Wednesday, January 13, 2010

ധ്രുവത്തില്‍ നിന്ന് ധ്രുവത്തിലേക്ക്....

70,000 കിലോമീറ്റര്‍ നീളുന്ന ഇതിഹാസ യാത്ര

ചിത്രത്തില്‍ കാണുന്ന കക്ഷികള്‍ക്ക് (സോറി പക്ഷികള്‍ക്ക്) 'ആര്‍ട്ടിക് റ്റേണ്‍' എന്നാണ് പേര്. ഇവരുടെ പ്രധാന വിനോദം ഒരു ധ്രുവത്തില്‍നിന്ന് ധ്രുവത്തിലേക്ക് ദേശാടനം നടത്തുകയെന്നതാണ്. ചില്ലറ ദൂരമല്ല അങ്ങനെ താണ്ടുന്നത്, 70,000 കിലോമീറ്റര്‍!

ഭൂഗോളത്തിന്റെ ഇരുധ്രുവങ്ങളെയും ബന്ധപ്പെടുത്തിയുള്ള അവയുടെ അസാധാരണ ദേശാടനത്തിന്റെ വിശദാംശങ്ങള്‍ മനസിലാക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരുസംഘം അന്താരാഷ്ട്ര ഗവേഷകര്‍.

പക്ഷികളുടെ ശരീരത്തില്‍ ഘടിപ്പിച്ച ചെറിയ ട്രാക്കിങ് ഉപകരണങ്ങളുടെ സഹായത്തോടെ അവയുടെ സഞ്ചാരപാത ഉള്‍പ്പടെയുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ ഗവേഷകര്‍ക്കായി.

ഉത്തരധ്രുവത്തിലാണ് റ്റേണുകളുടെ പ്രജനനകേന്ദ്രം. അവിടെ നിന്ന് ദക്ഷിണധ്രുവത്തിലേക്കുള്ള യാത്ര അത്‌ലാന്റിക്കിന്റെ ഇരുകരകളില്‍ ഏതെങ്കിലും ഒന്നിലൂടെയാണ്; ഒന്നുകില്‍ ആഫ്രിക്കന്‍ തീരത്തുകൂടി അല്ലെങ്കില്‍ ബ്രസീലിയന്‍ തീരത്തുകൂടി. എന്നാല്‍, വടക്കോട്ടുള്ള മടക്കം കര തൊടാതെ അത്‌ലാന്റിക്കിന്റെ മധ്യത്തിലൂടെ, ആ സമുദ്രത്തിന്റെ അതേ 'S' ആകൃതിയില്‍.

ആല്‍ബസ്‌ട്രോസുകള്‍ (Albatrosses) പോലുള്ള ചില പക്ഷികള്‍ ദീര്‍ഘദൂര ദേശാടനം നടത്താറുണ്ടെങ്കിലും, ആര്‍ട്ടിക് റ്റേണി (Arctic tern) ഇതിഹാസ പര്യടനത്തിന് സമാനമായ മറ്റൊന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ഒരുവര്‍ഷം കൊണ്ട് ആകെ 71,200 കിലോമീറ്ററാണ് റ്റേണുകള്‍ സഞ്ചരിക്കുക. തെക്കോട്ട് 34,600 കിലോമീറ്റര്‍; ദിവസം ശരാശരി 330 കിലോമീറ്റര്‍ എന്ന തോതില്‍.

വടക്കോട്ട് സഞ്ചരിക്കുന്നത് 25,700 കിലോമീറ്ററാണ്; ദിവസം 520 കിലോമീറ്റര്‍ എന്ന കണക്കിന്. ദക്ഷിണധ്രുവത്തിലെ ശൈത്യകാല താവളത്തില്‍ 10,900 കിലോമീറ്ററും അവ യാത്ര ചെയ്യും.

പ്രജനനമേഖല മുതല്‍ ശൈത്യകാല താവളം വരെ മുഴുവന്‍ വര്‍ഷവും റ്റേണുകള്‍ എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നറിയാന്‍ പഠനം സഹായിച്ചുവെന്ന്, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി' (PNAS) ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഏതാണ്ട നൂറ് ഗ്രാമിലേറെ മാത്രം ഭാരമുള്ള ഈ ചെറുപക്ഷിയുടെ ശാസ്ത്രീയനാമം 'സ്റ്റേണ പാരഡൈസയേ' (Sterna paradisaea) എന്നാണ്. ചെറുമത്സ്യങ്ങളെയും പ്ലാങ്ടണുകളെയും മറ്റും തിന്ന് കഴിയുന്ന ഇവയുടെ ആയുര്‍ദൈര്‍ഘ്യം 30 വര്‍ഷം വരെയാണ്.

