Friday, April 06, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-13: വടശ്ശേരി പരമേശ്വരന്‍

കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന 'ദൃഗ്ഗണിതം' രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ആ മഹാഗ്രന്ഥത്തെക്കുറിച്ചോ വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയാവുന്ന മലയാളികള്‍ കുറവാണ്‌

കേരളത്തില്‍ പതിനാലാം നൂറ്റാണ്ടില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാനുള്ള നിയോഗം ഒരാള്‍ സ്വയം ഏറ്റെടുത്തു. ഭാരതപ്പുഴയുടെ തീരത്ത്‌ 55 വര്‍ഷക്കാലം അയാള്‍ അതിനായി സമയം ചെലവിട്ടു. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത കാലം. എന്നിട്ടും ആ നിരീക്ഷകന്റെ തപസ്യ നിഷ്‌ഫലമായില്ല. താന്‍ നടത്തിയ സൂക്ഷ്‌മനിരീക്ഷണങ്ങളില്‍ നിന്ന്‌ ലഭിച്ച ഉള്‍ക്കാഴ്‌ച അയാള്‍ താളിയോലകളില്‍ സംസ്‌കൃതത്തില്‍ കുറിച്ചു വെച്ചു. കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും പ്രമുഖമായ ആധാരഗ്രന്ഥമായി ആ കുറിപ്പുകള്‍ മാറി. 'ദൃഗ്ഗണിതം' എന്നാണ്‌ ആ ഗ്രന്ഥത്തിന്റെ പേര്‌. ഗ്രന്ഥകര്‍ത്താവ്‌ വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത്‌ രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികള്‍ കുറവാണ്‌.

കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരന്‍. 'ദൃഗ്ഗണിതം' എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. ജ്യോതിശാസ്‌ത്രത്തില്‍ കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളില്‍ ഒന്നാണ്‌ 'ദൃക്‌'. 'പരഹിതം' വേറൊന്ന്‌. ആര്യഭടന്റെ ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങള്‍ക്കു കൃത്യതയുണ്ടാക്കാന്‍ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ 'പരഹിത'വും 'ദൃക്കും'.

തിരുനാവായ സ്വദേശിയായ ഹരിദത്തന്‍ (എഡി 650 - 700) എന്ന ഗണിതജ്ഞന്‍ എഡി. 683-ല്‍ ആവിഷ്‌ക്കരിച്ചതാണ്‌ 'പരഹിത' പദ്ധതി. ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകള്‍ തിരുത്തി സൂക്ഷ്‌മമാക്കിയതാണ്‌ ഇത്‌. 'മഹാമാര്‍ഗനിബന്ധനം', 'ഗ്രഹാചാരനിബന്ധനം' എന്നീ സംസ്‌കൃതകൃതികള്‍ വഴി ഹരിദത്തന്‍ പരഹിതസമ്പ്രദായം അവതരിപ്പിച്ചു. ഇതില്‍ 'മാഹാമാര്‍ഗനിബന്ധനം' ഇതുവരെ കണ്ടെത്താന്‍ ചരിത്രകാരന്‍മാര്‍ക്കായിട്ടില്ല. കേരളത്തില്‍ ജ്യോതിശാസ്‌ത്രപഠനവും നക്ഷത്രനിരീക്ഷണവും വ്യാപകമാക്കാന്‍ ഹരിദത്തന്റെ സംഭാവന സഹായിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രചാരം ലഭിച്ച പരഹിതസമ്പ്രദായം, അറുന്നൂറ്‌ വര്‍ഷത്തോളം കേരളത്തിലെ ജ്യോതിശാസ്‌ത്രപഠനമേഖലയില്‍ ചോദ്യംചെയ്യപ്പെടാതെ തുടര്‍ന്നു.

പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ്‌ വടശ്ശേരി പരമേശ്വരന്‍ 1430-ല്‍ ദൃക്‌ സമ്പ്രദായത്തിന്‌ രൂപം നല്‍കിയത്‌. നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വര്‍ഷങ്ങളോളമെടുത്ത്‌ പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും, ഗ്രഹണം, ഗ്രഹയോഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങള്‍ പരീക്ഷിക്കുകയും ചെയ്‌താണ്‌ അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്‌, നീലകണ്‌ഠ സോമയാജി തന്റെ 'ആര്യഭടീയഭാഷ്യ'ത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഗ്രഹത്തിന്റെയും വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനുള്ള ഗണിതരീതി പരമേശ്വരന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകള്‍ കണ്ടെത്തിയത്‌ പ്രശസ്‌ത പണ്ഡിതന്‍ കെ.വി.ശര്‍മയാണ്‌.

