Monday, January 11, 2010

റബ്ബര്‍ മരത്തിന്റെ കുത്തക തകരുമോ

ഭാവിയില്‍ സ്വാഭാവിക റബ്ബറിന് റബ്ബര്‍ മരം തന്നെ വേണമെന്നില്ല എന്ന സ്ഥിതി വരാന്‍ പോകുന്നു. വെറുമൊരു പൂച്ചെടിയില്‍ നിന്ന് റബ്ബറുണ്ടാക്കാനുള്ള ശ്രമം വിജയത്തിലേക്ക് നീങ്ങുകയാണ്.

റബ്ബറിന് ഇപ്പോള്‍ കിലോഗ്രാമിന് 130 രൂപയ്ക്കുമേലാണ് വില. സ്വാഭാവിക റബ്ബറിനാണ് ഈ വില. സ്വാഭാവികമെന്നാല്‍ റബ്ബര്‍ മരത്തില്‍ നിന്ന് കറ ചെത്തിയെടുത്തുണ്ടാക്കുന്നത് എന്നര്‍ഥം. ഇതുപക്ഷേ, ഇതുവരെയുള്ള അര്‍ഥം. നാളെ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ജര്‍മനിയിലും അമേരിക്കയിലും പുരോഗമിക്കുന്ന രണ്ട് വ്യത്യസ്ത ഗവേഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയാല്‍, സ്വാഭാവിക റബ്ബറിന്റെ കാര്യത്തില്‍ റബ്ബര്‍മരങ്ങള്‍ക്കുള്ള കുത്തക അവസാനിക്കും. ഇതുവരെ കാര്യമായ ഉപയോഗം കണ്ടെത്തിയിട്ടില്ലാത്ത ഒരിനം മഞ്ഞപ്പൂച്ചെടി (dandelions) റബ്ബര്‍ച്ചെടിയായി മാറും, അതാകും സ്വാഭാവിക റബ്ബറിന്റെ പുതിയ ഉറവിടം.

മഞ്ഞപ്പൂച്ചെടിയുടെ 'ടി.കെ.എസ്' എന്നറിയപ്പെടുന്ന റഷ്യന്‍ വകഭേദം (Taraxacum kok-saghyz-TKS) റബ്ബര്‍പാല്‍ ചുരത്തുമെന്ന് കണ്ടെത്തിയതായി 'എക്കണോമിസ്റ്റ്' വാരിക റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വകഭേദത്തിന്റെ നീരില്‍ റബ്ബര്‍ തന്മാത്രകള്‍ ഉണ്ട്. ചെടിയുടെ ആ കഴിവ് ജനിതകസാങ്കേതികവിദ്യയുപയോഗിച്ചു സമ്പുഷ്ടീകരിച്ച് വ്യവസായികാടിസ്ഥാനത്തില്‍ റബ്ബര്‍ നിര്‍മിക്കാനാണ് ഗവേഷകരുടെ ശ്രമം. അത് വിജയിച്ചാല്‍, സ്വാഭാവിക റബ്ബറിന് റബ്ബര്‍മരങ്ങള്‍ (Hevea brasiliensis) വേണമെന്ന് നിര്‍ബന്ധമില്ല എന്ന സ്ഥിതി വരും. മഞ്ഞപ്പൂച്ചെടി കുറഞ്ഞ ചെലവില്‍ റബ്ബര്‍ നല്‍കാന്‍ തുടങ്ങിയാല്‍, സ്വാഭാവിക റബ്ബറിന്റെ വില കുറയും.

സിന്തറ്റിക് റബ്ബര്‍ (കൃത്രിമ റബ്ബര്‍) ലഭ്യമാണെങ്കിലും, അതിന് സ്വാഭാവിക റബ്ബറിന്റെ ഉറപ്പോ ബലമോ ഇല്ല എന്നതാണ് പ്രശ്‌നം. സ്വാഭാവിക റബ്ബറിന്റെ തന്മാത്രകള്‍ രൂപപ്പെടുന്നത് റബ്ബര്‍മരത്തിലെ ചില രാസാഗ്നികളുടെ പ്രവര്‍ത്തനഫലമായാണ്. അതിനാല്‍ കെമിക്കല്‍ എന്‍ജിനിയറിങ് വഴി നിര്‍മിക്കുന്ന സിന്തറ്റിക് റബ്ബറിനെക്കാള്‍ ക്രമമായ തന്മാത്രാഘടന സ്വാഭാവിക റബ്ബറിനുണ്ട്. സ്വാഭാവിക റബ്ബറിന്റെ ഗുണമേന്‍മയ്ക്ക് അടിസ്ഥാനം ഇതാണ്.

