Friday, January 08, 2010

തവളകള്‍ക്കിടയിലും സ്വയംവരം

സ്വയംവരവേദിയില്‍ രാജകുമാരിയാണ് താരം. ബാക്കിയെല്ലാവരും അവളെ സ്വന്തമാക്കാന്‍ വേണ്ടി പൊരിഞ്ഞ് മത്സരിക്കുന്നവര്‍ മാത്രം. മനുഷ്യന്റെ കാര്യത്തില്‍ മാത്രമാണ് സ്വയംവരം പോലുള്ള ഏര്‍പ്പാടുകള്‍ സാധ്യമാകുന്നതെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ തെറ്റി, ചിലയിനം തവളകള്‍ക്കിടയിലും ഇത്തരമൊരു ഏര്‍പ്പാട് നിലനില്‍ക്കുന്നുണ്ടത്രേ! അവിടെയും താരം പെണ്ണാണ്, പെണ്‍തവള.

മനുഷ്യരുടെ കാര്യത്തില്‍ മത്സരം ജയിക്കുന്നവനാണ് രാജകുമാരിയെ സ്വന്തമാക്കുക. തവളകളുടെ കാര്യത്തില്‍ പക്ഷേ, മത്സരം ജയിച്ചാല്‍ മാത്രം പോര. ജയിക്കുന്നവനോട് പെണ്‍തവളയ്ക്ക് ഇഷ്ടം തോന്നുകയും വേണം. അതില്ലെങ്കില്‍ പെണ്‍തവള ആണിനെ തിരസ്‌കരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷകര്‍.

അടിപിടിയുണ്ടാക്കി മത്സരിച്ച് എത്തുന്ന ആണ്‍തവള അഭികാമ്യനല്ല എന്ന് തോന്നിയാല്‍, പെണ്‍തവള സ്വയം ചീര്‍ക്കാനാരംഭിക്കും. അങ്ങനെ വണ്ണംകൂടുന്ന പെണ്‍തവളയ്ക്ക് മേല്‍ ആണിന് പിടിത്തം കിട്ടാതെ വരും, അതാണ് തിരസ്‌കരണവിദ്യ. പാവം ആണ്‍തവള കഷ്ടപ്പെട്ടത് വെറുതെയാകും.

എന്നുവെച്ചാല്‍, എത്ര പൊരിഞ്ഞ മത്സരം കഴിഞ്ഞെത്തുന്നവന്‍ ആണെങ്കിലും, അവന്‍ വേണോ വേണ്ടയോ എന്ന് പെണ്‍തവള തീരുമാനിക്കും. അവള്‍ ചീര്‍ക്കാന്‍ ആരംഭിച്ചാല്‍ മനസിലാക്കാം അവള്‍ക്ക് പിടിച്ചിട്ടില്ല ചെക്കനെ, അതിനാല്‍ 'പിടിത്തം' കൊടുക്കില്ല. എന്തൊരു ക്രൂരവും പൈശാചികവുമായ ഏര്‍പ്പാട് അല്ലേ. പാവം ആണ്‍തവളകള്‍, ചീര്‍ക്കാത്തവള്‍ ആരെന്ന് നോക്കി നടക്കണം!

മനുഷ്യര്‍ക്കിടയിലെങ്ങാനുമായിരുന്നു പെണ്ണുങ്ങള്‍ ഇത്തരമൊരു തന്ത്രം സ്വയത്തമാക്കിയിരുന്നെങ്കില്‍ ആണുങ്ങള്‍ തെണ്ടിയേന! പിടിച്ചാല്‍ പിടികിട്ടാത്ത ഒന്നായി സ്ത്രീകള്‍ മാറാന്‍ തുടങ്ങുന്നതോടെ, എത്രയോ ആണുങ്ങള്‍ സന്ന്യസിക്കേണ്ടി വരുമായിരുന്നു, ഹോ ആലോചിക്കാന്‍ വയ്യ. ഏതായാലും ഇത്തരമൊരു വിദ്യ പരിണാമത്തിന്റെ ഭാഗമായി മനുഷ്യസ്ത്രീകള്‍ സ്വന്തമാക്കാത്തതിന് പടച്ചവനോട് നന്ദി പറയുക.

NB: ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയുടെ 'ബയോളജി ലറ്റേഴ്‌സ്' ജേര്‍ണലിലാണ് തവളകളുടെ ഈ സ്വയംവരവിദ്യ സംബന്ധിച്ച പഠനറിപ്പോര്‍ട്ടുള്ളത്. ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ശരീരവലിപ്പം കൂടിയ ശക്തന്മാരായ ആണ്‍തവളകളുമായി രമിക്കുക വഴി കൂടുതല്‍ ആരോഗ്യം തികഞ്ഞ കുഞ്ഞുങ്ങള്‍ ഉണ്ടാകും. പരിണാമപരമായി അത്തരമൊരു സംഗതിക്കാകണം പെണ്‍തവളകള്‍ ഇത്തരമൊരു 'പിടികിട്ടാ' തന്ത്രം പ്രയോഗിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. (അവലംബം: ബയോളജി ലെറ്റേഴ്‌സ്)

6 comments:

Joseph Antony said...

എത്ര പൊരിഞ്ഞ മത്സരം കഴിഞ്ഞെത്തുന്നവന്‍ ആണെങ്കിലും, അവന്‍ വേണോ വേണ്ടയോ എന്ന് പെണ്‍തവള തീരുമാനിക്കും. അവള്‍ ചീര്‍ക്കാന്‍ ആരംഭിച്ചാല്‍ മനസിലാക്കാം അവള്‍ക്ക് പിടിച്ചിട്ടില്ല ചെക്കനെ, അതിനാല്‍ 'പിടിത്തം' കൊടുക്കില്ല. എന്തൊരു ക്രൂരവും പൈശാചികവുമായ ഏര്‍പ്പാട് അല്ലേ. പാവം ആണ്‍തവളകള്‍, ചീര്‍ക്കാത്തവള്‍ ആരെന്ന് നോക്കി നടക്കണം!
മനുഷ്യര്‍ക്കിടയിലെങ്ങാനുമായിരുന്നു പെണ്ണുങ്ങള്‍ ഇത്തരമൊരു തന്ത്രം സ്വയത്തമാക്കിയിരുന്നെങ്കില്‍ ആണുങ്ങള്‍ തെണ്ടിയേന! പിടിച്ചാല്‍ പിടികിട്ടാത്ത ഒന്നായി സ്ത്രീകള്‍ മാറാന്‍ തുടങ്ങുന്നതോടെ, എത്രയോ ആണുങ്ങള്‍ സന്ന്യസിക്കേണ്ടി വരുമായിരുന്നു, ഹോ ആലോചിക്കാന്‍ വയ്യ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പുതിയൊരറിവ്.
കൊള്ളാം

ശാന്തകുമാര്‍ കൃഷ്ണന്‍ said...

ഫെമിനിസ്റ്റുകള്‍ കേള്‍ക്കണ്ട

എറക്കാടൻ / Erakkadan said...

പള്ളികര പറഞ്ഞപോലെ പുതിയൊരറിവ്‌

അഭി said...

പുതിയ ഒരു അറിവാണ്
നന്ദി

itecnews said...

കൊള്ളാം ചിലന്തിയെ പോലെ കാര്യം കഴിമ്പോള്‍
കൊന്ന് തിന്നില്ലല്ലോ.
പ്രാവിനെ പോലെ നിത്യ വിധവയും ആകില്ല.
എലിയെ പോലെ ഇല്ലം വിട്ട് പോകില്ല.
ഈ തവളച്ചി.

സജു