Thursday, April 12, 2007

വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തില്‍ ആദ്യമായി ജലസാന്നിധ്യം തിരിച്ചറിഞ്ഞു. ഭൂമിയില്‍ നിന്ന്‌ 150 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെ ചുറ്റുന്ന ഭീമന്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ്‌, നീരാവിയുടെയോ ബാഷ്‌പത്തിന്റെയോ രൂപത്തില്‍ ജലമുള്ളതായി കണ്ടെത്തിയത്‌. ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടോ എന്ന അന്വേഷണത്തില്‍ പുതിയൊരു ചുവടുവെപ്പാണ്‌ ഈ കണ്ടെത്തലെന്ന്‌ വിലയിരുത്തപ്പെടുന്നു.

'പെഗാസസ്‌'(Pegasus) നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രത്തിന്റെ ഗ്രഹത്തിലാണ്‌ ജലാംശമുള്ളതായി തെളിവ്‌ ലഭിച്ചത്‌. 'എച്ച്‌ ഡി 209458ബി' (HD 209458b) എന്നാണ്‌ ഗ്രഹത്തിന്‌ നല്‍കിയിട്ടുള്ള നാമം. നമ്മുടെ വ്യാഴത്തിന്റെ അത്ര വലിപ്പമുള്ള വാതകഭീമനാണത്‌. മാതൃനക്ഷത്രത്തോട്‌ വളരെ അടുത്തു സ്ഥിതിചെയ്യുന്ന 'ചൂടന്‍ വ്യാഴങ്ങള്‍'("hot Jupiters") എന്ന വിഭാഗത്തില്‍ ഇത്‌ പെടുന്നതായി 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. ഇക്കാരണത്താല്‍ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത തീരെയില്ല.


കഴിഞ്ഞ ഫിബ്രവരിയില്‍ ഈ ഗ്രഹത്തിനു സമാനമായ മറ്റൊന്നിന്റെ അന്തരീക്ഷം വിശകലനം ചെയ്‌ത ഗവേഷകസംഘം, അവിടെ ജലസാന്നിധ്യമില്ല എന്ന നിഗമനത്തിലാണെത്തിയത്‌. 'നാസ'യുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ ഉപയോഗിച്ചാണ്‌ സൂര്യസമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന HD 20858b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷം ജെറമി റിച്ചാര്‍ഡ്‌സണും സംഘവും വിശകലനം ചെയ്യാന്‍ ശ്രമിച്ചത്‌. 'ഒസിരിസ്‌'എന്നറിയപ്പെടുന്ന ആ ഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന്‌ 'നേച്ചര്‍' വാരികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞിരുന്നു. HD 209458b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലും ജലസാന്നിധ്യം തിരിച്ചറിയാന്‍ ആ സംഘത്തിന്‌ കഴിഞ്ഞില്ല.


മാതൃനക്ഷത്രവും HD 209458b എന്ന ഗ്രഹവും തമ്മിലുള്ള അകലം, സൂര്യനും ബുധനും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണ്‌. അതിനാല്‍ 700 ഡിഗ്രിസെല്‍സിയസിന്‌ മുകളിലാണ്‌ ഗ്രഹാന്തരീക്ഷത്തിലെ താപനില. മൂന്നര ദിവസം കൂടുമ്പോള്‍ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ ഒരു തവണ വലംവെക്കുന്നു. മൂന്നര ദിവസം കൂടുമ്പോള്‍ ഗ്രഹം നക്ഷത്രത്തിന്‌ മുന്നിലൂടെ കടന്നു പോകുന്നത്‌ (സംതരണം എന്നാണിതിന്‌ പേര്‌) ഭൂമിയില്‍ നിന്ന്‌ നിരീക്ഷിക്കാം. ഇത്തരത്തില്‍ നക്ഷത്രത്തിന്‌ മുന്നില്‍ ഗ്രഹമെത്തുമ്പോള്‍, നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തില്‍ ചെറിയൊരു പങ്ക്‌ ഗ്രഹാന്തരീക്ഷം ആഗിരണം ചെയ്യും.


അങ്ങനെ ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തിന്റെ സ്വഭാവം നോക്കി ഗ്രഹാന്തരീക്ഷത്തിന്റെ രാസഉള്ളടക്കം മനസിലാക്കാന്‍ കഴിയും. ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പിന്റെ സഹായത്തോടെ, അമേരിക്കയില്‍ ഫ്‌ളാഗ്‌സ്റ്റാഫിലുള്ള ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ട്രാവിസ്‌ ബാര്‍മാനാണ്‌, വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞത്‌. ഒരു പ്രത്യേക ഇന്‍ഫ്രാറെഡ്‌ സ്‌പെക്ട്രത്തിന്റെ ഭാഗത്ത്‌, ദൃശ്യപ്രകാശത്തിന്റെ വര്‍ണരാജി (സ്‌പെക്ട്രം) വഴി കാണുമ്പോഴുള്ളതിലും വലുതായി ഗ്രഹം പ്രത്യക്ഷപ്പെടുന്നത്‌, ഗ്രഹാന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ളതിന്റെ സൂചനയാണെന്ന്‌ ഡോ.ബാര്‍മാന്‍ പറയുന്നു.


സൗരയൂഥത്തിന്‌ വെളിയിലുള്ള പല ഗ്രഹങ്ങളിലും ജലസാന്നിധ്യം തിരിച്ചറിയാന്‍ താന്‍ വികസിപ്പിച്ച മാതൃക സഹായിക്കുമെന്ന്‌ ഡോ.ബാര്‍മാന്‍ പറയുന്നു. 200-ലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടിട്ടുണ്ടെങ്കിലും അവയുടെ അന്തരീക്ഷത്തില്‍ എന്താണുള്ളതെന്ന്‌ മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല (കടപ്പാട്‌: ബിബിസി ന്യൂസ്‌).

2 comments:

JA said...

എത്രയോ കാലമായി ശാസ്‌ത്രലോകം ശ്രമിക്കുന്നതാണ്‌ സൗരയൂഥത്തിന്‌ വെളിയില്‍ ജലസാന്നിധ്യം കണ്ടെത്താന്‍. ആ ദിശയില്‍ ആദ്യവിജയം കൈവരിച്ചിരിക്കുന്നു. ഒരു വിദൂര ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു.

Shiju said...

പതിവു പോലെ ചൂടുള്ള വാര്‍ത്ത ചൂടാറാതെ എത്തിയിരിക്കുന്നു.

ഡോ.ബാര്‍മാന്റെ വിദ്യയുടെ വിശദാംശങ്ങള്‍ അറിഞ്ഞാല്‍ നന്നായിരുന്നു.

ഞാന്‍ occultationന്റെ മലയാളം നോക്കി നടക്കുകയായിരുന്നു. എന്തായാലും അത് ഇവിടെ നിന്നു കിട്ടി (സംതരണം). നന്ദി.