Wednesday, April 11, 2007

ആഗോളതാപനം ചൊവ്വാഗ്രഹത്തിലും

ആഗോളതാപനം ഭൂമിയില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. ഭൂമിയ്‌ക്ക്‌ ചൂടുപിടിക്കുന്നതിന്റെ നാലിരട്ടി വേഗത്തില്‍ ചൊവ്വാഗ്രഹത്തില്‍ ഊഷ്‌മാവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണത്രേ.

ഭൂമിയില്‍ അനുഭവപ്പെടുന്ന താപവര്‍ധനയില്‍ മനുഷ്യന്‍ തന്നെയാണ്‌ മുഖ്യപ്രതിയെങ്കില്‍, ചൊവ്വായിലെ താപവര്‍ധനയ്‌ക്കു കാരണം അവിടെ അനുഭവപ്പെടുന്ന അസാധാരണമായ പൊടിക്കാറ്റാണത്രേ! കഴിഞ്ഞ 30 വര്‍ഷത്തെ ഗ്രഹനിരീക്ഷണ വിവരങ്ങള്‍ വിശകലനം ചെയ്‌ത ഗവേഷകരാണ്‌ ഈ വസ്‌തുത തിരിച്ചറിഞ്ഞത്‌.

ചൊവ്വാപ്രതലത്തിലെ തിളങ്ങുന്ന ചുവന്ന പൊടിപടലം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച്‌ കളയുകയാണ്‌ പതിവ്‌. ഗ്രഹപ്രതലം ചൂടുപിടിക്കുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കുന്നു. ഇങ്ങനെ പ്രകാശം അന്തരീക്ഷത്തിന്‌ വെളിയിലേക്ക്‌ പ്രതിഫലിപ്പിക്കുന്ന പ്രതിഭാസത്തിന്‌ 'ആല്‍ബെഡോ' (albedo) എന്നാണ്‌ പേര്‌. എന്നാല്‍, ഗ്രഹപ്രതലത്തെ ഉലയ്‌ക്കുന്ന ശക്തമായ പൊടിക്കാറ്റ്‌ ആല്‍ബെഡോ പ്രതിഭാസത്തെ ദുര്‍ബലമാക്കുന്നു. പ്രകാശം പ്രതിഫലിപ്പിക്കാനുള്ള ഗ്രഹപ്രതലത്തിന്റെ ശേഷി കുറയുന്നു. സൂര്യപ്രകാശത്തിലൂടെയെത്തുന്ന താപം ഗ്രഹപ്രതലത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. താപവര്‍ധനയ്‌ക്ക്‌ ഇതാണ്‌ കാരണം.

ചൊവ്വാഗ്രഹത്തില്‍ വിവിധ കാലത്ത്‌ പല സ്ഥലങ്ങളിലായി മൈനസ്‌ 87 ഡിഗ്രി മുതല്‍ അഞ്ച്‌ ഡിഗ്രി സെല്‍സിയസ്‌ വരെ (-125F to 23F) താപനില അനുഭവപ്പെടാറുണ്ട്‌. എന്നാല്‍, പൊടിക്കാറ്റിന്റെ ആധിക്യത്താല്‍ ഗ്രഹപ്രതലത്തിന്റെ പ്രകാശപ്രതിഫലനശേഷി ശോഷിച്ചതിനാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ശരാശരി താപനില 0.65 ഡിഗ്രി വര്‍ധിച്ചുവെന്ന്‌, 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. അതേസമയം, ഭൂമിയില്‍ നൂറുവര്‍ഷത്തിനിടെ ശരാശരി താപനിലയിലുണ്ടായ വര്‍ധന 0.75 ഡിഗ്രി സെല്‍സിയസ്‌ ആണെന്നാണ്‌ കണക്ക്‌.

