ഓന്തുകളെപ്പോലെയല്ലെങ്കിലും, ക്ഷുദ്രഗ്രഹങ്ങളും നിറംമാറാറുണ്ട്. നമ്മുടെ മുന്നില്‍ പെടുമ്പോഴാണ് ഓന്തുകള്‍ നിറംമാറുന്നതെങ്കില്, ഭൂമിക്കരികിലെത്തുമ്പോഴാണ് ക്ഷുദ്രഗ്രഹങ്ങള്‍ക്ക് നിറംമാറ്റം സംഭവിക്കുന്നത്.
ഭൂമിയില്‍ പതിച്ച ക്ഷുദ്രഗ്രഹങ്ങളുടെയോ ഗ്രഹഭാഗങ്ങളുടെയോ നിറം ആകാശത്ത് കാണപ്പെടുന്നവയില്‍ നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍.
ബഹിരാകാശത്തായിരിക്കുമ്പോള്‍, സൗരവികിരണങ്ങളേറ്റ് ക്ഷുദ്രഗ്രഹങ്ങളു (asteroids)ടെ പ്രതലത്തിലെ ലവണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും അതിന്റെ നിറം ചുവപ്പായി മാറുകയും ചെയ്യും. എന്നാല്‍, ഭൂമിക്കരികിലെത്തുമ്പോള്‍ അവയുടെ നിറം മാറുന്നു.
ഇത്രകാലവും ഗവേഷകരെ കുഴക്കിയിരുന്ന ഈ സംഗതിക്ക് ഉത്തരം കണ്ടെത്തിയത്, മസാച്ച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യിലെ പ്ലാനറ്ററി സയന്‍സസ് പ്രൊഫസര്‍ റിച്ചാര്‍ഡ് ബിന്സെലും കൂട്ടരുമാണ്. 'നേച്ചര്‍' ഗവേഷണവാരികയിലാണ് പഠനറിപ്പോര്‍ട്ടുള്ളത്.
ബഹിരാകാശത്തുള്ള ക്ഷുദ്രഗ്രഹങ്ങളെ ഇന്‍ഫ്രാറെഡ് ടെലസ്കോപ്പിന്റെ സഹായത്തോടെ നിരീക്ഷിച്ചും, ഭൂമിയില്‍നിന്ന് ലഭിച്ചിട്ടുള്ള ക്ഷുദ്രഗ്രഹഭാഗങ്ങളെ പരീക്ഷണശാലയില്‍ പഠനവിധേയമാക്കിയുമായിരുന്നു പഠനം.
ആകാശത്തുള്ള മിക്ക ക്ഷൂദ്രഗ്രഹങ്ങളുടെയും പ്രതലം സൂര്യദംശനം (sunburn) ഏറ്റതുപോലെ ചുവന്നാണിരിക്കുന്നത്. എന്നാല്‍, ഭൂമിയില്‍ നിന്ന് ലഭിച്ചവയുടെ നിറം ഇതുമായി ചേരുന്നില്ലെന്ന് ഗവേഷകര്‍ കണ്ടു.
ഭൂമിക്കടുത്തെത്തുമ്പോള്, ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന്റെ പരോക്ഷ സ്വാധീനത്താല്‍ (tidal force) ക്ഷൂദ്രഗ്രഹത്തിന് രൂപഭേദം വരുന്നതാണ് അതിന്റെ നിറംമാറ്റത്തിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു.
'ഭൂമിക്കരികിലെത്തുമ്പോള്‍, അവയ്ക്ക് ഭൂകമ്പം തന്നെ സംഭവിക്കുന്നു'-ഡോ. റിച്ചാര്‍ഡ് ബിന്‍സെല്‍ പറയുന്നു. അതുവഴി അവയ്ക്ക് രൂപഭേദം വരികയും പ്രതലഭാഗം ഉള്ളിലേക്ക് പോകുകയും പുനസംവിധാനം ചെയ്യപ്പെടുകയും ചെയ്യുന്നു. നിറംമാറ്റത്തിന് കാരണം ഇതാണ്. (അവലംബം: നേച്ചര്‍)
1 comment:
ഓന്തുകളെപ്പോലെയല്ലെങ്കിലും, ക്ഷുദ്രഗ്രഹങ്ങളും നിറംമാറാറുണ്ട്. നമ്മുടെ മുന്നില്‍ പെടുമ്പോഴാണ് ഓന്തുകള്‍ നിറംമാറുന്നതെങ്കില്, ഭൂമിക്കരികിലെത്തുമ്പോഴാണ് ക്ഷുദ്രഗ്രഹങ്ങള്‍ക്ക് നിറംമാറ്റം സംഭവിക്കുന്നത്. ഭൂമിയില്‍ പതിച്ച ക്ഷുദ്രഗ്രഹങ്ങളുടെയോ ഗ്രഹഭാഗങ്ങളുടെയോ നിറം ആകാശത്ത് കാണപ്പെടുന്നവയില്‍ നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍.
Post a Comment