Friday, January 08, 2010

ശ്യാമദ്രവ്യസാന്നിധ്യം ആദ്യമായി 'ദൃശ്യ'രൂപത്തില്‍

ഭീമാകാരമായ ഒരു ബീച്ച്‌ബോളിന്റെ ആകൃതിയില്‍ ക്ഷീരപഥത്തെ (ആകാശഗംഗയെ) പൊതിഞ്ഞു നില്‍ക്കുന്ന നിഗൂഢദ്രവ്യം. ഒരുപക്ഷേ, സമീപകാലത്ത് മനുഷ്യന്‍ കണ്ടിട്ടിട്ടുള്ളതില്‍ ഏറ്റവും കൗതുകമേറിയ ദൃശ്യം. നമ്മുടെ ഗാലക്‌സിയിലും അതിനു ചുറ്റിനുമായി നിലകൊള്ളുന്ന ശ്യാമദ്രവ്യം (dark matter) എന്ന അദൃശ്യദ്രവ്യരൂപത്തിന്റെ സാന്നിധ്യം ആദ്യമായി ത്രിമാനരൂപത്തില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ശ്യാമദ്രവ്യം പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢപ്രതിഭാസങ്ങളിലൊന്നാണ്, മനുഷ്യന് ഇതുവരെ നേരിട്ട് മനസിലാക്കാനോ ദര്‍ശിക്കാനോ കഴിയാത്ത ഒന്ന്. പ്രപഞ്ചം അനുനിമിഷം വികസിപ്പിക്കുമ്പോഴും ഗാലക്‌സികള്‍ പിഞ്ഞിച്ചീന്തിപ്പോകാതെ നിലനിര്‍ത്തുന്ന ശക്തി ശ്യാമദ്രവ്യത്തിന്റേതാണ്.

ക്ഷീരപഥം പോലുള്ള ഗാലക്‌സികളുടെ 70 ശതമാനം പിണ്ഡവും ശ്യാമദ്രവ്യരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. 30 ശതമാനം വരുന്ന നക്ഷത്രങ്ങളെയും ധൂളീപടലങ്ങളെയും മാത്രമേ നമ്മള്‍ കാണുന്നുള്ളു. ബാക്കിയുള്ള ദ്രവ്യം അദൃശ്യമാണ്. അദൃശ്യമായതിനെ എങ്ങനെ കാണും. അദൃശ്യമാണെങ്കിലും അത് ഗുരുത്വാകര്‍ഷണ നിയമം അനുസരിക്കുന്നു എന്ന വസ്തുതയാണ് തുണയാകുന്നത്. പരിസരത്തെ ഗാലക്‌സികളിലും ചെറുനക്ഷത്രഗണങ്ങളിലും അത് ചെലുത്തുന്ന ഗുരുത്വാകര്‍ഷണസ്വാധീനം അളക്കാനാകും.

കാന്തികമണ്ഡലം നമുക്ക് നേരിട്ട് കണാനാകില്ല, എന്നാല്‍ കാന്തം കടലാസില്‍ വെച്ചിട്ട് സമീപം കുറച്ച് ഇരുമ്പ് പൊടി വിതറിയാല്‍ സംഭവം കാണാം. ഇതിന് സമാനമായ ഒരു സമീപനമാണ് ശ്യാമദ്രവ്യം എങ്ങനെയാണ് ഗാലക്‌സിയ്ക്ക് ചുറ്റും വ്യാപിച്ചു കിടക്കുന്നതെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ സ്വീകരിച്ചത്. ഗാലക്‌സിയുടെ അയല്‍പക്കത്തെ ചെറുനക്ഷത്രഗണങ്ങളും ധൂളീപടലങ്ങളുമൊക്കെ എങ്ങനെയൊക്കെ ചലിക്കുന്നു എന്നത് സൂക്ഷ്മായി നിരീക്ഷിച്ച ശേഷം, അതില്‍നിന്ന് തമോദ്രവ്യത്തിന്റെ കിടപ്പ് മനസിലാക്കിയെടുക്കുകയായിരുന്നു.

ക്ഷീരപഥത്തെ ചുറ്റുന്ന കുള്ളന്‍ ഗാലക്‌സിയാണ് 'സാഗിറ്റാറിയസ്' (Sagittarius). ക്ഷീരപഥമെന്ന മാതൃഗാലക്‌സിയെ കുള്ളന്‍ ഗാലക്‌സി ഒരു തവണ പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 100 കോടി വര്‍ഷമെടുക്കും. അതിനാല്‍ ഇത്തരം കുള്ളന്‍ ഗാലക്‌സികള്‍ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്ന സമയമെടുത്ത് കാര്യങ്ങള്‍ മനസിലാക്കുക പ്രായോഗികമല്ല. എന്നാല്‍, പരിക്രമണവേളയില്‍ മാതൃഗാലക്‌സിയുടെ ഗുരുത്വാകര്‍ഷണം കുള്ളന്‍ ഗാലക്‌സിയില്‍നിന്ന് പിച്ചിച്ചീന്തിയെടുക്കുന്ന ദ്രവ്യഭാഗങ്ങളുടെ സ്ഥിതി പഠിക്കാന്‍ കഴിയും. അക്കാര്യം പഠിച്ചപ്പോഴാണ് ക്ഷീരപഥത്തിലെ ശ്യാമദ്രവ്യത്തിന്റെ ത്രിമാനരൂപം എങ്ങനെയായിരിക്കുമെന്ന് ഗവേഷകര്‍ക്ക് അനുമാനിക്കാന്‍ കഴിഞ്ഞത്.