നാസയിലെ ഗ്രഹഗവേഷക (planetary scientist) ലോറി ഫെന്റോനും സംഘവുമാണ്‌ കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ ചൊവ്വായിലെ ആഗോളതാപനത്തെക്കുറിച്ച്‌ പഠിച്ചത്‌. 1970-കളില്‍ നാസയുടെ 'വിക്കിങ്‌' ദൗത്യവും, 20 വര്‍ഷത്തിന്‌ ശേഷം 'ഗ്ലോബല്‍ സര്‍വേയറും' പകര്‍ത്തിയ 'തെര്‍മല്‍ സ്‌പെക്ട്രോമീറ്റര്‍ ദൃശ്യങ്ങള്‍ താരതമ്യം ചെയ്‌താണ്‌ താപനിലയിലെ വര്‍ധന ഗവേഷകര്‍ മനസിലാക്കിയത്‌. ആല്‍ബെഡോ പ്രതിഭാസവും അന്തീരക്ഷത്തിലെ പൊടിപടലത്തിന്റെ ആധിക്യവും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ഈ താരതമ്യം സഹായിച്ചു.

ഭൂമിയില്‍ അനുഭവപ്പെടുന്ന ആഗോളതാപനത്തിന്‌ മനുഷ്യനാണ്‌ ഉത്തരവാദി. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കണക്കറ്റ്‌ വ്യാപിക്കുന്നതാണ്‌ ഇതിന്‌ മുഖ്യകാരണം. കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ താപത്തെ കുടുക്കിയിട്ട്‌ അന്തരീക്ഷ ഊഷ്‌മാവ്‌ വര്‍ധിപ്പിക്കുകയാണ്‌ ചെയ്യുക. ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകുന്ന വളരെ നേരിയ വ്യതിയാനം, ഭൂമി സ്വയംഭ്രമണത്തിലെ ദിശാവ്യത്യാസം, അഗ്നിപര്‍വതങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും വ്യാപിക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ ഒക്കെ ചിലയവസരങ്ങളില്‍ ആഗോളതാപനത്തിന്‌ കാരണമാകാറുണ്ട്‌.

ചൊവ്വാഗ്രഹത്തില്‍ പക്ഷേ, ആഗോളതാപനത്തിന്‌ കാരണമാകുന്ന പൊടിക്കാറ്റ്‌ ഇപ്പോഴും ശാസ്‌ത്രലോകത്തിന്‌ ഒരു നിഗൂഢതയായി നിലനില്‍ക്കുകയാണ്‌. ചൊവ്വായിലെ കാലാവസ്ഥാവ്യതിയാനവും ആല്‍ബെഡോ പ്രതിഭാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ കരുതുന്നു. സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളില്‍ സൂര്യനില്‍ നിന്ന്‌ നാലാമത്തെ ഗ്രഹമാണ്‌ 'ചുവന്നഗ്രഹ'മെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വാഗ്രഹം.

23 കോടി ചതുരശ്രകിലോമീറ്ററാണ്‌ ചൊവ്വായുടെ പ്രതല വിസ്‌തീര്‍ണം. ഗ്രഹത്തിന്റെ സ്വയംഭ്രമണത്തിന്‌ 24.62 മണിക്കൂര്‍ വേണം. 686.93 ഭൗമദിനങ്ങളാണ്‌ ഒരു ചൊവ്വാവര്‍ഷം. ചൊവ്വായുടെ അന്തരീക്ഷത്തില്‍ 96 ശതമാനവും കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആണ്‌. ഭൂമിയിലെ ആല്‍ബെഡോ പ്രതിഭാസത്തിന്റെ ഭൂമിയിലെ തോത്‌ ചൊവ്വായിലേതിനേക്കാള്‍ 30 മടങ്ങ്‌ കൂടുതലാണ്‌. ഭൂമിയെ അപേക്ഷിച്ച്‌ വളരെ ഇരുണ്ടതായാണ്‌ ചൊവ്വ കാണപ്പെടുന്നത്‌.

3 comments:

Joseph Antony said...

ഭൂമി ചൂടാകുന്നതിലും നാലിരട്ടി വേഗത്തില്‍ ചൊവ്വാഗ്രഹം ചൂടുപിടിക്കുകയാണത്രേ. ആഗോളതാപനം ഭൂമിയില്‍ മാത്രമുള്ള പ്രതിഭാസമല്ലെന്നു സാരം. അതെപ്പറ്റി

മൂര്‍ത്തി said...

നന്ദി...നല്ല പോസ്റ്റ്..
qw_er_ty

keralafarmer said...

അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി