നശിപ്പിക്കാന്‍ പാടില്ലാത്തത്ര അമൂല്യമാണ് സൈലന്റ് വാലിയിലെ മഴക്കാടുകളെന്ന് നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എത്രയായിട്ടും മനസിലാകുന്നില്ല. ഉറക്കം നടിക്കുകയാണവര്‍. അല്ലെങ്കില്‍ പാത്രക്കടവ് പദ്ധിക്കുള്ള നീക്കവുമായി വീണ്ടും രംഗത്തെത്തില്ലായിരുന്നു. പാത്രക്കടവ് പദ്ധതി സൈലന്റ് വാലിക്ക് ഒരു ദോഷവും ചെയ്യില്ല എന്നവര്‍ ആണയിടുന്നു. ആ വാദം പ്രകൃതിയെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ക്കും ശാസ്‌ത്രത്തിനു തന്നെയും എതിരാണെന്നു പറയുന്നവര്‍ വികസനവിരുദ്ധരെന്ന് എളുപ്പം മുദ്രകുത്തപ്പെടുന്നു.
"എന്താണ് പാത്രക്കടവ് വന്നാല്‍ സൈലന്റ് വാലിക്ക് സംഭവിക്കുക? പാത്രക്കടവില്‍ വെറും എഴുപത് മെഗാവാട്ട് വൈദ്യുതിക്കു വേണ്ടി ഒരു അണക്കെട്ടുണ്ടാക്കിയാല്‍, ആ പ്രവര്‍ത്തിയുടെ നേരിട്ടുള്ളതും അല്ലാത്തതുമായ ആഘാതം സൈലന്റ് വാലി ഇക്കോവ്യൂഹത്തിന് ഏല്‍ക്കേണ്ടി വരും. ഇത് ഒരു വെളിപാടല്ല. ശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. ഒരു ഇക്കോവ്യൂഹത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഒരു ചെറിയ പരിക്കുപോലും ആ ഇക്കോവ്യൂഹത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കും. അത് ഒരു വന്‍കിട ആഘാതത്തിന് വഴിയൊരുക്കും"-പ്രൊഫ. എം.കെ. പ്രസാദ് പറയുന്നു (മാതൃഭൂമി 28 ഏപ്രില്‍ 2007).
കേരളത്തിലെ ഒരു പുഴയെപ്പോലും വെറുതെവിടരുതെന്നാണോ നമ്മള്‍ വാദിക്കുന്നത്. എല്ലാ പുഴയും തീരുമ്പോള്‍ പിന്നെയെന്തുചെയ്യും. ഏതായാലും ഒരു കാര്യം വ്യക്തം, പാത്രക്കടവ് പദ്ധതിയില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എഴുപത് മെഗാവാട്ട് വൈദ്യുതിയല്ല, ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നവരെ ആകര്‍ഷിക്കുന്നത്. പദ്ധതിച്ചെലവ് 420 കോടി വരുമെന്ന കാര്യമാണ് പലരുടെയും വായില്‍ വെള്ളമൂറാന്‍ കാരണം. "കേരളത്തില്‍ 66 ലക്ഷം ബള്‍ബുകള്‍ മാറ്റി സി.എഫ്.എല്‍. ഉപയോഗിച്ചാല്‍ 13 പാത്രക്കടവ് പ്രോജക്ടുകള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ലാഭിക്കാം"-എന്ന പ്രൊഫ.പ്രസാദിന്റെ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാന്‍ പാകത്തില്‍ എന്നാണ് നമ്മള്‍ എത്തുക.
