Friday, March 05, 2010

ദിനോസറുകളെ ഉന്‍മൂലനം ചെയ്തത് ക്ഷുദ്രഗ്രഹം തന്നെ

ആറരക്കോടി വര്‍ഷം മുമ്പ് ദിനോസറുകള്‍ക്ക് സംഭവിച്ച ഉന്‍മൂലനം അഗ്നിപര്‍വസ്‌ഫോടനം മൂലമല്ലായിരുന്നെന്നും, കൂറ്റന്‍ ക്ഷുദ്രഗ്രഹം (asteriod) ഭൂമിയില്‍ പതിച്ചാണ് അത് സംഭവിച്ചതെന്നും ഒരു അന്തരാഷ്ട്ര വിദഗ്ധസംഘം സ്ഥിരീകരിച്ചു. മൂന്ന് പതിറ്റാണ്ടായി ശാസ്ത്രലോകത്ത് തുടരുന്ന വിവാദത്തിനാണ് താത്ക്കാലികമായിട്ടെങ്കിലും ഇതോടെ തിരശ്ശീല വീഴുന്നത്.

ഭൂമിയില്‍ 16 കോടി വര്‍ഷക്കാലം ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകള്‍ക്കാണ് ആറരക്കോടി വര്‍ഷം മുമ്പ്, 'ക്രിറ്റേഷ്യസ്-ടെര്‍ഷ്യറി ഉന്‍മൂലനം' (KT extinction) എന്ന് അറിയപ്പെടുന്ന സംഭവം വഴി അന്ത്യം സംഭവിച്ചത്. ഒപ്പം അന്ന് ഭൂമിയിലുണ്ടായിരുന്ന വര്‍ഗങ്ങളില്‍ പകുതിയേറെയും അന്യംനിന്നു. (ഇപ്പോള്‍ ഇതിനെ K-Pg extinction എന്നും വിശേഷിപ്പിക്കാറുണ്ട്).

വാള്‍ട്ടര്‍ അല്‍വാരസ് എന്ന പുരാവസ്തു ഗവേഷകനും അദ്ദേഹത്തിന്റെ പിതാവും നോബല്‍ സമ്മാന ജേതാവുമായ ആണവശാസ്ത്രജ്ഞന്‍ ലൂയിസ് അല്‍വാരസും ചേര്‍ന്ന്, ദിനോസറുകളുടെ പതനത്തിന് കാരണം ഒരു ക്ഷുദ്രഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്നിടിച്ചതിന്റെ ആഘാതമാകാം എന്ന സിദ്ധാന്തം അവതരിപ്പിക്കുന്നത് 1980-ലാണ്. ഫ്രാങ്ക് അസാരോ, ഹെലന്‍ മൈക്കല്‍സ് എന്നിവരും ആ ഗവേഷണത്തില്‍ പങ്കുവഹിച്ചിരുന്നു.

എന്നാല്‍, മറ്റ് പല ഗവേഷകരും ആ സിദ്ധാന്തം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്ത്യയിലെ ഡെക്കാന്‍ മേഖലയിലുണ്ടായ അഗ്നിപര്‍വതസ്‌ഫോടനങ്ങളാണ് ദിനോസറുകളെ ഉന്‍മൂലനം ചെയ്തതെന്നവര്‍ വാദിച്ചു. എന്നാല്‍, ആ വാദത്തില്‍ കഴമ്പില്ലെന്ന്, പുതിയ ലക്കം 'സയന്‍സ്' വാരിക പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതുവരെ ലഭ്യമായ തെളിവുകള്‍ പ്രകാരം, ആറരക്കോടി വര്‍ഷം മുമ്പ് മെക്‌സിക്കോയില്‍ യുകറ്റാന്‍ ഉപദ്വീപിലെ ചിക്ഷൂലൂബി (Chicxulub) ല്‍ പതിച്ച ഭീമന്‍ ക്ഷുദ്രഗ്രഹമാണ് ഉന്‍മൂലനത്തിന് കാരണം.

