കേരളത്തെക്കാള്‍ ചെറിയ പ്രദേശമാണ് കരീബിയന്‍ രാജ്യമായ ഹെയ്തി. ഭ്രംശമേഖലയായ അവിടെ വടക്കന്‍ അമേരിക്കന്‍ ഭൂഫലകവും കരീബിയന്‍ ഫലകവും ഞെരിഞ്ഞമര്‍ന്നപ്പോള്‍ സംഭവിച്ചത് സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. കഴിഞ്ഞ ജനവരി 12-ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിക്ക്, 45 സെക്കന്‍ഡ് നേരം നീണ്ടുനിന്ന പ്രകമ്പനത്തില്‍ വലിയൊരു ശവപ്പറമ്പായി ഹെയ്തി ഒറ്റയടിക്കു മാറി.
ഭൂകമ്പമാപിനിയില്‍ ഏഴായിരുന്നു ഭൂകമ്പതീവ്രത. രണ്ട് നൂറ്റാണ്ടിനിടെ ഹെയ്തിയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ആ ഭൂകമ്പത്തില്‍ സ്കൂളുകളും ആസ്പത്രികളും വീടുകളും കടകളും ആരാധനാലയങ്ങളും, രാജ്യത്തെ യു.എന്‍. ദൗത്യകേന്ദ്രവും പാര്‍ലമെന്റ് മന്ദിരവും തകര്‍ന്നടിഞ്ഞു. കൊട്ടാരം തകര്‍ന്ന് രാജ്യത്തിന്റെ പ്രസിഡന്റ് റെനെ പ്രിവല്‍ പോലും ഭവനരഹിതനായി. എത്ര ആയിരങ്ങള്‍ മരിച്ചെന്നോ, എത്ര ലക്ഷം പേര്‍ക്ക് പരിക്കേറ്റെന്നോ ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.
'ദി ഇക്കണോമിസ്റ്റ്' വരികയുടെ വാക്യം കടമെടുത്താന്‍ 'അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഏതെങ്കിലുമൊരു രാജ്യത്തിന് പ്രകൃതിദുരന്തങ്ങള്‍ താങ്ങാന്‍ ശേഷിയില്ലെങ്കില്‍, അത് ഹെയ്തിയ്ക്കാ'ണ്. അവിടെയാണ് ഭൂകമ്പത്തിന്റെ രൂപത്തില്‍ മരണവും ദുരിതവും സംഹാരതാണ്ഡവമാടുന്നത്. 2004-ല്‍ 230,000 പേരുടെ ജീവന് കവരുകയും വന്‍ നാശനഷ്ടം വിതയ്ക്കുകയും ചെയ്ത ഇന്ത്യന്‍ മഹാസമുദ്ര സുനാമിയും, 2005-ല്‍ 86,000 പേരുടെ ജീവനപഹരിച്ച കശ്മീര്‍ ഭൂകമ്പവും പോല മറ്റൊരു സങ്കീര്‍ണദുരന്തമാണ് ഹെയ്തിയെ വേട്ടയാടിയിരിക്കുന്നത്.
ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതിവിതരണവും കുടിവെള്ള വിതരണവുവം പാടെ തകര്‍ന്നതിനൊപ്പം, പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളും ഏതാണ്ട് പൂര്‍ണമായി നിലച്ചു. അതോടെ ഹെയ്തിയുടെ നരകീയദുരന്തം പൂര്‍ണമായി. അങ്ങനെ ലോകത്തുനിന്ന് തികച്ചും ഒറ്റപ്പെട്ടുപോയ ആ ചെറുരാജ്യത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വഴികാട്ടാനും, വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ജന്മനാട്ടിലെ ബന്ധുക്കളെക്കുറിച്ചുള്ള വിവരം തേടാനും ഇപ്പോള്‍ സഹായത്തിനെത്തുന്നത് ഇന്റര്‍നെറ്റിലെ വിവിധ സങ്കേതങ്ങളും കമ്മ്യൂണിറ്റി വെബ്ബ്സൈറ്റുകളുമാണ്. ഒപ്പം ഹെയ്തിക്ക് വേണ്ടി ധനസമാഹരണം നടത്താനും ഓണ്‍ലൈനില്‍ വിവിധ സ്ഥാപനങ്ങലും സൈറ്റുകളും പ്രവര്‍ത്തിക്കുന്നു.
