Saturday, December 26, 2009

ഓര്‍മകള്‍ ഉണ്ടാകുന്നത്

തലച്ചോര്‍ എങ്ങനെയാണ് ഓര്‍മകള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ഇന്ത്യന്‍ വംശജനായ സൗരവ് ബാനര്‍ജി ഉള്‍പ്പെട്ട സംഘമാണ് സുപ്രധാനമായ ഈ മുന്നേറ്റത്തിന് പിന്നില്‍. ഓര്‍മക്കുറവിനും അള്‍ഷൈമേഴ്‌സ് രോഗം പോലെ ഓര്‍മകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചികിത്സ രൂപപ്പെടുത്താന്‍ കണ്ടെത്തല്‍ സഹായിച്ചേക്കും.

മസ്തിഷ്‌ക്കത്തില്‍ തന്മാത്രാതലത്തില്‍ ഓര്‍മകളും അനുഭവങ്ങളും സംഭരിക്കപ്പെടുന്നതിന്റെ രഹസ്യമാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി-സാന്റ ബാര്‍ബരയിലെ ഗവേഷകര്‍ അനാവരണം ചെയ്തത്.

സിരാകോശങ്ങള്‍ (ന്യൂറോണ്‍) പരസ്പരം ബന്ധപ്പെടുകയും രാസസ്പന്ദനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ന്യൂറോണ്‍സന്ധികള്‍ക്ക് 'സിനാപ്പ്' എന്നാണ് പേര്. ഓര്‍മകള്‍ സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് ഈ സന്ധികള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ആദ്യമായാണ് ന്യൂറോണ്‍സന്ധികള്‍ക്കും ഓര്‍മകള്‍ക്കും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നത്. 'ന്യൂറോണ്‍' ഗവേഷണവാരികയിലാണ് പഠനറിപ്പോര്‍ട്ടുള്ളത്.

'നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവ ഓര്‍മകളായി തലച്ചോറില്‍ സൂക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്'-ഗവേഷണത്തില്‍ മുഖ്യപങ്കുവഹിച്ചവരിലൊരാളും അള്‍ഷൈമേഴ്‌സ് രോഗ വിദഗ്ധനുമായ ഡോ.കെന്നത്ത് കോസിക് പറയുന്നു. കാലോഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹമേധാവിയാണ് ഡോ. കോസിക്. പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ സൗരവ് ബാനര്‍ജി അതേ സ്ഥാപനത്തില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയും.
ഓര്‍മകള്‍ സംഭരിക്കപ്പെടുമ്പോള്‍ സിനാപ്പുകളെന്ന ന്യൂറോണ്‍സന്ധികള്‍ കൂടുതല്‍ ബലപ്പെടുന്നു എന്ന് മനസിലാക്കിയിടത്താണ് ഗവേഷകരുടെ വിജയം. 'സിനാപ്പുകള്‍ ബലപ്പെടുകയെന്നത് പഠനപ്രക്രിയയില്‍ വളരെ പ്രധാനമാണ്'-ഡോ. കോസിക് പറയുന്നു. അതെങ്ങനെ സംഭവിക്കുന്നു എന്നതായിരുന്നു ചോദ്യം. സിനാപ്പുകള്‍ ബലപ്പെടുന്നതിന് പിന്നില്‍ ചില പ്രോട്ടീനുകള്‍ക്കും പങ്കുണ്ടെന്ന് പഠനം വ്യക്തമാക്കി. വ്യായാമവേളയില്‍ പ്രോട്ടീനുകള്‍ പ്രത്യക്ഷപ്പെട്ട് പേശികളെ ബലപ്പെടുത്തുന്നതുപോലുള്ള ഒന്നാണ് ഓര്‍മകളുടെ കാര്യത്തില്‍ ന്യൂറോണ്‍സന്ധികള്‍ക്ക് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടു.

