പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കേരളീയ ഗണിതശാസ്ത്ര പ്രതിഭയാണ് പുതുമന ചോമാതിരി. 'കരണപദ്ധതി'യെന്ന സുപ്രധാന ഗ്രന്ഥം അദ്ദേഹമാണ് രചിച്ചത്
ഭൗതീകശാസ്ത്രത്തിലെ തന്റെ കണ്ടെത്തലുകള്‍ക്ക് ഗണിതശാസ്ത്രത്തിന്റെ അടിത്തറ നല്‍കാനാണ് ഐസക് ന്യൂട്ടണ്‍ (1642-1727) കലിതം (കാല്‍ക്കുലസ്) രൂപപ്പെടുത്തിയത്. മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ലെബ്നിറ്റ്സും കലിതം കണ്ടെത്തി. ഈ പശ്ചാത്യപ്രതിഭകളുടെ സമകാലികനായിരുന്നു പുതുമന ചോമാതിരിയെന്ന കേളരീയ ഗണിതജ്ഞന്‍. ത്രികോണമിതി, കലനം തുടങ്ങിയ ഗണിതശാസ്ത്രശാഖകള്‍ പാശ്ചാത്യലോകത്ത് വികാസം പ്രാപിക്കുന്നതിനും മുമ്പ് കേരളത്തിലെ പ്രതിഭകള്‍ അവ കണ്ടെത്തിയിരുന്നു എന്ന് തെളിയിക്കുന്ന ഒട്ടേറെ കൃതികളുണ്ട്. ആ ഗ്രന്ഥപരമ്പരയില്‍ സുപ്രധാന സ്ഥാനം അര്‍ഹിക്കുന്ന കൃതിയാണ് 'കരണപദ്ധതി'. അതിന്റെ കര്‍ത്താവാണ് പുതുമന ചോമാതിരി. ത്രികോണമിതി, അനന്തശ്രേണികളുടെ ഉപയോഗം, `പൈ'യുടെ കൃത്യമായ മൂല്യനിര്‍ണയം ഒക്കെ കരണപദ്ധതിയിലുണ്ട്.
പുതാതന ഭാരതത്തില്‍ ജ്യോതിശാസ്ത്രവും ഗണിതശാസ്ത്രവും ജോതിഷവും കൂടിക്കുഴഞ്ഞാണ് കിടന്നത്. അതിനാല്‍ ഇവ ഒറ്റശാസ്ത്രമായി കണക്കാക്കപ്പെട്ടു. നമ്മുടെ പല ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും ഗണിതശാസ്ത്രഗ്രന്ഥങ്ങളും ജ്യോതിഷഗ്രന്ഥങ്ങളായും ശാസ്ത്രജ്ഞര്‍ വെറും ജ്യോതിഷികളായും ഇന്നും തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരത്തില്‍ വേണ്ടത്ര അറിയപ്പെടാതെ പോയ കേരളീയ ഗണിതപ്രതിഭകളില് പുതുമന ചോമാതിരിയും പെടുന്നു. ചോമാതിരിയുടെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിട്ടുണ്ട്. 'ദൃഗ്ഗണിതം' എന്ന മഹാഗണിതഗ്രന്ഥം രചിച്ച വടശ്ശേരി പരമേശ്വരന്റെ(1360-1455) കാലത്താണ് ചോമാതിരിയും ജീവിച്ചിരുന്നതെന്ന്, വടക്കുംകൂര്‍ രാജരാജവര്‍മ, മഹാകവി ഉള്ളൂര്‍ തുടങ്ങിയവര്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രശസ്ത പണ്ഡിതനായ കെ.വി.ശര്‍മയാണ് ചോമാതിരിയുടെ കാലം കണ്ടെത്തിയത്.
കെ.വി.ശര്‍മ നടത്തിയ കണക്കുകൂട്ടല്‍ പ്രകാരം, 1660-ല്‍ തൃശൂരില്‍ പുതുമന ഇല്ലത്താണ് ചോമാതിരി (സോമയാജി) ജനിച്ചത്. 1732-ല്‍ അദ്ദേഹം കരണപദ്ധതി രചിച്ചു. 1740-ല്‍ അന്തരിച്ചു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന രണ്ട് ഗണിതപദ്ധതികളാണ് പരഹിതവും ദൃക്കും. എ.ഡി.683-ല്‍ ഹരിദത്തന്‍ ആവിഷ്ക്കരിച്ച സമ്പ്രദായമാണ് പരഹിതം. 1430-ല്‍ വടശ്ശേരി പരമേശ്വരന് ആണ് ദൃക് സമ്പ്രദായം ആവിഷ്ക്കരിച്ചത്. പരഹിത സമ്പ്രദായമനുസരിച്ച് കേരളത്തില്‍ ജ്യോത്സ്യന്മാര് മുഹൂര്‍ത്തം ഗണിക്കുന്നത് ഇപ്പോഴും പതിവാണ്; ഗ്രഹണം മുതലായവ ഗണിക്കുന്നത് ദൃക് സമ്പ്രദായം അനുസരിച്ചും. ഈ രണ്ട് ഗണിതപദ്ധതികളും ചോമാതിരി 'കരണപദ്ധതി'യില്‍ ഉപയോഗിച്ചിട്ടുണ്ട്. കരണപദ്ധതിയുടെ പഴയ കൈയെഴുത്തു പ്രതികള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ആ പ്രദേശങ്ങളില്‍ പ്രചാരം സിദ്ധിച്ചിരുന്നു എന്നതിന് തെളിവാണിത്.
