Monday, April 23, 2007

പടിഞ്ഞാറ്റയിലെ മണാട്ടികള്‍

'പകല്‍ പുറത്തിറങ്ങിയാല്‍ ആകാശം ഇടിഞ്ഞു വീഴു'മെന്ന്‌ ഭയപ്പെടുന്നവയെന്ന്‌ നാട്ടുകാര്‍ പറയുന്ന 'മണാട്ടിതവളകള്‍', തന്റെ ബാല്യകാലത്തെ പേടിയും കൗതുകവുമായിരുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ്‌ ശശിധരന്‍ മങ്കത്തില്‍. ഈ ബ്ലോഗില്‍ മണവാട്ടിത്തവളകളെ കുറിച്ച്‌ പ്രസിദ്ധീകരിച്ച പോസ്‌റ്റ്‌ വായിച്ചിട്ട്‌ അദ്ദേഹം തയ്യാറാക്കിത്തന്ന കുറിപ്പ്‌ നന്ദിപൂര്‍വ്വം ഇവിടെ പ്രസിദ്ധീകരിക്കുന്നു

ന്ധ്യയ്‌ക്ക്‌ രാമനാമം ചൊല്ലിയാലേ രാത്രിയാകും മുമ്പ്‌ ചോറ്‌ കിട്ടൂ. 'നാമം ചൊല്ലാത്തവര്‍ക്ക്‌ ചോറില്ല'-വലിയമ്മയുടെ ശാസന വരുന്നതിന്‌ മുമ്പുതന്നെ ഞങ്ങള്‍ കുട്ടികള്‍ കിഴക്കേ വരാന്തയില്‍ പായയിട്ട്‌ നാമം ചൊല്ലാനിരിക്കും.

പക്ഷേ പടിഞ്ഞാറ്റയില്‍ നിന്ന്‌ പുറത്തേക്കു വരുന്ന വഴിയോടുചേര്‍ന്ന്‌ ഇരിക്കാന്‍ പേടിയാണ്‌. സന്ധ്യയാകുന്നതോടെ മണാട്ടി തവളകള്‍ പുറത്തേക്കു നിരനിരയായി ഇറങ്ങുന്ന വഴിയാണ്‌. എന്തായാലും അറ്റത്ത്‌ ഇരിക്കുന്ന ഒരാള്‍ക്ക്‌ മണാട്ടിയെ പേടിച്ചിരിക്കേണ്ടിവരും.

എന്റെ കുട്ടിക്കാലത്ത്‌ മണാട്ടി തവളകളുടെ 'വീടാ'യിരുന്നു ഞങ്ങളുടെ തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ മങ്കത്തില്‍ തറവാട്‌. പടിഞ്ഞാറ്റ, കൊട്ടില്‍, കോമ്പിരി, അകത്തിറയം എന്നിങ്ങനെ മുറികളിലെ മൂലയിലെല്ലാം മണാട്ടികള്‍ ഒളിച്ചിരിക്കും.

പടിഞ്ഞാറ്റയില്‍ തൂക്കുവിളക്കിന്‌ താഴെ ഗുരുവായൂരപ്പന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച സ്ഥലത്ത്‌ കിണ്ടി, കവളിക തുടങ്ങി കുറെ ഓട്ടുപാത്രങ്ങള്‍ വെള്ളം നിറച്ചുവെച്ചിരിക്കും. പകല്‍ അതിനകത്തും കാണും മണാട്ടികള്‍. തണുത്തവെള്ളത്തില്‍ സുഖകരമായ 'പൊങ്ങിക്കിടപ്പ്‌'.

വീട്ടിലുള്ളവര്‍ മണാട്ടികളെ കാര്യമാക്കാറില്ല. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഇവയൊരു തലവേദനയായിരുന്നു. പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേക്കും പോകാന്‍ തന്നെ പേടിയാണ്‌.

