Wednesday, March 03, 2010

അനകോണ്ട 'ജുറാസിക് പാര്‍ക്കി'ല്‍!!

അഥവാ ദിനോസര്‍കുട്ടികളെ തിന്നിരുന്ന പാമ്പ്
'പല ചെകുത്താന്‍മാരെയും കണ്ടിട്ടുണ്ട്, എന്നാല്‍ വടിയുമൂന്നി നടക്കുന്ന ചെകുത്താനെ കാണുന്നത് ആദ്യമായാണ്'-ഞങ്ങളുടെ ചെറുപ്പത്തില്‍ കാരണവന്‍മാര്‍ തമാശക്ക് പറയുമായിരുന്നു. ഗുജറാത്തില്‍ നിന്ന് കിട്ടിയ ഫോസില്‍ പാമ്പിനെക്കുറിച്ച് പഠിച്ച പുരാവസ്തുഗവേഷകര്‍ മനസിലെങ്കിലും ഇങ്ങനെ വിചാരിച്ചിട്ടുണ്ടാകണം: 'പല പാമ്പുകളെയും കണ്ടിട്ടുണ്ട്, പക്ഷേ ദിനോസര്‍കുട്ടികളെ തിന്നുന്ന ഒന്നിനെ ആദ്യമായി കാണുകയാണ്!!' അതെ, ശാസ്ത്രലോകം ഇത്തരമൊരു പാമ്പിനെ ആദ്യമായി കാണുകയാണ്. 6.7 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന പാമ്പിന്റെ ഫോസിലാണ് അമ്പരപ്പുളവാക്കുന്ന വിവരം വെളിവാക്കിത്തരുന്നത്.

അഹമ്മദാബാദില്‍ നിന്ന് 130 കിലോമീറ്റര്‍ അലെ ദോലി ഡുന്‍ഗ്രി ഗ്രാമത്തില്‍ എക്കല്‍പാളിക്കടിയില്‍ 23 വര്‍ഷം മുമ്പ് കണ്ടെത്തിയ ഫോസിലാണ്, പുരാതനകാലത്ത് ദിനോസര്‍കുട്ടികളെ തിന്നിരുന്ന പാമ്പുകള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ സഹായിച്ചത്. ദിനോസര്‍ ഫോസിലുകള്‍ക്ക് പ്രശസ്തമായ ആ സ്ഥലത്തുനിന്ന്, ഇന്ത്യന്‍ ഗവേഷകനായ ധനഞ്ജയ് മൊഹാബിയാണ് ഫോസില്‍ കണ്ടെത്തിയത്. (ഇപ്പോള്‍ അദ്ദേഹം നാഗ്പൂരില്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പുരാവസ്തുഗവേഷക വിഭാഗം ഡയറക്ടര്‍).

ഫോസിലിലെ ദിനോസര്‍ മുട്ടകളും മറ്റ് ചില ഭാഗങ്ങളും തിരിച്ചറിയാന്‍ മൊഹാബിക്ക് സാധിച്ചെങ്കിലും, അത് പൂര്‍ണമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് അന്ന് കഴിഞ്ഞില്ല. 2001-ല്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ജെഫ് വില്‍സണ്‍ ഇന്ത്യയിലെത്തി മൊഹാബിയെ കണ്ടു. ഫോസില്‍ പരിശോധിച്ച അദ്ദേഹം ആവേശഭരിതനായി. അങ്ങനെയാണ്, ആ പുരാതന പാമ്പിനെക്കുറിച്ചുള്ള ശരിയായ പഠനം ആരംഭിച്ചത്. മൊഹാബിയും വില്‍സണും ഉള്‍പ്പെട്ട ഒരു അന്താരാഷ്ട്രസംഘം ഫോസില്‍ വിശകലനം നടത്തിയതിന്റെ റിപ്പോര്‍ട്ട് പുതിയ ലക്കം 'പബ്ലിക് ലൈബ്രറി ഓഫ് സയന്‍സസ് (PLoS) ബയോളജി'യിലാണ് പ്രസിദ്ധീകരിച്ചത്.

'ഇത്തരമൊരു കരുത്തുറ്റ നിമിഷം കാലത്തിനുള്ളില്‍ നിശ്ചലമായി നിലകൊണ്ടു എന്നത് എത്ര ആവേശമുളവാക്കുന്ന സംഗതിയാണ്'-മൊഹാബി പറയുന്നു. ദിനോസര്‍ മുട്ടത്തോടുകള്‍ക്കരികില്‍ വലിയ അസ്ഥികളുടെ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞതില്‍ നിന്നും, അത് അസാധാരണമായ ഒരു കണ്ടെത്തലാണെന്ന് സൂചന ലഭിച്ചതായി വില്‍സണ്‍ പറഞ്ഞു. ഫോസില്‍ ശരിക്കു പഠിച്ചപ്പോള്‍, പുതുതായി വിരിഞ്ഞ ദിനോസര്‍ മുട്ടയെ ചുറ്റിവരിഞ്ഞ നിലയിലാണ് പാമ്പെന്നും അതിന് തൊട്ടടുത്ത് ഒരു നവജാത ദിനോസര്‍ ഉണ്ടായിരുന്നതായും ഗവേഷകര്‍ കണ്ടു. പെരുമ്പാമ്പുകള്‍ ഇരകളെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലുന്ന മാതിരിയുള്ള ഏര്‍പ്പാടിയിരുന്നു പുരാതന പാമ്പിന്റേതും.

ഭീമാകാരമാര്‍ന്ന സാരോപോഡുകളുടെ (sauropods) കുട്ടികളെയാണ് പാമ്പുകള്‍ ആഹാരമാക്കിയിരുന്നത്. 'സനജേഹ് ഇന്‍ഡിക്കസ്' (Sanajeh indicus) എന്നാണ് പുരാതന പാമ്പിന് നല്‍കിയിട്ടുള്ള പേര്. 3.5 മീറ്റര്‍ നീളമുണ്ടായിരുന്ന പാമ്പിനെ ദിനോസറുകളുടെ പ്രജനകേന്ദ്രത്തിലാണ് കണ്ടത്. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ദിനോസര്‍കുട്ടികളെ ആഹാരമാക്കുകയായിരുന്നു ഇവയുടെ രീതിയെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

പുരാതനകാലത്തെ പാമ്പുകളുടെ ആഹാരരീതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍. ആധുനികകാലത്തെ പാമ്പുകളുടെ താടിയെല്ലിന്റെ ഘടനയും ചലനരീതികളും വലിയ ഇരകളെ വിഴുങ്ങാന്‍ പാകത്തിലുള്ളതാണ്. ആ ലക്ഷണങ്ങളില്‍ ചിലത് ഇന്‍ഡിക്കസിന്റെ കാര്യത്തിലും കാണാം. പാമ്പുകളുടെ പരിണാമവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരമാണ് ഇതുവഴി ലഭിക്കുന്നത്.

ഭൗമശാസ്ത്രത്തെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ് ഈ കണ്ടെത്തല്‍. സനജേഹ് ഇന്‍ഡിക്കസിന്റെ പുരാതന ബന്ധുക്കളെ ഓസ്‌ട്രേലിയയിലാണ് കണ്ടെത്താനാവുക. എന്നുവെച്ചാല്‍, ഓസ്‌ട്രേലിയയും ഇന്ത്യയും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഒരുകാലത്ത് ഗോണ്ട്വാനാലാന്‍ഡ് എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നകാര്യത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
(അവലംബം: PLoS Biology, മിഷിഗണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌ )

7 comments:

Joseph Antony said...