ആ ക്ഷുദ്രഗ്രഹപതനത്തിന്റെ ആഘാതം ഭൂമിയിലാകെ അസാധാരണമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായി ഗവേഷകര്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 41 വിദഗ്ധര്‍ അടങ്ങിയ സംഘമാണ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദിനോസറുകളുടെ പതനമാണ് ഒര്‍ഥത്തില്‍ ലോകത്ത് സസ്തനികളുടെ ആധിപത്യം സാധ്യമാക്കിയത്. അത്രകാലവും ദിനോസറുകളുടെ നിഴലില്‍ കഴിഞ്ഞിരുന്ന സസ്തനികള്‍ ലോകത്ത് വലിയ ശക്തിയായി. മനുഷ്യന്റെ ആധിപത്യത്തിലേക്ക് ലോകത്തെ എത്തിച്ചതിനു പോലും ഒരര്‍ഥത്തില്‍ ആറരക്കോടി വര്‍ഷം മുമ്പുണ്ടായ ക്ഷുദ്രഗ്രഹപതനമാണ് നിമിത്തമായതെന്ന് ഗവേഷകര്‍ പറയുന്നു.

കെ-ടി ഉന്‍മൂലനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഉണ്ടായ പഠനങ്ങളും, ലഭിച്ച തെളിവുകളും സംഘം പുനപ്പരിശോധിച്ചു. ഏതാണ്ട് 15 കിലോമീറ്റര്‍ വിസ്താരമുള്ള ക്ഷുദ്രഗ്രഹമാണ് ചിക്ഷൂലൂബ് പ്രദേശത്ത് പതിച്ചതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. വെടിയുണ്ടയുടെ ഏതാണ്ട്‌ 20 മടങ്ങ്‌ വേഗത്തില്‍ (സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍), ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റംബോംബിന്റെ നൂറുകോടി മടങ്ങ് ശക്തിയോടെയാണ് അത് പതിച്ചത്. നൂറ് കിലോമീറ്റര്‍ വിസ്താരവും 30 കിലോമീറ്റര്‍ താഴ്ച്ചയുമുള്ള ഗര്‍ത്തം അതിന്റെ ഫലമായുണ്ടായി. ഇടിയുടെ ശക്തിയില്‍ അതിഭീമമായ തോതില്‍ പൊടിപടലങ്ങളും മറ്റും ആകാശത്തേക്കുയന്നു. സൂര്യന്‍ മറഞ്ഞു, ഭൂമി ഇരുണ്ടു. ആഗോളഗ്രീഷ്മത്തിന്റെ പിടിയിലായി ലോകം. മാറിയ പരിസ്ഥിതിയോട് പരാജയപ്പെട്ട് പകുതിയിലേറെ വര്‍ഗങ്ങളും ഉന്‍മൂലനം ചെയ്യപ്പെട്ടു.

ചിക്ഷൂലൂബിലെ ക്ഷുദ്രഗ്രഹപതനം നടന്നത് കെ-ടി ഉന്‍മൂലനത്തിന് മൂന്ന് ലക്ഷം വര്‍ഷം മുമ്പാണെന്ന് ചില ഗവേഷകര്‍ കണക്കുകൂട്ടിയിട്ടുണ്ട്. അതുപക്ഷേ, ക്ഷുദ്രഗ്രഹപതനം നടന്ന സ്ഥലത്തിനടുത്തുനിന്ന് ശേഖരിച്ച ഭൗമശാസ്ത്രവിവരങ്ങള്‍ വിശകലനം ചെയ്തതില്‍ വന്ന പിഴവാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. പതനമേഖലയിലെ ശിലകള്‍ അതിസങ്കീര്‍ണമായ ചില ഭൗമശാസ്ത്ര പ്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ട്. അതുകൊണ്ട് അവിടെ നിന്നുള്ള ഡേറ്റ കൃത്യമായി വിശകലനം ചെയ്യുക ബുദ്ധിമുട്ടാണ്.

