Tuesday, January 26, 2010

ചിമ്പാന്‍സികള്‍ ഷൂട്ടുചെയ്ത ആദ്യ സിനിമ



പൂര്‍ണമായും ചിമ്പാന്‍സികള്‍ ഷൂട്ടുചെയ്ത ലോകത്തെ ആദ്യ സിനിമ ബി.ബി.സി.സംപ്രേക്ഷപണം ചെയ്യുന്നു. നാച്ചുറല്‍ഹിസ്റ്ററി ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള സിനിമ ജനവരി 27-ന് ബിബിസി-2 ചാനലാണ് കാണിക്കുക.

ചിമ്പാന്‍സികള്‍ക്ക് നശിപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ നിര്‍മിച്ച പ്രതേകതരം ക്യാമറ അവയുടെ പക്കല്‍ നല്‍കിയായിരുന്നു ഗവേഷണം. ആള്‍ക്കുരങ്ങുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള 'ചിമ്പ്കാം പ്രോജക്ട്' എന്ന പഠനപദ്ധതിയുടെ (Chimpcam Project) ഭാഗമായിരുന്നു സിനിമാ നിര്‍മാണം.

ആള്‍ക്കുരങ്ങുകളെക്കുറിച്ച് പഠിക്കുന്ന ബെറ്റ്‌സി ഹെരെല്‍കോയെന്ന ഗവേഷകയുടെ ആശയമാണ്, ചിമ്പാന്‍സികളെക്കൊണ്ട് സിനിമ നിര്‍മിക്കുകയെന്നത്. ബ്രിട്ടനില്‍ എഡിന്‍ബറോ മൃഗശാലയിലുള്ള 11 ചിമ്പാന്‍സികളെ ഇതിനായി അവര്‍ പരിശീലിപ്പിച്ചു. ചിമ്പാന്‍സികളെ വീഡിയോ സങ്കേതങ്ങള്‍ 'പഠിപ്പിച്ചെടുക്കാന്‍' 18 മാസങ്ങളെടുത്തു.

ഗവേഷകര്‍ക്ക് പഠിക്കാന്‍ പാകത്തിലുള്ള സ്ഥലത്താണ് എഡിന്‍ബറോ മൃഗശാലയില്‍ ചിമ്പാന്‍സികളെ പാര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം പഠനപദ്ധതിയിലൊന്നും ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ചിമ്പാന്‍സികളായിരുന്നു മൃഗശാലയിലേത് എങ്കിലും അവയ്ക്ക് വേഗം സിനിമാഷൂട്ടിങില്‍ താത്പര്യം ജനിച്ചു.

രണ്ട് വെല്ലുവിളിയാണ് ഹെരെല്‍കോ ഏറ്റെടുത്തത്. വ്യത്യസ്ത വീഡിയോകള്‍ കാണാന്‍ പാകത്തില്‍ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ചിമ്പാന്‍സികളെ പരിശീലിപ്പിക്കുകയായിരുന്നു ആദ്യവെല്ലുവിളി. ഏതുതരം ദൃശ്യങ്ങളിലാണ് അവയ്ക്ക് താത്പര്യം എന്നറിയാനായിരുന്നു ഇത്.

ചിമ്പാന്‍സികള്‍ക്ക് നശിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ നിര്‍മിച്ച 'ചിമ്പ്കാം' ക്യാമറ അവയ്ക്ക് നല്‍കുക എന്നതായിരുന്നു രണ്ടാമത്തെ വെല്ലുവിളി. ചിമ്പ്കാം ആണ് ഷൂട്ടിങിന് ചിമ്പാന്‍സികള്‍ ഉപയോഗിക്കേണ്ടിയിരുന്നത്.

ചതുരപ്പെട്ടിയുടെ ആകൃതിയിലുള്ള ചിമ്പ്കാമിന്റെ വശത്ത്, ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ലൈവ് ആയി കാണാന്‍ കഴിയും. കുറെ സമയമെടുത്തു വീഡിയോസങ്കേതത്തില്‍ ചിമ്പാന്‍സികള്‍ക്ക് താത്പര്യം ജനിക്കാന്‍. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില കുരങ്ങുകള്‍ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ച് വിവിധ വീഡിയോദൃശ്യങ്ങള്‍ തിരഞ്ഞെടുത്ത് കാണാന്‍ പഠിച്ചു.

