Wednesday, April 25, 2007

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു 'സൂപ്പര്‍ ഭൂമി'


സൗരയൂഥത്തിന്‌ വെളിയില്‍ ഭൂമിയോട്‌ സാമ്യമുള്ള ഒരു ഗ്രഹത്തെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. 'സൂപ്പര്‍ ഭൂമി'(Super-Earth) എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ ഗ്രഹത്തിന്റെ സ്ഥാനം നമ്മളില്‍ നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെയാണ്‌.

ഭൂമിക്ക്‌ വെളിയില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ നാഴികക്കല്ലാണ്‌ ഈ കണ്ടുപിടിത്തമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഭൂമിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്‌ പുതിയ ഗ്രഹത്തിന്റെ പിണ്ഡമെങ്കിലും, അതിന്റെ വ്യാസം ഭൂമിയുടേതിന്‌ ഒന്നര മടങ്ങേയുള്ളൂ. സൗരയൂഥത്തന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ ഗ്രഹമാണിത്‌.

ഗ്രഹത്തിന്റെ താപനില പൂജ്യത്തിനും 40 ഡിഗ്രി സെല്‍സിയസിനും മധ്യേയാണെന്ന കാര്യമാണ്‌ ശാസ്‌ത്രജ്ഞരെ ആവേശഭരിതരാക്കുന്നത്‌. അവിടെ ജലമുണ്ടെങ്കില്‍ അത്‌ ദ്രാവകരൂപത്തിലാവും കാണപ്പെടുകയെന്ന വസ്‌തുതയാണ്‌ ഇതിന്‌ പിന്നില്‍.

ലിബ്ര (Libra) നക്ഷത്രഗണത്തില്‍ 'ഗ്ലീസ്‌ 581' (Gliese 581) എന്ന നക്ഷത്രത്തെയാണ്‌ പുതിയഗ്രഹം ചുറ്റുന്നത്‌. മങ്ങിയ ആ നക്ഷത്രം ഒരു 'ചെമന്ന കുള്ളന്‍' (red dwarf) ആണ്‌.

ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ പതിനാലിലൊന്നേയുള്ളൂ, പുതിയതായി കണ്ടെത്തിയ ഗ്രഹവും 'ഗ്ലീസ്‌ 581' നക്ഷത്രവും തമ്മില്‍. പക്ഷേ, നക്ഷത്രം മങ്ങിയ ഒന്നായതിനാലാണ്‌ ഗ്രഹത്തിന്‌ ഊഷ്‌മാവ്‌ കുറഞ്ഞിരിക്കാന്‍ കാരണം.

എക്‌സ്‌പ്രസ്സ്‌ വേഗത്തിലാണ്‌ ഗ്രഹം നക്ഷത്രത്തെ ചുറ്റുന്നത്‌; വെറും 13 ദിവസം കൊണ്ട്‌ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ സര്‍വകലാശാലയിലെ സ്റ്റിഫാന്‍ യുഡ്രിയുടെ നേതൃത്വത്തിലുള്ള സംഘം, ചിലിയില്‍ അറ്റകാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയില്‍ നടത്തിയ നിരീക്ഷണത്തിലാണ്‌ പുതിയ കണ്ടെത്തല്‍ നടത്തിയത്‌. ഒബ്‌സര്‍വേറ്ററി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്‌ ഇക്കാര്യമുള്ളത്‌.

ജലം ദ്രാവകാവസ്ഥയില്‍ കാണപ്പെടാന്‍ സാധ്യതയുള്ള ഗ്രഹം കണ്ടെത്തുകയെന്നത്‌ വളരെ പ്രധാനമാണെന്ന്‌, ഗവേഷണത്തില്‍ പങ്കാളിയായ ഗ്രനോബിള്‍ സര്‍വകലാശാലയിലെ സേവ്യര്‍ ഡെല്‍ഫോസ്സെ അറിയിച്ചു.