ഇന്ത്യയില്‍ മധ്യപടിഞ്ഞാറന്‍ ഡെക്കാനില്‍ (Deccan Traps) സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ 15 ലക്ഷം വര്‍ഷം നീണ്ടുനിന്ന ഒന്നാണ്. ഏതാണ്ട് 11 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ലാവയാണ് അതുവഴി മധ്യപടിഞ്ഞാറന്‍ ഡെക്കാനില്‍ പരന്നത്. കരിങ്കടല്‍
രണ്ടു തവണ നിറയ്ക്കാന്‍ ഇത്രയും ലാവ മതി. ആ അഗ്നിപര്‍വത സ്‌ഫോടനങ്ങളില്‍ നിന്നുയര്‍ന്ന ധൂളീപടലങ്ങള്‍ സൂര്യനെ മറയ്ക്കുകയും ഭൂമിയില്‍ ശൈത്യം വിതയ്ക്കുകയും ചെയ്തിരിക്കാമെന്നും, അതുവഴി ദിനോസറുകള്‍ ഉള്‍പ്പടെയുള്ള ജീവിവര്‍ഗങ്ങള്‍ നശിച്ചിരിക്കാമെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

എന്നാല്‍, കെ-ടി ഉന്‍മൂലനത്തിന് തൊട്ടുമുമ്പുള്ള അഞ്ചുലക്ഷം വര്‍ഷക്കാലത്ത് (ഡെക്കാനിലെ അഗ്നിപര്‍വതങ്ങള്‍ സജീവമായിരുന്നെങ്കിലും) കരയിലെയോ കടലിലെയോ ഇക്കോവ്യൂഹങ്ങളില്‍ കാര്യമായ ആഘാതങ്ങള്‍ സംഭവിച്ചതായി തെളിവില്ല. മാത്രമല്ല, ഓരോ അഗ്നിപര്‍വത സ്‌ഫോടനവേളയിലും അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്ന സള്‍ഫര്‍ ധൂളികള്‍ പോലുള്ളവ ഹൃസ്വകാലത്തേക്ക് മാത്രമേ അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നുള്ളു എന്നും, അത്തരം സംഭവങ്ങള്‍ മൂലം പെട്ടന്നൊരു ഉന്‍മൂലനം സാധ്യമാകില്ലെന്നും, കമ്പ്യൂട്ടര്‍മാതൃകാ പഠനങ്ങള്‍ വ്യക്തമാക്കുന്നതായി പുതിയ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ക്ഷുദ്രഗ്രഹപതനം വന്‍തോതിലുള്ള പ്രത്യാഘമാണ് ഭൂമിയിലെങ്ങും വരുത്തിയത്. വന്‍തീപ്പിടിത്തങ്ങള്‍, ഭൂകമ്പമാപിനിയില്‍ തീവ്രത പത്ത് രേഖപ്പെടുത്താവുന്നത്ര ശക്തമായ ഭൂകമ്പങ്ങള്‍, ഭൂഖണ്ഡാന്തര മണ്ണിടിച്ചിലുകള്‍, പടുകൂറ്റന്‍ സുനാമി ഒക്കെ അതുമൂലമുണ്ടായി. കൂട്ടിയിടിയുടെ ആഘാത്തില്‍ ശരവേഗത്തില്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന് പടര്‍ന്ന് വ്യാപിച്ച ധൂളീപടലങ്ങള്‍ സൂര്യനെ മറയ്ക്കുകയും ഭൂമിയെ ശൈത്യത്തിന്റെ പിടിയിലാഴ്ത്തുകയും ചെയ്തത് ജീവിവര്‍ഗ
ങ്ങളില്‍ പലതിനെയും ഒറ്റയടിക്ക് ഉന്‍മൂലനത്തിലേക്ക് നയിച്ചു.

'കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിയും, കെ-ടി ഉന്‍മൂലനം സംഭവിച്ചത് ക്ഷുദ്രഗ്രഹം മൂലമാണെന്ന്'-ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഡോ. ജോവാന്ന മോര്‍ഗന്‍ പറയുന്നു.

7 comments:

Joseph Antony said...