വ്യവസ്ഥാപിത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന സ്ഥലത്ത്, ഉപഗ്രഹ നെറ്റ്വര്‍ക്കുകളാണ് ഹെയ്തിക്ക് തുണയായി രംഗത്തു വന്നത്. ദുരിതാശ്വാസ ഏജന്‍സികളെയും സൈന്യത്തെയും സഹായിക്കാന്‍ യു.എന്നിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തിയിട്ടുള്ള ആ നെറ്റ്വര്ക്കുകള് ഉപയോഗിച്ചാണ്, വിവിധ ഇന്റര്‍നെറ്റ് സര്‍വീസുകളിലേക്ക് ഹെയ്തിയില്‍ നിന്ന് വിവരങ്ങള്‍ കൈമാറുന്നത്. യു.എന്നിന് കീഴിലുള്ള ടെലികോംസ് സാന്‍സ് ഫ്രൊണ്ടിയേഴ്സ് രണ്ട് സംഘങ്ങളെ ഹെയ്തിയില്‍ നിയോഗിച്ചു. യു.കെ.കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹശൃംഗലയായ 'ഇന്‍മാര്‍സാറ്റി'ന് ദുരന്തം നടന്ന ഒരു മണിക്കൂറിനകം യു.എന്നിന്റെ അഭ്യര്‍ഥന ലഭിച്ചു. കമ്പനി കൂടുതല്‍ സമയം ഇപ്പോള്‍ ഹെയ്തിക്കാണ് ചെലവഴിക്കുന്നത്.
ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എര്‍ത്ത്, യുഷാഹിദി, യുടൂബ്, വിവിധ മാധ്യമസ്ഥാപനങ്ങളുടെ വെബ്ബ്സൈറ്റുകള്‍ ഒക്കെ ഭൂകമ്പം നടന്നയുടന്‍ പ്രതികരിച്ചു. പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് സമാന്തര നവമാധ്യമങ്ങള്‍ മുന്നേറുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ഹെയ്തി ഭൂകമ്പം. വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ബന്ധുക്കളുടെ വിവരം തേടാനും, ഹെയ്തിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആശ്രയമായും ഇപ്പോള്‍ രംഗത്തുള്ളത് ഈ ഹൈടെക് സങ്കേതങ്ങള്‍ മാത്രം.
ഇതില്‍ ഏറ്റവും ശ്രദ്ധേയം, ഭൂകമ്പം നടന്ന് അധികം വൈകാതെ രംഗത്തെത്തിയ 'യുഷാഹിദി' (Ushahidi) യെന്ന ഓണ്‍ലൈന്‍ മാപ്പിങ് സംവിധാനമാണ്. യുഷാഹിദിയുടെ മാപ്പില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിവരങ്ങള്‍ ചേര്‍ക്കാം. ദുരിതമേഖലയിലെ താത്ക്കാലിക ആസ്പത്രികള്‍, ദുരിതബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങളില്‍ എവിടെയൊക്കെ ആളുകള്‍ കുടുങ്ങി കിടക്കുന്നു, പാലങ്ങളും റോഡുകളും എവിടെയാണ് തകര്‍ന്നിരിക്കുന്നത്, കുടിവെള്ളം മുടങ്ങിയ സ്ഥലങ്ങള്‍ ഏതൊക്കെ - എന്നിങ്ങനെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും വിവരങ്ങളുമാണ് മാപ്പില്‍ ചേര്‍ക്കുക. ഇത്തരം വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഹെയ്ത്തിക്കായി മാത്രം പ്രത്യേക സര്‍വീസ് ആരംഭിക്കുകയാണ് യുഷാഹിദി.
'കഴിയുന്നത്ര വിവരങ്ങള്‍ ലഭ്യമാക്കുക, അതാണ് ഇപ്പോള്‍ പ്രധാനം'-ടഫ്റ്റ്സ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയും യുഷാഹിദിയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പത്തംഗസംഘത്തിലെ അംഗവുമായ പാട്രിക് മീയര്‍ പറയുന്നു. ടഫ്റ്റ്സ് സര്‍വകലാശാലയിലാണ് ഹെയ്തിക്കായുള്ള യുഷാഹിദിയുടെ എമര്‍ജന്‍സി റൂം പ്രവര്‍ത്തിക്കുന്നത്. പുറത്തുള്ള ആളുകള്‍ മാപ്പില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താനും, അത് കുറ്റമറ്റതാക്കാനുമായി ഇരുപതോളം സന്നദ്ധപ്രവര്‍ത്തകര്‍ യുഷാഹിദിയുടെ എമര്‍ജന്‍സി റൂമില്‍ 24 മണിക്കൂറും ജോലിയെടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ഏതാണ്ട് മുന്നൂറിലേറെ സുപ്രധാന വിവരങ്ങള്‍ യുഷാഹിദിയുടെ ഹെയ്തി മാപ്പില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു.
