Wednesday, January 13, 2010

ഗൂഗിളിനെതിരെ ചൈനയുടെ സൈബര്‍യുദ്ധം

അവസാനം ഗൂഗിളിനും മതിയായി, ചൈനയുമായി ഇനി മല്ലിടുന്നതില്‍ അര്‍ഥമില്ലെന്ന് അവര്‍ക്ക് മനസിലായി. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിനെ ഉപേക്ഷിക്കുന്നതായുള്ള ഗൂഗിളിന്റെ സൂചനയില്‍ നിന്ന് മനസിലാക്കേണ്ടത് അതാണ്.

ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലെ ഒരു സാധാരണ പോസ്റ്റായി പുറത്തുവന്ന ആ സൂചന മാര്‍ക്കറ്റിലും അന്താരാഷ്ട്ര മാധ്യമരംഗത്തും വന്‍ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ഗൂഗിളിന്റെ ഓഹരിവില 1.9 ശതമാനം കുറഞ്ഞു.

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമാണ്. 'തങ്ങളുടെ കോര്‍പ്പറേറ്റ് സംവിധാനം ലക്ഷ്യംവെച്ച് ചൈനയില്‍ നിന്ന് ആക്രമണം ഉണ്ടായതായി' ഗൂഗിളിന്റെ
ഔദ്യോഗിക അറിയിപ്പ് പറയുന്നു.

ഇത്രയും കമ്പ്യൂട്ടര്‍ശേഷിയും സംവിധാനവുമുള്ള ഗൂഗിളിന്റെ കോര്‍പ്പറേറ്റ് ഘടന ആക്രമിക്കപ്പെടുകയെന്നു പറഞ്ഞാല്‍, അതില്‍ പൊറുതിമുട്ടി ചൈനയില്‍ നിന്നുതന്നെ ഗൂഗിള്‍ പിന്‍വാങ്ങുന്നു എന്നു പറഞ്ഞാല്‍, സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.

ചൈന ഔദ്യോഗികമായി അത് ചെയ്യുന്നു എന്ന് ഗൂഗിള്‍ ആരോപിക്കുന്നില്ല. പക്ഷേ, വരികള്‍ക്കിടിയില്‍ നിന്ന് അത് വായിച്ചെടുക്കാം. മുമ്പ് ദലായ് ലാമയുടെയും ചില വിദേശ നയതന്ത്രകാര്യലയങ്ങളിലെയും കമ്പ്യൂട്ടറുകള്‍ നേരിട്ട അതേ ആക്രമണമാണ് ഗൂഗിളിന് നേരെയും ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജി-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചോര്‍ത്താനുമാണ് ശ്രമം നടന്നത്. ചൈനയില്‍ നിന്ന് 'ആസൂത്രിതമായ ശ്രമം' നടക്കുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഗൂഗിള്‍ പറയുന്നത്. അതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നിര്‍ണായക തീരുമാനം ഉണ്ടായത്.

ചൈനയ്ക്ക് വേണ്ടി സെര്‍ച്ച് ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തുന്നു എന്നതാണ് തീരുമാനം. എന്നുവെച്ചാല്‍, ചൈനയിലെ ഗൂഗിളിന്റെ നാളുകള്‍ എണ്ണപ്പെടുന്നു എന്നര്‍ഥം.

ഗൂഗിളിനെ മാത്രമല്ല, ഇന്റര്‍നെറ്റ്, ഫിനാന്‍സ്, ടെക്‌നോളജി, മീഡിയ എന്നിങ്ങനെ വിവിധ മേഖലകളിലെ ഇരുപതോളം കമ്പനികളെ, ചൈനീസ് കമ്പ്യൂട്ടര്‍ ഭേദകര്‍ ആസൂത്രിതമായി ലക്ഷ്യം വെച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഗൂഗിളിന്റെ അറിയിപ്പില്‍ പറയുന്നു.

എന്നാല്‍, 34 കമ്പനികള്‍ ചൈനീസ് ആക്രമണത്തിന് വിധേയമായതായാണ്, ഇതു സംബന്ധിച്ച അന്വേഷണം നടത്തിയവരിലൊരാളെ ഉദ്ധരിച്ചുകൊണ്ട് 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തത്. ഏതൊക്കെ കമ്പനികളാണ് ചൈനീസ് ഭേദകരുടെ ആക്രമണത്തിന് ഇരയായതെന്ന കാര്യം പുറത്തു വിട്ടിട്ടില്ല. എന്നാല്‍, ഗൂഗിള്‍ നേരിട്ട അതേ അനുഭവം തങ്ങള്‍ക്കും ഉണ്ടായതായി അഡോബി സിസ്റ്റംസ് അറിയിച്ചു.

