Tuesday, January 19, 2010

ന്യൂട്ടണും ആപ്പിളും

കാലങ്ങളായി എത്രയോ പേര്‍ ആപ്പിള്‍ ഞെട്ടറ്റ് വീഴുന്നത് കണ്ടിട്ടുണ്ടാകാം. ഒടുവില്‍ ഐസക് ന്യൂട്ടന്‍ എന്നയാള്‍ ആ കാഴ്ച കണ്ടു, കഥയാകെ മാറി.

എന്തുകൊണ്ട് ആപ്പിള്‍ മുകളിലേക്ക് വീഴുന്നില്ല എന്നു ചിന്തിച്ചിടത്താണ് ന്യൂട്ടന്റെ പ്രതിഭ. മൗലികമായ ആ സംശയം ഗുരുത്വാകര്‍ഷണം എന്ന പ്രപഞ്ചസത്യത്തിലേക്കാണ് ന്യൂട്ടനെ നയിച്ചത്.

മനുഷ്യവിജ്ഞാന ഭൂമികയിലെ ഏറ്റവും അടിസ്ഥാനപരമായ മുന്നേറ്റമായി അത് മാറി.

ആപ്പിള്‍കഥയെപ്പറ്റി ഒട്ടേറെ അഭ്യൂഹങ്ങളും അവ്യക്തതകളുമുണ്ട്. അതിന്റെ വിശ്വസനീയതെക്കുറിച്ച് പല ചരിത്രകാരന്‍മാരും സംശയം പ്രകടിപ്പിച്ചിട്ടുള്ളത് അതുകൊണ്ടാണ്.

എന്നാല്‍, ന്യൂട്ടന്റെ ആപ്പിള്‍കഥ സംബന്ധിച്ച ആദ്യരേഖ ഇപ്പോള്‍ നെറ്റിലെത്തിയിരിക്കുന്നു.

വില്യം സ്റ്റക്‌ലിയോടാണ് ന്യൂട്ടണ്‍ തന്റെ കഥ വിവരിച്ചത്, ആപ്പിള്‍ വീഴുന്നത് എങ്ങനെ തനിക്ക് പ്രചോദനമായി എന്നകാര്യം. 1752-ല്‍ സ്റ്റക്‌ലി പ്രസിദ്ധീകരിച്ച 'മെമ്മയേഴ്‌സ് ഓഫ് സര്‍ ഐസക് ന്യൂട്ടണ്‍' എന്ന ജീവചരിത്രത്തില്‍ അക്കാര്യം വിവരിച്ചിരിക്കുന്നു.

ആ ജിവചരിത്രത്തിന്റെ കൈയെഴുത്തുപ്രതിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയാണ് ദൗത്യത്തിന് പിന്നില്‍.

പഴക്കംകൊണ്ട് നശിക്കാറായ ആ കൈയെഴുത്തുപ്രതി വളരെ ശ്രമകരമായാണ് ഇലക്ട്രോണിക് ബുക്കായി പരിവര്‍ത്തനം ചെയ്തത്.

ആപ്പിള്‍കഥയുടെ ഉത്ഭവം സ്റ്റ്ക്‌ലിയും ന്യൂട്ടണും തമ്മിലുള്ള സംഭാഷണമാണെന്ന് ഇത് വ്യക്തമാക്കുന്നതായി, ഓക്‌സ്ഫഡില്‍ ട്രിനിറ്റി കോളേജിലെ ചരിത്ര പ്രൊഫസര്‍ മാര്‍ട്ടിന്‍ കെംപ് പറഞ്ഞു.

തോട്ടത്തിലിരിക്കുമ്പോള്‍ ആപ്പിള്‍ വീഴുന്നത് കണ്ടത് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് ന്യൂട്ടണ്‍ പറയുന്നു. 'ഏതായാലും ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണു എന്നൊന്നും നമ്മള്‍ വിശ്വസിക്കേണ്ടതില്ല'-മാര്‍ട്ടിന്‍ കെംപ് പറയുന്നു.