വാഷിങ്ടണില്‍ അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍, ലോസ് ആഞ്ജലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ.ഡേവിഡ് ആര്‍.ലോ ആണ് കഴിഞ്ഞ ദിവസം ഈ പഠനവിവരം അവതരിപ്പിച്ചത്. ''നിങ്ങള്‍ക്ക് ശ്യാമദ്രവ്യത്തെ നേരിട്ട് കാണാനാകില്ല, എന്നാല്‍ മറ്റ് നക്ഷത്രഗണങ്ങളിലും ധൂളീപടലങ്ങളും അതേല്‍പ്പിക്കുന്ന സ്വാധീനം വഴി നിങ്ങള്‍ക്കതിനെ കാണാം'-ഡോ.ലോ പറഞ്ഞു. കുള്ളന്‍ ഗാലക്‌സികളും ധൂളീപടലങ്ങളും സഞ്ചരിക്കുന്ന പാതകള്‍ മാപ്പ് ചെയ്താല്‍ എവിടെയാണ് ശ്യാമദ്രവ്യമെന്ന് മനസിലാക്കാനാകും-അദ്ദേഹം ചൂണ്ടിക്കാട്ടി.

'ടു മൈക്രോണ്‍ ഓള്‍-സ്‌കൈ സര്‍വ്വേ' (2MASS), 'സ്ലോഗന്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വ്വേ' എന്നിവയില്‍ നിന്നുള്ള ഡേറ്റ, ശ്യാമദ്രവ്യത്തിന്റെ കിടപ്പ് മനസിലാക്കാന്‍ ഗവേഷകര്‍ ഉപയോഗിച്ചു. ക്ഷീരപഥത്തിന് സമീപത്തുകൂടി കടന്നു പോകുമ്പോള്‍ സാഗിറ്റാറിയസ് കുള്ളന്‍ ഗാലക്‌സിയിലെ നക്ഷത്രങ്ങള്‍ വലിച്ചെടുക്കപ്പെടുന്നതിന്റെ രീതി ഗവേഷകര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. അതുപ്രകാരമാണ് ഭീമാകാരമാര്‍ന്ന ബീച്ച്‌ബോളിന്റെ ആകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ശ്യാമദ്രവ്യ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ നാലിലൊന്നു വരുമെന്ന് കരുതുന്ന ശ്യാമദ്രവ്യത്തിന് ഇനി അധികകാലം മനുഷ്യരില്‍ നിന്ന് ഒളിച്ചിരിക്കുക സാധ്യമല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം. അമേരിക്കയിലെ മിന്നസോട്ടയില്‍ സ്ഥിതിചെയ്യുന്ന ക്രയോജനിക് ഡാര്‍ക്ക് മാറ്റര്‍ സെര്‍ച്ചി CDMS) ലെ ഗവേഷകര്‍, ശ്യാമദ്രവ്യത്തെക്കുറിച്ചുള്ള ആദ്യസൂചന ലഭിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്നാഴ്ച തികഞ്ഞിട്ടില്ല. മാത്രമല്ല, ശ്യാമദ്രവ്യം എന്തെന്ന് മനസിലാക്കുകയെന്ന ഉദ്ദേശത്തോടെ ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടും ഒരു മാസം ആയിട്ടില്ല. ഈ വേളയിലാണ്, ആ നിഗൂഢദ്രവ്യരൂപം നമ്മുടെ ഗാലക്‌സിയില്‍ എങ്ങനെ സ്ഥിതിചെയ്യുന്നു എന്നകാര്യം വ്യക്തമാക്കുന്ന പഠനഫലം പുറത്തു വന്നിരിക്കുന്നത്. (അവലംബം: യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ലോസ് ആഞ്ജലിസിന്റെ വാര്‍ത്താക്കുറിപ്പ്).

3 comments:

Joseph Antony said...

ഭീമാകാരമായ ഒരു ബീച്ച്‌ബോളിന്റെ ആകൃതിയില്‍ ക്ഷീരപഥത്തെ (ആകാശഗംഗയെ) പൊതിഞ്ഞു നില്‍ക്കുന്ന നിഗൂഢദ്രവ്യം. ഒരുപക്ഷേ, സമീപകാലത്ത് മനുഷ്യന്‍ കണ്ടിട്ടിട്ടുള്ളതില്‍ ഏറ്റവും കൗതുകമേറിയ ദൃശ്യം. നമ്മുടെ ഗാലക്‌സിയിലും അതിനു ചുറ്റിനുമായി നിലകൊള്ളുന്ന ശ്യാമദ്രവ്യം (dark matter) എന്ന അദൃശ്യദ്രവ്യരൂപത്തിന്റെ സാന്നിധ്യം ആദ്യമായി ത്രിമാനരൂപത്തില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

“നന്ദി

asrus irumbuzhi said...

ഒരുപക്ഷേ, സമീപകാലത്ത് മനുഷ്യന്‍ കണ്ടിട്ടിട്ടുള്ളതില്‍ ഏറ്റവും കൗതുകമേറിയ ദൃശ്യം. നമ്മുടെ ഗാലക്‌സിയിലും അതിനു ചുറ്റിനുമായി നിലകൊള്ളുന്ന ശ്യാമദ്രവ്യം (dark matter) എന്ന അദൃശ്യദ്രവ്യരൂപത്തിന്റെ സാന്നിധ്യം ആദ്യമായി ത്രിമാനരൂപത്തില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
informative...
thanks very much
regads
asrus
http://asrusworld.blogspot.com
http://elaonline.ning.com