മാത്രമല്ല, യൂറോപ്പ്, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ചൈനയിലെ മനുഷ്യാവകാശകാശത്തിന് വേണ്ടി വാദിക്കുന്ന ഡസണ്‍ കണക്കിന് ആളുകളുടെ ജി-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചൈനീസ് ഭേദകര്‍ ശ്രമിക്കുന്നതായി ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ ചൈനീസ് സൈറ്റിലെ സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ അറിയിച്ചത്. ഇതിനര്‍ഥം, 2006-ല്‍ ചൈനയ്ക്കായി മാത്രം ഗൂഗിള്‍ സജ്ജമാക്കിയ സംവിധാനം നിര്‍ത്തുന്നു ഏന്നാണ്. ഗൂഗിളിന്റെ സല്‍പ്പേരിന് ഏറെ കളങ്കം ചാര്‍ത്തിയ ഒന്നായിരുന്നു, ചൈനയ്ക്ക് വേണ്ടി സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനം.

തയ്‌വാനില്‍ നിന്നുള്ള ആറ് വ്യത്യസ്ത ഇന്റര്‍നെറ്റ് അഡ്രസ്സുകളില്‍ നിന്നാണ് ഗൂഗിളിനെതിരെ ആക്രമണം ഉണ്ടായത്. തയ്‌വാനില്‍ നിന്നുള്ള അഡ്രസ്സില്‍ നിന്ന് ആക്രമിക്കുക എന്നത് ചൈനീസ് ഭേദകരുടെ സ്ഥിരം തന്ത്രമാണെന്ന്, യു.എസ്.സുരക്ഷാ അധികൃതര്‍ പറയുന്നു. ഗൂഗിളിനെ ആക്രമിക്കാന്‍ ഏഴ് വ്യത്യസ്ത തരം കോഡുകളാണ് ഭേദകര്‍ ഉപയോഗിച്ചതെന്ന്, കനേഡിയന്‍ സുരക്ഷാ കണ്‍സള്‍ട്ടിങ് കമ്പനിയായ സെക്‌ഡെവ് ഗ്രൂപ്പിലെ റഫാല്‍ റൊഹോസിന്‍സ്‌കി അറിയിച്ചു.

പരിചയമുള്ള ആരെങ്കിലും അയയ്ക്കുന്നത് പോലെ വരുന്ന മെയിലിന്റെ അറ്റ്ച്ച്‌മെന്റ് തുറക്കുന്നതോടെ ഒരു രഹസ്യകോഡ് ആ കമ്പ്യൂട്ടറില്‍ സ്ഥാപിക്കപ്പെടും. അതുവഴി ഭേദകന് ആ കമ്പ്യൂട്ടര്‍ സംവിധാനം വിദൂരത്തിലിരുന്ന് നിയന്ത്രിക്കാനാകും.

കമ്പ്യൂട്ടര്‍ ഭേദകര്‍ നടത്തിയ ശ്രമം മാത്രമല്ല, സ്വതന്ത്ര ആശയപ്രകാശനത്തിന് ചൈനീസ് അധികൃതര്‍ കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും ഗൂഗിളിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

'തിന്‍മ ചെയ്യാതെ പണമുണ്ടാക്കുക'യെന്നതാണ് ഗൂഗിളിന്റെ ആപ്തവാക്യം. ഈ പ്രഖ്യാപിത നിലപാട് ബലികഴിച്ചുകൊണ്ടാണ് ഗൂഗിള്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സെന്‍സര്‍ ചെയ്ത സെര്‍ച്ച്ഫലങ്ങള്‍ നല്‍കുന്ന ഗൂഗിളിന്റെ ചൈനീസ് വിഭാഗം (
google.cn) 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് വലിയ വിവാദമുയര്‍ത്തിയിരുന്നു.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല, ഇന്റര്‍നെറ്റ് സ്വതന്ത്ര ആശയ വിനിമയോപാധിയായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ഗൂഗിളിന്റെ ആ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

ഒരിക്കല്‍ മുട്ടുമടക്കിയാല്‍ വീണ്ടും അതു വേണ്ടിവരും എന്നകാര്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഗൂഗിളിന് ചൈനയില്‍ തുടര്‍വര്‍ഷങ്ങളില്‍ നേരിടേണ്ടി വന്ന അനുഭവം. ചൈനീസ് സര്‍ക്കാരും ഗൂഗിളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വന്നു. ഗൂഗിള്‍ അശ്ലീലം നല്‍കുന്നു എന്ന ആരോപണവുമായി 2009-ല്‍ ചൈനീസ് അധികൃതര്‍ രംഗത്തെത്തി.

ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സൈറ്റായ യുടൂബ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ചൈനയില്‍ ഏതാണ്ട് തീര്‍ത്തും ലഭിക്കാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള തുടര്‍ച്ചയായ സംഘര്‍ഷമാണ്, വിഷമകരമെങ്കിലും നിര്‍ണായകമായ തീരുമാനമെടുക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നതില്‍ തെറ്റില്ല.

നിയമത്തിനകത്ത് നിന്നുകൊണ്ട് സെന്‍സറിങ് ഇല്ലാത്ത ഒരു സെര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നകാര്യം, ചൈനീസ് അധികാരികളുമായി അടുത്ത ആഴ്ചകളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അത് എത്രത്തോളം ഫലം ചെയ്യുമെന്ന് പറയാറായിട്ടില്ല.

