Tuesday, March 02, 2010

ചന്ദ്രനില്‍ ഹിമശേഖരം; ചന്ദ്രയാന്റെ കണ്ടെത്തല്‍ വീണ്ടും


ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ വെള്ളം മഞ്ഞുകട്ടകളുടെ രൂപത്തില്‍ ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ ഉണ്ടെന്ന് കണ്ടെത്തല്‍. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ ഒന്നി'ലെ പരീക്ഷണോപകരണങ്ങളില്‍ ഒന്നായ 'മിനിസര്‍' (Mini-Sar) നടത്തിയ കണ്ടെത്തലാണിത്.

ചന്ദ്രയാന്‍ ദൗത്യത്തില്‍ നാസ നല്‍കിയ ഉപകരണമായിരുന്നു മിനിസര്‍. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ 40 ചെറു ഗര്‍ത്തങ്ങളില്‍ ഹിമപാളികളുടെ സാന്നിധ്യം മിനിസര്‍ തിരിച്ചറിഞ്ഞതായും, ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ ഹിമശേഖരം അവിടെ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടുന്നതായും നാസ തന്നെയാണ് വെളിപ്പെടുത്തിയത്. രണ്ടു മുതല്‍ 15 കിലോമീറ്റര്‍ വരെ വ്യാസമുള്ള മഞ്ഞുപാളികളെ തിരിച്ചറിയാന്‍ ചന്ദ്രയാന് കഴിഞ്ഞതായി നാസ വെളിപ്പെടുത്തി.

'ശാസ്ത്രീയമായും, പര്യവേക്ഷണത്തിന്റെ തലത്തിലുമൊക്കെ ചന്ദ്രന്‍ കരുതിയിരുന്നതിലും ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു'-മിനിസറിന്റെ മുഖ്യഗവേഷകനും ഹൂസ്റ്റണില്‍ ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞനുമായ പോള്‍ സ്പുഡിസ് അഭിപ്രായപ്പെട്ടു. ടെക്‌സാസില്‍ നടക്കുന്ന 41-ാമത് ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.

'മിനിയേച്ചര്‍ സിന്തറ്റിക് അപ്പര്‍ച്വര്‍ റഡാര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് 'മിനിസര്‍'. ചന്ദ്രയാന് വേണ്ടി നാസ നല്‍കിയ ഈ പരീക്ഷണോപകരണം ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലെ അപ്ലൈഡ് ഫിസ്‌ക്‌സ് ലബോറട്ടറിയും അമേരിക്കയുടെ നേവല്‍ എയര്‍ വാര്‍ഫെയര്‍ സെന്ററും ചേര്‍ന്നാണ് വികസിപ്പിച്ചത്. ചാന്ദ്രധ്രുവത്തില്‍ സ്ഥിരമായി സൂര്യപ്രകാശം പതിക്കാത്ത ഇരുണ്ട ഗര്‍ത്തങ്ങളിലെ ഹിമസാന്നിധ്യം തേടുകയായിരുന്ന 8.77 കിലോഗ്രാം ഭാരമുണ്ടായിരുന്ന മിനിസറിന്റെ ലക്ഷ്യം.

ചാന്ദ്രയാനിലുണ്ടായിരുന്ന 11 പഠനോപകരണങ്ങളില്‍ ഒന്നായ നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്), ചന്ദ്രോപരിതലത്തിലുട നീളം ജലാംശമുള്ളതായി കണ്ടെത്തിയിരുന്നു. ചന്ദ്രപ്രതലത്തിലെ ഓരോ ടണ്‍ മണ്ണിലും കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലുമുണ്ടാകുമെന്നാണ് ആ ഉപകരണം തിരിച്ചറിഞ്ഞത്.

ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്ന്, യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (സാറ) എന്ന ചാന്ദ്രയാനിലെ പേലോഡ് കണ്ടെത്തിയ വിവരം പുറത്ത് വന്നത് 2009 ഒക്ടോബര്‍ 15-നാണ്.

കഴിഞ്ഞ ആഗസ്ത് 28നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കവെയാണ് അവസാനിച്ചത്. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് അന്ന് ആരും കരുതിയില്ല.
(കടപ്പാട്: നാസ, മാതൃഭൂമി, ഐ.എസ്.ആര്‍.ഒ)

8 comments:

Joseph Antony said...

ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ വെള്ളം മഞ്ഞുകട്ടകളുടെ രൂപത്തില്‍ ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ ഉണ്ടെന്ന് കണ്ടെത്തല്‍. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ ഒന്നി'ലെ പരീക്ഷണോപകരണങ്ങളില്‍ ഒന്നായ 'മിനിസര്‍' (Mini-Sar) നടത്തിയ കണ്ടെത്തലാണിത്.