ആഗസ്തിലോ സപ്തംബറിലോ ആണ് ഇവ ഉത്തരധ്രുവത്തില്‍ ഗ്രീന്‍ലന്‍ഡ് മേഖലയില്‍ നിന്ന് തെക്കോട്ടു ദേശാടനം ആരംഭിക്കുക. ദക്ഷിണധ്രുവത്തില്‍ വെഡെല്‍ സീ (Weddell Sea) പ്രദേശത്തെത്തുകയാണ് ലക്ഷ്യം.

ദക്ഷിണധ്രുവത്തിലെത്തുന്ന ടേണുകള്‍ നാലോ അഞ്ചോ മാസം അവിടെ കഴിയും, എന്നിട്ട് വീണ്ടും വടക്കോട്ട് യാത്ര തിരിക്കും. മെയിലോ ജൂലായിലോ ഉത്തരധ്രുവത്തില്‍ മടങ്ങിയെത്തും.

ഗ്രീന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, അമേരിക്ക, ബ്രിട്ടന്‍, ഐസ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ആര്‍ട്ടിക്ക് റ്റേണുകളുടെ ദേശാടനം പഠിച്ചത്. അതിനായി ഏതാണ്ട് 1.4 ഗ്രാം മാത്രം ഭാരമുള്ള 'ജിയോലൊക്കേറ്ററുകള്‍' (geolocators) പക്ഷികളുടെ ശരീരത്തില്‍ ഘടിപ്പിച്ചായിരുന്നു പഠനം. പക്ഷികള്‍ എവിടെയുണ്ട് എന്നതിന്റെ കൃത്യമായ വിവരം അതുവഴി ലഭിച്ചു.

ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വെ (ബി.എ.എസ്) ആണ് ജിയോലൊക്കേറ്ററുകള്‍ നല്‍കിയത്. പ്രകാശത്തിന്റെ തീവ്രതയിലെ വ്യത്യാസം രേഖപ്പെടുത്താന്‍ ജിയോലൊക്കേറ്ററുകള്‍ക്ക് കഴിയും. പകലത്തെ പ്രകാശം എത്ര തീവ്രതയുള്ളത്, സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും എപ്പോള്‍, തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ അതുപകരിക്കും. അതില്‍ നിന്ന് പക്ഷി എവിടെയാണുള്ളതെന്ന് മനസിലാക്കാനും സാധിക്കും.

ദേശാടനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ മാത്രമല്ല ജിയോലൊക്കേറ്ററുകള്‍ സഹായിക്കുക, പക്ഷികളുടെ നിലനില്‍പ്പ് സാധ്യമാക്കുന്ന സുപ്രധാന ജൈവമേഖലകള്‍ ഏതെന്ന് തിരിച്ചറിയാനും അവ സഹായിക്കും - ഗവേഷണപ്രബന്ധത്തിന്റെ രചയിതാക്കളില്‍ ഒരാളായ ബി.എ.എസ്സിലെ റിച്ചാര്‍ഡ് ഫിലിപ്പ്‌സ് അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്ക് വിട്ട് തെക്കോട്ടുള്ള യാത്രയില്‍ റ്റേണുകള്‍ നേരെ അന്റാര്‍ട്ടിക്കിലെത്തുന്നില്ല, പകരം അവയ്ക്ക് മധ്യ, ഉത്തര അത്‌ലാന്റിക്കില്‍ ഇടത്താവളമുണ്ടെന്ന കണ്ടെത്തല്‍ ഗവേഷകരെ അത്ഭുതപ്പെടുത്തി. ചിലയിനം പ്ലാങ്ടണുകളെയും മത്സ്യങ്ങളെയും തിന്ന് ദീര്‍ഘയാത്രയ്ക്കുള്ള ഊര്‍ജം സംഭരിക്കാനാണിത്.

സമുദ്രഭാഗങ്ങളുടെ ജൈവസമൃദ്ധി എത്രയുണ്ടെന്ന് ഉപഗ്രഹങ്ങളുടെ സഹായത്തോടെ പഠിച്ചപ്പോള്‍, റ്റേണുകളുടെ ഇടത്താവളങ്ങള്‍ വളരെ ജൈവസമൃദ്ധമായ മേഖലകളാണെന്ന് ഗവേഷകര്‍ക്ക് ബോധ്യമായി.