തികച്ചും ഇന്ററാക്ടീവ് ആയ രീതിയിലാണ് കൈയെഴുത്തുപ്രതി റോയല്‍ സൊസൈറ്റി ഓണ്‍ലൈനില്‍ എത്തിച്ചിരിക്കുന്നത്. മറ്റ് പ്രശസ്തരുമായി ബന്ധപ്പെട്ട പഴയകാല രചനകളുടെയും കൈയെഴുത്തുപ്രതികള്‍ ഓണ്‍ലൈനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സൊസൈറ്റി. (കടപ്പാട്: ബി.ബി.സി)

വാല്‍ക്കഷണം: ആപ്പിള്‍മരത്തിന്റെ ചുവട്ടില്‍വെച്ച് തലയില്‍ ആപ്പിള്‍ വീണതാണ് ന്യൂട്ടണ് ഭൂതോദയമുണ്ടാക്കിയതെന്ന് പറയുന്ന കുബുദ്ധികളുണ്ട്. കേരളത്തിലായിരുന്ന ന്യൂട്ടണ്‍ ജീവിച്ചതെങ്കില്‍, ഇവിടെ ആപ്പിളില്ലാത്തതുകൊണ്ട്, തലയില്‍ നാളികേരം വീഴില്ലായിരുന്നോ എന്നു ചോദിക്കുന്നവരുമുണ്ട്. എങ്കില്‍ ഗുരുത്വാകര്‍ഷണം കട്ടപ്പൊക ആയേനെ!

10 comments:

JA said...

വില്യം സ്റ്റക്‌ലിയോടാണ് ന്യൂട്ടണ്‍ തന്റെ കഥ വിവരിച്ചത്, ആപ്പിള്‍ വീഴുന്നത് എങ്ങനെ തനിക്ക് പ്രചോദനമായി എന്നകാര്യം. 1752-ല്‍ സ്റ്റക്‌ലി പ്രസിദ്ധീകരിച്ച 'മെമ്മയേഴ്‌സ് ഓഫ് സര്‍ ഐസക് ന്യൂട്ടണ്‍' എന്ന ജീവചരിത്രത്തില്‍ അക്കാര്യം വിവരിച്ചിരിക്കുന്നു. ആ ജിവചരിത്രത്തിന്റെ കൈയെഴുത്തുപ്രതിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയാണ് ദൗത്യത്തിന് പിന്നില്‍.

റ്റോംസ് കോനുമഠം said...

എത്ര സരസമായി പറഞ്ഞിരിക്കുന്നു..
ആശംസകള്‍...!!

Babu Kalyanam said...

അവസാനത്തെ [വാല്‍ ] കേട്ട് കേട്ട് മടുത്ത "വളിപ്പ്" വേണ്ടായിരുന്നു ;-)

vasanthalathika said...

ചരിത്രത്തിലും സാഹിത്യത്തിലും അതിശയോക്തി യും അലങ്കാരവും നിറഞ്ഞ കല്പിതകഥകള്‍ ഉണ്ടാവുന്നതുപോലെ ശാസ്ത്രത്തിലും ഉണ്ടാവുന്നുണ്ട്.ആര്‍ക്കമിദീസ് കുളിതോട്ടിയില്‍ നിന്നെഴുന്നെറ്റൊടിയപോലെ ,എഡിസണ്‍ ഒരു പട്ടിക്കൂടു പണിയാന്‍ കൊടുത്തപ്പോള്‍ പറഞ്ഞതുപോലെ..നുട്ടന്റെ ആപ്പില്‍ക്കധയും പോളിപ്പിചെടുത്ത ഒന്നാണ്.

JA said...

റ്റോംസ് കോനുമഠം,
ബാബു കല്യാണ്‍,
വസന്തലതിക,
ഇവിടെ കണ്ടതിലും അഭിപ്രായത്തിലും സന്തോഷം.