'പല ചെകുത്താന്‍മാരെയും കണ്ടിട്ടുണ്ട്, എന്നാല്‍ വടിയുമൂന്നി നടക്കുന്ന ചെകുത്താനെ കാണുന്നത് ആദ്യമായാണ്'-ഞങ്ങളുടെ ചെറുപ്പത്തില്‍ കാരണവന്‍മാര്‍ തമാശക്ക് പറയുമായിരുന്നു. ഗുജറാത്തില്‍ നിന്ന് കിട്ടിയ ഫോസില്‍ പാമ്പിനെക്കുറിച്ച് പഠിച്ച പുരാവസ്തുഗവേഷകര്‍ മനസിലെങ്കിലും ഇങ്ങനെ വിചാരിച്ചിട്ടുണ്ടാകണം: 'പല പാമ്പുകളെയും കണ്ടിട്ടുണ്ട്, പക്ഷേ ദിനോസര്‍കുട്ടികളെ തിന്നുന്ന ഒന്നിനെ ആദ്യമായി കാണുകയാണ്!!' അതെ, ശാസ്ത്രലോകം ഇത്തരമൊരു പാമ്പിനെ ആദ്യമായി കാണുകയാണ്. 6.7 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന പാമ്പിന്റെ ഫോസിലാണ് അമ്പരപ്പുളവാക്കുന്ന വിവരം വെളിവാക്കിത്തരുന്നത്.

sainualuva said...

കോള്ളാം ..നല്ല അറിവ് ....

Calicocentric കാലിക്കോസെന്‍ട്രിക് said...

"ആധുനികകാലത്തെ പാമ്പുകളുടെ താടിയെല്ലിന്റെ ഘടനയും ചലനരീതികളും വലിയ ഇരകളെ വിഴുങ്ങാന്‍ പാകത്തിലുള്ളതാണ്. ആ ലക്ഷണങ്ങളില്‍ ചിലത് ഇന്‍ഡിക്കസിന്റെ കാര്യത്തിലും കാണാം."
കാണുന്നില്ലെന്നാണ് വാര്‍ത്തയില്‍ കാണുന്നത്.
ഇന്ത്യന്‍ ശാസ്ത്രജ്ഞനു കിട്ടിയ പൊട്ടാത്ത ഡൈനസോര്‍ മുട്ട എന്നതാണ് ഇതില്‍ രസകരമായ കാര്യം. പത്തുപതിനാറു കൊല്ലം കയ്യില്‍ വെച്ചിരുന്നെങ്കിലും അങ്ങോരതില്‍ പാമ്പിനെക്കണ്ടില്ല. സായ്പ് വന്നാണ് മുട്ട പൊട്ടിക്കുന്നത്. ഇവിടെ സൂചന മുട്ട നാടന്‍ പൊട്ടിച്ചു എന്നാണ്.
തുടക്കത്തിലെ ആനിക്‌ഡോട്ട് അസംബന്ധമാണെന്നു മാത്രമല്ല ബാലിശവുമാണ്.

Joseph Antony said...

sainualuva,
Calicocentric,
ഇവിടെ എത്തിയതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും വളരെ സന്തോഷം.

കാലികോസെന്‍ട്രിക്, തുടക്കത്തിലെ അനക്‌ഡോട്ട് അസംബന്ധവും ബാലിശവുമാണെന്ന് കരുതാനുള്ള താങ്കളുടെ സ്വാതന്ത്രത്തെ ഞാന്‍ വിലമതിക്കുന്നു, തീര്‍ച്ചയായും താങ്കള്‍ക്ക് അങ്ങനെ കരുതാം. പക്ഷേ, വാര്‍ത്തയുടെ കാര്യത്തില്‍ താങ്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ നിവൃത്തിയില്ല. ഈ ഗവേഷണത്തില്‍ മുഖ്യപങ്കു വഹിച്ചത് മിഷിഗണ്‍ സര്‍വകലാശാലയിലെ ജെഫ് വില്‍സണ്‍ ആണല്ലോ. അദ്ദേഹത്തിന്റെ സര്‍വകലാശാല പുറത്തുവിട്ട വാര്‍ത്താക്കുറിപ്പാണ് ഇതോടൊപ്പം...ലിങ്ക് ഇവിടെ