പഠനത്തിന്റെ അവസാനഘട്ടം എന്ന നിലയ്ക്ക്, ചിമ്പ്കാം ഗ്രൂപ്പിന് മുഴുവന്‍ നല്‍കിയാല്‍ എന്തു സംഭവിക്കും എന്ന് പരിശോധിക്കാന്‍ ഹെരെല്‍കോ തീരുമാനിച്ചു. ക്രമേണ അവ ചിമ്പ്കാം ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങി. കൂട്ടിനുള്ളിലൂടെ ക്യാമറയുമായി നടക്കാനും അതിന്റെ സ്‌ക്രീനിലെത്തുന്ന ലൈവ് ദൃശ്യങ്ങള്‍ കാണാനും തുടങ്ങി.

അധികം വൈകാതെ ചിമ്പാന്‍സികള്‍ക്ക് ടച്ച്‌സ്‌ക്രീന്‍ ദൃശ്യങ്ങളില്‍ താത്പര്യം കുറയുകയും അവ ചിമ്പ്കാമിലെ പുതിയ ദൃശ്യങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തു. അതോടെ ഷൂട്ടിങ് വേഗത്തിലായി.

തങ്ങള്‍ സിനിമ നിര്‍മിക്കുകയാണെന്ന കാര്യം അറിയാതെയാണ് ചിമ്പാന്‍സികള്‍ പദ്ധതിയില്‍ പങ്കാളികളായതെങ്കിലും, അവ എങ്ങനെ ബാഹ്യലോകത്തെ കാണുന്നു എന്നകാര്യത്തില്‍ പുതിയ അവബോധം നല്‍കുന്നതാണ് ഈ പഠനം. (കടപ്പാട്: ബി.ബി.സി)

9 comments:

Joseph Antony said...

പൂര്‍ണമായും ചിമ്പാന്‍സികള്‍ ഷൂട്ടുചെയ്ത ലോകത്തെ ആദ്യ സിനിമ ബി.ബി.സി.സംപ്രേക്ഷപണം ചെയ്യുന്നു. നാച്ചുറല്‍ഹിസ്റ്ററി ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള സിനിമ ജനവരി 27-ന് ബിബിസി-2 ചാനലാണ് കാണിക്കുക.

vasanthalathika said...

ചിമ്പന്സികള്‍ക്കും സ്വൈരം പോയിക്കിട്ടി ..

sainualuva said...

ഇനി ഇപ്പൊ ചിമ്പാന്‍സികയിട്ടെന്തിനാ വെറുതെ ഇരിക്കുന്നത് അവരും പിടിക്കട്ടെ ഒരു സിനിമ ....

നന്ദന said...

ഉള്ള സിനിമക്കാരുടെ പണിയും പോയികിട്ടി.
ഈ WORD VERIFICATION കൊണ്ട് എന്താ പ്രയോജനം

jyo.mds said...

interesting

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

manohram

chithrakaran:ചിത്രകാരന്‍ said...

ചിംബാന്‍സിയുടെ കാഴ്ച്ചപ്പാടിലൂടെയും കാണാനാകുന്നു എന്നത് കാഴ്ച്ചപ്പാടുകളുടെ ശേഖരത്തിലേക്ക് ഒരു മുതല്‍ക്കൂട്ടുതന്നെ !
നന്ദി സുഹൃത്തെ....!

Joseph Antony said...

വസന്തലതിക,
sainualuva,
നന്ദന,
jyo,
ചിത്രങ്ങള്‍ കഥ...,
ചിത്രകാരന്‍,

ചിമ്പാന്‍സിയുടെ സിനിമയെക്കുറിച്ച് അറിയാന്‍ ഇവിടെയെത്തിയ നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം. അഭിപ്രായങ്ങള്‍ സന്തോഷപ്രദം.

നന്ദന, സ്പാം ഒഴിവാക്കാന്‍ മറുമൊഴി അഗ്രഗേറ്റര്‍ അധികൃതരാണ് വേഡ് വെരിഫിക്കേഷന്‍ ശുപാര്‍ശ ചെയ്തത്. അത് നല്ലതാണെന്ന് എനിക്കും അനുഭവത്തില്‍ ബോധ്യമായി. സ്പാം കമന്റുകള്‍ ധാരാളം, വൈറസുകള്‍ പരത്തുന്നതു പോലും, വന്നിരുന്നത് ഇതുവഴി ഒഴിവാക്കാന്‍ കഴിഞ്ഞു. നിങ്ങളുടെ കൂടി നല്ലത് കരുതിയാണ് ഇതെന്ന് കരുതി പൊറുക്കുക, സഹകരിക്കുക.

കാട്ടിപ്പരുത്തി said...

പല മലയാള സിനിമകളും ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് ചിമ്പാൻസികൾ തന്നെയല്ലെ-സ്ക്രിപ്റ്റ് പോലുമില്ലാതെ?