മാത്രമല്ല, സിന്തറ്റിക് റബ്ബറിന്റെ വില അത് നിര്‍മിക്കാനുപയോഗിക്കുന്ന എണ്ണയുടെ വിലയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭാവിയില്‍ എണ്ണ കൂടുതല്‍ ചെലവുള്ളതായി മാറാനാണ് സാധ്യത, അതിനനുസരിച്ച് സിന്തറ്റിക് റബ്ബറിന്റെ വിലയും വര്‍ധിക്കും. എന്നുവെച്ചാല്‍, സിന്തറ്റിക് റബ്ബറിന് ഗുണപരമായും സാമ്പത്തികമായും പരിമിതികളുണ്ട് എന്നര്‍ഥം.

സ്വാഭാവിക റബ്ബറിന്റെ ഉത്പാദനവും പ്രശ്‌നരഹിതമല്ല. ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒരിനം പൂപ്പല്‍ രോഗം റബ്ബര്‍കൃഷിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. അതേസമയം, പൂപ്പല്‍രോഗം ബാധിക്കാത്ത ഏഷ്യന്‍ മേഖലയില്‍ പലയിടത്തും മഴക്കാടുകള്‍ വെട്ടിത്തെളിച്ചാണ് റബ്ബര്‍കൃഷി അരങ്ങേറുന്നത്. മാത്രമല്ല, റബ്ബര്‍ നട്ടാല്‍ അത് വളര്‍ന്ന് ടാപ്പ് ചെയ്യാന്‍ വര്‍ഷങ്ങളെടുക്കും. ഈ പശ്ചാത്തലത്തിലാണ് പെട്ടന്ന് കൃഷിചെയ്യാവുന്ന ചെറിയൊരു ചെടിയില്‍ നിന്ന് റബ്ബര്‍ ലഭിക്കുന്നതിന്റെ പ്രധാന്യമേറുന്നത്.

ഈ ദിശയിലുള്ള അന്വേഷണത്തില്‍ ഒരു പ്രധാന സ്ഥാനാര്‍ഥി, മധ്യഅമേരിക്കയിലെ അര്‍ധഊഷര പ്രദേശത്ത് വളരുന്ന പൂച്ചെടിയായ ഗ്വായൂലെ (guayule) ആണ്. അലര്‍ജിക്ക് കാരണമായ പ്രോട്ടീനുകളൊന്നും അടങ്ങിയിട്ടില്ലാത്ത ഈ ചെടിയില്‍ നിന്നുള്ള റബ്ബര്‍ ഉപയോഗിച്ച് സര്‍ജിക്കല്‍ കൈയുറകളും മറ്റും ഉണ്ടാക്കാനാകും എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ, അര്‍ധഊഷര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചെടികളുടെ പ്രശ്‌നം അവ സാവധാനത്തിലേ വളരൂ എന്നതാണ്. ഗ്വായൂലെ ചെടി വളര്‍ന്ന് പാകമാകാന്‍ രണ്ട് വര്‍ഷമെടുക്കും. 'യൂലെക്‌സ്' (Yulex) എന്ന കമ്പനി വ്യവസായികാടിസ്ഥാനത്തില്‍ ഈ ചെടി കൃഷിചെയ്ത് റബ്ബര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരേക്കറില്‍ നിന്ന് 400 കിലോ റബ്ബര്‍ ലഭിക്കുന്നു. അതേസയമം, ഒരേക്കറിലെ റബ്ബര്‍ മരങ്ങള്‍ നല്‍കുന്ന വിള ഇതിന്റെ അഞ്ചിരട്ടിയോളമാണ്.