പടിഞ്ഞാറന്‍ യൂറോപ്പിന്റെയും പടിഞ്ഞാറന്‍ ആഫ്രിക്കയുടെയും തീരത്തുകൂടിയാണ് പിന്നീട് കുറെ റ്റേണുകളുടെ തെക്കോട്ടുള്ള യാത്ര. ബാക്കിയുള്ളവ ബ്രസീലിയന്‍ തീരത്തുകൂടി നീങ്ങും.

ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയ പക്ഷികളില്‍ ഏതാണ്ട് പകുതിയെണ്ണം അത്‌ലാന്റിക്കിന്റെ പടിഞ്ഞാറന്‍ തീരത്തുകൂടി സഞ്ചരിച്ചപ്പോള്‍, ബാക്കിയെണ്ണം കിഴക്കന്‍ തീരമാണ് തിരഞ്ഞെടുത്തത്. എന്തുകൊണ്ട് രണ്ട് കൂട്ടരും രണ്ട് വശങ്ങള്‍ തിരഞ്ഞെടുത്തു എന്ന് വ്യക്തമല്ല. ഇരുഭാഗത്തും അനുകൂലമായ കാറ്റ് വീശുന്നതാകാം കാരണം എന്നാണ് അനുമാനം.

ഉത്തരധ്രുവത്തില്‍ ശൈത്യകാലമായിരിക്കുന്ന മാസങ്ങളില്‍ അന്റാര്‍ട്ടിക്കില്‍ കഴിഞ്ഞിട്ട് റ്റേണുകള്‍ വടക്കോട്ട് മടക്കയാത്ര ആരംഭിക്കുന്നു. എന്നാല്‍, മടക്കയാത്രയില്‍ അത്‌ലാന്റിക്കിന്റെ കരകളെ അവഗണിച്ചിട്ട്, അത്‌ലാന്റിക്കിന്റെ മധ്യത്തിലൂടെ 'S' ആകൃതിയില്‍ യാത്ര ചെയ്യുന്നു.

'ഇത് ശരിക്കും പുതിയ അറിവാണ്'- ഗ്രീന്‍ലന്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് നാച്ചുറല്‍ റിസോഴ്‌സസിലെ കാര്‍സ്റ്റന്‍ ഇഗെവാങ് അറിയിക്കുന്നു. ഏതായാലും പ്രകൃതിയില്‍ എന്തെല്ലാം ഇനിയും നമ്മള്‍ മനസിലാക്കാനിരിക്കുന്നു എന്ന് ഈ പഠനം സൂചിപ്പിക്കുന്നു. (അവലംബം: PNAS)

7 comments:

Joseph Antony said...

ചിത്രത്തില്‍ കാണുന്ന കക്ഷികള്‍ക്ക് 'ആര്‍ട്ടിക് റ്റേണ്‍' എന്നാണ് പേര്. ഇവരുടെ പ്രധാന വിനോദം ഒരു ധ്രുവത്തില്‍നിന്ന് ധ്രുവത്തിലേക്ക് ദേശാടനം നടത്തുകയെന്നതാണ്. ചില്ലറ ദൂരമല്ല അങ്ങനെ താണ്ടുന്നത്, 70,000 കിലോമീറ്റര്‍!
ഭൂഗോളത്തിന്റെ ഇരുധ്രുവങ്ങളെയും ബന്ധപ്പെടുത്തിയുള്ള അവയുടെ അസാധാരണ ദേശാടനത്തിന്റെ വിശദാംശങ്ങള്‍ മനസിലാക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരുസംഘം അന്താരാഷ്ട്ര ഗവേഷകര്‍.

നന്ദന said...

മഹാ‍അത്ഭുതം
ഇതിന്റെയൊക്കെ പിന്നിൽ ആരാണ്..?

jyo.mds said...

വളരെ നല്ല പോസ്റ്റ്-വിഗ്ഞാനപ്രദം-ഒരുപാട് ഇഷ്ട്ടായി.

siva // ശിവ said...

പുതിയ അറിവുകള്‍. നന്ദി.

Vempally|വെമ്പള്ളി said...

നല്ല പോസ്റ്റ്

ഷിനോജേക്കബ് കൂറ്റനാട് said...

good

keraleeyen said...

a good post