ഓഫ്: ഒരുകാര്യം കൂടി, 'മലയാളംവിക്കി ഡോട്ട് കോം' എന്നൊരു ലേഖനത്തിന് പേര് നല്‍കിയതിന്, എനിക്ക് ഇന്റര്‍നെറ്റെന്നാല്‍ ഡോട്ട് കോം എന്നു മാത്രമേ അറിയാവൂ എന്ന് പരിഹസിച്ച 'കാലിക്കോ സെന്‍ട്രിക്' അങ്ങു തന്നെയോ, എങ്കില്‍ നമസ്‌ക്കാരം! ആ സെന്‍ട്രിക് അല്ല ഈ സെന്‍ട്രിക് എങ്കില്‍ മാപ്പ്.

Calicocentric കാലിക്കോസെന്‍ട്രിക് said...

ആ സെന്‍ട്രിക് തന്നെ ഈ സെന്‍ട്രിക്.
നമ്മളും മാറിയിട്ടില്ലെന്നതു പക്ഷേ കഷ്ടം.
ഗവേഷണ പ്രബന്ധം പറയുന്നത് ഇതാണ്:
Sanajeh and its large-bodied madtsoiid sister taxa Yurlunggur camfieldensis and Wonambi naracoortensis from the Neogene of Australia show specializations for intraoral prey transport but lack the adaptations for wide gape that characterize living macrostomatan snakes.
ഇനി നമ്മള്‍ പറഞ്ഞത്:
"ആധുനികകാലത്തെ പാമ്പുകളുടെ താടിയെല്ലിന്റെ ഘടനയും ചലനരീതികളും വലിയ ഇരകളെ വിഴുങ്ങാന്‍ പാകത്തിലുള്ളതാണ്. ആ ലക്ഷണങ്ങളില്‍ ചിലത് ഇന്‍ഡിക്കസിന്റെ കാര്യത്തിലും കാണാം."
ഗവേഷകര്‍ പറയുന്നതിന്റെ നേരെ വിരുദ്ധമായ കാര്യം.
ഇതാണ് വാര്‍ത്ത പെരുപ്പിക്കല്‍.
Sanajeh bears only some of the traits
എന്നാല്‍
"ആ ലക്ഷണങ്ങളില്‍ ചിലത് ഇന്‍ഡിക്കസിന്റെ കാര്യത്തിലും കാണാം എന്നല്ല".
ചില ലക്ഷണങ്ങള്‍ മാത്രമേ കാണൂ എന്നാണ്.
രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വളരെ വലുതാണ്.

Joseph Antony said...

കാലിക്കോ സെന്‍ട്രിക്,
വിശദീകരണത്തിന് വളരെ നന്ദി, ആള് മാറിയിട്ടില്ല എന്നറിഞ്ഞതിലും.....
പക്ഷേ, താങ്കളുടെ വിശദീകരണം വായിച്ചപ്പോള്‍, ഈ പോസ്റ്റിലെ അമ്മാവനെ ഓര്‍മവന്നു, ക്ഷമിക്കണം!

Calicocentric കാലിക്കോസെന്‍ട്രിക് said...

അമ്മാവനെയും അമ്മായിയമ്മയെയും ഓര്‍ക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ ഓര്‍ക്കേണ്ടിടത്തേ ഓര്‍ക്കാവൂ. അല്ലെങ്കില്‍ പല ഭംഗങ്ങളും സംഭവിക്കും. Ad hominem തരംതാണ ഏര്‍പ്പാടാണ്. അതുകൊണ്ടു പാമ്പിന്റെ വായ വലുതാവുകയുമില്ല. ചങ്ങാതിയോട് ഇനിയും സംസാരിക്കുന്നത് ഭംഗിയാവില്ല.