ഭൂകമ്പം നടന്നയുടന്‍ വിവരങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയ മറ്റൊരു വെബ്ബ് സര്‍വീസ് പ്രശസ്ത മൈക്രോബ്ലോഗിങ് സൈറ്റായ 'ട്വിറ്റര്‍' ആണ്. ദുരന്തം നടന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ പ്രവഹിച്ചു തുടങ്ങി. ഹെയ്തിയിലെ ബന്ധുക്കളുടെ വിവരമറിയാന്‍ രാജ്യത്തിന് പുറത്തുള്ളവരാണ് ട്വിറ്റര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത്. '#relativesinhaiti' എന്ന ട്വിറ്റര്‍ ഗ്രൂപ്പിലേക്ക് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. ഹെയ്തിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പലരെയും രക്ഷിക്കാന്‍ ഈ ട്വിറ്റര്‍ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വഴിയൊരുക്കി.
മറ്റൊരു പ്രമുഖ കമ്മ്യൂണിറ്റി സൈറ്റായ 'ഫേസ്ബുക്കി'ന്റെ 'എര്‍ത്ത്ക്വേക്ക് ഹെയ്തി'(Earthquake Haiti) ഗ്രൂപ്പില്‍ ഇതിനകം 160,000 പേരാണ് അംഗമായത്. റെഡ്ക്രോസ്, സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്.ഭൂകമ്പത്തില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആശയവിനിമയം എളുപ്പമാക്കാനുമായി യു.എസ്.വിദേശകാര്യവകുപ്പുമായി ചേര്‍ന്ന് ഗൂഗിള്‍ ഒരു 'പീപ്പിള്‍ ഫൈന്‍ഡര്‍' സംവിധാനം ഏര്‍പ്പെടുത്തി.
ഹെയ്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിയറി കോറ്റെ എന്ന ജേര്‍ണലിസ്റ്റ്, ദുരന്തം നടന്നയുടന്‍ പുറത്തുള്ള ചില മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ വെബ്ബ് വഴി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ തുടങ്ങി. ഇന്റര്‍നെറ്റിലൂടെ വോയിസ്, വീഡിയോ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന 'സ്കൈപ്പ്' (Skype) ആണ് ഇതിന് കോറ്റെ പ്രയോജനപ്പെടുത്തുന്നത്. 'ഞാനിത് ചെയ്യുന്നില്ലെങ്കില്‍, ആരുമിത് ചെയ്യില്ല. പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഏതായാലും ഇത് സാധിക്കില്ല'-അദ്ദേഹം അറിയിക്കുന്നു.
ഭൂകമ്പം നടന്ന് അധികം വൈകാതെ തന്നെ ദുരന്തമേഖലയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ രംഗത്തെത്തി. ഉപഗ്രഹദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന 'ജിയോഐ' (GeoEye) എന്ന കമ്പനിയുടെ സഹായത്തോടെയാണ് 'ഗൂഗിള്‍ എര്‍ത്ത്', 'ഗൂഗിള്‍ മാപ്പ്' എന്നിവ, ദുരന്തബാധിത മേഖലയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഏറെ സഹായകമായ സര്‍വീസായി അത് മാറി. ഭൂകമ്പം നടന്നതിന് അടുത്തു മണിക്കൂറുകളില്‍ പകര്‍ത്തിയ ദുരിതമേഖലയുടെ ഉപഗ്രഹദൃശ്യങ്ങള്‍ സന്നിവേശിപ്പിച്ചാണ് ഗൂഗിള്‍ ഇത് സാധിച്ചത്.
ദുരന്തത്തിന്റെ ഭീകരതയില്‍ മറ്റ് മാധ്യമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, നാട്ടുകാര്‍ മൊബൈലുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തുണയ്ക്കെത്തി. അവയാണ് പുറംലോകം ആദ്യം കണ്ടത്. ഗൂഗിളിന്റെ വീഡിയോ സര്‍വീസായ യുടൂബില്‍ നൂറുകണക്കിന് വീഡിയോകള്‍ ഹെയ്തി ഭൂകമ്പവുമായി ബന്ധപ്പെട്ട് അപ്ലോഡ് ചെയ്യപ്പെട്ടു. ഇതെഴുതുന്ന സമയത്ത്, 'ഹെയ്തി ഭൂകമ്പം' എന്ന് ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്താല്‍ യുടൂബില്‍ എണ്ണായിരത്തിലേറെ വീഡിയോയുണ്ട്.
