Wednesday, April 18, 2007

പഴയ ഭൂമി; പുതിയ കണ്ടെത്തല്‍

ഭൂപ്രതലം ഇതുപോലെ നിലനില്‍ക്കുന്നത്‌ ഫലകചലന പ്രക്രിയ മൂലമാണ്‌. ഈ പ്രക്രിയ തുടങ്ങിയത്‌ എന്നാണെന്ന്‌ വ്യക്തമല്ല. പക്ഷേ, ഇത്രകാലവും കരുതിയിരുന്നതിലും മുമ്പേ ഫലകചലനം ആരംഭിച്ചിരുന്നു എന്ന്‌ പുതിയൊരു കണ്ടെത്തല്‍ വ്യക്തമാക്കുന്നു. ഏറ്റവും 'പഴക്കമേറിയ ഭൂമി'യുടെ കണ്ടെത്തലാണ്‌ ഫലകചലന പ്രക്രിയയെയുടെ ചരിത്രത്തെപ്പറ്റി പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്നത്‌ ധുനിക ഭൗമശാസ്‌ത്രപഠനത്തിന്റെ കാതലാണ്‌ 'ഫലകചലന സിദ്ധാന്തം'(Plate Tectonics). ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ആള്‍ഫ്രഡ്‌ വേഗണര്‍ മുന്നോട്ടുവെച്ച ആശയമാണ്‌ ഇന്ന്‌ ഈ പേരില്‍ അറിയപ്പെടുന്നത്‌. ഭൂമിയുടെ ബാഹ്യപാളിയുടെ കാലാന്തരത്തിലുള്ള മാറ്റങ്ങള്‍ വിവരിക്കുന്ന ഭൗമശാസ്‌ത്ര സിദ്ധാന്തമാണിത്‌. ഭൂവല്‍ക്കം എന്നറിയപ്പെടുന്ന ഭൂമിയുടെ ബാഹ്യപാളിക്ക്‌ മുഖ്യമായും രണ്ട്‌ അടുക്കുകള്‍ ഉണ്ട്‌-ലിഥോസ്‌ഫിയറും(lithosphere), അസ്‌ഥെനോസ്‌ഫിയറും(asthenosphere). ഇതില്‍ ലിഥോസ്‌ഫിയറാണ്‌ പുറന്തോട്‌. അത്‌ വലുതും ചെറുതുമായ ഒട്ടേറെ ഫലകങ്ങള്‍(plates) ആയി കാണപ്പെടുന്നു.

എത്ര ഫലകങ്ങള്‍ ലിഥോസ്‌ഫിയറിലുണ്ട്‌ എന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമാണ്‌. എട്ടു മുതല്‍ 12 വരെ ഭീമന്‍ ഫലകങ്ങളും ഇരുപതോളം ചെറുഫലകങ്ങളുമുണ്ടെന്ന്‌ സാമാന്യമായി പറയാം. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുംപോലെ, ഈ ഫലകങ്ങള്‍ അസ്‌ഥെനോസ്‌ഫിയറിന്‌ മുകളില്‍ ഒഴുകി നീങ്ങുന്നു. പല ദിക്കുകളിലേക്ക്‌ പല വേഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ഫലകങ്ങള്‍ തെന്നി നീങ്ങുന്നതിന്റെ ഫലമാണ്‌, ഭൂമുഖത്ത്‌ നമ്മള്‍ കാണുന്ന മിക്ക ഭൗമപ്രവര്‍ത്തനങ്ങളും. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ എന്നിവ ഫലകചലന പ്രക്രിയയുടെ നിത്യവും കാണുന്ന ഫലങ്ങളാണ്‌. സമുദ്രങ്ങളുടെ ജനനം, ഭൂഖണ്ഡങ്ങളുടയും പര്‍വതങ്ങളുടെയുമൊക്കെ രൂപപ്പെടല്‍ തുടങ്ങിയവ ഈ പ്രക്രിയയുടെ ദീര്‍ഘകാല ഫലങ്ങളും.

