Tuesday, January 19, 2010

കൃത്രിമപേശികൊണ്ട് കണ്ണ് ചിമ്മാം

മുഖപേശികള്‍ക്ക് സ്തംഭനം വന്ന് കണ്ണുചിമ്മാന്‍ കഴിയാതെ ദുരുതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൃത്രിമപേശിക്ക് കഴിഞ്ഞേക്കും. കൃത്രിമപേശിയുടെ സഹായത്താല്‍ അത്തരക്കാര്‍ക്ക് കണ്ണ് ചലിപ്പിക്കാനും ചിമ്മാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍. അതുവഴി കാഴ്ച തിരികെ നേടാനും സാധിച്ചേക്കും.

പരിക്ക് മൂലമോ സ്‌ട്രോക്ക് വന്നതുകൊണ്ടോ നാഡികള്‍ക്കുണ്ടായ പരിക്കിനാലോ മുഖത്ത് നടന്ന ശസ്ത്രക്രിയകൊണ്ടോ ഒക്കെ കണ്ണിമ ചിമ്മാന്‍ കഴിയാത്ത ദുരവസ്ഥയില്‍ പെട്ട ആയിരങ്ങള്‍ ലോകത്തുണ്ട്. അത്തരക്കാര്‍ക്ക് ആശ്വാസമാകേന്‍ സഹായിക്കുന്നതാണ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയ്ക്ക് കീഴിലുള്ള ഡേവിസ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ മുന്നേറ്റം.

ഇമചിമ്മാന്‍ പാകത്തില്‍ കൃത്രിമപേശി രൂപപ്പെടുത്താന്‍ ഉപയോഗിച്ച സങ്കേതം, ഭാവിയില്‍ ശരീരത്തിന്റെ ഇതരഭാഗങ്ങളിലെ പേശികള്‍ കൃത്രിമമായി സൃഷ്ടിക്കാനും വഴിതുറന്നേക്കുമെന്ന്, 'ആര്‍ക്കൈവ്‌സ് ഓഫ് ഫേഷ്യല്‍ പ്ലാസ്റ്റിക് സര്‍ജറി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇലക്ട്രോഡുകളായുപയോഗിക്കുന്ന ലെഡുകളും സിലിക്കണ്‍ പോളിമറുകളും സമ്മേളിപ്പിച്ചാണ് കൃത്രിമപേശിക്ക് ഗവേഷകര്‍ രൂപംനല്‍കിയത്.

'ഏതെങ്കിലുമൊരു ജൈവസംവിധാനത്തില്‍ കൃത്രിമപേശികള്‍ ഉപയോഗിക്കപ്പെടുന്ന ആദ്യസന്ദര്‍ഭം'-ഡേവിസ് മെഡിക്കല്‍ സെന്ററിലെ ഫേഷ്യല്‍ പ്ലാസ്റ്റിക്ക് സര്‍ജന്‍ ട്രാവിസ് ടൊല്ലെഫ്‌സണ്‍ ഇതെപ്പറ്റി പറയുന്നു. എന്നാല്‍, ഇതേ സാങ്കേതികവിദ്യക്ക് മറ്റനേകം സാധ്യതകള്‍ സാധ്യമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതപ്രതികരണശേഷിയുള്ള പോളിമറിന്റെ സഹായത്തോടെയാണ് കൃത്രിമപേശി (electroactive polymer artificial muscle-EPAM) രൂപപ്പെടുത്തുന്നതില്‍ ടൊല്ലെഫ്‌സണും സംഘവും വിജയിച്ചത്. വ്യത്യസ്ത വോള്‍ട്ടേജ്‌നിലയ്ക്കനുസരിച്ച് വിവിധ രീതിയില്‍ പ്രതികരിക്കാന്‍ ഇത്തരം പോളിമറുകള്‍ക്ക് കഴിയും. മുഖപേശികള്‍ക്ക് സ്തംഭനം വന്നതിനാല്‍ കണ്‍പോള ചിമ്മാനോ മുഖഭാവം മാറ്റാനോ കഴിയാത്തവര്‍ക്ക് അത് സാധ്യമാക്കാന്‍ കൃത്രിമപേശി തുണയാകും.

