Saturday, April 21, 2007

ആഗോളതാപനം: ഒളിച്ചോട്ടത്തിന്‌ പഴുതില്ല

പതിനഞ്ചുവര്‍ഷത്തിനം ഹരിതഗൃഹവാതക വ്യാപനം കുറയ്‌ക്കാനായാല്‍, ആഗോളതാപനം നേരിടാനുള്ള ചെലവ്‌ കാര്യമായി പരിമിതപ്പെടുത്താനാകുമെന്ന്‌, യു.എന്നിന്റെ പുറത്തിറങ്ങാന്‍ പോകുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്‌ പറയുന്നു

രിതഗൃഹവാതക വ്യാപനം പരിമിതപ്പെടുത്തി, ആഗോളതാപനത്തിന്റെ തീക്ഷ്‌ണത ശമിപ്പിക്കാന്‍ അടുത്ത 15 വര്‍ഷം കൊണ്ട്‌ സാധിച്ചാല്‍ കനത്ത സാമ്പത്തിക ബാധ്യതകളില്‍ നിന്നും പാരിസ്ഥിതിക ദുരന്തങ്ങളില്‍ നിന്നും ലോകത്തിന്‌ രക്ഷപ്പെടാം. അതിന്‌ കഴിഞ്ഞില്ലെങ്കില്‍, കുടത്തില്‍ നിന്ന്‌ ഭൂതത്തെ തുറന്നുവിട്ട മുക്കുവന്റെ നിസ്സഹായവസ്ഥയാണ്‌ ലോകത്തെ കാത്തിരിക്കുന്നത്‌-യു.എന്‍. ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പാണിത്‌. ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന്‌ സാധ്യതയില്ലെന്ന്‌ ഇതു വ്യക്തമാക്കുന്നു.

യു.എന്നിന്‌ കീഴിലുള്ള 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌'(ഐ.പി.സി.സി) ആണ്‌ പുതിയ റിപ്പോര്‍ട്ട്‌ പുറത്തിറക്കുക. 130 രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രഗത്ഭശാസ്‌ത്രജ്ഞര്‍ അംഗങ്ങളായ ഈ വിദഗ്‌ധസമിതി 1988-ല്‍ നിലവില്‍ വന്ന ശേഷം പുറത്തിറക്കുന്ന നാലാം റിപ്പോര്‍ട്ടാണ്‌ 2007-ലേത്‌. ആ റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗമാണ്‌ മെയ്‌ നാലിന്‌ ബാങ്കോക്കില്‍ പ്രസിദ്ധീകരിക്കുക. ഫിബ്രവരി രണ്ടിനും ഏപ്രില്‍ ആറിനും റിപ്പോര്‍ട്ടിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഹരിതഗൃഹവാതകവ്യാപനം 15 വര്‍ഷത്തിനകം കുറയ്‌ക്കാന്‍ കഴിഞ്ഞാല്‍, 2030 ആകുമ്പോഴേക്കും ലോകത്തിന്‌ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) മൂന്നു ശതമാനമേ ആഗോളതാപനം നേരിടാന്‍ ചെലവു വരൂ എന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം വഴിയും കാറ്റ്‌, സൂര്യപ്രകാശം പോലുള്ളവയെ ഊര്‍ജത്തിനായി കൂടുതല്‍ ആശ്രയിക്കുക വഴിയും വാതകവ്യാപനം കുറയ്‌ക്കാനാകും. സാമ്പത്തിക നേട്ടം മാത്രമല്ല, മലിനീകരണം കുറയുന്നതിനാല്‍ ആരോഗ്യരംഗത്തും ഇത്‌ മെച്ചമുണ്ടാകും-റിപ്പോര്‍ട്ട്‌ പറയുന്നു.

1950-ന്‌ ശേഷമുള്ള ആഗോളതാപനത്തിന്‌ 90 ശതമാനവും മനുഷ്യനാണ്‌ ഉത്തരവാദിയെന്നു വ്യക്തമാക്കുന്നതായിരുന്നു ഐ.പി.സി.സി. റിപ്പോര്‍ട്ടിന്റെ ഫിബ്രവരി രണ്ടിന്‌ പുറത്തിറക്കിയ ആദ്യഭാഗം. 2001-ലെ മൂന്നാം റിപ്പോര്‍ട്ടില്‍ ആഗോളതാപനം മനുഷ്യനിര്‍മിതിയാകാന്‍ 66 ശതമാനം സാധ്യതയാണ്‌ കല്‍പ്പിക്കപ്പെട്ടിരുന്നത്‌. ഇന്നത്തെ നിലയ്‌ക്ക്‌ കാര്യങ്ങള്‍ തുടര്‍ന്നാല്‍, ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഭൗമതാപനിലയില്‍ 1.8 മുതല്‍ നാലു ഡിഗ്രിസെല്‍സിയസ്‌ വരെ വര്‍ധനയുണ്ടാകുമെന്നും ഫിബ്രവരിയിലെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

2001-ലെ റിപ്പോര്‍ട്ടില്‍ ഈ നൂറ്റാണ്ടില്‍ സമുദ്രനിരപ്പ്‌ ഒന്‍പതു മുതല്‍ 88 സെന്റിമീറ്റര്‍ വരെ ഉയരാം എന്നാണ്‌ പ്രവചിച്ചിരുന്നത്‌. പുതിയ റിപ്പോര്‍ട്ടില്‍ ആ പ്രവചനം 28 മുതല്‍ 43 സെന്റിമീറ്റര്‍ എന്നായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയാകുമ്പോഴേക്കും വേനലില്‍ ആര്‍ട്ടിക്‌ പ്രദേശത്ത്‌ മഞ്ഞുപാളികള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു. 'കത്രീന' പോലുള്ള ചുഴലിക്കൊടുങ്കാറ്റുകളുടെയും പേമാരിയുടെയും വരവ്‌ ഈ നൂറ്റാണ്ടില്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.


