായ രീതിയില്‍, എന്നാല്‍ അതിലെ ആവേശത്തിന്റെ ഘടകം അല്‍പ്പവും ചോര്‍ന്നു പോകാതെ സാധാരണക്കാര്‍ക്ക്‌ പകര്‍ന്നു കൊണ്ടുക്കാനുള്ള കഴിവാണ്‌. എല്ലാ ശാസ്‌ത്രജ്ഞര്‍ക്കും അത്യാവശ്യം വേണ്ട, എന്നാല്‍ പലര്‍ക്കും സാധിക്കാത്ത കാര്യം. ശാസ്‌ത്ര വസ്‌തുതകള്‍-അതെത്ര സങ്കീര്‍ണമായാലും-മാതൃഭാഷയായ തമിഴില്‍ വിശദീകരിക്കാനാകും എന്ന്‌ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം തമിഴില്‍ രചിച്ച അസംഖ്യം ശാസ്‌ത്രലേഖനങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസം ശരിയായിരുന്നു എന്നു തെളിയിക്കുന്നു. ഓള്‍ ഇന്ത്യാ റേഡിയോയില്‍ അദ്ദേഹം നടത്തിയിരുന്ന ശാസ്‌ത്രപ്രഭാഷണങ്ങളും കാര്യങ്ങളുടെ വ്യക്തതയും ലാളിത്യവും കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. തമിഴ്‌ സാഹിത്യത്തിലും സംസ്‌കൃതത്തിലും ഉണ്ടായിരുന്ന അഗാധപാണ്ഡിത്യം അദ്ദേഹത്തിന്‌ അനുഗ്രഹമായി. ശാസ്‌ത്രത്തിന്റെ മികച്ച വക്താവായിരുന്നു എന്നും അദ്ദേഹം. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു പോലും ശാസ്‌ത്രരംഗത്തെ പുത്തന്‍ ചലനങ്ങളെക്കുറിച്ചറിയാന്‍ കൃഷ്‌ണനെ അഭയം തേടിയിരുന്നു.

കൃഷ്‌ണനെ തേടിയെത്തിയ ബഹുമതികള്‍ക്കു കണക്കില്ല. സ്വദേശത്തും വിദേശത്തും നിന്ന്‌ അസംഖ്യം ബഹുമതികള്‍ക്ക്‌ അദ്ദേഹം അര്‍ഹനായി. റോയല്‍ സൊസൈറ്റിയില്‍ ഫെലോഷിപ്പ്‌(1940), ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ സര്‍ സ്ഥാനം(1946), ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസിന്റെ ജനറല്‍ പ്രസിഡന്റ്‌ (1948), പത്മഭൂഷണ്‍ (1954), ദേശീയ പ്രൊഫസര്‍ സ്ഥാനം(1960), മികച്ച ശാസ്‌ത്രജ്ഞന്‌ സര്‍ക്കാര്‍ നല്‍കുന്ന ആദ്യത്തെ ശാന്തിസ്വരൂപ്‌ ഭട്‌നാഗര്‍ സമ്മാനം(1961) എന്നിവയൊക്കെ അതില്‍ പെടുന്നു. അന്താരാഷ്ട്ര ക്രിസ്റ്റലോഗ്രാഫി യൂണിയന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൃഷ്‌ണനായിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യൂര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിന്റെ വൈസ്‌ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1961 ജൂണ്‍ 14-ന്‌ ഹൃദയാഘത്തെ തുടര്‍ന്നായിരുന്നു അന്ത്യം. (കാണുക: മേഘനാഥ്‌ സാഹ, അവലംബം: Current Science, Dec 10,1998, Vigyan Prasar Sciece Portal)

3 comments:

Joseph Antony said...

രാമന്‍ പ്രഭാവത്തെക്കുറിച്ച്‌ ലോകമറിയുന്നത്‌ 1928-ല്‍ 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസീദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിലൂടെയാണ്‌. സി.വി.രാമനും കെ.എസ്‌.കൃഷ്‌ണനും ചേര്‍ന്ന്‌ തയ്യാറാക്കിയതായിരുന്നു ആ പ്രബന്ധം. ആ കണ്ടുപിടിത്തത്തിന്‌ 1930-ല്‍ സി.വി.രാമന്‌ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ആ സമ്മാനം പില്‍ക്കാലത്ത്‌ വിവാദമുയര്‍ത്തി. പുരസ്‌കാരത്തില്‍ യഥാര്‍ഥത്തില്‍ കൃഷ്‌ണനും അവകാശമുണ്ടായിരുന്നുവെന്നും, രാമന്‍ ഒറ്റയ്‌ക്ക്‌ അത്‌ തട്ടിയെടുത്തു എന്നുമായിരുന്നു മുഖ്യ ആരോപണം. എന്നാല്‍, കൃഷ്‌ണന്‌ ഒരിക്കലും തന്റെ ഗുരുനാഥന്‍ അവിഹിതമായി എന്തെങ്കിലും നേടി എന്ന തോന്നലുണ്ടായിട്ടില്ല. 'രാമന്‍ പ്രഭാവം' രാമന്റെ തന്നെ കണ്ടുപിടിത്തമാണെന്ന ശക്തമായ അഭിപ്രായക്കാരനായിരുന്നു കൃഷ്‌ണന്‍. കുറിഞ്ഞി ഓണ്‍ലൈനില്‍ 'ഭാരതീയ ശാസ്‌ത്രജ്ഞര്‍' പരമ്പരയില്‍ പുതിയ ഭാഗം- കെ.എസ്‌. കൃഷ്‌ണന്‍.

വി. കെ ആദര്‍ശ് said...

ramanum krishnanum :-)

good write up. but this scientist is not that much familiar to our student community and among common mass too. so this profile written by joseph antony ll fill the gap. thanks for the info

Bo55 said...

താങ്ക്സ്