Wednesday, January 06, 2010

ഒടുവില്‍ ഗൂഗിള്‍ ഫോണ്‍!

ഗൂഗിള്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2008-ല്‍ ആന്‍ഡ്രോയിഡ് എന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം ഗൂഗിള്‍ പുറത്തിറക്കി. 48 രാജ്യങ്ങളിലിലായി 19 ഭാഷകളില്‍ 59 ഓപ്പറേറ്ററന്‍മാര്‍ 20 മൊബൈല്‍ ഉപകരണങ്ങളില്‍ ഇന്ന് ആ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. ദിനംപ്രതി അതിന്റെ ഉപയോഗം വര്‍ധിച്ചു വരികയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിലാണ് ഗൂഗിള്‍ സ്വന്തമായി ഒരു ബ്രാന്‍ഡഡ് ഫോണ്‍ പുറത്തിറക്കുന്നുവെന്ന അഭ്യൂഹം കഴിഞ്ഞയാഴ്ച ശക്തമായത്. 'നെക്‌സസ് വണ്‍' (Nexus One) എന്നായിരിക്കും അതിന്റെ പേരെന്നും, ഗൂഗിളിലെ 20,000 ജീവനക്കാര്‍ക്ക് അത് ഉപയോഗിച്ച് നോക്കാന്‍ ഒരാഴ്ച മുമ്പ് തന്നെ നല്‍കിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് ഇന്നലെ രാത്രി (ജനവരി അഞ്ച്) കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നെക്‌സസ് വണ്‍ പുറത്തിറങ്ങി.

കനംകുറഞ്ഞ ഒരു ടച്ച്‌സ്‌ക്രീന്‍ ഫോണാണ് നെക്‌സസ് വണ്‍; തയ്‌വാനിസ് കമ്പനിയായ എച്ച്.ടി.സി.യുടെ പങ്കാളിത്തത്തോടെ നിര്‍മിച്ചത്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. തത്ക്കാലം അമേരിക്കയില്‍ മാത്രമേ കിട്ടൂ. ഗൂഗിള്‍ നേരിട്ട് അതിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയാണ് വില്‍പ്പന നടത്തുക. കെട്ടുപാടുകളില്ലാത്ത ഫോണിന് 529 ഡോളര്‍ (ഏതാണ്ട് 24000 രൂപ) ആണ് വില. ടി-മൊബൈലുമായി കരാര്‍ ഒപ്പിട്ട് ഫോണ്‍ വാങ്ങിയാല്‍ വില 179 ഡോളറേ (ഏതാണ്ട് 8200 രൂപ) വരൂ.

3.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 1GHz സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍, 5 മെഗാപിക്‌സല്‍ ക്യാമറ (LED ഫ്്‌ളാഷോടു കൂടിയത്), ജി.പി.എസ്, കോംപസ്, ആക്‌സലറോമീറ്റര്‍, അപശബ്ദ നിര്‍വീകരണ സങ്കേതം, ശബ്ദം തിരിച്ചറിയാന്‍ എല്ലാ ആപ്ലിക്കേഷനിലും സൗകര്യം, ഊര്‍ജലാഭത്തിനായി സ്‌ക്രീനിന്റെ പ്രകാശതീവ്രത നിയന്ത്രിക്കാനുള്ള ലൈറ്റ് സെന്‍സര്‍, 512MB ഫഌഷ് മെമ്മറി, SD കാര്‍ഡ് ഉപയോഗിക്കാനുള്ള സംവിധാനം (ശേഷി 32 GB വരെ വര്‍ധിപ്പിക്കാം) തുടങ്ങിയവയാണ് നെക്‌സസ് വണ്‍ സെറ്റിന്റെ ഒറ്റനോട്ടത്തില്‍ പറയാവുന്ന പ്രത്യേകതകള്‍. ആപ്പിളിന്റെ ഐഫോണിന്റെ അതേ ഭാരമേയുള്ളു നെക്‌സസ് വണിനും.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ക്ക് എന്തു സാധിക്കും എന്നറിയാനുള്ള ഒരു അവസരമാണ് നെക്‌സസ് വണ്‍ ഒരുക്കുകയെന്ന്, ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. നെക്‌സസ് വണിനെ സ്മാര്‍ട്ട്‌ഫോണുകളുടെ ഗണത്തിലല്ല ഗൂഗിള്‍ പെടുത്തുന്നത്, 'സൂപ്പര്‍ഫോണ്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

1GHz സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറിന്റെ സഹായത്തോടെ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളെ കരുത്തിന്റെ കാര്യത്തില്‍ ഗൂഗിള്‍ ഫോണ്‍ പിന്തള്ളുന്നതായി വിദഗ്ധര്‍ പറയുന്നു. ആന്‍ഡ്രോയിഡ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് ശരിക്കുള്ള ഒരു ഹാര്‍ഡ്‌വേര്‍ പിന്തുണ നല്‍കുകയാണ് നെക്‌സസ് വണിലൂടെ ഗൂഗിള്‍ ചെയ്തതെന്ന് കരുതുന്നവരുണ്ട്. ഐഫോണിനെയും ബ്ലാക്ക്‌ബെറിയേയും കടത്തിവെട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അതുവഴി കഴിയുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ. ഐഫോണിനെക്കാള്‍ വലിയ സ്‌ക്രീനാണ് നെക്‌സസ് വണ്ണിന്റേത്, മികച്ച ക്യാമറയും. മാത്രമല്ല, ബാറ്ററി ലൈഫ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സംസാരസമയവും നെക്‌സസ് വണ്‍ നല്‍കുന്നു.