കേരളത്തിലെ ഗണിത-ജ്യോതിശ്ശാസ്ത്രപാരമ്പര്യത്തിന് രണ്ടു ഭാഗങ്ങളുണ്ട്-ഗണിതഭാഗവും ഫലഭാഗവും. ആദ്യത്തേത് ശുദ്ധശാസ്ത്രമാണ്. ജാതകഗണനം ഫലപ്രവചനം എന്നിവ ഉള്‍പ്പെടുന്ന ജ്യോതിഷമാണ് രണ്ടാംഭാഗം. ഇവ സംബന്ധിച്ച കൃതികള്‍ക്കു പുറമേ, നമ്പൂതിരിമാരുടെ ആചാരങ്ങള്‍ വിവരിക്കുന്ന ഒട്ടേറെ കൃതികള്‍ ചോമാതിരി രചിച്ചു. ജാതകാദേശമാര്‍ഗം, ആശൗചം, ബഹ്വലച സ്മാര്‍ത്തപ്രായശ്ചിത്തം, വേണ്വാരോഹാഷ്ടകം, പഞ്ചബോധം, ന്യായരത്നം, ഗ്രഹണഗണിതം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പെടുന്നു. ജാതകാദേശം എന്നത് ചോമാതിരി രചിച്ച പ്രശസ്ത ജ്യോതിഷകൃതിയാണ്. മാനസഗണിതം എന്നൊരു കൃതി രചിച്ചിട്ടുള്ളതായി സൂചനയുണ്ടെങ്കിലും അത് കണ്ടുകിട്ടിയിട്ടില്ല.
പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവന് രചിച്ച വേണ്വാരോഹം എന്ന കൃതിയുടെ ചുവടുപിടിച്ച് ചോമാതിരി രചിച്ച ഗ്രന്ഥമാണ് വേണ്വാരോഹാഷ്ടകം. ചന്ദ്രന് ഓരോ കാലങ്ങളിലുള്ള സ്ഥാനവ്യതിയാനം കൃത്യമായി ഗണിക്കാന്‍ സഹായിക്കുന്നു ഈ ഗ്രന്ഥം. ഗ്രഹചലനത്തെക്കുറിച്ചുള്ള ആധികാരിക പഠനം അവതരിപ്പിക്കുന്ന എട്ട് അധ്യായങ്ങളുള്ള കൃതിയാണ് ന്യായരത്നം. കാവ്യരൂപത്തില്‍ എഴുതപ്പെട്ട ഗ്രന്ഥമാണിത്. ആശൗചം, ബഹ്വലച സ്മാര്‍ത്തപ്രായശ്ചിത്തം എന്നീ കൃതികള്‍ ധര്‍മശാസ്ത്രം എന്ന വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. നമ്പൂതിരിമാരുടെ മരണസമയത്ത് ആചരിക്കേണ്ട കാര്യങ്ങളുടെ വിശദീകരണമാണ്, മലയാളത്തില്‍ രചിക്കപ്പെട്ട ആശൗചം എന്ന കൃതിയുടെ ഉള്ളടക്കം. അതില്‍ 18 ശ്ലോകങ്ങളുണ്ട്. 173 ശ്ലോകങ്ങളില്‍ രചിക്കപ്പെട്ട സംസ്കൃതകൃതിയാണ് ബഹ്വലച സ്മാര്‍ത്തപ്രായശ്ചിത്തം. ഉപനയനം, വിവാഹം തുടങ്ങിയവയ്ക്ക് ലോപം സംഭവിച്ചാല്‍ നമ്പൂതിരിമാര്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
2 comments:
ഐസക് ന്യൂട്ടണ്‍ പോലുള്ള പാശ്ചാത്യ പ്രതിഭകളുടെ സമകാലികനായിരുന്നു പുതുമന ചോമാതിരിയെന്ന കേരളീയ ഗണിതശാസ്ത്ര പ്രതിഭ. 'കരണപദ്ധതി' പോലെ ഒട്ടേറെ കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തെപ്പറ്റി, 'ഭാരതീയശാസ്ത്രജ്ഞര്‍' പരമ്പരയിലെ പുതിയ ഭാഗം.
നല്ല ബ്ലോഗ്... ഇതു കാണാന്‍ വൈകി. ഇതുപോലെ വിജ്ഞാനപ്രദമായ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
Post a Comment