ഫലകചലന പ്രക്രിയ എന്നാണ്‌ ആരംഭിച്ചത്‌? വ്യക്തമായ ഉത്തരം ഇപ്പോഴും ലഭ്യമല്ല. 460 കോടി വര്‍ഷമാണ്‌ ഭൂമിയുടെ പ്രായം. ഭൂമിക്കു ചെറുപ്പമായിരുന്നപ്പോള്‍ പുറന്തോടില്‍ ഫലകങ്ങള്‍ രൂപപ്പെട്ടിരുന്നില്ല എന്നായിരുന്നു പൊതുവെയുള്ള നിഗമനം. പക്ഷേ, ആ ധാരണ തിരുത്താന്‍ സമയമായെന്ന്‌ പുതിയൊരു കണ്ടെത്തല്‍ പറയുന്നു. ഭൂപ്രതലത്തില്‍, അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമേറിയ ഭാഗം ഗ്രീന്‍ലന്‍ഡില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഗ്രീന്‍ലന്‍ഡില്‍ ഇസുവ ബെല്‍റ്റ്‌ (Isua Belt) എന്നറിയപ്പെടുന്ന പ്രദേശത്തുള്ള ശിലാമേഖലയ്‌ക്ക്‌ 380 കോടി വര്‍ഷം പഴക്കമുണ്ടെന്ന കണ്ടെത്തല്‍ ഭൗമഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഫലകചലനം ഇപ്പോള്‍ കരുതുന്നതിലും മുമ്പ്‌ ഭൂമിയില്‍ ആരംഭിച്ചിരുന്നു എന്നതിന്റെ തെളിവാണ്‌ ഈ കണ്ടെത്തലെന്ന്‌, 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. "ഫലകചലന പ്രക്രിയയെന്ന പരിപ്രേക്ഷ്യത്തിലാണ്‌ ആധുനിക ഭൗമശാസ്‌ത്രമെന്ന്‌ നാം വ്യവഹരിക്കുന്ന മൊത്തം ചട്ടക്കൂടും പ്രവര്‍ത്തിക്കുന്നത്‌. ആ നിലയ്‌ക്ക്‌ ഫലകചലനം തുടങ്ങിയിട്ട്‌ എത്ര കാലമായി എന്നറിയുന്നത്‌ തീര്‍ച്ചയായും പ്രധാനപ്പെട്ട സംഗതിയാണ്‌"-ഗവേഷണസംഘത്തില്‍ അംഗമായിരുന്ന, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. മിനിക്‌ റോസിങ്‌ അഭിപ്രായപ്പെടുന്നു. "ആവേശഭരിതം"-വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഭൗമശാസ്‌ത്രജ്ഞന്‍ പ്രൊഫ. ജോണ്‍ വാലി പുതിയ കണ്ടെത്തലിനോട്‌ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. "ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌ 380 വര്‍ഷം മുമ്പു തന്നെ ഫലകചലനം ആരംഭിച്ചിരുന്നു എന്നാണ്‌"- പ്രൊഫ.ജോണ്‍ വാലി പറഞ്ഞു. ഭൂമിയുണ്ടായി വെറും 80 കോടി വര്‍ഷം കഴിഞ്ഞുള്ള ഭൗമപ്രതലമാണ്‌ ഗ്രീന്‍ലന്‍ഡില്‍ കണ്ടുപിടിച്ചിരിക്കുന്നത്‌.

ഭൂമിയുടെ യഥാര്‍ത്ഥ പ്രായവുമായി താരതമ്യം ചെയ്‌താല്‍, പുറന്തോട്‌ വളരെ ചെറുപ്പമാണ്‌. സമുദ്രങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കുമെല്ലാം ചെറുപ്പമാണ്‌. വെറു പത്തോ പതിനഞ്ചോ കോടി വര്‍ഷം മുമ്പ്‌ ഇന്നു കാണുന്ന മഹാസമുദ്രങ്ങളോ ഭൂഖണ്ഡങ്ങളോ ഭൂമുഖത്ത്‌ ഇല്ലായിരുന്നു. ഫലകചലന സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തില്‍ വെറും പത്തിലൊന്ന്‌ മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ (കാണുക: സമുദ്രജനനം). ഭൂമിയുടെ പഴക്കം ഗണിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെല്ലാം പലപ്പോഴും തടസ്സമായത്‌, ഭൂമിയുടെ യഥാര്‍ത്ഥ പ്രായം പ്രതിഫലിപ്പിക്കുന്ന ഒരു മാതൃകയും ഭൂമിയിലില്ല എന്നതായിരുന്നു. ഭൂമിയുടെ ബാഹ്യപാളി ഇങ്ങനെ 'ചെറുപ്പമായി' നിലനില്‍ക്കുന്നത്‌ ഫലകചലന പ്രക്രിയ മൂലമാണ്‌. ഭൂപ്രതലത്തെ അത്‌ നിരന്തരം പുനര്‍ജനിപ്പിച്ചുക്കൊണ്ടിരിക്കുന്നു.