ഇന്റര്‍നെറ്റ് വഴി ലോകമങ്ങും ഹെയ്തിയെ സഹായിക്കാനുള്ള അഭ്യര്‍ഥനകളും സന്ദേശങ്ങളും കാട്ടുതീ പോലെയാണ് പടര്‍ന്നത്. എന്തിന് ഹെയ്തിയിലെ ദുരിതബാധിതരെ എങ്ങനെ സഹായിക്കാം എന്നുള്ള പോസ്റ്റുകള്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ഗ്രൂപ്പായ 'ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്കി' (FEC)ല്‍ പോലും പ്രത്യക്ഷപ്പെട്ടു.
പക്ഷേ, ഈ ഹൈടെക് സഹായങ്ങള്‍ക്ക് ഹെയ്തിയുടെ പ്രശ്നങ്ങള്‍ എത്രത്തോളം പരിഹരിക്കാനാകും എന്ന ചോദ്യം പ്രസക്തമാണ്. രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രതിസന്ധികള്‍ തുടര്‍ച്ചയായി വേട്ടയാടുക വഴി നിവര്‍ന്നു നില്ക്കാന് പോലും ശേഷിയില്ലാത്ത ഹെയ്തിയാണ്, ഭൂകമ്പത്തിന്റെ കഠിനപ്രഹരത്തില്‍ മണ്ണിലടിഞ്ഞു തകര്‍ന്നു കിടക്കുന്നത്. ഹെയ്തിക്ക് സ്വന്തമായി എണീറ്റ് നില്ക്കാന് എപ്പോള്‍ കഴിയുമെന്ന് പറയാന്‍ ആര്‍ക്കുമാകുന്നില്ല. ഒരു കാര്യം വ്യക്തം യു.എന്‍.സഹായത്തോടെ ആ രാജ്യം സമീപകാലത്ത് നേടിയ അല്പ്പമായ പുരോഗതി പോലും മണ്ണടിഞ്ഞിരിക്കുന്നു. ഇനി എല്ലാം പുതിയതായി ആരംഭിക്കണം. (അവലംബം: ബി.ബി.സി, ഗൂഗിള്‍ ലാറ്റ് ലോങ് ബ്ലോഗ്, ടെക്നോളജി റിവ്യൂ)
7 comments:
ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതിവിതരണവും കുടിവെള്ള വിതരണവുവം പാടെ തകര്‍ന്നതിനൊപ്പം, പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളും ഏതാണ്ട് പൂര്‍ണമായി നിലച്ചു. അതോടെ ഹെയ്തിയുടെ നരകീയദുരന്തം പൂര്‍ണമായി. അങ്ങനെ ലോകത്തുനിന്ന് തികച്ചും ഒറ്റപ്പെട്ടുപോയ ആ ചെറുരാജ്യത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വഴികാട്ടാനും, വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ജന്മനാട്ടിലെ ബന്ധുക്കളെക്കുറിച്ചുള്ള വിവരം തേടാനും ഇപ്പോള്‍ സഹായത്തിനെത്തുന്നത് ഇന്റര്‍നെറ്റിലെ വിവിധ സങ്കേതങ്ങളും കമ്മ്യൂണിറ്റി വെബ്ബ്സൈറ്റുകളുമാണ്. ഒപ്പം ഹെയ്തിക്ക് വേണ്ടി ധനസമാഹരണം നടത്താനും ഓണ്‍ലൈനില്‍ വിവിധ സ്ഥാപനങ്ങലും സൈറ്റുകളും പ്രവര്‍ത്തിക്കുന്നു.
ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എര്‍ത്ത്, യുഷാഹിദി, യുടൂബ്, വിവിധ മാധ്യമസ്ഥാപനങ്ങളുടെ വെബ്ബ്സൈറ്റുകള്‍ ഒക്കെ ഭൂകമ്പം നടന്നയുടന്‍ പ്രതികരിച്ചു. പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് സമാന്തര നവമാധ്യമങ്ങള്‍ മുന്നേറുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ഹെയ്തി ഭൂകമ്പം. വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ബന്ധുക്കളുടെ വിവരം തേടാനും, ഹെയ്തിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആശ്രമാക്കാനും ഇപ്പോള്‍ രംഗത്തുള്ളത് ഈ ഹൈടെക് സങ്കേതങ്ങള്‍ മാത്രം.
മികച്ച വായന നല്കിയ താങ്കള്‍ക്ക് ആശംസകള്‍..!!
ഹെയ്തി വീണ്ടെടുക്കട്ടെ
thanks for your report
ഒരു വശത്ത് മനുഷ്യന് നെട്ടങ്ങള്‍ വാരിക്കൂട്ടുന്നു..മരുഭാഗതോ?..
കഷ്ട്ടം-എത്ര ആയിരം ജനങ്ങള്‍,വീടുകള്‍,സ്കൂളുകള്‍....നമാവശേഷമായി
Post a Comment