ആഗോളതാപനം ഭൂമുഖത്തെ ഏറ്റവും ദുര്‍ബലരായവരെയാണ്‌ കൂടുതല്‍ ബാധിക്കുകയെന്നു വ്യക്തമാക്കുന്നതായിരുന്നു ഐ.പി.സി.സി. റിപ്പോര്‍ട്ടിന്റെ ഏപ്രില്‍ ആറിന്‌ പുറത്തിറക്കിയ രണ്ടാം ഭാഗം. കോടിക്കണക്കിന്‌ പട്ടിണിപാവങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകാന്‍ ആഗോളതാപനം ഇടവരുത്തുമെന്ന്‌ ആ റിപ്പോര്‍ട്ട്‌ പറയുന്നു. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലകളെയാകും ആഗോളതാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

2020 ആകുമ്പോഴേക്കും ആഫ്രിക്കയില്‍ മാത്രം, കാലാവസ്ഥാ വ്യതിയാനം മൂലം ഏഴരക്കോടി മുതല്‍ 25 കോടി വരെ ആളുകള്‍ രൂക്ഷമായ ജലക്ഷാമത്തിന്‌ ഇരയാകുമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഏഷ്യയുടെ കിഴക്കന്‍ മേഖലയിലും തെക്കുകിഴക്കന്‍ പ്രദേശത്തും കാര്‍ഷിക വിളവില്‍ 20 ശതമാനം വര്‍ധനയുണ്ടാകുമ്പോള്‍, മധ്യേഷ്യയിലും ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലും കാര്‍ഷിക ഉത്‌പാദനത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നു. 2020 ആകുമ്പോഴേക്കും മഴയെ ആശ്രയിച്ചു നടക്കുന്ന കൃഷി, ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 50 ശതമാനം കുറയും.

ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ സസ്യജാതികളും ജീവികളും വംശനാശ ഭീഷണി നേരിടാന്‍, ഭൗമതാപനിലയില്‍ 1.5 - 2.5 ഡിഗ്രിസെല്‍സിയസ്‌ വര്‍ധന മതി. ഹിമപാളികളും മഞ്ഞുമലകളും അപ്രത്യക്ഷമാകുന്നതിനാല്‍, ഹിമാലയം പോലുള്ള പര്‍വതപ്രദേശത്തു നിന്നുള്ള നദികളുടെ നിലനില്‍പ്പ്‌ ഭീഷണിയിലാകും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇതുമൂലം ജലലഭ്യത കുറയും. ഭൂമിയിലെ ഭൗതീകവും ജീവശാസ്‌ത്രപരവുമായ വസ്‌തുതകളെ അടിസ്ഥാനമാക്കി സ്വരൂപിച്ച 29,000 വിവരമാതൃകകളെ വിശകലനം ചെയ്‌താണ്‌ ഐ.പി.സി.സി. അതിന്റെ നിഗമനങ്ങളില്‍ എത്തിയത്‌.(അവലംബം: യു.എന്‍.ഇ.പി, വിവിധ വാര്‍ത്താ ഏജന്‍സികള്‍. ചിത്രം കടപ്പാട്‌: എ.എഫ്‌.പി, മാതൃഭൂമി)

4 comments:

Joseph Antony said...

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറച്ച്‌ ഭൂമി ചൂടുപിടിക്കുന്നത്‌ തടയാന്‍ ഉടന്‍ കഴിഞ്ഞില്ലെങ്കില്‍, കുടത്തില്‍ നിന്ന്‌ ഭൂതത്തെ തുറന്നു വിട്ട മുക്കവന്റെ നിസ്സഹായാവസ്ഥയാണ്‌ ലോകത്തെ കാത്തിരിക്കുന്നതെന്ന്‌, യു.എന്‍. പുറത്തിറക്കാന്‍ പോകുന്ന കാലാവസ്ഥാറിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു. അതെക്കുറിച്ച്‌

Pramod.KM said...

ആഗോള താപനത്തെ കുറിച്ച് എഴുതിയതിന്‍ നന്ദി.

മൂര്‍ത്തി said...

ആഗോള താപനത്തെക്കുറിച്ചും, ബദില്‍ ഊര്‍ജ്ജസ്രോതസ്സുകളെക്കുറിച്ചും അതിന്റെ പ്രായോഗികതയെക്കുറിച്ചുമൊക്കെ ചിന്തിക്കുന്ന ഒരു ലേഖനം ഇവിടെ

പി വി ആര്‍ said...

വായിച്ചു മാഷേ..:(