പടിഞ്ഞാറ്റയുടെ പടിക്ക്‌ താഴെ മണാട്ടിയുണ്ടാകും. ബൈക്കില്‍ പോകുമ്പോള്‍ ഇടുന്ന ജാക്കറ്റ്‌ ധരിച്ചതുപോലെ, മുകള്‍ഭാഗത്ത്‌ ഓടിന്റെ നിറം. ഇരുഭാഗത്തും കാലും കൈയും കറുപ്പ്‌. നോക്കുമ്പോള്‍ അനങ്ങാതെ അങ്ങനെ ഇരിക്കും. കണ്ണുരുട്ടി കീഴ്‌ത്താടിയുടെ താഴെഭാഗം ചലിപ്പിച്ചുകൊണ്ടേയിരിക്കും.

ചിലപ്പോള്‍ ഒറ്റച്ചാട്ടമാണ്‌. ചാട്ടം മിക്കവാറും നമ്മുടെ ദേഹത്തേക്കായിരിക്കും.

വീട്ടില്‍ അതിഥികള്‍ വന്നാല്‍, മറ്റ്‌ സ്‌ത്രീകള്‍ക്ക്‌ പടിഞ്ഞാറ്റയില്‍ കിടക്കാന്‍ പറ്റാത്ത സമയത്ത്‌ വലിയമ്മയാണ്‌ പടിഞ്ഞാറ്റയില്‍ കിടക്കുക. അപ്പോള്‍ കുട്ടികളെ ആരെയെങ്കിലും വലിയമ്മ ഒപ്പം കിടത്തും. അന്ന്‌ രാത്രി ഉറക്കം വരില്ല. തലയറ്റം പുതപ്പുമൂടിയാണ്‌ രാത്രി കഴിച്ചുകൂട്ടുക.

'വേഗം ഉറങ്ങിക്കോ മണാട്ടി വരും' എന്ന്‌ ചെറിയ കുട്ടികളെ വലിയമ്മ പറഞ്ഞ്‌ പേടിപ്പിക്കുകയും ചെയ്യും.

മണവാട്ടിത്തവള എന്നാണ്‌ പേരെങ്കിലും നാട്ടില്‍ ഇവ 'മണാട്ടി'യാണ്‌. എല്ലാ വീടുകളിലും മണാട്ടികളുണ്ടാകും. ഇവ ചിലപ്പോള്‍ തോന്നുന്ന സമയത്ത്‌ പുറത്തേക്കും അകത്തേക്കും പോകും. ആരും ചോദിക്കാനും പറയാനുമില്ല.

പടിഞ്ഞാറ്റയില്‍ എന്റെ പാര്‍തി വല്യമ്മ (പാര്‍വ്വതി എന്ന്‌ യഥാര്‍ത്ഥ പേര്‌) മോര്‌ കലത്തിലാക്കി ഒരു മൂലയില്‍ വെച്ചിട്ടുണ്ടാകും. രാവിലെ പത്തുമണിയോടെയാണ്‌ വരാന്തയില്‍ നിന്ന്‌ തൈര്‌ കടഞ്ഞ്‌ മോര്‌ പടിഞ്ഞാറ്റയില്‍ കൊണ്ടുവെക്കുന്നത്‌.

ഉച്ചക്ക്‌ കളി കഴിഞ്ഞുവന്ന്‌ ദാഹിച്ച്‌ മോര്‌ എടുത്ത്‌ ഞങ്ങള്‍ സംഭാരം ഉണ്ടാക്കാന്‍ വട്ടംകൂട്ടും. പക്ഷേ പടിഞ്ഞാറ്റയിലേക്ക്‌ പോകാന്‍ പേടിയാണ്‌. എങ്ങനെയെങ്കിലും കയറി മോര്‌ എടുക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ നിന്ന്‌ മണാട്ടി ചാടിവീഴുമെന്ന്‌ ഉറപ്പാണ്‌. ചിലപ്പോള്‍ കലം കൈയില്‍ നിന്ന്‌ വീണ്‌ പൊളിയും.