എത്ര മെഗാവാട്ട് വൈദ്യുതി കൊണ്ട് താഴെ കാണുന്ന ദൃശ്യങ്ങളിലെ ജൈവസമ്പന്നതയ്‌ക്ക് കണക്കു തീര്‍ക്കാനാകും. സൈലന്റ് വാലിയും അതുള്‍പ്പെടുന്ന ഇക്കോവ്യൂഹവും സഹസ്രാബ്ദങ്ങളായി പരിപാലിക്കുന്ന ജൈവവൈവിധ്യത്തിന്റെ അമൂല്യതയിലേക്ക് ഒരു എത്തിനോട്ടം മാത്രമാണ് സൈലന്റ് വാലിയില്‍ നിന്ന് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍. ഇതിലും എത്രയോ കൂടുതല്‍ അത്ഭുതങ്ങള്‍ അവിടെ കണ്ടെത്താനിരിക്കുന്നു. ഇതൊക്കെ വരുംതലമുറകള്‍ക്ക് നിഷേധിച്ചിട്ട് ഏതു വികസന സ്വര്‍ഗ്ഗത്തിലാണ് നമ്മള്‍ എത്താന്‍ ശ്രമിക്കുന്നത്.
12 comments:
പാത്രക്കടവ് പദ്ധതിയെന്ന പേരില്‍ വീണ്ടും സൈലന്റ് വാലി ഭീഷണി നേരിടുന്നു. ആ ഇക്കോവ്യൂഹത്തിന്റെ സമ്പന്നതയ്‌ക്ക് പകരം നില്‍ക്കാന്‍ എത്ര മെഗാവാട്ട് വൈദ്യുതിക്കു കഴിയും...ഒരു ദൃശ്യ പര്യടനം.
മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ ഞങ്ങളെതിര്‍ക്കും,
എന്നാല്‍ ഞങ്ങള്‍ക്കെന്തുമാകാം എന്നതാണോ ഇപ്പോഴത്തെ നിലപാട്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടെന്താണ്?
പൊതുവാള്‍ ചേട്ടാ..
ശാസ്ത്രസാഹിത്യ പരിഷത്തിന്‍ എന്നും ഒരു നിലപാടേ ഉള്ളൂ..
അത് പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തുള്ള സാമൂഹ്യവിപ്ലവമാണ്‍.
ഈ ദൃശ്യങ്ങളേയും ചരിത്റത്തിന്‍റെ ഏടുകളിലേയ്ക്കെറിയണോ.....
ട്രാന്‍സ്മിഷന്‍ ലോസ്സ് ഒഴിവാക്കില്ല, സി എഫ് എല്‍ ലാമ്പ് വാങ്ങില്ല, സോളാര്‍ പാനലും ഗോബര്‍ഗ്യാസും ചത്താലും ഉപയോഗിക്കില്ല. ചൂടു കൂടിയാല്‍ ഏസി വാങ്ങി വയ്ക്കും, എന്നിട്ട് നാലു ഡാം കൂടെ കെട്ടിയ്ക്കാം, കാരണം ഹൈഡല്‍ പവറാണു ഏറ്റവും വിലകുറവ്.
ദേവേട്ടാ ഇവിടെ 15 സി എഫ് എല്‍ ലാമ്പ് എല്ലാ വീടിനും സൌജന്യമായി കൊടുക്കുന്നുണ്ട്... അതു പോലെ, വെള്ളത്തിന്റെ കണ്‍സമ്പ്ഷന്‍ കുറക്കാന്‍ വേണ്ടി സര്‍ക്കാര്‍ തന്നെ, റ്റാപ്പുകള്‍ ഒക്കെ മാറ്റി ഇട്ടു കൊടുക്കുന്നു, 4 സ്റ്റാര്‍ വാഷിങ്ങ്(water consumption) വാങ്ങിയാല്‍ $150 ഒക്കെ യുണ്ട് നമ്മുടെ നാട്ടില്‍ ഇതൊന്നും പ്രായൊഗികമല്ലെങ്കിലും ഈ സി എഫ് എല്‍ ലാമ്പിനൊക്കെ വേണ്ടി സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കാവുന്നതാണ്.. അതിന്റെ ലാഭം പ്രചരിപ്പച്ചാല്‍ വൈദ്യുതിയുടെ കാര്യത്തില്‍ നമുക്കത് വളരെ പ്രയോജനം ചെയ്യും.. അങ്ങനെയൊക്കെ സംരക്ഷിക്കപ്പേടേണ്ട വനഭൂമികളൊക്കെ നമുക്ക് വരും തലമുറക്ക് വേണ്ടി മാറ്റി വക്കാം അതിനൊക്കെ ആര്‍ക്കു നേരം!!!