ആറരക്കോടി വര്‍ഷം മുമ്പ് ദിനോസറുകള്‍ക്ക് സംഭവിച്ച ഉന്‍മൂലനം അഗ്നിപര്‍വസ്‌ഫോടനം മൂലമല്ലായിരുന്നെന്നും, കൂറ്റന്‍ ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ചാണ് അത് സംഭവിച്ചതെന്നും ഒരു അന്തരാഷ്ട്ര വിദഗ്ധസംഘം സ്ഥിരീകരിച്ചു. മൂന്ന് പതിറ്റാണ്ടായി ശാസ്ത്രലോകത്ത് തുടരുന്ന വിവാദത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

Unknown said...

ശ്ശ്യോ ഈ ദിനോസറിന്റെ ഫോസില്‍ എല്ലാം ചെകുത്താന്‍ കൊണ്ടിട്ടതല്ലേ സയന്റിസ്റ്റുകളെ വഴി തെറ്റിക്കാന്‍ !

;)


ആര്ട്ടിക്കിളിനു നന്ദി

sainualuva said...

ഇപ്പോഴും അങ്ങനെ ഒന്ന്(ക്ഷുദ്രഗ്രഹം) ഇങ്ങോട്ട് വരുന്നുണ്ടാന്നല്ലേ കേള്‍ക്കുന്നേ ....അത് പതിച്ചപ്പോഴുണ്ടായ അവസ്ഥ ഓര്‍ത്തിട്ടു പേടിയാകുന്നു ...ഇപ്പോഴൊന്നും എത്തില്ലായിരിക്കും അല്ലെ ....

Calicocentric കാലിക്കോസെന്‍ട്രിക് said...

വെടിയുണ്ടയുടെ ഇരട്ടി വേഗത്തില്‍ (സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍)
20 times faster than a speeding bullet

which would have been enough to fill the Black Sea twice
കരിങ്കടല്‍ നിറയ്ക്കാന്‍ ഇത്രയും ലാവ മതി.

continental landslides
ഭൂഖണ്ഡാന്തര മണ്ണിടിച്ചിലുകള്‍,

This shrouded the planet in darkness and caused a global winter, killing off many species that couldn't adapt to this hellish environment.
ജീവിവര്‍ഗങ്ങളെ ഒറ്റയടിക്ക് ഉന്‍മൂലനത്തിലേക്ക് നയിച്ചു
Internet മലയാളത്തെപ്പറ്റി ഒരു പുസ്തകം കഴിഞ്ഞദിവസം നോക്കേണ്ടിവന്നു. അതില്‍ ശാസ്ത്രബ്ലോഗായി ലിസ്റ്റ് ചെയ്തിരിക്കുന്നത് ഒന്നാമതായി ഇതാണ്. അങ്ങനെയാണ് ഇവിടെ എത്തിയത്. ഡെഡ്‌ലൈന്‍ പാലിച്ചാണോ ബ്ലോഗെഴുത്ത്?

Joseph Antony said...

കാലോക്കോ സെന്‍ട്രിക്,
ആ പിശകുകള്‍ ചൂണ്ടിക്കാട്ടിയതില്‍ വളരെ നന്ദി...

Salu said...

No dinosaurs was refereed any religious books, since these books are the only truth, there was no dinosaurs or meteors.

All these rubbish are created by man to defy the creator.

ഏറനാടന്‍ said...

അല്ലയോ നാഥാ, ഭൂമിയില്‍ ‘ഇനിയും’ ജീവികളെ വസിക്കാന്‍ വിടുകയാണോ? മുന്‍പ് ഉണ്ടായിരുന്നവ അവിടെ പോരടിച്ചപ്പോള്‍ ഉന്മൂലനം ചെയ്തത് അല്ലേ? ഈ ചോദ്യം മാലാഖമാര്‍ ലോകനിയന്താവിനോട് ചോദിച്ചത് മനുഷ്യപിതാവായ ആദമിനേയും ഹവ്വയേയും ഭൂമിയിലേക്ക് പറഞ്ഞയക്കുന്ന വേളയില്‍ ആയിരുന്നു എന്ന് വിശുദ്ധഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.