Friday, March 19, 2010

എല്‍.എച്ച്.സി. വീണ്ടും റിക്കോര്‍ഡിന്റെ തിളക്കത്തില്‍

ചരിത്രത്തില്‍ ഒരു കണികാത്വരകത്തിനും സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണികാധാരകള്‍ ചുറ്റിത്തിരിയുക വഴി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) വീണ്ടും റിക്കോര്‍ഡിട്ടു. 3.5 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (3.5 TeV) ഊര്‍ജനില കൈവരിച്ച രണ്ട് കണികാധാരകളാണ് വെള്ളിയാഴ്ച എല്‍.എച്ച്.സി.യില്‍ ചുറ്റിസഞ്ചരിച്ചത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യിലെ കണികാപരീക്ഷണത്തിന്റെ ലക്ഷ്യം.

എതിര്‍ദിശയില്‍ പായുന്ന, 7 TeV വീതം കൈവരിച്ച, രണ്ട് കണികാധാരകളെ പരസ്പരം കൂട്ടിയിടിപ്പിക്കുക വഴി (കൂട്ടിയിടി നടക്കുന്ന സ്ഥാനത്ത് ആകെ ഊര്‍ജനില 14 TeV ആകും), പ്രപഞ്ചസൃഷ്ടിക്ക് തൊട്ടടുത്ത നിമിഷങ്ങളെ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് കണികാപരീക്ഷണത്തിന്റെ ആത്യന്തികലക്ഷ്യം.

ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യമുന്നേറ്റമായി ഇപ്പോഴത്തെ വിജയം വിലയിരുത്തപ്പെടുന്നു. കണങ്ങളുടെ 7 TeV ഊര്‍ജനിലയിലെ കൂട്ടിയിടി (3.5 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ തമ്മില്‍) എന്ന് ആരംഭിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ യൂറോപ്യന്‍ കണികാപരീക്ഷണശാല 'സേണ്‍' (CERN) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2008 സപ്തംബര്‍ പത്തിനാണ് എല്‍.എച്ച്.സി.പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ഏതാനും ദിവസത്തിനകം തകരാര്‍ മൂലം അത് അടച്ചിടേണ്ടി വന്നു. 14 മാസത്തെ ഇടവേളയ്ക്കു ശേഷം 2009 നവംബര്‍ 20-നാണ് കണികാപരീക്ഷണം വീണ്ടും തുടങ്ങിയത്.

3.5 TeV വീതമുള്ള കണികാധാരകള്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞു എന്നകാര്യം, 2008 സപ്തംബറിന് ശേഷം എല്‍.എച്ച്.സി.യില്‍ നടത്തിയ പരിഷ്‌ക്കരണങ്ങള്‍ എത്ര മികച്ചതാണെന്ന് വ്യക്തമാക്കുന്നതായി സേണിലെ കണികാത്വരകങ്ങളുടെ മുഖ്യചുമതലക്കാരനായ സ്റ്റീവ് മയേഴ്‌സ് പറഞ്ഞു.
എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ശേഷം കഴിഞ്ഞ നവംബര്‍ 23-നാണ് അതിലൂടെ കണികാധാരകള്‍ ആദ്യമായി വിജയകരമായി എതിര്‍ദിശയില്‍ സഞ്ചരിച്ചത്. 1.18 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ സ്ഥാപിച്ചുകൊണ്ട് നവംബര്‍ 30-ന് എല്‍.എച്ച്.സി.റിക്കോര്‍ഡിട്ടു. ക്രിസ്തുമസ് അവധിക്ക് ഡിസംബര്‍ 16-ന് അടയ്ക്കുമ്പോഴേക്കും, 2.36 TeV ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി വഴി കാര്യമായ ഡേറ്റ സൃഷ്ടിക്കാനും എല്‍.എച്ച്.സി.ക്ക് സാധിച്ചിരുന്നു.

2009 -ലെ പ്രവര്‍ത്തനം അവസാനിച്ചപ്പോഴേക്കും എല്‍.എച്ച്.സി.യിലെ നാല് പ്രധാന പരീക്ഷണങ്ങളായ ആലീസ് (ALICE), അറ്റ്‌ലസ് (ATLAS), സി.എം.എസ് (CMS), എല്‍.എച്ച്.സി.ബ്യൂട്ടി (LHCb) എന്നിവ ഓരോന്നും പത്തുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ റിക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ആ വിവരങ്ങള്‍ വിശകലനം ചെയ്യാനായി 'എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡ്' വഴി ലോകമെങ്ങും വിതരണം ചെയ്യാനും സാധിച്ചു.

ക്രിസ്തുമസ് അവധി കഴിഞ്ഞ് 2010 മാര്‍ച്ച് ഒന്നിനാണ് എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇനി ഏതാണ്ട് രണ്ടു വര്‍ഷക്കാലം നിശ്ചിത ഊര്‍ജനിലയുടെ പകുതിയിലായിരിക്കും എല്‍.എച്ച്.സി. പ്രവര്‍ത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സേണ്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

7 TeV വീതമുള്ള കണികാധാരകളെ നിലവില്‍ എല്‍.എച്ച്.സി. താങ്ങുമോ എന്ന സംശയമാണ് ഇത്തരമൊരു മുന്‍കരുതലിന് സേണിനെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, എല്‍.എച്ച്.സി.യുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ 'ഹിഗ്ഗ്‌സ് ബോസോണുകളെ' കണ്ടെത്താന്‍ 3.5 TeV വീതമുള്ള കണികാധാരകള്‍ കൂട്ടിയിടിച്ചാല്‍ മതിയെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കണികാകൂട്ടിയിടി 7 TeV യില്‍ എത്തിക്കഴിഞ്ഞാല്‍ (3.5 TeV വീതമുള്ള കണികാധാരകള്‍ തമ്മില്‍) ആ സ്ഥിതി 18-24 മാസം തുടരുമെന്ന് സേണിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 2011 അവസാനം അടച്ചു കഴിഞ്ഞാല്‍ ഒരുവര്‍ഷം നീളുന്ന പരിഷ്‌ക്കരണ ജോലികള്‍ എല്‍.എച്ച്.സി.യില്‍ നടക്കും. 14 TeV കൂട്ടിയിടിക്കുള്ള കരുത്തുമായാവും അതുകഴിഞ്ഞ് എല്‍.എച്ച്.സി. പ്രവര്‍ത്തനം തുടങ്ങുക. പുതിയ ഭൗതികശാസ്ത്രയുഗമാകും ചിലപ്പോള്‍ അതോടെ ആരംഭിക്കുക. (അവലംബം: സേണിന്റെ വാര്‍ത്താക്കുറിപ്പ് )

കാണുക

1 comment:

Joseph Antony said...

ചരിത്രത്തില്‍ ഒരു കണികാത്വരകത്തിനും സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണികാധാരകള്‍ ചുറ്റിത്തിരിയുക വഴി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) വീണ്ടും റിക്കോര്‍ഡിട്ടു. 3.5 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (3.5 TeV) ഊര്‍ജനില കൈവരിച്ച രണ്ട് കണികാധാരകളാണ് വെള്ളിയാഴ്ച എല്‍.എച്ച്.സി.യില്‍ ചുറ്റിസഞ്ചരിച്ചത്.