പുതിയ കണ്ടുപിടിത്തത്തോടെ സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ തിരിച്ചറിഞ്ഞ ഗ്രഹങ്ങളുടെ എണ്ണം 228 ആയെന്ന്‌ വിക്കിപീഡിയ പറയുന്നു. അതില്‍, ഭൂമിയോട്‌ ഏറ്റവും സാമ്യമുള്ള ഗ്രഹമാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌.

മാതൃകാപഠനങ്ങള്‍ വ്യക്തമാക്കുന്നത്‌ പുതിയ ഗ്രഹം പാറകള്‍ നിറഞ്ഞതോ സമുദ്രങ്ങള്‍ ഉള്ളതോ ആകാമെന്നാണ്‌. എങ്കില്‍, ആ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ഗവേഷകര്‍ കരുതുന്നു.

മുമ്പ്‌ ഗ്ലീസ്‌ 581 നക്ഷത്രത്തെ ചുറ്റുന്ന രണ്ട്‌ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ഒരെണ്ണം നക്ഷത്രത്തിന്‌ വളരെ അടുത്താണ്‌ സ്ഥിതിചെയ്യുന്നത്‌; പിണ്ഡം ഭൂമിയുടെ 15 മടങ്ങ്‌ വരും. രണ്ടാമത്തേത്‌ കുറച്ചുകൂടി അകലെയാണ്‌; പിണ്ഡം ഭൂമിയുടെ ഏട്ടുമടങ്ങ്‌.

ഭാവി ഗ്രഹപര്യവേക്ഷണങ്ങള്‍ക്ക്‌ ഒരു ലക്ഷ്യസ്ഥാനമായിരിക്കും പുതിയതായി കണ്ടെത്തിയ 'സൂപ്പര്‍ ഭൂമി'യെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. അവിടെ ജീവന്റെ രാസമുദ്രകള്‍ (chemical signatures) കണ്ടെത്താനാവും ഇനിയുള്ള ശ്രമം.(അവലംബം: എ.എഫ്‌.പി)

6 comments:

JA said...

സൗരയൂഥത്തിന്‌ പുറത്ത്‌ ഇരുന്നൂറിലേറെ ഗ്രഹങ്ങള്‍ ഇതിനകം കണ്ടെത്തയിട്ടുണ്ട്‌. പക്ഷേ അവയെല്ലാം ഭീമന്‍ വാതകഗ്രഹങ്ങളാണ്‌. ഭൂമക്കു സമാനമായത്‌ എന്നു കരുതാവുന്ന ഒരു ഗ്രഹത്തെ ഇപ്പോള്‍ ആദ്യമായി കണ്ടെത്തിയിരിക്കുന്നു. ആ കണ്ടെത്തലിനെപ്പറ്റി..

ആഷ | Asha said...

ഇനിയും അനേകം ഗ്രഹങ്ങള്‍ ഇങ്ങനെ നമ്മുടെ കാഴ്ചയ്ക്കപ്പുറത്തുണ്ടാവുമായിരിക്കുമല്ലേ.
അന്യഗ്രഹജീവികളും :)

നല്ല ലേഖനം

മിടുക്കന്‍ said...

വിക്കിയിലും കണ്ടിരുന്നു...
http://en.wikipedia.org/wiki/581c
:)

Jyothi said...

മാതൃഭൂമിയിലും വായിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുമോ? കുറിഞ്ഞിയോ ഷിജുവോ മറ്റാരെങ്കിലുമോ ശ്രമിയ്ക്കുമോ?

കാണാനുള്ള സജ്ജീകരണങ്ങളില്‍, ഇപ്പോള്‍ പതിച്ച ഈ രശ്മികള്‍ 20.5 വര്‍ഷം മുന്‍പേ സൂപ്പര്‍ ഭൂമിയില്‍ നിന്നും പുറപ്പെട്ടതായിരിക്കില്ലേ? അതുപോലെ 100 പ്രകാശവര്‍ഷം അകലെയുള്ള ഒരു ഭൂമിയുണ്ടെന്നിരിയ്ക്കട്ടെ, അത് കണ്ടുപിടിക്കണമെങ്കില്‍ (ഇപ്പോഴത്തെ സജ്ജീകരണങ്ങള്‍ കൊണ്ട്) ഇനിയും 80 വര്‍ഷം കൂടി കഴിയണമോ?
(മണ്ടന്‍ ചോദ്യമല്ലെങ്കില്‍ ഉത്തരം പറഞ്ഞുതരൂ)
(ജ്യോതിര്‍മയി)

JA said...