ബാബു കല്യാണ്‍, കൊള്ളാം, കേട്ട വളിപ്പുകള്‍ കേള്‍ക്കാത്ത വളിപ്പുകളേക്കാള്‍ എത്രയോ മഹത്തരം!

Captain Haddock said...

:) താങ്ക്സ്

Captain Haddock said...

ഇതു തന്നെ, Stephen Hawking, ബ്ബ്രീഫ് ഹിസ്റ്റ്റി ഒഫ് റ്റയിം എന്ന ബുക്കിൽ പണ്ടേ എഴുതിയതല്ലേ ? ഇപ്പം ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി കൂടി രംഗത്ത്‌ വന്നു, അല്ലെ .

തറവാടി said...

ഐന്‍സ്റ്റീന്‍ ആണോ ന്യൂട്ടണ്‍ ആണോ മുകളില്‍ എന്ന എന്റെ മനസ്സിലുള്ളമത്സരം ഇന്നും തിര്‍പ്പായിട്ടില്ല :)

ബിജു ചന്ദ്രന്‍ said...

ആപ്പിള്‍ വീണത്‌ ന്യൂട്ടണ്‍ന്റെ തലയിലാണോ അതോ തറയിലാണോ എന്നത് പലപ്പോഴും ചര്‍ച്ചയാവുന്നതെന്തു കൊണ്ട്? ആ മഹത്തായ കണ്ടുപിടുത്തവുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും അപ്രസക്തമായ കാര്യമാണ്അതൊക്കെ..

JA said...

Captain Haddock,
തറവാടി,
ബിജു ചന്ദ്രന്‍

അഭിപ്രായങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍..

തറവാടി ഉന്നയിച്ച ചോദ്യം പലരുടെയും മനസിലുള്ളതാണ്. എന്റെ വിലയിരുത്തല്‍ ഇതാണ്, ഒരു സംശയവും വേണ്ട ന്യൂട്ടണ്‍ തന്നെയാണ് മുകളില്‍, ഐന്‍സ്റ്റൈന്‍ അദ്ദേഹത്തിന്റെ ശരിക്കുള്ള പിന്‍ഗാമി മാത്രം, ന്യൂട്ടണ്‍ വിട്ടു കളഞ്ഞത് പൂരിപ്പിക്കാന്‍ അവതരിച്ചവന്‍.

ന്യൂട്ടണ്‍ ഇല്ലായിരുന്നെങ്കില്‍ ക്ലാസിക്കല്‍ ഭൗതികം ജന്മമെടുക്കാന്‍ പിന്നെയും കാക്കേണ്ടി വരുമായിരുന്നു. സ്വാഭാവികമായും ആപേക്ഷികതാ സിദ്ധാന്തത്തിന്റെ വരവും വൈകുമായിരുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആവിഷ്‌ക്കരിക്കാന്‍ ഐന്‍സ്റ്റൈന് കഴിഞ്ഞിരുന്നില്ലെങ്കില്‍, ആ സിദ്ധാന്തത്തിന് വേണ്ടി 1970-കള്‍ വരെയെങ്കിലും ലോകം കാക്കേണ്ടി വരുമായിരുന്നു എന്നാണ് സി.പി.സ്‌നോ (അദ്ദേഹം തന്നെയെന്നാണ് ഓര്‍മ) അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍, ശരിയായ സമയത്ത് ന്യൂട്ടണ്‍ ഗുരുത്വാകര്‍ണ സിദ്ധാന്തം ആവിഷ്‌ക്കരിച്ചതുകൊണ്ടാണ്, ആ സമയത്ത് ആപേക്ഷികതാ സിദ്ധാന്തത്തിന് കടന്നു വരാന്‍ കഴിഞ്ഞത്, അതുകൊണ്ടാണ് ശാസ്ത്രം ഇന്നത്തെ നിലയ്ക്ക് എത്തിയതും. ഏതായാലും ചിന്തോദ്ദീപമായ ഇക്കാര്യം ഇവിടെ ഉന്നയിച്ച തറവാടിക്ക് നന്ദി.