മുഖപേശികളുടെ ചലനത്തിന് താരതമ്യേന ചെറിയ ശക്തി മതി. എന്നാല്‍, ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ മിക്ക പേശികളും ചലിക്കണമെങ്കില്‍ കൂടുതല്‍ ശക്തി വേണം. ആ വെല്ലുവിളി നേരിടാനായാല്‍, കൃത്രിമപേശി നിര്‍മാണത്തില്‍ പുതിയൊരു വിപ്ലവമാകും ഇപ്പോഴത്തെ കണ്ടെത്തല്‍ തുടക്കമിടുക-ഗവേഷണസംഘത്തില്‍ പെട്ട ക്രെയ്ഗ് സെന്‍ഡേഴ്‌സ് അഭിപ്രായപ്പെടുന്നു.

ഇമചിമ്മല്‍ എന്നത് ആരോഗ്യമുള്ള നേത്രത്തിന്റെ അനുപേക്ഷണീയഗുണമാണ്. നേത്രത്തിന്റെ പ്രതലം ശുചിയാക്കി വെയ്ക്കാനും അതിലെ ഈര്‍പ്പം നിലനിര്‍ത്താനും കോര്‍ണിയയ്ക്ക് മുകളില്‍ കണ്ണീരിന്റെ സാന്നിധ്യം ഉറപ്പാക്കാനുമൊക്കെ ഇമചിമ്മല്‍ കൂടിയേ തീരൂ. ഇമചിമ്മലിന്റെ അഭാവത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതോടെ കാഴ്ച പോകാനുള്ള വഴിയാണ് തുറക്കുന്നത്.

ഇമചിമ്മലിന് കണ്ണിനെ പ്രാപ്തമാക്കുന്നത് ക്രാനിയല്‍ സിരകളാണ് (cranial nerve). പേശീസ്തംഭനം വരുന്നവരില്‍ മിക്കവരിലും ഈ സിരകള്‍ക്ക് തകരാര്‍ പറ്റിയിരിക്കും. അതാണ് ഇമചിമ്മല്‍ അസാധ്യമാക്കുന്നത്. ഇത്തരക്കാര്‍ക്ക് ഇമചിമ്മാനോ പുഞ്ചിരിക്കാനോ കഴിയാതെ വരും.

ഈ ദുരവസ്ഥയില്‍ പെട്ട രോഗികളെ സഹായിക്കാന്‍ ചില മാര്‍ഗങ്ങള്‍ നിലവിലുണ്ട്. കാലില്‍ നിന്ന് ചെറിയൊരു പേശീഭാഗം മുഖത്ത് തുന്നിച്ചേര്‍ക്കുകയാണ് അതിലൊന്ന്. ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ വേണ്ടിവരുന്ന ശസ്ത്രക്രിയയാണത്. പ്രായമേറിയവര്‍ക്കും ഗുരുതരാവസ്ഥയില്‍ പെട്ട രോഗികള്‍ക്കും ഇത് അനുയോജ്യമല്ല.

കണ്‍പോളയ്ക്കുള്ളില്‍ ചെറിയൊരു ഭാരം സ്ഥാപിച്ച്, ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെ കണ്‍പോളയടയ്ക്കാന്‍ സഹായിക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. 90 ശതമാനം രോഗികള്‍ക്കും ഇത് പ്രയോജനപ്പെടുമെങ്കിലും, ഇത്തരത്തിലുള്ള ഇമചിമ്മലിന് സ്വാഭാവികതയുണ്ടാകില്ല. മാത്രമല്ല, രണ്ടു കണ്ണും ഒരേസമയം ചിമ്മാന്‍ കഴിഞ്ഞെന്നും വരില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സ്വാഭാവിക രീതിയില്‍ കണ്ണിമചിമ്മാന്‍ അവസരമൊരുക്കുന്നതാണ് പുതിയ സങ്കേതം. (അവലംബം: ഡേവിസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പ്)

3 comments:

Joseph Antony said...

മുഖപേശികള്‍ക്ക് സ്തംഭനം വന്ന് കണ്ണുചിമ്മാന്‍ കഴിയാതെ ദുരുതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൃത്രിമപേശിക്ക് കഴിഞ്ഞേക്കും. കൃത്രിമപേശിയുടെ സഹായത്താല്‍ അത്തരക്കാര്‍ക്ക് കണ്ണ് ചലിപ്പിക്കാനും ചിമ്മാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍. അതുവഴി കാഴ്ച തിരികെ നേടാനും സാധിച്ചേക്കും.

നന്ദന said...

ഈ പുതിയറിവിന് നന്ദി

vasanthalathika said...

ആരോഗ്യരംഗത്തെ പുതിയ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നന്ദി.