ദിനോസറുകള്‍ക്കിടയിലെ ഭീകരരായിരുന്ന 'ടൈറനൊസറസ് റെക്‌സു' (T-rex)കളുടെ സാന്നിധ്യം ഒരു കാലത്ത് ഭൂമിയിലാകെ ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ഉത്തരാര്‍ധഗോളത്തില്‍ മാത്രമേ അവ കാണപ്പെട്ടിരുന്നുള്ളു എന്നാണ് ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്.
തെക്കന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 'ദിനോസര്‍ കൊവ്' (Dinosaur Cove) എന്നറിയപ്പെടുന്ന സ്ഥലത്തുനിന്ന് ലഭിച്ച ഭാഗിക ഫോസിലാണ് മുന്‍ നിഗമനം തിരുത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ടി.റെക്‌സിന്റെയത്ര വലിപ്പമില്ലെങ്കിലും, അവയുടെ ഏതാണ്ട് സമാന ശരീരഘടനയുള്ള ജിവിയെയാണ് പുതിയതായി കണ്ടെത്തിയത്. ടി.റെക്‌സിന്റെ 'തെക്കന്‍ ബന്ധുക്കളാ'ണ് അവയെന്ന് ഗവേഷകര്‍ പറയുന്നു.
NMV P186069 എന്നു സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഫോസില്‍, 11 കോടി വര്‍ഷം മുമ്പ് (ടി.റെക്‌സുകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിനും നാലുകോടി വര്‍ഷം മുമ്പ്) ഓസ്‌ട്രേലിയയില്‍ ജിവിച്ചിരുന്ന ദിനോസറിന്റേതാണ്. മൂന്നു മീറ്റര്‍ നീളവും 80 കിലോഗ്രാം ഭാരവുമുള്ള ജീവിയായിരുന്നു അത്. ടി.റെക്‌സിന്റെ നീളം 12 മീറ്ററും ഭാരം നാലു ടണ്ണിനടുത്തുമായിരുന്നു.
വലിപ്പത്തില്‍ ഈ വ്യത്യാസം ഉണ്ടെങ്കിലും, ടി.റെക്‌സ് പരിണമിച്ചുണ്ടായത് പുതിയതായി കണ്ടെത്തിയ വര്‍ഗത്തില്‍ നിന്നാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. പരിണാമചരിത്രത്തിന്റെ ആദ്യഘട്ടത്തില്‍ ടൈറനോസറസുകള്‍ തെക്കന്‍ പ്രദേശങ്ങളിലും എത്തിയിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍ കാട്ടിത്തരുന്നത്. ആഫ്രിക്കയിലും തെക്കേയമേരിക്കയിലും ഇന്ത്യയിലും നിന്ന് ഇതിന് പുതിയ തെളിവുകള്‍ ലഭിച്ചേക്കാം, പഠനത്തില്‍ പങ്കുവഹിച്ച ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ.പോള്‍ ബാരറ്റ് അഭിപ്രായപ്പെടുന്നു.
ഒരു സൂപ്പര്‍ ഭൂഖണ്ഡം പൊട്ടിയടര്‍ന്ന് വേര്‍പെട്ട് നിലവിലുള്ള ഭൂഖണ്ഡങ്ങളുടെ സ്ഥിതിയിലേക്കെത്താന്‍ തുടങ്ങുന്ന ഏതാണ്ട് അതേ കാലത്താണ് ദിനോസറുകള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത്.
ആ പൊട്ടിയടരല്‍ പകുതി പിന്നിടുമ്പോഴാണ് ടൈറനോസറസുകളുടെ രംഗപ്രവേശം. തെക്കേയമേരിക്ക, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ തെക്കന്‍ ഭൂഖണ്ഡങ്ങള്‍ ആ സമയത്ത് വടക്കന്‍ ഭാഗത്തില്‍ നിന്ന് മാറിയിരുന്നെങ്കിലും, അവ പരസ്പരം വേര്‍പെട്ടിരുന്നില്ല. ( അവലംബം: സയന്‍സ് )
കാണുക
1 comment:
ദിനോസറുകള്‍ക്കിടയിലെ ഭീകരരായിരുന്ന 'ടൈറാനൊസറസ് റെക്‌സു' (T-rex)കളുടെ സാന്നിധ്യം ഒരു കാലത്ത് ഭൂമിയിലാകെ ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ഉത്തരാര്‍ധഗോളത്തില്‍ മാത്രമേ അവ കാണപ്പെട്ടിരുന്നുള്ളു എന്നാണ് ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്.തെക്കന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 'ദിനോസര്‍ കൊവ്' (Dinosaur Cove) എന്നറിയപ്പെടുന്ന സ്ഥലത്തുനിന്ന് ലഭിച്ച ഭാഗിക ഫോസിലാണ് മുന്‍ നിഗമനം തിരുത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.
Post a Comment