ആര്‍ക്കാണ് ആവശ്യം? രാവിലെ ഓഫീസില്‍ ചെന്ന് അവിടിരുന്നുമുതല്‍ വൈകുന്നേരം വീട്ടിലെത്തി അവിടിരുന്നു വരെ മന്ത്രി സുധാകരനെപ്പറ്റിയും അച്യുതാനന്ദനെപ്പറ്റിയും പിണറായി വിജയനെപ്പറ്റിയും അവരുടെ അടിയെപ്പറ്റിയും ക്രിക്കറ്റിനെപ്പറ്റിയും ഈ നാടു പോകുന്ന പോക്കിനെപ്പറ്റിയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്ന എത്രപേരുണ്ട് ഇത്തരം പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്നത്? കിട്ടുന്ന ശമ്പളത്തിലും ബോണസ്സിലും ഒരു പൈസാ കുറഞ്ഞാല്‍ ഞെട്ടുന്നവരില്‍ എത്രപേരുണ്ട് ഈ ദ്രോഹം കണ്ട് ഞെട്ടുന്നത്?
ഈ കാര്യത്തില്‍ തന്നെ സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കും മുകളില്‍ പ്രതികരിക്കാനുള്ള ആര്‍ജ്ജവം എത്രപേര്‍ക്കുണ്ട് നാട്ടില്‍? എന്തിന് പാത്രക്കടവ് മാത്രമാക്കണം? മൂന്നാറില്‍ കാടുമുഴുവന്‍ കൈയ്യേറി നശിപ്പിച്ചവരില്‍ ഇടതും വലതുമുണ്ടായിരുന്നു. ഇപ്പോള്‍, ഇന്നുമുതലെങ്കിലും കൈയ്യേറ്റം പൂര്‍ണ്ണമായും നിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതിനും പകരം ഇത് ആരുടെ കാലത്ത് തുടങ്ങി എന്നുള്ള തര്‍ക്കമാണ് ഏറ്റവും മുഴച്ച് നില്‍ക്കുന്നത്. യു.ഡി.എഫിന്റെ കാലത്ത് തന്നെ തുടങ്ങി എന്നൊന്നു സ്ഥാപിച്ച് കിട്ടിയാല്‍ എല്‍.ഡി.എഫിനും സന്തോഷമായി. അത്രമാത്രമേ വേണ്ടൂ.
പാത്രക്കടവിനെപ്പറ്റിയാണെങ്കിലും പാരിസ്ഥിതിക പ്രശ്‌നത്തെപ്പറ്റിയല്ല, യു.ഡി.എഫാണ് ഈ പദ്ധതി കൊണ്ടുവന്നത് എന്നൊന്നു സ്ഥാപിച്ച് കിട്ടിക്കുക എന്നതാണ് മന്ത്രി ബാലനും ആവശ്യം. അതൊന്ന് സ്ഥാപിച്ചു കിട്ടിയാല്‍ പിന്നെ യു.ഡി.എഫിന്റെ വായടയ്ക്കാം, കാര്യം സുഗമമായി മുന്നോട്ട് കൊണ്ടുപോവുകയുമാവാം.
എന്തിനുമേതിനും ഹര്‍ത്താലും ബന്ദും നടത്തുന്ന ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ നടത്തുമോ?
