രക്തത്തില്‍ നിന്ന് എയിഡ്സ് വൈറസിനെതിരെ ഔഷധം വികസിപ്പിക്കാന്‍ വഴി തെളിയുന്നു. എയിഡ്സിന് കാരണമായ ഹ്യുമണ്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി) ശരീരത്തില്‍ പെരുകുന്നത് തടയാന്‍, രക്തത്തിലെ ഒരു സ്വാഭാവിക ഘടകത്തിന് ശേഷിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജര്‍മന്‍ ഗവേഷകര്‍.
എയിഡ്സ് പൂര്‍ണമായി ഭേദമാക്കാന്‍ ഇതുവരെ ഒരു മാര്‍ഗ്ഗവും തെളിഞ്ഞിട്ടില്ല. രക്തത്തില്‍ പുതിയതായി കണ്ടെത്തിയ ഘടകത്തിനും ആ കഴിവില്ല. എന്നാല്‍, ശരീരത്തില്‍ എയിഡ്സിന്റെ ആവിര്‍ഭാവം വൈകിക്കാനും എച്ച്.ഐ.വി.ബാധിച്ചവര്‍ക്ക് സാധാരണ ജീവിതം നീട്ടിക്കിട്ടാനും സഹായിക്കുന്ന ചില വൈറസ്പ്രതിരോധ മരുന്നുകളുണ്ട്. ആ ഗണത്തിലാണ് രക്തഘടകവും പെടുകയെന്ന് ഗവേഷകര്‍ പറയുന്നു.
നിലവിലുള്ള വൈറസ്പ്രതിരോധ ഔഷധങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഈ രക്തഘടകം പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കെതിരെ എയിഡ്സ് വൈറസ് വളരെ വേഗം പ്രതിരോധശേഷി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഫലപ്രദമായ പുതിയൊരു വിഭാഗം മുന്നുകളുടെ വികസനത്തിന് രക്തഘടകത്തിന്റെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
രക്തത്തിലെ ചില ഘടകങ്ങള്‍ക്ക് എച്ച്.ഐ.വി തടയാന്‍ കഴിയുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ആ ഘടകങ്ങളെ തിരിച്ചറിയാനായിരുന്നു, ജര്‍മനിയില്‍ യും സര്‍വകലാശാല (University of Ulm) യിലെ ഗവേഷകരുടെ ശ്രമം. സ്വന്തംനിലയ്ക്കു വികസിപ്പിച്ച മാര്‍ഗ്ഗമുപയോഗിച്ച് അവര്‍ രക്തത്തിലെ പത്തുലക്ഷത്തോളം പ്രോട്ടീനുകളുടെ എച്ച്.ഐ.വി പ്രതിരോധഗുണങ്ങള് പരിശോധിച്ചുവെന്ന്, 'സെല്‍' ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
'വൈറസ് ഇന്‍ഹിബിറ്ററി പെപ്റ്റൈഡ്'(VIRIP) എന്ന പ്രോട്ടീന്ഘടകം രക്തത്തില്‍ താരതമ്യേന സുലഭമാണെന്ന് ഗവേഷകര്‍ കണ്ടു. ഈ പെപ്റ്റൈഡിലെ അമിനോആസിഡ് ശൃംഗലകളില്‍ (പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം അമിനോആസിഡുകളാണ്) നേരിയ വ്യത്യാസം വരുത്തിയപ്പോള്‍ അതിന്റെ എച്ച്.ഐ.വി.പ്രതിരോധശേഷി വര്‍ധിച്ചു. രക്തത്തിലെ പ്ലാസ്മയില്‍ ഈ തന്മാത്രകളുടെ ചില വകഭേദങ്ങള്‍ സുസ്ഥിരമാണെന്നും, അവയുടെ സാന്ദ്രത എത്ര വര്‍ധിപ്പിച്ചാലും അത് വിഷമയമാകുന്നില്ലെന്നുമുള്ള കാര്യമാണ് പ്രതീക്ഷയുണര്‍ത്തുന്നത്.
മനുഷ്യകോശങ്ങളിലേക്ക് കടന്നു കയറാന്‍ എച്ച്.ഐ.വി.ഉപയോഗിക്കുന്ന ഒരു പ്രത്യേകയിനം പഞ്ചസാരതന്മാത്രകളെയാണ്, പുതിയതായി കണ്ടെത്തിയ രക്തഘടകം ലക്ഷ്യംവെയ്ക്കുന്നത്.
ഭൂമുഖത്ത് നിലവില്‍ 400 ലക്ഷം എച്ച്.ഐ.വി.ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടന(WHO)യുടെ കണക്ക്. അവരില്‍ ഒരു വിഭാഗത്തിന് നിലവിലുള്ള വൈറല്പ്രതിരോധ മരുന്നുകള്‍ ഫലപ്രദമാകാത്ത സ്ഥിതിയെത്തിക്കഴിഞ്ഞു. മരുന്നുകള്‍ക്കെതിരെ എയിഡ്സ് വൈറസ് വളരെ വേഗം പ്രതിരോധശേഷി ആര്‍ജിക്കുന്നതാണ് കാരണം. അത്തരക്കാര്‍ക്ക് അനുഗ്രഹമാകും പുതിയ കണ്ടെത്തല്‍ എന്ന് വിലയിരുത്തുപ്പെടുന്നു (അവലംബം: 'Cell' ഗവേഷണവാരിക).
1 comment:
നിലവിലുള്ള മരുന്നുകള്‍ക്കെതിരെ എയിഡ്സ് വൈറസ് പ്രതിരോധശേഷി കൈവരിക്കുന്നത് ആശങ്കയുയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ രക്തത്തിലെ ഒരു ഘടകം എച്ച്.ഐ.വിക്കെതിരെ പ്രവര്‍ത്തിക്കും എന്ന കണ്ടെത്തല്‍ പ്രതീക്ഷ നല്കുന്നു...അതെപ്പറ്റി.
Post a Comment