ഇവിടെയാണ് ടി.കെ.എസ്.എന്ന മഞ്ഞപ്പൂച്ചെടി രംഗത്തെത്തുന്നത്. സാധാരണഗതിയില്‍ കളയായി പെട്ടന്ന് വളരുന്നയിനമാണ് അവ. വേഗം പറിച്ചെടുത്ത് പ്രൊസസിങ് നടത്താനും, അടുത്ത വിളയിറക്കാനും കഴിയും. വര്‍ഷം രണ്ടു തവണ കൃഷിചെയ്യാം. ഈ പ്രത്യേകതകള്‍ കണക്കിലെടുത്താണ്, ജര്‍മനിയിലെ ആച്ചെനില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രോന്‍ഹോഫര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മോളിക്യുലാര്‍ ബയോളജി ആന്‍ഡ് അപ്ലൈഡ് ഇക്കോളജി'യിലെ ക്രിസ്റ്റിയന്‍ ഷൂള്‍സ് ഗ്രോനോവറും സംഘവും, ടി.കെ.എസില്‍ നിന്ന് സ്വാഭാവിക റബ്ബര്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുന്നത്. ആ ചെടിയില്‍ റബ്ബര്‍ തന്മാത്രകള്‍ക്ക് കാരണമായ ജീനുകളെ തിരിച്ചറിയുന്നതില്‍ അവര്‍ വിജയിച്ചു കഴിഞ്ഞു. മാത്രമല്ല, ആ ചെടിയില്‍ റബ്ബറടങ്ങിയ നീര് ഉറഞ്ഞ് കട്ടപിടിക്കാന്‍ കാരണമാകുന്ന രാസാഗ്നിയും (polyphenoloxidase) അവര്‍ കണ്ടെത്തി.

റബ്ബര്‍ മരങ്ങളുടെയും ടി.കെ.എസ്, ഗ്വായൂലെ തുടങ്ങിയ ചെടികളുടെയും ശരീരദ്രവങ്ങളില്‍ എന്തിനാണ് റബ്ബര്‍? സസ്യങ്ങളുടെ ഭാഗത്തുനിന്ന് വീക്ഷിച്ചാല്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ പരിണാമത്തിലൂടെ അവയ്ക്ക് കിട്ടിയിരിക്കുന്ന ഒരായുധമാണ് റബ്ബര്‍. സസ്യങ്ങളെ തിന്നുന്ന പ്രാണികളുടെ വായ്ക്കുള്ളില്‍ റബ്ബര്‍ വേഗം ഉറയുകയും ഒട്ടിപ്പിടിക്കുകയും ചെയ്യും. സ്വാഭാവികമായും ഇതറിയാവുന്ന പ്രാണികള്‍ പിന്നീട് റബ്ബര്‍ചെടികളെ ഉപദ്രവിക്കാന്‍ മുതിരില്ല.

പക്ഷേ, ഇങ്ങനെ പെട്ടന്ന് ഉറയുന്നത് റബ്ബര്‍ ഉത്പാദനത്തിന് യോജിച്ച സംഗതിയല്ല. ഇക്കാര്യം ജനിതകമായി നേരിടാനും ജര്‍മന്‍ ശാസ്ത്രജ്ഞര്‍ ഒരു മാര്‍ഗം കണ്ടെത്തിക്കഴിഞ്ഞു. മഞ്ഞപ്പൂച്ചെടിയില്‍ റബ്ബര്‍നീര് കട്ടപിടിക്കാന്‍ ഇടയാക്കുന്ന രാസാഗ്നിക്ക് കാരണമായ ജീന്‍ അണച്ചുകളയാനുള്ള വിദ്യയാണ് ഗ്രോനോവറും സംഘവും ആവിഷ്‌ക്കരിച്ചത്. 'ആര്‍.എന്‍.എ. ഇടപെടല്‍' (RNA interference) എന്ന സങ്കേതമാണ് ഇതിന് സഹായകമായത്. റബ്ബര്‍നീര് കട്ടപിടിക്കുന്നത് തടയാനായാല്‍, അത് അനായാസമായി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയും.

അതേസമയം, ടി.കെ.എസില്‍ നിന്നുള്ള റബ്ബര്‍ ഉത്പാദനം മെച്ചപ്പെടുത്താനുള്ള ഗവേഷണവുമായി മുന്നോട്ട് പോകുകയാണ് അമേരിക്കയില്‍ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മാത്യു ക്ലീന്‍ഹെന്‍സും സംഘവും. അരനൂറ്റാണ്ട് മുമ്പ് നോര്‍മന്‍ ബൊര്‍ലോഗ് മുന്തിയ ഗോതമ്പിനങ്ങള്‍ക്ക് രൂപംനല്‍കാന്‍ നടത്തിയ പരമ്പരാഗത സങ്കേതമാണ് ഡോ.ക്ലീന്‍ഹെന്‍സും റബ്ബര്‍ച്ചെടിയുടെ കാര്യത്തില്‍ അവലംബിക്കുന്നത്. ടി.കെ.എസിന്റെ വിവിധയിനങ്ങള്‍ കൃഷിചെയ്ത് അവയില്‍ ഏതിനങ്ങളാണ് കൂടുതല്‍ റബ്ബര്‍ നല്‍കുന്നതെന്ന് മനസിലാക്കിയ ശേഷം, അവയുപയോഗിച്ച് പരാഗണത്തിലൂടെ സങ്കരയിനങ്ങള്‍ സൃഷ്ടിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍ ചെയ്യുന്നത്.