ചന്ദ്രയാന്‍ ദൗത്യത്തില്‍ നാസ നല്‍കിയ ഉപകരണമായിരുന്നു മിനിസര്‍. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ 40 ചെറു ഗര്‍ത്തങ്ങളില്‍ ഹിമപാളികളുടെ സാന്നിധ്യം മിനിസര്‍ തിരിച്ചറിഞ്ഞതായും, ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ ഹിമശേഖരം അവിടെ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടുന്നതായും നാസ തന്നെയാണ് വെളിപ്പെടുത്തിയത്. രണ്ടു മുതല്‍ 15 കിലോമീറ്റര്‍ വരെ വ്യാസമുള്ള മഞ്ഞുപാളികളെ തിരിച്ചറിയാന്‍ ചന്ദ്രയാന് കഴിഞ്ഞതായി നാസ വെളിപ്പെടുത്തി.

Appu Adyakshari said...

വിവരങ്ങൾക്ക് നന്ദി ജോസഫ് മാഷേ.

- സാഗര്‍ : Sagar - said...

ഒരു സംശയം.. ഈ കണ്ടെത്തല്‍ ചന്ദ്രന്‍റെ ഉല്പത്തിയെ കുറിച്ചുള്ള ഏതു തിയറിക്കാണ്‌ പിന്തുണ കൊടുക്കുന്നത് ?

Joseph Antony said...

സാഗര്‍,
ചന്ദ്രന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട കണ്ടെത്തലാണോ ഇത്‌

- സാഗര്‍ : Sagar - said...

ഒരു ഡിബേറ്റിനുള്ള വിവരം എനിക്കില്ല. എന്നാലും അവിടുന്നും "ഇവിടുന്നും " ഒക്കെ വായിച്ചത് വെച്ച് എനിക്ക്‌ തോന്നുന്നത് ചന്ദ്രന്‍റെ ഉല്പത്തിയുമായി ഇതിനു ബന്ധം ഉണ്ടാവേണ്ടതാണ്‌ എന്നു തന്നെയാണ്.

താങ്കളുടെ ബ്ലോഗില്‍ നിന്ന്

"ഏതാണ്ട്‌ 450 കോടി വര്‍ഷം മുമ്പ്‌, ചൊവ്വായുടെ വലിപ്പുമുള്ള ഒരു വസ്‌തുവും ഭൂമിയും തമ്മിലുണ്ടായ അതിഭീമമായ കൂട്ടിയിടിയുടെ ഫലമാണ്‌ ചന്ദ്രന്‍. ആ കൂട്ടിയിലുണ്ടായ അത്യുഷ്‌ണത്തില്‍ ചന്ദ്രനിലെ ജലമെല്ലാം ബാഷ്‌പമായി നഷ്ടപ്പെട്ടു എന്നാണ്‌ ഇത്രകാലവും ശാസ്‌ത്രലോകം കരുതിയിരുന്നത്‌. എന്നാല്‍, ആ നിഗമനം തിരുത്താന്‍ സമയമായിരിക്കുന്നു എന്ന്‌ പുതിയൊരു ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു. "

ഈ കൂട്ടിയിടി ഉണ്ടായിട്ടില്ലെങ്കില്‍ ? ചന്ദ്രന്‍റെ ഉപരിതലത്തിലേ ജലം ശുന്യതയിലേക്ക് നഷ്ടപ്പെട്ടതാകാമല്ലോ.. ? അങ്ങനെ നോക്കുമ്പോള്‍ കൂട്ടിയിടി കൂടാതെ തന്നെ ഭൂമിയില്‍ നിന്നും തെറിച്ച് പോയതാകാമല്ലോ ഈ ചന്ദ്രന്‍...


"ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്ന്, യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (സാറ) എന്ന ചാന്ദ്രയാനിലെ പേലോഡ് കണ്ടെത്തിയ വിവരം പുറത്ത് വന്നത് 2009 ഒക്ടോബര്‍ 15-നാണ്."

അതായത് വെള്ളം ചന്ദ്രനില്‍ തന്നെ ഉണ്ടാവുന്നതാണ്‌ അല്ലേ..
അങ്ങനെ നോക്കുമ്പോള്‍ Capturehypothesis ,Coformation hypothesis എന്നിവയ്ക്കു ഒരു സാധ്യത ഇല്ലെ ?

പൊട്ടത്തരമാണേല്‍ ഡിലീറ്റ് ചെയ്ത് എന്റെ മാനം രക്ഷിക്കണം എന്ന് അപേക്ഷ :)

കുട്ടുറൂബ്‌ said...

I hope You will write about Bloombox Energy and Dr. KR Sridhar.

Thanks
Rijo

Joseph Antony said...

കട്ടുറുമ്പ്,
പോസ്റ്റ് കാണുക

jyo.mds said...

informative-നന്ദി