രാഷ്ട്രീയത്തിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അതീതമായി പ്രകൃതിയെപ്പറ്റി ചിന്തിക്കാന്‍ തയ്യാറല്ലാത്ത ഒരു മലയാളി സമൂഹത്തില്‍ ഇനി സൈലന്റ് വാലിയെന്നോ ഭാരതപ്പുഴയെന്നോ മതികെട്ടാനെന്നോ ഒന്നും പറഞ്ഞ് വിലപിച്ചിട്ട് കാര്യമില്ല. കാടായ കാടെല്ലാം കൈയ്യേറുന്നതും കാട് വെട്ടിത്തെളിച്ച് റബ്ബറും ഏലവും വെക്കുന്നതും നമ്മളെല്ലാം ഉള്‍പ്പെട്ട മലയാളി സമൂഹം തന്നെയാണ്. ഒരു ഇരുപത് ഇരുപത്തഞ്ച് കൊല്ലം വെയിറ്റു ചെയ്യേണ്ട കാര്യമേ ഉള്ളൂ. അത് കഴിഞ്ഞാല്‍ ഏത് കൈയ്യേറ്റവും പട്ടയവത്‌കരിക്കപ്പെട്ടുകൊള്ളും.
പാത്രക്കടവ് നിര്‍ത്താം, പകരം കൈയ്യേറിയ കാടുകളില്‍നിന്നും എല്ലാവരും പുറത്തിറങ്ങണം എന്നൊന്ന് പറഞ്ഞ് നോക്കിക്കേ, പത്ത് പാത്രക്കടവ് പണിതുകൊള്ളാന്‍ നമ്മള്‍ തന്നെ പറയും. എല്ലാ പത്രങ്ങളും മുഖപ്രസംഗവുമെഴുതും. അതാണ് നമ്മള്‍ മലയാളികളുടെ പ്രകൃതി സ്നേഹം. ഐ.എസ്.ആര്‍.ഓ യുടെ ചോദിച്ചാല്‍ അവര്‍ കാണിച്ചു തരും 1985 ലെ സാറ്റലൈറ്റ് മാപ്പും ഇപ്പോഴത്തെ സാറ്റലൈറ്റ് മാപ്പും. നമുക്ക് തന്നെ കാണാവുന്നതേ ഉള്ളൂ നമ്മുടെ പ്രകൃതി സ്നേഹത്തിന്റെ ബാക്കി പത്രം.
യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു പോവുക എന്നത് തന്നെ മനഃസമാധാനത്തിന് ഏറ്റവും നല്ലത്. നമ്മള്‍ മലയാളികള്‍ക്ക് ഇതൊന്നും വിധിച്ചിട്ടില്ല-അതിനു കാരണം നമ്മള്‍ മലയാളികള്‍ തന്നെ. പിന്നെ സ്വല്പമെങ്കിലും പ്രകൃതി സ്നേഹമുള്ളവര്‍ അവരുടെ കുട്ടികളെയെങ്കിലും പ്രകൃതി ചൂഷണത്തിന്റെ ഭീകരത പറഞ്ഞു മനസ്സിലാക്കിക്കുക- അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ എന്തെങ്കിലും നാട്ടില്‍ ബാക്കിയുണ്ടെങ്കില്‍ അതെങ്കിലും സംരക്ഷിക്കപ്പെടട്ടെ.
“പാത്രക്കടവ് പദ്ധതിയില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എഴുപത് മെഗാവാട്ട് വൈദ്യുതിയല്ല, ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നവരെ ആകര്‍ഷിക്കുന്നത്. പദ്ധതിച്ചെലവ് 420 കോടി വരുമെന്ന കാര്യമാണ് പലരുടെയും വായില്‍ വെള്ളമൂറാന്‍ കാരണം. "
വളരെ നല്ല പോസ്റ്റ്. നല്ല ചിത്രങ്ങളും. കടലില്‍ മഴപെയ്യുന്നത് അവിടെ കാടുണ്ടായിട്ടാണോ എന്നു ചോദിക്കുന്ന രാഷ്ട്രീയക്കാരല്ലേ നമുക്കുള്ളത്. അനുഭവിക്കുക തന്നെ.
Hi Joseph,
Nice to see photos of Anoop Das KS (Twin violet flowers)and Dr. Ajith Kumar (LTM mom and kid) in ur blog.
Hope u will b giving due credit to them.
Regards
Riyan.