പാലക്കാട്ട്‌ ആലത്തൂരിലെ വടശ്ശേരി ഇല്ലത്തില്‍ 1360-ലാണ്‌ പില്‍ക്കാലത്ത്‌ വടശ്ശേരി പരമേശ്വരന്‍ എന്നറിയപ്പെട്ട പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. 'മുഹൂര്‍ത്തരത്‌നം', 'മുഹൂര്‍ത്ത പദവി' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തലക്കുളത്തു ഗോവിന്ദഭട്ടതിരി (1237-1295)യുടെ ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛന്‍. അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന സംഗമഗ്രാമ മാധവന്‍, രുദ്രന്‍ തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അധ്യാപകര്‍. പരമേശ്വരന്റെ മകന്‍ വടശ്ശേരി ദാമോദരനും (1410-1545) ഗണിതജ്ഞനായിരുന്നു. നീലകണ്‌ഠ സോമയാജിയെന്ന മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു.

ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ വടശ്ശേരി പരമേശ്വരന്‍ രചിച്ചു എന്നാണ്‌ കരുതുന്നത്‌. 'ദൃഗ്ഗണിതം'(1430), മൂന്നുകൃതികള്‍ ഉള്‍പ്പെട്ട 'ഗോളദീപിക'(1443), 'ഗ്രഹണാഷ്ടകം', 'ഗ്രഹണമണ്ഡനം', 'ഗ്രഹണന്യായദീപിക', 'ചന്ദ്രഛായാഗണിതം', 'വാക്യകാരണം' എന്നിവ പരമേശ്വരന്‍ രചിച്ച മൗലീക കൃതികളാണ്‌. 'ആര്യഭടീയം', 'മഹാഭാസ്‌കരീയം', 'മഹാഭാസ്‌കരീയഭാഷ്യം', 'ലഘുഭാസ്‌കരീയം', 'സൂര്യസിദ്ധാന്തം', 'ലഘുമാനസം', 'ലീലാവതി' തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരന്‍ രചിച്ച 'വാക്യദീപിക', 'ഭാ ദീപിക' എന്നീ കൃതികള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 'ആചാരസംഗ്രഹം', 'ജാതകപദ്ധതി', 'സദ്‌വര്‍ഗഫലം' തുടങ്ങി ഒട്ടേറെ കൃതികള്‍ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. 1455-ല്‍ തൊണ്ണൂറ്റയഞ്ചാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

9 comments:

Joseph Antony said...

ഗണിതശാസ്‌ത്രത്തിന്‌ കേരളം നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നായി കരുതപ്പെടുന്ന ദൃഗ്ഗണിതത്തിന്റെ കര്‍ത്താവ്‌ വടശ്ശേരി പരമേശ്വരനെക്കുറിച്ചാണ്‌, ഭാരതീയശാസ്‌ത്രജ്ഞര്‍ എന്ന പരമ്പരയുടെ പുതിയ ലക്കത്തില്‍.

Santhosh said...

ലേഖനത്തിനു നന്ദി. കൂടുതല്‍ വായനയ്ക്കുതകുന്ന റെഫറന്‍സുകള്‍ നല്‍കിയാല്‍ ഉപകാരമായിരുന്നു.

മൂര്‍ത്തി said...

നന്ദി! തുടരുക...ആശംസകള്‍!

qw_er_ty

Joseph Antony said...

സന്തോഷ്,
ഭാരതീയശാസ്ത്രജ്ഞര്‍ എന്ന ഈ പരന്പരയ്ക്ക് ഞാന്‍ ആധാരമാക്കിയ കൃതികളെയും കുറിപ്പുകളെയും പറ്റി, പരന്പരയുടെ ആദ്യ ലക്കത്തില്‍ നല്‍കയിട്ടുണ്ട്.http://kurinjionline.blogspot.com/2007/01/blog-post.html എന്നതാണ് ലിങ്ക്

വേണു venu said...

തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.:)

Santhosh said...

നോട്ടപ്പിശക് ക്ഷമിക്കുക. എല്ലാ ലേഖനങ്ങളും വായിച്ചെത്താനാവുന്നില്ല എന്ന ദുഃഖവുമുണ്ട്.

qw_er_ty

Shiju said...

വടശ്ശേരി പരമേശ്വരന്റെ കൃതിയുടെ പേര് ദൃഗ്ഗണിതം ആണോ ദൃക്ഗണിതം ആണോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു.

