Thursday, January 07, 2010

അള്‍ഷൈമേഴ്‌സ് ചെറുക്കാന്‍ മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി ആശങ്കകള്‍ ഉയരുന്നതിനിടെ, മൊബൈല്‍ ഫോണ്‍ ഉപയോഗം അള്‍ഷൈമേഴ്‌സ് ചെറുക്കാന്‍ സഹായിച്ചേക്കുമെന്ന് കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറിലേല്‍ക്കുന്ന റേഡിയേഷന്‍ സ്മൃതിനാശരോഗമായ അള്‍ഷൈമേഴ്‌സിനെ തടയുമെന്നാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്ന സൂചന.

അമേരിക്കയില്‍ 'ഫ്‌ളോറിഡ അള്‍ഷൈമേഴ്‌സ് ഡിസീസ് റിസര്‍ച്ച് സെന്ററി'ലെ ഗവേഷകര്‍ എലികളില്‍ നടത്തിയ മാസങ്ങള്‍ നീണ്ട പഠനത്തിലാണ്, മൊബൈല്‍ ഫോണ്‍ ഉപയോഗം ഇത്തരമൊരു ഗുണഫലം നല്‍കുമെന്ന് കണ്ടത്. പുതിയ ലക്കം 'അള്‍ഷൈമേഴ്‌സ് ഡിസീസ്' ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അള്‍ഷൈമേഴ്‌സ് ബാധിക്കാന്‍ പാകത്തില്‍ ജനിതകപ്രോഗ്രാമിങ് നടത്തിയ എലികളെ റേഡിയേഷന്‍ ഏല്‍പ്പിച്ചായിരുന്നു പഠനം. തലച്ചോറില്‍ ഓര്‍മകള്‍ സംരക്ഷിക്കാന്‍ റേഡിയേഷന്‍ സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടു. മെച്ചപ്പെട്ട ഫലം കിട്ടുമോ എന്നറിയാന്‍ കൂടിയ ആവര്‍ത്തിയുള്ള റേഡിയേഷന്‍ ഉപയോഗിച്ച് പരീക്ഷണം തുടരുകയാണ്.

പ്രായമാകുന്നവരുടെ തലച്ചോറില്‍ ബീറ്റാ-അമിലോയിഡ് പ്ലാക്കുകള്‍ (കട്ടകള്‍) രൂപപ്പെടുന്നതാണ് അള്‍ഷൈമേഴ്‌സ് രോഗത്തിനിടയാക്കുന്നത്. ഗവേഷകര്‍ റേഡിയേഷന്‍ പരീക്ഷണത്തിന് വിധേയമാക്കിയ 96 എലികളില്‍ മിക്കതും, ഇത്തരം പ്ലാക്കുകള്‍ തലച്ചോറില്‍ രൂപപ്പെടാന്‍ പാകത്തില്‍ ജനിതകമാറ്റം വരുത്തിയവയായിരുന്നു.

ഒരു സാധാരണ മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന് സമാനമായ വൈദ്യുതകാന്തിക മണ്ഡലത്തില്‍ ദിവസവും രണ്ടുതവണ ഓരോ മണിക്കൂര്‍ വീതം എലികളെ വിട്ടു, ഏഴ് മുതല്‍ ഒന്‍പത് മാസം വരെ പരീക്ഷണം തുടര്‍ന്നു. മധ്യത്തില്‍ ആന്റിന സ്ഥാപിച്ച് അതിന് ചുറ്റും തുല്യ അകലത്തില്‍ കൂടുകള്‍ ക്രമീകരിച്ചാണ് ഇത് സാധിച്ചത്.

ചെറുപ്പത്തില്‍ തന്നെ റേഡിയേഷന്‍ എല്‍പ്പിച്ചു തുടങ്ങിയ എലികള്‍ക്ക് പ്രായമായപ്പോള്‍ ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടില്ലെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഗാരി അരെന്‍ഡാഷ് അറിയിച്ചു. ഓര്‍മക്കുറവ് ബാധിച്ചു തുടങ്ങിയ പ്രായമായ എലികള്‍ക്ക് റേഡിയേഷന്‍ ഏറ്റപ്പോള്‍ പ്രശ്‌നം മാറിയതായും കണ്ടു.