'നടുക്കടല്‍ വിള്ളലുകള്‍' (mid-ocean ridges) എന്നറിയപ്പെടുന്ന ഫലകഅതിര്‍ത്തികളിലാണ്‌ സമുദ്രപ്രതലങ്ങള്‍ (sea floors) പുതിയതായി രൂപപ്പെടുന്നത്‌. അസ്‌ഥെനോസ്‌ഫിയറില്‍ നിന്ന്‌ ഇത്തരം വിള്ളലുകളിലൂട പുറത്തേക്കു വരുന്ന ലാവ (മാഗ്‌മ) തണുത്ത്‌ പരക്കുന്നു. ഫലകാതിര്‍ത്തികളുടെ മധ്യഭാഗത്തു നിന്ന്‌ അവ സമുദ്രങ്ങളുടെ അരികുകളിലേക്ക്‌ നീങ്ങുന്നതോടെ, കൂടുതല്‍ തണുത്ത്‌ സാന്ദ്രതയേറി പുറംപാളിക്കടിയിലേക്ക്‌ താഴാനാരംഭിക്കും; പുനര്‍സൃഷ്ടിക്കപ്പെടാനായി. ഇങ്ങനെ പുതിയ സമുദ്രപ്രതലം അപ്രത്യക്ഷമാകുന്ന സ്ഥലം ഒരു സമ്മര്‍ദമേഖലയായി മാറും. "സാധാരണഗതിയില്‍ സമുദ്രപ്രതലങ്ങള്‍ 20 കോടി വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കാറില്ല"-പ്രൊഫ. റോസിങ്‌ അറിയിക്കുന്നു. ഏറിയ പങ്കും സമ്മര്‍ദമേഖലകളില്‍ നശിക്കുന്നു.

എന്നാല്‍, ചില സവിശേഷ സാഹചര്യങ്ങളില്‍ സമുദ്രപ്രതലത്തിന്റെ ചെറുതുണ്ടുകള്‍ നശിക്കാതെ നിലനില്‍ക്കും. അവ കാലാന്തരത്തില്‍ കരയുടെ ഭാഗമായി മാറും. ഇത്തരം തുണ്ടുഭൂമിയെ 'ഒഫിയോലൈറ്റുകള്‍'(ophiolites) എന്നാണ്‌ വിളിക്കുക. ഇത്തരമൊരു തുണ്ടു ഭൂമിയാണ്‌ ഗ്രീന്‍ലന്‍ഡില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. സൈപ്രസിലും ഒമാനിലും മുമ്പ്‌ 'ഒഫിയോലൈറ്റുകളെ' തിരിച്ചറിഞ്ഞിട്ടുണ്ട്‌. പക്ഷേ, പഴക്കത്തിന്റെ കാര്യത്തില്‍ അവയെ കടത്തി വെട്ടുന്നു ഗ്രീന്‍ലന്‍ഡിലെ പഴയഭൂമി. എന്നുവെച്ചാല്‍, ഭൂമുഖത്ത്‌ മനുഷ്യന്‍ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഭാഗമാണ്‌ ഗ്രീന്‍ലന്‍ഡിലേത്‌ എന്നു സാരം.

ഗ്രീന്‍ലന്‍ഡിലെ ഇസുവ ബെല്‍റ്റില്‍ ഗവേഷകര്‍ പഠന വിധേയമാക്കിയത്‌ അഞ്ചുകിലോമീറ്ററോളം ദൂരത്തെ തുണ്ടുഭൂമിയാണ്‌. അടിത്തട്ടില്‍ പരലീകരിക്കപ്പെട്ട ശിലാഖണ്ഡങ്ങളും അതിനുമുകളില്‍ ഉറഞ്ഞു കട്ടിയായി 'ഫോസിലീകരിക്കപ്പെട്ട' മാഗ്‌മ അറകളും ഉള്‍പ്പടെ, ഒഫിയോലൈറ്റുകളുടെ സ്വഭാവഗുണങ്ങളെല്ലാം ആ പ്രദേശത്തിനുള്ളതായി ഗവേഷകര്‍ കണ്ടു. "380 കോടി വര്‍ഷം മുമ്പ്‌, സമുദ്രപ്രതലത്തില്‍ ഏതാനും മിനുറ്റുകൊണ്ട്‌ ലാവ ഉറഞ്ഞുണ്ടായ ഘടനയാണ്‌ അതെന്ന്‌ തിരിച്ചറിയാനാകും"-പ്രൊഫ. റോസിങ്‌ അറിയിക്കുന്നു. അത്ര പ്രാചീനകാലത്തു തന്നെ, ഇന്നു നമ്മള്‍ കാണുന്ന 'നടുക്കടല്‍ വിള്ളല്‍' പ്രക്രിയ നടന്നിരുന്നു എന്നാണ്‌ ഇത്‌ അസന്നിഗ്‌ധമായി തെളിയിക്കുന്നത്‌. ഫലകചലന പ്രക്രിയയുടെ ചരിത്രത്തെ കുറഞ്ഞത്‌ 130 കോടി വര്‍ഷം പിന്നോട്ടു നയിക്കുന്നു കണ്ടെത്തലാണിതെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു (അവലംബം: സയന്‍സ്‌ ഗവേഷണ വാരിക, ബിബിസി ന്യൂസ്‌)

1 comment:

Joseph Antony said...

ഏറ്റവും 'പഴക്കമേറിയ ഭൂമി' ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു; ഗ്രീന്‍ലന്‍ഡില്‍. ഫലകചലനപ്രക്രിയയുടെ ചരിത്രത്തെക്കുറിച്ച്‌ പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്ന ആ കണ്ടെത്തലിനെക്കുറിച്ച്‌.