ഗൂഗിളിന്റെ ചൈനീസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന നൂറുകണക്കിന് എന്‍ജിനിയര്‍മാരെയും മറ്റ് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് ഗൂഗിളിന്റേത്.

കഴിഞ്ഞ ജൂണിലെ കണക്കു പ്രകാരം 33.8 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ചൈനയിലുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. ആ നിലയ്ക്ക് ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഗൂഗിള്‍ ഉപേക്ഷിക്കുന്നത്.

ചൈനയിലെ സെര്‍ച്ച് മാര്‍ക്കറ്റില്‍ 30 ശതമാനമാണ് ഗൂഗിളിനുള്ളത്. മാര്‍ക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന 'ബെയ്ദു' (baidu.com) വിന്റെ വിഹിതം 60 ശതമാനം വരും. അധികൃതകേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കമ്പനിയാണ് ബെയ്ദു. ആ നിലയ്ക്ക് ഗൂഗിളിന്റെ പിന്‍മാറ്റം ചൈനയില്‍ ബെയ്ദുവിന്റെ സര്‍വാധിപത്യത്തിന് വഴി തെളിച്ചേക്കും.
(അവലംബം: ഗൂഗിള്‍ ബ്ലോഗ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍)

8 comments:

Joseph Antony said...

ഇത്രയും കമ്പ്യൂട്ടര്‍ശേഷിയും സംവിധാനവുമുള്ള ഗൂഗിളിന്റെ കോര്‍പ്പറേറ്റ് ഘടന ആക്രമിക്കപ്പെടുകയെന്നു പറഞ്ഞാല്‍, അതില്‍ പൊറുതിമുട്ടി ചൈനയില്‍ നിന്നുതന്നെ ഗൂഗിള്‍ പിന്‍വാങ്ങുന്നു എന്നു പറഞ്ഞാല്‍, സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.
ചൈന ഔദ്യോഗികമായി അത് ചെയ്യുന്നു എന്ന് ഗൂഗിള്‍ ആരോപിക്കുന്നില്ല. പക്ഷേ, വരികള്‍ക്കിടിയില്‍ നിന്ന് അത് വായിച്ചെടുക്കാം. മുമ്പ് ദലായ് ലാമയുടെയും ചില വിദേശ നയതന്ത്രകാര്യലയങ്ങളിലെയും കമ്പ്യൂട്ടറുകള്‍ നേരിട്ട അതേ ആക്രമണമാണ് ഗൂഗിളിന് നേരെയും ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഷൈജൻ കാക്കര said...

സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു

tracking

chithrakaran:ചിത്രകാരന്‍ said...

തെറ്റു ചെയ്താല്‍ ഗൂഗിളായാലും തിരുത്തുകതന്നെയാണ് നല്ലത്.

Unknown said...

ഇന്റര്‍നെറ്റ് പോലൊരു സ്വതന്ത്ര ആശയ വിനിമയോപാധി കമ്മ്യൂണിസ്റ്റ് ഏകകഷിസര്‍വ്വാധിപത്യത്തില്‍ വെച്ചുപൊറുപ്പിക്കുക സാധ്യമല്ല തന്നെ. ആധുനിക ലോകത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുക എന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ഉപാധികളോടെ അവിടെ പ്രവര്‍ത്തിക്കാന്‍ ചൈന ഗൂഗ്‌ളിന് അനുവാദം കൊടുത്തത്. ഗൂഗ്‌ള്‍ അവിടെ നിന്ന് പിന്മാറിയാല്‍ അന്താരാഷ്ട്രരംഗത്ത് കുറച്ചൊന്നുമല്ല ചൈനയുടെ മതിപ്പ് കുറയുക. ഇന്റര്‍നെറ്റിനെ എത്ര കാലം സെന്‍സറിങ്ങിന് വിധേയമാക്കി തങ്ങളുടെ പൌരാവകാശനിഷേധം ചൈനയ്ക്ക് തുടരാനാകുമെന്ന് കാത്തിരുന്ന് കാണാം.

bright said...

ഗൂഗിള്‍ ചൈനയ്ക്കു മുന്‍പില്‍ മാത്രമൊന്നുമല്ല മുട്ടു മടക്കിയിരിക്കുന്നത്...ലിങ്ക് നോക്കു....

http://www.wired.com/epicenter/2010/01/google-islam-censorship/?utm_source=feedburner&utm_medium=feed&utm_campaign=Feed:+wired/index+(Wired:+Index+3+(Top+Stories+2))&utm_content=Google+Feedfetcher

നന്ദന said...

ഗൂഗിൽ പോയാൽ മറ്റൊന്ന് അത്രേയുള്ളൂ.
ചൈന പുതിയ സെർച് എഞ്ചിൻ വികസിപ്പിക്കും എന്നു കെൾക്കുന്നു.

Unknown said...

@ നന്ദന, ചൈനയുടെ സെര്‍ച്ച് എഞ്ചിന്‍ ആണ് baidu.cn ഗൂഗ്‌ള്‍ അവര്‍ക്കൊരു പ്രശ്നമല്ല.

Unknown said...
This comment has been removed by a blog administrator.