ബഹുമാനപ്പെട്ട ജോസഫ്
ഈ ചിത്രങ്ങളുടെ താഴെ പേരുകളും ശാസ്ത്രനാമങ്ങളും ഉണ്ടായിരുന്നു എങ്കില്‍ ഒരു അമൂല്യമായ wiki article ആകുമായിരുന്നു.
താങ്കള്‍ അതു ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.
കിടിലന്‍ വിവരണം. നല്ല പടം
“Only An Axe Away“ എന്നൊരു ഡോകുമെന്ററി Baburaj&Saratchandran വകയായി കണ്ടിരുന്നു. സൈലന്റ് വാലിയില്‍നിന്ന് പാത്രക്കടവിലേയ്ക്കുള്ള ദൂരം ഒരു മഴുവിന്റേതാണ് എന്നോ മറ്റോ.
ഓഫ്.ടൊ
കാടില്ലെങ്കില്‍ ഡിങ്കന്‍ ഒക്കെ എവിടെ പോയി താമസിക്കും?
മേല്പറഞ്ഞ എന്‍റെ പ്രിയ സുഹൃത്തുകള്‍ ആദ്യമായി ഒരു പ്രതിജ്ഞ എടുക്കുക. ഇന്ന് മുതല്‍ ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദുതി ഉപയോഗിക്കുകയല്ല എന്ന്. കാരണം ഈ പദ്ധതികള്‍ എല്ലാം തന്നെ കാട് വെട്ടി തെളിച്ചു ജൈവ വൈവിധ്യ ഘടനക്ക് ആഘാതം ഉണ്ടാക്കിയവയാണ്. നിങ്ങളൊക്കെ ഇടുക്കി പദ്ധതിക്ക് മുന്‍പ് ജനിച്ചിരുന്നെങ്കില്‍ അതും മുടക്കാമായിര്ന്നു. കഷ്ടകാലത്തിനു അത് നടന്നില്ല. അത് നടന്നിരുന്നെകില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തെ പോലെ പ്രാകൃത കേരളം ആക്കാമായിരുന്നു.
M K പ്രസാദ് സാര്‍ സൈലന്റ് വാലി സമര കാലത്ത് വാദിച്ചിരുന്നത് ജല വൈദ്യുതിയെക്കാള്‍ മെച്ചം താപ നിലയം ആണെന്നാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് അല്ലെ. പറഞ്ഞാല്‍ അപ്പീലില്ല. അങ്ങിനെ കേരളത്തില്‍ രണ്ടു ഡീസല്‍ നിലയങ്ങളും ഒരു താപ നിലയവും വന്നു. ദോഷം പറയതരുതല്ലോ. നല്ല തെളിഞ്ഞ വൈദ്യുതി. വില അല്പം കൂടും. യുനിറ്റിനു 4 - 75 . 30 പൈസക്ക് കരണ്ടുണ്ടാക്കിയിരുന്ന കാലം ആണെന്ന് ഓര്‍ക്കണം. കരിയും, പുകയും, ശബ്ദവും വേറെ. പിന്നെ പരിഷത്തും പ്രസാദ് സാറും അതിനെ കുറിച്ച് മിണ്ടിയിട്ടില്ല.,
ഇടുക്കി കപ്പാസിറ്റി 700 മെഗാ വാട്ട് ആണ്. അത്രയും തന്നെ കപ്പാസിറ്റി ആയിരിന്നു സൈലന്റ് വാലിയിലും ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ എന്ത് വികസനത്തിനും പാര വയ്ക്കുന്ന പരിഷത്ത് ആ പദ്ധതിയെ കുളിപ്പിച്ച് കിടത്തി. ആ സമരം കൊണ്ട് മറ്റൊരു ഉപകാരം കൂടി ഉണ്ടായി. നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ഒരു വന സംരക്ഷണ നിയമം അങ്ങ് പാസാക്കി. കേരളത്തിന്‍റെ ജല വൈദ്യുതി സ്വപ്നങ്ങളെ പെട്ടിയിലാക്കി ആണിയടിച്ച ഒരു നിയമം ആണത് . അത് പ്രകാരം. കേരളത്തില്‍ ഇന് ഒരു ജല വൈദുതി പദ്ധതി പോലും ഇനി നടപ്പാക്കാന്‍ സാധിക്കുകയില്ല. കാരണം എല്ലാ പദ്ധതിക്കും കുറച്ചെങ്കിലും കാട് വെട്ടി തെളിക്കേണ്ടി വരും. പ്രായോഗികമായി വൈദ്യുത പദ്ധതികള്‍ക്കെ ഇതു ബാധകമാകുന്നുള്ളൂ. കാട് നശീകരണം നിര്‍ബാധം തുടരുന്നു എന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു.