ജ്യോതിര്‍മിയി,
തീര്‍ച്ചയായും മണ്ടന്‍ ചോദ്യമല്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള വിജ്ഞാനത്തിലെ ഏറ്റവും ലളിതവും, അതേ സമയം അത്ഭുതാവഹവുമായ സംഗതിയാണ്‌ താങ്കള്‍ ഉന്നയിച്ചത്‌. ഇന്ന്‌, ഇന്നലെ, നാളെ എന്നൊക്കെയുള്ള കാര്യങ്ങള്‍ ജ്യോതിശാസ്‌ത്രത്തില്‍ പലപ്പോഴും അര്‍ത്ഥമില്ലാത്തതാകുന്നു.
20.5 പ്രകാശവര്‍ഷം(പ്രകാശം ഒരുവര്‍ഷം സഞ്ചരിക്കുന്ന ദൂരം) അകലെയുള്ള എന്നു പറഞ്ഞാല്‍, അത്രയും വര്‍ഷം മുമ്പ്‌ അവിടെ നിന്നു പുറപ്പെട്ട പ്രകാശമാണ്‌ ഇപ്പോള്‍ നിരീക്ഷകന്റെ ഉപകരണത്തില്‍ പതിച്ചതെന്നു തന്നെയാണ്‌ അര്‍ത്ഥം; എന്നുവെച്ചാല്‍ 1987-ലെ പ്രകാശം(ഭൂമിയിലെ കണക്കുവെച്ച്‌). രാജീവ്‌ഗാന്ധി ഇന്ത്യ ഭരിച്ചിരുന്നപ്പോഴത്തെ, അല്ലെങ്കില്‍ സോവിയറ്റ്‌ യൂണിയന്‍ തകരും മുമ്പത്തെ പ്രകാശം. അകലെ നിന്ന്‌ നമ്മളോട്‌ സംവേദിക്കുന്നത്‌ ഇന്നലത്തെ ലോകമാണെന്നു സാരം. ഇക്കാര്യം എഴുതുന്ന സമയത്ത്‌(2007-ല്‍) ആ ഗ്രഹം അവിടെ തന്നെ ഉണ്ടോ എന്നറിയാന്‍, ഇനി 20 വര്‍ഷം (2027 വരെ) കാക്കണം!
നൂറു പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹത്തില്‍ നിന്ന്‌ ഇപ്പോള്‍ പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താന്‍ ഇനി 80 വര്‍ഷം പോര, നൂറു വര്‍ഷം കഴിയണം. ഉദാഹരണത്തിന്‌ ധ്രുവനക്ഷത്രം ഭൂമിയില്‍ നിന്ന്‌ 80 പ്രകാശവര്‍ഷമകലെയാണ്‌. ഇന്ന്‌ അറബിക്കടലില്‍ ദിക്കറിയാന്‍ മുക്കുവര്‍ നോക്കുമ്പോള്‍ കാണുന്നത്‌ 1927-ലെ നക്ഷത്രത്തെയാണ്‌.
-ജോസഫ്‌

antonio said...

"ഇന്ന്‌ അറബിക്കടലില്‍ ദിക്കറിയാന്‍ മുക്കുവര്‍ നോക്കുമ്പോള്‍ കാണുന്നത്‌ 1927-ലെ നക്ഷത്രത്തെയാണ്‌."

അതെനിക്ക്‌ ഇഷ്ടപ്പെട്ടൂ...

അണ്റ്റോണിയോ