കൊട്ടിലിലെ പത്തായത്തിലാണ്‌ ശര്‍ക്കരയും അവലും മറ്റും സൂക്ഷിക്കുന്നത്‌. ആരും കാണാതെ അത്‌ ഞങ്ങള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കും. പകല്‍ സമയത്തും ഇരുട്ടുള്ള കൊട്ടിലില്‍ കയറി ശ്വാസമടക്കി പിടിച്ചാണ്‌ പത്തായത്തിലെ പലക തുറക്കുക. ചിലപ്പോള്‍ മണാട്ടികള്‍ ചാടിവീണ്‌ ഞങ്ങളുടെ 'ശര്‍ക്കര മോഷണം' കുളമാക്കും. വലിയമ്മ സംഗതി അറിയുകയും ചെയ്യും. പിറ്റെ ദിവസം മുതല്‍ ശര്‍ക്കരയുടെ സ്ഥാനം മാറും.

മോര്‌ കലത്തിന്റെ മുകളില്‍ സ്ഥാനംപിടിക്കുന്ന മണാട്ടിയെ വലിയമ്മയെ സോപ്പിട്ട്‌ അടിച്ചിറക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. വലിയമ്മ ഇവയെ മുറ്റത്തേക്ക്‌ ആക്കിയാല്‍ തത്‌ക്കാലം സമാധാനമാണ്‌. പക്ഷേ വൈകുന്നേരമാകുന്നതോടെ ഈ പോയ കക്ഷികള്‍ പടിഞ്ഞാറ്റയില്‍ അതേ സ്ഥാനത്ത്‌ ഇരിപ്പുണ്ടാകും.

സന്ധ്യയ്‌ക്കു നാമം ചൊല്ലുന്ന സമയത്ത്‌, അതായത്‌ ആറര ആറേമുക്കാലിന്‌, മണാട്ടികള്‍ ഒന്നിനുപിറകെ ഒന്നായി മുറ്റത്തേക്ക്‌ പോകും.

രാവിലെ വാതില്‍ തുറക്കാന്‍ നേരത്ത്‌ ഇവ പടിക്കുതാഴെ കാത്തിരിക്കുന്നുണ്ടാകും-അകത്തു കയറാന്‍. 'രാത്രി ഡ്യൂട്ടി' കഴിഞ്ഞ്‌ എല്ലാവരും പടിക്കു താഴെ ഇരിക്കുന്ന അന്നത്തെ കാഴ്‌ച കൗതുകകരമായിരുന്നു.

പകല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന്‌ പേടിച്ചാണ്‌ തവളകള്‍ വീട്ടിനുള്ളില്‍ കഴിയുന്നതെന്ന്‌ നാട്ടിലൊരു കഥയുണ്ട്‌.രാവിലെ വാതില്‍ തുറന്നാല്‍ പടിഞ്ഞാറ്റയിലെ മണാട്ടികള്‍ പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേത്‌ കൊട്ടിലിലേക്കും വഴിതെറ്റാതെ പോകുന്ന കാഴ്‌ച എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്‌.

മണാട്ടികളുടെ കാലാവസ്ഥാ പ്രവചനം ഇന്നാലോചിച്ചു നോക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെപ്പോലും തോല്‍പ്പിക്കുന്നതായിരുന്നു മണാട്ടികളുടെ 'പെര്‍ഫോമന്‍സ്‌'.

ചില ദിവസങ്ങളില്‍ മണാട്ടികള്‍ രാവിലെ തന്നെ കരയാന്‍ തുടങ്ങും. ക്രൂത്ത്‌......, ക്രൂത്ത്‌......., ക്രൂത്ത്‌...... ഇതിനെതിരായി ഞങ്ങളും ക്രൂത്ത്‌, ക്രൂത്ത്‌, ക്രൂത്ത്‌ ശബ്ദം ഉണ്ടാക്കും. മണാട്ടികള്‍ കരയുമ്പോള്‍ വലിയമ്മ പറയും 'ഇന്ന്‌ രാത്രി എന്തായാലും മഴയുണ്ടാകും'.

സംഗതി റെഡി.

അന്ന്‌ രാത്രി കനത്ത മഴ.