അതേസമയം, ഐഫോണിന്റെയത്രയും ആപ്ലിക്കേഷന്‍ സോഫ്ട്്‌വെറുകള്‍ (Apps) സാധ്യമാകില്ല എന്നതാണ് നെക്‌സസ് വണ്‍ നേരിടുന്ന ഒരു വെല്ലുവിളിയെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ലക്ഷത്തിലേറെ തേഡ്പാര്‍ട്ടി ആപ്പ്‌സ് ഐഫോണിന് ലഭ്യമാണ്. അതേസമയം ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ കാര്യത്തില്‍ ഇപ്പോള്‍ അത് 18,000 മാത്രമാണ്. മാത്രമല്ല, കൂടുതല്‍ മെമ്മറിയുള്ളതിനാല്‍ ഐഫോണില്‍ ഒരേ സമയം കൂടുതല്‍ ആപ്പ്‌സ് സാധ്യമാകും. 199 ഡോളര്‍ ഐഫോണിലെ 16 ജി.ബി.മെമ്മറിയും വേണമെങ്കില്‍ ഇതിനായി ഉപയോഗിക്കാം. എന്നാല്‍, നെക്‌സസ് വണ്ണില്‍ 190 എം.ബി. മാത്രമേ ആപ്പ്‌സിനായി മാറ്റിവെയ്ക്കാനാകൂ.

ഏതായാലും, ഈ വര്‍ഷവും ഗൂഗിള്‍ വാര്‍ത്തകളില്‍ നിന്ന് മാറില്ല എന്ന് ഉറപ്പിക്കാം. വര്‍ഷം തുടങ്ങുന്നത് നെക്‌സസ് വണ്‍ വഴി ആപ്പിളിനും മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണെങ്കില്‍, വര്‍ഷം അവസാനിക്കുന്നത് ക്രോം ഓപ്പറേറ്റിങ് സിറ്റം പുറത്തിറക്കിക്കൊണ്ട് മൈക്രോസോഫ്ടിന് തലവേദന വര്‍ധിപ്പിച്ചു കൊണ്ടാകാനാണ് സാധ്യത. (അവലംബം: ഗൂഗിള്‍ ബ്ലോഗ്, വാള്‍ട്രീറ്റ് ജേര്‍ണല്‍, പി.സി.വേള്‍ഡ്)


10 comments:

Joseph Antony said...

ഗൂഗിള്‍ സ്വന്തമായി ഒരു ബ്രാന്‍ഡഡ് ഫോണ്‍ പുറത്തിറക്കുന്നുവെന്ന അഭ്യൂഹം കഴിഞ്ഞയാഴ്ച ശക്തമായത്. 'നെക്‌സസ് വണ്‍' (Nexus One) എന്നായിരിക്കും അതിന്റെ പേരെന്നും, ഗൂഗിളിലെ 20,000 ജീവനക്കാര്‍ക്ക് അത് ഉപയോഗിച്ച് നോക്കാന്‍ ഒരാഴ്ച മുമ്പ് തന്നെ നല്‍കിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് ഇന്നലെ രാത്രി (ജനവരി അഞ്ച്) കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നെക്‌സസ് വണ്‍ പുറത്തിറങ്ങി.

ശ്രീ said...

നല്ല വാര്‍ത്ത... നന്ദി

Anonymous said...

Android is a mobile operating system running on the Linux kernel. It was initially developed by Android Inc., a firm later purchased by Google,

നന്ദന said...

good

asrus irumbuzhi said...

good thinking..!
nice phone ..
asrus
http://asrusworld.bogspot.com

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നല്ല വാര്‍ത്ത. കൂടുതല്‍ ഫോണുകള്‍ വരട്ടെ.
പക്ഷെ ഈ ഫോണുകളുടെയൊന്നും വില കുറയുന്നില്ലല്ലോ.

ചാണക്യന്‍ said...

വാർത്തക്ക് നന്ദി...

മുക്കുവന്‍ said...

really cool one.. the hd video from youtube.. awesome... really iPhone lost its edge on video!

vijayakumarblathur said...

ജോസ്ഫ്,സ്തുതിയായിരിക്കട്ടെ

Joseph Antony said...

വിജയകുമാര്‍, വളരെ സന്തോഷം ഇവിടെ കണ്ടതില്‍.
പണ്ട് തിരുവനന്തപുരത്തെ മെത്രാന്‍ കൊച്ചിയിലെ മെത്രാനോട് പറഞ്ഞെന്ന് പറഞ്ഞ മാതിരി, 'തള്ളേ, എപ്പ സ്തുതിയായീന്ന് കേട്ടാ പോരേ....'