ഇത്രയും പ്രകൃതിയെ സ്നേഹിക്കുന്നവര്‍ ആരും തന്നെ നമ്മുടെ നാട്ടിലെ വാഹന പുകയെകുറിച്ചോ നദികളിലെ ഫാക്ടറി മാലിന്യത്തെ കുറിച്ചോ നമ്മുടെ വീടുകളില്‍ പൊതുനിരത്തിലേക്ക് നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്ന്യത്തെ കുറിച്ചോ വേവലാതി പെടുന്നത് കണ്ടിട്ടില്ല. ജല വൈദ്യുതിയോടു മാത്രം എന്താണിത്ര ശത്രുത എന്നെനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.
പിന്നെ ചിലരുടെ വേവലാതി പദ്ധതി തുകയെ സംബധിച്ചാണ്. ബാക്കി എല്ലായിടത്തും അഴിമതി ഇല്ലാതാക്കി. ഇനി വൈദ്യുതി വകുപ്പ് കൂടി ഒന്ന് നേരെയാക്കിയാല്‍ മതി അല്ലെ. നമ്മള്‍ കൊടുക്കുന്ന നികുതി പണം നേരായ രീതിയില്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ അതിനു ഉത്തരവാദി നമ്മള്‍ തന്നെ ആണ്.
കേരളം എന്ന ഇട്ടാവട്ടത്തില്‍ കിടന്നു പരിസ്ഥിതി പ്രേമം നടിക്കുന്ന പൊന്നു സുഹൃത്തുക്കള്‍ ദയവായി അമേരിക്കയിലും മറ്റു ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലും ഇപ്പോള്‍ എത്ര ജല വൈദ്യുതി പദ്ധതികള്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തില്‍ ഉണ്ടെന്നു ഒന്നന്വേഷിക്കുക. ഗ്രീന്‍ എനര്‍ജി വിഭാഗത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ അവരൊക്കെ കാണുന്നത് ജല വൈദ്യുതി ആണ്. അതിനു പിന്നിലെ സോളാറും കാറ്റും എല്ലാം. കാരണം കുറഞ്ഞ പ്രവര്‍ത്തന ചെലവ് തന്നെ. യാതൊരു വിധ ഗ്രീന്‍ ഹൌസ് വാതകങ്ങളും ഉണ്ടാകുന്നില്ല എന്നത് മറ്റൊരു ഘടകം.
കേരളത്തില്‍ 40 നദികള്‍. അതില്‍ നിന്നും ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ മൂന്നില്‍ ഒന്ന് പോലും ഉപയോഗ പ്പെടുത്താന്‍ നമുക്ക് സാധിക്കുന്നില്ല. മഴക്കാലത്ത് പെയ്യുന്ന ജലസമ്പത്ത് യാതൊരു ഉപയോഗവും ഇല്ലാതെ കടലില്‍ ചെന്ന് ചേരുന്നു. എന്നാല്‍ മിടുക്കന്മാരായ തമിഴ്നാട്ടുകാര്‍ നമ്മുടെ വെള്ളം അവിടെ കൊണ്ട് പോയി അവിടെ കറണ്ട് ഉത്പാദിപ്പിക്കുന്നു. അവിടെ അവരെ ബോധവല്‍ക്കരിക്കാന്‍ എം . കെ . പ്രസാദുമാര്‍ ഇല്ലതെയായിപ്പോയി
Post a Comment