Saturday, March 13, 2010

പക്ഷികളുടെ വലിപ്പം കുറയുന്നു; കാലാവസ്ഥാമാറ്റമാകാം കാരണമെന്ന് പഠനം

വടക്കെ അമേരിക്കയില്‍ ഒട്ടേറെ പക്ഷികളുടെ ശരീരവലിപ്പം കുറയുന്നതായി കണ്ടെത്തല്‍. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായ താപവര്‍ധനയാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ സംശയിക്കുന്നു.

നൂറിലേറെ വ്യത്യസ്തയിനത്തില്‍പെട്ട അഞ്ചു ലക്ഷത്തോളം പക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ച ഗവേഷകരാണ്, അവയുടെ ശരീരഭാരത്തിലും ചിറകിന്റെ വലിപ്പത്തിലും ക്രമേണ കുറവു വരുന്നതായി കണ്ടെത്തിയത്.

എന്നാല്‍, ഈ വലിപ്പക്കുറവ് മൂലം പക്ഷികള്‍ക്കെന്തെങ്കിലും ദോഷം വരുന്നതായി തെളിവ് ലഭിച്ചിട്ടില്ല. അരനൂറ്റാണ്ടുകൊണ്ട് നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ 'ഒയികോസ് ജേര്‍ണലി'ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചൂടേറിയ കലാവസ്ഥയില്‍ ജീവികളുടെ ശരീരവലിപ്പം കുറയും എന്നൊരു വിവാദ നിയമം നിലവിലുണ്ട്-'ബര്‍ഗ്മാന്‍ നിയമം' (Bergmann's Rule) എന്നാണത് അറിയപ്പെടുന്നത്. വിവിധ അക്ഷാംശങ്ങളിലോ വിതാനങ്ങളിലോ കഴിയുന്ന ജീവിവര്‍ഗങ്ങള്‍ക്കിടയിലാണ് ഈ നിയമം പ്രയോഗിക്കാറ്.

ധ്രുവങ്ങളോട് കൂടുതല്‍ അടുത്തുള്ള അക്ഷാംശങ്ങളില്‍ അല്ലെങ്കില്‍ കൂടുതല്‍ ഉയര്‍ന്ന വിതാനങ്ങളില്‍ തണുപ്പ് കൂടുതലായിരിക്കും. അത്തരം പ്രദേശങ്ങളില്‍ കഴിയുന്ന ജീവികള്‍ക്ക്, ഭൂമധ്യരേഖയോടടുത്തുള്ള അക്ഷാംശങ്ങളിലോ അല്ലെങ്കില്‍ താഴ്ന്ന വിതാനങ്ങളിലോ കഴിയുന്നവയെക്കാള്‍ ശരീരവലിപ്പം നേരിയ തോതില്‍ കൂടുതലായിരിക്കും എന്ന് ബര്‍ഗ്മാന്‍ നിയമം പറയുന്നു.

എന്നുവെച്ചാല്‍, ചൂടുകൂടിയ കാലാവസ്ഥയില്‍ ശരീരവലിപ്പം കുറയും എന്നര്‍ഥം. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് വ്യക്തമല്ല. ഈ നിയമത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥാമാറ്റം മൂലം ചൂടു കൂടുമ്പോഴും ജീവികള്‍ സമാനമായ രീതിയില്‍ പ്രതികരിക്കുമോ എന്ന ചോദ്യത്തിനാണ് ഗവേഷകര്‍ ഉത്തരം തേടിയത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ സൂറിച്ച് സര്‍വകലാശാലയിലെ ഡോ.ജോഷ് വാന്‍ ബുസ്‌കിര്‍ക്ക്, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കാര്‍നെജീ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ റോബര്‍ട്ട് മുല്‍വിഹില്‍, റോബര്‍ട്ട് ലിബര്‍മാന്‍ എന്നിവരാണ് ഈ ചോദ്യത്തിന് ഉത്തരം തേടിയത്. ഇതിനായി, പെന്‍സില്‍വാനിയയില്‍ കാര്‍നെജീ മ്യൂസിയത്തിന്റെ വകയായുള്ള പൗഡര്‍മില്‍ റിംഗിങ് സ്റ്റേഷന്‍ വഴി കടന്നു പോയ ലക്ഷക്കണക്കിന് പക്ഷികളുടെ വലിപ്പവ്യത്യാസം വിശകലനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു.

1961 മുതല്‍ 2007 വരെയുള്ള കാലയളവില്‍ പൗഡര്‍മില്‍ സ്റ്റേഷനില്‍ പിടികൂടിയ 486,000 പക്ഷികളെ സംബന്ധിച്ച രേഖകള്‍ ഇതിനായി അവര്‍ പരിശോധിച്ചു. വിവിധ ഋതുക്കളില്‍ എത്തുന്ന 102 സ്പീഷിസുകളില്‍ പെട്ട പക്ഷികള്‍ അതില്‍ ഉള്‍പെട്ടിരുന്നു. തദ്ദേശവാസികളായ പക്ഷികളും ദേശാടനപക്ഷികളും സാമ്പിളുകളില്‍ ഉണ്ടായിരുന്നു. അവയുടെ ശരീരഭാരം, ചിറകിന്റെ നീളം എന്നിവയാണ് ഗവേഷകര്‍ പ്രത്യേകം പരിശോധിച്ചത്.