ഒരു വശത്ത് ഹൈട്ക് ബയോഎന്‍ജിനിയറിങ്, മറുവശത്ത് പാരമ്പര്യ സസ്യഗവേഷണം. ഇത് രണ്ടും ചേര്‍ന്ന് ചിലപ്പോള്‍ അത്ഭുതകരമായ ഫലമാകും നല്‍കുക. റബ്ബറിന്റെ കാര്യത്തില്‍ മാത്രമല്ല, നാളെ ഒരുപക്ഷേ സസ്യങ്ങളില്‍ നിന്ന് ഇന്ധനത്തിനുള്ള എണ്ണയുത്പാദിപ്പിക്കുന്നതിലും ഈ സമീപനം സഹായത്തിയേക്കും. (അവലംബം: ദി എക്കണോമിസ്റ്റ്, കടപ്പാട്: മാതൃഭൂമി)

4 comments:

Joseph Antony said...

റബ്ബറിന് ഇപ്പോള്‍ കിലോഗ്രാമിന് 130 രൂപയ്ക്കുമേലാണ് വില. സ്വാഭാവിക റബ്ബറിനാണ് ഈ വില. സ്വാഭാവികമെന്നാല്‍ റബ്ബര്‍ മരത്തില്‍ നിന്ന് കറ ചെത്തിയെടുത്തുണ്ടാക്കുന്നത് എന്നര്‍ഥം. ഇതുപക്ഷേ, ഇതുവരെയുള്ള അര്‍ഥം. നാളെ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ജര്‍മനിയിലും അമേരിക്കയിലും പുരോഗമിക്കുന്ന രണ്ട് വ്യത്യസ്ത ഗവേഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയാല്‍, സ്വാഭാവിക റബ്ബറിന്റെ കാര്യത്തില്‍ റബ്ബര്‍മരങ്ങള്‍ക്കുള്ള കുത്തക അവസാനിക്കും. ഇതുവരെ കാര്യമായ ഉപയോഗം കണ്ടെത്തിയിട്ടില്ലാത്ത ഒരിനം മഞ്ഞപ്പൂച്ചെടി (dandelions) റബ്ബര്‍ച്ചെടിയായി മാറും, അതാകും സ്വാഭാവിക റബ്ബറിന്റെ പുതിയ ഉറവിടം.

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

കേരള കോണ്ഗ്രസിന്റ്റ് കാരിം പോക്കാവുമോ ?

vasanthalathika said...

ജനിതകപരീക്ഷണങ്ങള്‍...ജനിതകപരീക്ഷണങ്ങള്‍...എന്തിനും ഏതിനും പകരം..അവസാനം പകരം വെയ്ക്കാന്‍ ഒന്നും ബാക്കിയാവാതെ...

keralafarmer said...

ഏതു രീതിയില്‍ റബ്ബര്‍ ഉല്പാദിപ്പിച്ചാലും അതൊരു വ്യാവസായിക ഉല്പന്നമായതിനാല്‍ മെച്ചപ്പെട്ട വില കിട്ടും. ഭക്ഷ്യോത്പന്നങ്ങളെപ്പോലെ വിലയിടിക്കാന്‍ കഴിയില്ല. വില ഇടിഞ്ഞ് ഉത്പാദനച്ചെലവിനേക്കാള്‍ താണാല്‍ ഉല്പാദനം കുറയും. കൂടിയ വില ലഭിക്കുമ്പോഴും റബ്ബര്‍ മരങ്ങള്‍ ടാപ് ചെയ്യാന്‍ ആളെ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സ്വയം ടാപ്പ് ചെയ്താല്‍ ലേബര്‍ എന്ന നിലയിലെ ആദായം വളരെ വലുതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ആനുപാതികമായി ഉയരുന്ന തൊഴിലാളിവേതനം ഭക്ഷോത്പന്ന വില വര്‍ദ്ധനവിന് കാരണമാകുന്നു. അതിന് ആനുപാതികമായി റബ്ബര്‍ വിലയും ഉയരും. ഉയര്‍ന്നില്ലെങ്കില്‍ ലഭ്യതക്കുറവുണ്ടാകും.
ജനിതകമാറ്റം ഒന്നിനും പരിഹാരമല്ല. അത് ന്യൂട്രിയന്റ് മൈനിംഗിന് കാരണമാകും. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയാല്‍ ധാരാളം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.