ഇതേ പോലുള്ള ഒരു സംശയം ജ്യോതിശാസ്ത്രബ്ലോഗില്‍ സ്റ്റെലാര്‍ പാരലാക്സിനെ (http://jyothisasthram.blogspot.com/2006/10/stellar-parallax_116054873788097135.html) പറ്റിയെഴുതിയപ്പോഴും ഉണ്ടായി. അതിന്റെ മലയാളം ദൃഗ്‌ഭ്രംശം എന്നാണ് ചില പുസ്തകങ്ങളില്‍. വേറെ ചിലയിടത്ത് ദൃക്‌ഭ്രംശം എന്നും. എന്നാലും ഒരു ഊഹം വച്ച് (സംസ്കൃതം അറിയാത്തതു കൊണ്ട് ഊഹിക്ക്കാനല്ലേ പറ്റൂ) ഞാന്‍ അതിനു മലയാളത്തില്‍ ദൃഗ്‌ഭ്രംശം എന്നു തന്നെയാണ് കൊടുത്തത്. ഇപ്പോള്‍ ചേട്ടന്‍ വടശ്ശേരി പരമേശ്വരന്റെ കൃതിയേയും ദൃഗ്ഗണിതം എന്നു വിളിച്ചപ്പോള്‍ എന്റെ ഊഹം ശരിയായെന്നു തോന്നുന്നു. കാരണം ചിലയിടത്ത് ഇതിനെ ദൃക്‌ഗണിതം എന്ന് എഴുതി കാണാറുണ്ട്.

പിന്നെ മറ്റ് കേരളീയ ജ്യോതിശാസ്ത്ര/ഗണിത ശാസ്ത്ര പണ്ഡിതരായ ജ്യേഷ്ഠ ദേവന്‍, അച്യുത പിഷാരടി, അച്യുത പണിക്കര്‍ എന്നിവരെകുറിച്ചും ചേട്ടന്‍ എഴുതും എന്ന് പ്രതീക്ഷിക്കട്ടെ. ഇതു വരെയെഴുതിയതൊക്കെ ഞാന്‍ മലയാളം വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്.

ഡോ.പി.കെ.രാജശേഖരന്‍ എഡിറ്റുചെയ്ത്‌ ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ച മഹത്ചരിതമാല-യില്‍ ഇവരുടെ ഗണിതശാസ്ത്രപരമായ സംഭാവകളെകുറിച്ച് ഉദാഹരണ സഹിതം വിശദീകരിക്കുന്ന്ടോ? ഉണ്ടെങ്കില്‍ അതും കൂടെ വിക്കിയില്‍ ചേര്‍ക്കാമായിരുന്നു.

oru blogger said...

ചേട്ടാ;
ജ്യേഷ്ടദേവന്റെ ഗണിതയുക്തിഭാഷ കേരളക്കരയില്‍ മുഴുവന്‍ തപ്പിയിട്ടും കിട്ടിയില്ല. ശര്‍മ്മയോമറ്റോ അതു മലയാളം/ഇംഗ്ലിഷ് രീതിയില്‍ പബ്ലിഷ് ചെയ്തിരുന്നു എന്നെവിടെയോ വായിച്ചു. ഇതിന്റെ ഒരു കോപ്പി കിട്ടാന്‍ എന്തെങ്കിലും വഴികള്‍?

Joseph Antony said...

സുഹൃത്തുക്കളെ,
ഇത്തരം വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ഒരു പ്രവേശിക-ഇതേ ഈ പരന്പര കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. കൂടുതല്‍ വിശദമാക്കണമെന്ന് മനസിലുണ്ട്, പക്ഷേ സമയവും മറ്റ് പരിമിതികളും അനുവദിക്കുന്നില്ല, ക്ഷമിക്കുക. സംസ്കൃതം ഷിജുവിന്റെ അത്രകൂടി എനിക്കറിയില്ല.

ഡിസി ബുക്സ് മുന്പ് പ്രസിദ്ധീകരിച്ച മഹച്ചരിതമാല മുപ്പതോളം(എന്ന് ഓര്‍മ) ഭാഗങ്ങളുണ്ടായിരുന്നു. അത് അപ്ഡേറ്റ് ചെയ്ത് ഡോ.പി.കെ.രാജശേഖരന്‍ എഡിറ്റുചെയ്ത് മൂന്നു ഭാഗങ്ങളാക്കിയതാണ് പുതിയത്. ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച് അധികം ഉദാഹരണങ്ങള്‍ അതിലുണ്ടെന്നു തോന്നുന്നില്ല.

തംബിയളിയന്‍ പറഞ്ഞ ഗ്രന്ഥം ഞാനും കണ്ടിട്ടില്ല. നമ്മള്‍ രണ്ടാളും ഇക്കാര്യത്തില്‍ തുല്യദുഖിതര്‍.