'ഈ ഗുണഫലങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്താന്‍ സമയമെടുക്കും'-പ്രൊഫ.അരെന്‍ഡാഷ് പറഞ്ഞു. എന്നിരുന്നാലും, ഒരുകാര്യം വ്യക്തമാണ്, രോഗബാധ തുടങ്ങിയിട്ടില്ലാത്തെ എലികള്‍ക്ക് അത് വരാതിരിക്കുന്നതിലും രോഗബാധ ആരംഭിച്ചവയ്ക്ക് അത് ശമനമുണ്ടാക്കുന്നതിലും റേഡിയേഷന്‍ ഗുണം ചെയ്യുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസങ്ങളോളം റേഡിയേഷന്‍ ഏറ്റപ്പോഴാണ് എലികളില്‍ ഫലം കണ്ടതെന്ന് പറഞ്ഞാല്‍, മനുഷ്യന്റെ കാര്യത്തിലാകുമ്പോള്‍ ഇത് വര്‍ഷങ്ങളെടുക്കും എന്നാണര്‍ഥം. മനുഷ്യരില്‍ അള്‍ഷൈമേഴ്‌സ് തടയാനും, ചികിത്സിക്കാനും വൈദ്യുതകാന്തിക മണ്ഡലങ്ങള്‍ സഹായിക്കുമെന്നാണ് ഈ പഠനം നല്‍കുന്ന സൂചനയെന്ന് ഗവേഷകര്‍ പറഞ്ഞു.

റേഡിയേഷന്‍ ഏറ്റ എലികളെ കീറിമുറിച്ചു പരിശോധിച്ചതില്‍, അവയുടെ തലച്ചോറില്‍ അര്‍ബുദസമാനമായ എന്തെങ്കിലും വളര്‍ച്ചയോ ലക്ഷണങ്ങളോ ഗവേഷകര്‍ കണ്ടില്ല. കരളിനോ ശ്വാസകോശത്തിനോ മറ്റ് അവയവങ്ങള്‍ക്കോ എന്തെങ്കിലും മാറ്റം സംഭവിച്ചതായും കണ്ടില്ല.

''മനുഷ്യരില്‍ അള്‍ഷൈമേഴ്‌സിന് കാരണമായ ചില ഘടകങ്ങള്‍ ഉള്ള എലികളിലാണ് ഈ ഫലം കണ്ടത്. അതിനാല്‍, ഇതേഫലം മനുഷ്യരില്‍ ആവര്‍ത്തിക്കുമോ എന്ന് പറയാറായിട്ടില്ല'-അള്‍ഷൈമേഴ്‌സ് റിസര്‍ച്ച് ട്രസ്റ്റിന്റെ മേധാവി റെബേക്ക വുഡ് ഓര്‍മിപ്പിക്കുന്നു. മനുഷ്യരില്‍ ഈ ഫലം സാധ്യമാകുമോ എന്നറിയാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്.

'മൊബൈല്‍ ഫോണ്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോഴും വ്യക്തമല്ല, അതിനാല്‍ 24 മണിക്കൂറും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല' -അവര്‍ പറഞ്ഞു.

അള്‍ഷൈമേഴ്‌സ് സൊസൈറ്റിയിലെ മുഖ്യ ഗവേഷകയായ ഡോ. സൂസന്നെ സോറെന്‍സെന്‍ ഈ പഠനത്തെ 'ആവേശഭരിതവും ബോധ്യപ്പെടുന്നതും' എന്നാണ് വിശേഷിപ്പിച്ചത്. (അവലംബം: അള്‍ഷൈമേഴ്‌സ് ഡിസീസ് ജേര്‍ണല്‍, കടപ്പാട്: മാതൃഭൂമി).

4 comments:

Joseph Antony said...

മൊബൈല്‍ ഫോണിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി ആശങ്കകള്‍ ഉയരുന്നതിനിടെ, മൊബൈല്‍ ഫോണ്‍ ഉപയോഗം അള്‍ഷൈമേഴ്‌സ് ചെറുക്കാന്‍ സഹായിച്ചേക്കുമെന്ന് കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറിലേല്‍ക്കുന്ന റേഡിയേഷന്‍ സ്മൃതിനാശരോഗമായ അള്‍ഷൈമേഴ്‌സിനെ തടയുമെന്നാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്ന സൂചന.

ശ്രീ said...

മൊബൈല്‍ ഫോണിന്റെ ദോഷവശങ്ങള്‍ മാത്രം പറഞ്ഞു കേള്‍ക്കുന്ന ഈ കാലത്ത് പ്രതീക്ഷ തരുന്ന ഈ പുതിയ വാര്‍ത്തയ്ക്ക് നന്ദി മാഷേ

നന്ദന said...

പുതിയ വാര്‍ത്ത ?

vasanthalathika said...

ഇതിങ്ങനെ തന്നെ ആയാല്‍ കൊള്ളാം