ആകാശം മേഘാവൃതമായിരിക്കും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന റേഡിയോയിലെ കാലാവസ്ഥയൊന്നും നാട്ടുകാര്‍ക്ക്‌ വേണ്ട, മണാട്ടികള്‍ മതി.മണാട്ടികള്‍ക്ക്‌ കര്‍ഷകരുടെ വീടുകളിലെ പിടഞ്ഞാറ്റയില്‍ സ്ഥാനം കിട്ടിയത്‌ ഇവ കാലാവസ്ഥാ പ്രവാചകരായതുകൊണ്ടാണോ എന്ന്‌ ഞാന്‍ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ട്‌.

അക്കാലത്ത്‌ ഒരു മാസികയില്‍ വന്ന കാര്‍ട്ടൂണ്‍ ഓര്‍ക്കുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ഡയറക്ടറോട്‌ ജോലിക്കാരന്റെ ചോദ്യം-"സാര്‍, ഇന്ന്‌ എന്താണ്‌ അറിയിപ്പ്‌ കൊടുക്കേണ്ടത്‌". മുറിയുടെ മൂലയില്‍ നിന്ന്‌ മണാട്ടികള്‍ കരയുന്നത്‌ കേട്ട ഡയറക്ടര്‍-"മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ കൊടുത്തേക്ക്‌"!

തറവാടുകളിലെ അംഗങ്ങളായിരുന്ന മണാട്ടികള്‍ക്ക്‌ വീടുകളില്‍ അന്ന്‌ വേണ്ടത്ര സംരക്ഷണവും കിട്ടിയിരുന്നു. ആരും ഒന്നിനെപ്പോലും കൊന്നതായി പറയുന്നത്‌ കേട്ടിട്ടില്ല.

രാത്രി പെട്രോമാക്‌സുമായി കുണിയന്‍ പുഴ കടന്നു വരുന്ന തവളപിടുത്തക്കാരന്‍ രാഘവനും മണാട്ടിയെ പിടിക്കാറില്ല-കൈയും കാലും നേര്‍ത്തതുകൊണ്ടാകാം. അവര്‍ക്ക്‌ വേണ്ടത്‌ വലിയ 'പോക്കന്‍ തവള'യെയാണ്‌.

ദൈവസങ്കേതങ്ങളായ പടിഞ്ഞാറ്റയിലും കൊട്ടിലിലും യഥേഷ്ടം വിഹരിക്കുന്ന ഈ തവളകള്‍ 'വിശുദ്ധ മണവാട്ടികള്‍' തന്നെയാണ്‌. ഇന്ന്‌ പല തറവാടുകളിലും മണാട്ടികള്‍ കുറവാണ്‌. ഈ വംശനാശം എന്നെ വേദനിപ്പിക്കുന്നു.(കാണുക: വിഷുത്തവള)
  • കാസര്‍കോട്‌ ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത്‌ വെള്ളിക്കോത്ത്‌ സ്വദേശിയായ ശശിധരന്‍ മങ്കത്തില്‍, 'മാതൃഭൂമി' കോഴിക്കോട്‌ യൂണിറ്റില്‍ സബ്‌എഡിറ്ററാണ്‌

4 comments:

JA said...

ആകാശം ഇടിഞ്ഞുവീഴുമെന്നു ഭയന്നിട്ടാണോ മണവാട്ടിത്തവളകള്‍ പകല്‍ വീട്ടിന്‌ പുറത്തിറങ്ങാത്തത്‌. ദൈവസങ്കേതങ്ങളായ പടിഞ്ഞാറ്റയിലും കൊട്ടിലിലും സ്ഥിരതാമസമാക്കിയിരുന്ന മണാട്ടികള്‍, തന്റെ ബാല്യകാലത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന്‌ ഗൃഹാതുത്വത്തോടെ അനുസ്‌മരിക്കുകയാണ്‌ ശശിധരന്‍ മങ്കത്തില്‍.

ആഷ | Asha said...

നന്നായിരിക്കുന്നു.
:)

ittimalu said...

നല്ല വിവരണം .. അറിയാത്ത കാര്യങ്ങള്‍ ... നന്നായിരിക്കുന്നു..

Jyothi said...

ഇപ്പോഴേ വായിച്ചുള്ളൂ... ഇഷ്ടമായി.

qw_er_ty