46 വര്‍ഷം നീണ്ട കാലയളവില്‍, വസന്തകാലത്ത് പിടികൂടിയ 83 ഇനം പക്ഷികളില്‍ 60 ഇനത്തിന്റെ വലിപ്പം കുറഞ്ഞതായി ഗവേഷകര്‍ കണ്ടു. ശരല്‍ക്കാലത്ത് പിടികൂടിയ 75 ഇനങ്ങളില്‍ 66 ഇനങ്ങളുടെയും, ഗ്രീഷ്മത്തില്‍ പിടികൂടിയ 65 -ല്‍ 51 ഇനങ്ങളുടെയും, ശൈത്യകാലത്ത് എത്തിയ 26-ല്‍ 20 ഇനത്തിന്റെയും ശരീരഭാരവും ചിറകുകളുടെ വലിപ്പവും കുറഞ്ഞിരുന്നു.

എന്നാല്‍, പൊതുവെ അത്ര കാര്യമായ വലിപ്പവ്യത്യാസമല്ല പക്ഷികള്‍ക്ക് സംഭവിച്ചത്. '46 വര്‍ഷത്തിനിടെ വസന്തകാലത്തെത്തിയവയുടെ ശരീരഭാരത്തില്‍ ശരാശരി 1.3 ശതമാനം കുറവ് മാത്രമാണ് സംഭവിച്ചത്'-ഡോ. ബുസ്‌കിര്‍ക്ക് അറിയിച്ചു. 10 ഗ്രാം ഭാരമുള്ള വാര്‍ബ്ലര്‍ പക്ഷിയുടെ ഭാരത്തില്‍ കുറവ് വന്നത് വെറും 130 മില്ലിഗ്രാം മാത്രം-അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ചിലയിനം പക്ഷികളുടെ കാര്യത്തില്‍ ശരീരഭാരത്തില്‍ കൂടുതല്‍ കുറവ് വന്നു, നാലു ശതമാനം വരെ ശരീരം ചെറുതായവയുണ്ട്.

വടക്കെ അമേരിക്കയിലെ പക്ഷിയിനങ്ങള്‍ ബര്‍ഗ്മാന്‍ നിയമം അനുസരിക്കുന്നു എന്നാണ് പഠനത്തില്‍ തെളിഞ്ഞത്. എന്നുവെച്ചാല്‍, അന്തരീക്ഷതാപനില വര്‍ധിക്കുമ്പോള്‍ ശരീരം ചെറുതാകുന്നു. ഈ വ്യത്യാസം പെട്ടന്നാണ് സംഭവിച്ചതെന്നും പഠനം വ്യക്തമാക്കുന്നു; പക്ഷികളുടെ വെറും 20 തലമുറകള്‍ക്കിടയില്‍.

പരിണാമശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍, മറുന്ന പരിസ്ഥിതികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പക്ഷികള്‍ക്ക് മാറ്റം സംഭവിക്കുന്നതാണ് ഗവേഷകര്‍ കണ്ടത്. ചൂടുകൂടുമ്പോള്‍ ഭക്ഷ്യലഭ്യത കുറയാം, അല്ലെങ്കില്‍ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനത്തില്‍ വ്യതിയാനം സംഭവിക്കാം. ഇത്തരം പ്രശ്‌നങ്ങളോട് ജീവിവര്‍ഗങ്ങള്‍ നടത്തുന്ന പ്രതികരണമാകാം ഈ മാറ്റമെന്ന് കരുതുന്ന ഗവേഷകരുണ്ട്.

ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഡോ.ബുസ്‌കിര്‍ക്ക് പറയുന്നു. പക്ഷികള്‍ക്ക് സംഭവിക്കുന്ന മാറ്റം, മൃഗങ്ങള്‍ക്കിടയിലും ഉണ്ടാകുന്നുണ്ടോ എന്ന് സ്ഥിരീകരിക്കണം. അതിന് കൂടുതല്‍ ഗവേഷണവും സ്ഥിതിവിവരക്കണക്കുകളും ആവശ്യമാണ്. (കടപ്പാട്: ബി.ബി.സി.ന്യൂസ്).

4 comments:

Joseph Antony said...

വടക്കെ അമേരിക്കയില്‍ ഒട്ടേറെ പക്ഷികളുടെ ശരീരവലിപ്പം കുറയുന്നതായി കണ്ടെത്തല്‍. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായ താപവര്‍ധനയാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ സംശയിക്കുന്നു. നൂറിലേറെ വ്യത്യസ്തയിനത്തില്‍പെട്ട അഞ്ചു ലക്ഷത്തോളം പക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ച ഗവേഷകരാണ്, അവയുടെ ശരീരഭാരത്തിലും ചിറകിന്റെ വലിപ്പത്തിലും ക്രമേണ കുറവു വരുന്നതായി കണ്ടെത്തിയത്.

samudragupthan said...

വളരെ രസകരമായി തോന്നുന്നു... ആഗോളതാപനത്തിന്റെ ആശങ്കകൾക്കിടയിൽക്കൂടിയാണെങ്കിലും...പക്ഷേ ഈ 130 മില്ലിഗ്രാം ഒക്കെ ഒരു വ്യത്യാസമാണോ സർ...

OAB/ഒഎബി said...

എന്റെ നാട്ടില്‍ സാധാരണ കണ്ടിരുന്ന പക്ഷികളെ കാണാനെയില്ല.
അഗോള താപനമെന്ന് വിവരമുണ്ടെന്ന് നടിക്കുന്നവര്‍.
മൊബൈല്‍ തരംഗങ്ങളെന്ന് സാധാരണക്കാര്‍..
എന്തോ ഏതൊ സംഗതി സത്യം തന്നെ.

laloo said...

ഈ പക്ഷികളുടെ ഒരു കാര്യമേ
ഒന്നും തിന്നാതെ ട്വീറ്റ്‌ ചെയ്തോണ്ടു
നടക്കുവാ!