ന്യൂറോണ്‍സന്ധികളെ നിഷ്‌ക്രിയമാക്കി വെയ്ക്കുന്ന ഒരിനം പ്രോട്ടീനുണ്ട്. അതേസമയം, ചിന്തയോ ശബ്ദമോ സംഗീതമോ തലച്ചോറിലേക്ക് രാസസിഗ്നലുകളായി എത്തുമ്പോള്‍ സിനാപ്പുകളെ ഉണര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരിനം പ്രോട്ടീനുണ്ട്. തലച്ചോറിലേക്ക് പുതിയ വിവരങ്ങളോ അനുഭവങ്ങളോ എത്തുമ്പോള്‍, ആദ്യത്തെ പ്രോട്ടീനുകള്‍ ശിഥിലമാക്കപ്പെടുകയും, രണ്ടാമത്തെയിനം പ്രോട്ടീനുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. അതുവഴി സിനാപ്പുകള്‍ ഉണര്‍ന്ന് ബലപ്പെടുകയും ഓര്‍മകള്‍ യഥാസ്ഥാനങ്ങളില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു.

പഠനവുമായി ബന്ധപ്പെട്ട് CaM Kinase, Lypla എന്നീ പ്രോട്ടീനുകള്‍ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായി. എലികളുടെയും മറ്റും സ്വാഭാവിക സിരാകോശങ്ങളില്‍ ഇത്തരം പ്രോട്ടീനുകള്‍ രൂപംകൊള്ളുന്നത് ഉന്നത റസല്യൂഷനിലുള്ള മൈക്രോസ്‌കോപ്പിലൂടെ നേരിട്ട് നിരീക്ഷിക്കാന്‍ ഗവേഷകര്‍ക്കായി. ഒപ്പം കൃത്രിമമായി രൂപപ്പെടുത്തിയ സിരാകോശങ്ങളും ഓര്‍മയുടെ രഹസ്യം കണ്ടെത്താന്‍ അവര്‍ ഉപയോഗപ്പെടുത്തി.

ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, കുട്ടികളുടെ ചിലതരം പഠനവൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനും ഭാവിയില്‍ ഈ കണ്ടെത്തല്‍ സഹായകമായേക്കും. (അവലംബം: ന്യൂറോണ്‍, കാലിഫോര്‍ണിയ സര്‍വകലാശാല-സാന്റ ബാര്‍ബരയുടെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി).

3 comments:

Joseph Antony said...

തലച്ചോര്‍ എങ്ങനെയാണ് ഓര്‍മകള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ഇന്ത്യന്‍ വംശജനായ സൗരവ് ബാനര്‍ജി ഉള്‍പ്പെട്ട സംഘമാണ് സുപ്രധാനമായ ഈ മുന്നേറ്റത്തിന് പിന്നില്‍. ഓര്‍മക്കുറവിനും അള്‍ഷൈമേഴ്‌സ് രോഗം പോലെ ഓര്‍മകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചികിത്സ രൂപപ്പെടുത്താന്‍ കണ്ടെത്തല്‍ സഹായിച്ചേക്കും.

നന്ദന said...

good

vasanthalathika said...

ഞാന്‍ പറയുന്നത് ശാസ്ത്രീയസാധ്യതയുല്ലതാണോ എന്നറിയില്ല.കുട്ടിക്കാലം മുതലേ പട്ടിയ്ക്കുന്നതെന്തും മനപ്പാടമാക്കിയാല്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും.മനപ്പാഠം ബ്രയിനിനു ഒരു എകസെര്സ്യ്സുകൂടിടിയനു.നിരന്തരം പരിസീലിയ്ക്കുന്നത് നാം മറക്കില്ല.പഴയ ആളുകള്‍ ബുക്കിലോന്നും എഴുതാതെ അല്ലെ ഓരോ കാര്യവും ഓര്‍ത്തിരുന്നത്.കൈവിരലുകള്‍ക്കും കാലുകള്‍ക്കും ആവശ്യത്തിനു ചലനം ഉള്ളതായി ഉറപ്പാക്കണം. പിന്നെ ആവശ്യത്തിനു വിശ്രമം.തലച്ചോറിനും കൈകാലുകള്‍ക്കും മതിയായ ആനുപാതികമായ ജോലി കൊടുക്കാനും ഇലവേടുക്കാനും നോക്കിയാല്‍ മതി.